മുംബൈ : കേന്ദ്രത്തിൽനിന്നുള്ള ജി.എസ്.ടി. വിഹിതം മുടങ്ങുകയും കോവിഡിനെത്തുടർന്ന് വരുമാനം കുറയുകയും ചെയ്തിട്ടുള്ള പ്രതിസന്ധിഘട്ടത്തിലും ആരോഗ്യമേഖലയ്ക്ക് മതിയായ പ്രാധാന്യംനൽകി മഹാമാരിയെ ചെറുക്കുന്നതിൽ മഹാരാഷ്ട്ര സർക്കാർ മുന്നോട്ടുപോകുകയാണെന്ന് ഗവർണർ ഭഗത്‌സിങ് കോഷിയാരി. ബജറ്റ് സമ്മളനത്തിന്റെ ആരംഭംകുറിച്ച് ഇരുസഭകളുടേയും സംയുക്തസമ്മേളനത്തെ അഭിസംബോധനചെയ്ത് സംസാരിക്കുകയായിരുന്നു ഗവർണർ.

മഹാരാഷ്ട്രയ്ക്ക് കേന്ദ്രത്തിൽനിന്ന് ലഭിക്കേണ്ട ജി.എസ്.ടി. കുടിശ്ശിക 46,950 കോടി രൂപയായിരുന്നു. രണ്ടുഘട്ടങ്ങളിലായി 6140 കോടിയും 11,520 കോടിയും കേന്ദ്രം നൽകി. 3,47,456 കോടിയുടെ വരുമാനമാണ് സർക്കാർ ലക്ഷ്യമിട്ടിരുന്നതെങ്കിലും ജനുവരിവരെ ലഭിച്ചിട്ടുള്ളത് 1,88,542 കോടി മാത്രമാണ്. പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ നിർദേശപ്രകാരം കേന്ദ്രം കൂടുതൽ ഗ്രാൻഡ് അനുവദിക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം കഴിഞ്ഞവർഷം ആരോഗ്യമേഖലയിൽ മാത്രമല്ല സാമ്പത്തികരംഗത്തും കോവിഡ് പ്രതിസന്ധി തീർത്തു. പ്രതിസന്ധിയിലായവരെ സഹായിക്കാൻ സർക്കാർ നിരവധി കാര്യങ്ങൾ ചെയ്തു. ദേശീയ ഭക്ഷ്യസുരക്ഷ നിയമപ്രകാരം ഏഴുകോടി ജനങ്ങൾക്ക് കിലോയ്ക്ക് ഒരുരൂപമുതൽ മൂന്നുരൂപവരെ നിരക്കിൽ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തു. കർഷക ആത്മഹത്യകൾ കൂടുതലായി നടക്കുന്ന 14 ജില്ലകളിൽനിന്നുള്ള 40 ലക്ഷം കർഷകർക്ക് 750 കോടിരൂപ ചെലവഴിച്ച് ഭക്ഷ്യധാന്യങ്ങൾ വിതരണംചെയ്തു. സംസ്ഥാനത്ത് കുടുങ്ങിക്കിടന്നിരുന്ന 35 ലക്ഷത്താളം ഇതരസംസ്ഥാന തൊഴിലാളികൾക്ക് 17,000 ടൺ അരിയും 762 ടൺ പരിപ്പും വിതരണം ചെയ്തു. നിസർഗ കൊടുങ്കാറ്റ് മൂലം പ്രതിസന്ധിയിലകപ്പെട്ടവരെ സഹായിക്കാനായി 609 കോടിയുടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തി. പേമാരിയും വെള്ളപ്പൊക്കവും മൂലം പ്രതിസന്ധിയിലായവരെ സഹായിക്കാനായി 10,000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചു. മഹാത്മാ ജ്യോതിറാവു ഫുലെ ശേത്കാരി കർജ് മുക്തി യോജനപ്രകാരം 30.85 ലക്ഷം കർഷകരുടെ 19,684 കോടി രൂപയുടെ കടം എഴുതിത്തള്ളി. ഈവർഷം ഇതിലേക്ക് നീക്കിവെച്ചിരിക്കുന്നത് 7000 കോടിയാണ്. ഒരുലക്ഷം കോടിയുടെ നേരിട്ടുള്ള വിദേശ നിക്ഷേപം ആർജിക്കാനായത് സർക്കാർ നേട്ടമായി കാണുന്നു. 66,000 വ്യവസായ സംരംഭപദ്ധതികൾക്ക് സർക്കാർ അനുമതി നൽകി. സ്റ്റാമ്പ് ഡ്യൂട്ടി 50 ശതമാനമായി കുറച്ചത് റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് ഉണർവായി മുംബൈയിൽ ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ നഗരങ്ങളിൽ കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ വിജയം കണ്ടതായും ഗവർണർ പ്രസംഗത്തിൽ എടുത്തുകാട്ടി.

ബാൽ താക്കറെ സ്മാരകത്തിന് 400 കോടി രൂപ

മുംബൈ : ദാദറിൽ ശിവാജി പാർക്കിനോട് ചേർന്നു നിർമിക്കുന്ന ബാലാസാഹേബ് താക്കറെ സ്മാരകത്തിന് മഹാരാഷ്ട്ര സർക്കാർ 400 കോടി രൂപ അനുവദിച്ചു. തിങ്കളാഴ്ചത്തെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ഞായറാഴ്ച വൈകീട്ടു ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം.

താക്കറെ സ്മാരകത്തിലെ കെട്ടിടങ്ങളുടെ നിർമാണത്തിന് 250 കോടി രൂപയും രണ്ടാംഘട്ടത്തിൽ അവിടെ സാങ്കേതിക സൗകര്യങ്ങൾ സ്ഥാപിക്കുന്നതിന് 150 കോടി രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. പ്രാഥമിക ചെലവുകൾ മുംബൈ മെട്രോപ്പൊളിറ്റൻ വികസന അതോറിറ്റിയാണ് വഹിക്കുക. ശിവാജി പാർക്കിലെ പഴയ മേയർ ബംഗ്ലാവും മൂന്ന് പുതിയ കെട്ടിടങ്ങളും അടങ്ങുന്നതാണ് താക്കറെ സ്മാരകം. പുതിയ കെട്ടിടങ്ങൾ നിർമിക്കുന്നതിന് മുംബൈ തീരമേഖലാ നിയന്ത്രണ അതോറിറ്റി (എം.സി.സെഡ്.എം.എ.) അടുത്തയിടെ അനുമതി നൽകിയിരുന്നു.

പരിസ്ഥിതി മന്ത്രി ആദിത്യ താക്കറെയുടെ നേതൃത്വത്തിലുള്ള ബാലാസാഹേബ് താക്കറെ രാഷ്ട്രീയ സ്മാരക് ന്യാസ് ആണ് പദ്ധതിക്ക് നേതൃത്വംനൽകുന്നത്. മുംബൈ നഗരസഭയുടെ ആദ്യമേയറുടെ ബംഗ്ലാവ് ആയി ഉപയോഗിച്ച കെട്ടിടം 2019-ൽ സ്മാരക സമിതിക്ക് കൈമാറിയിരുന്നു.

മ്യൂസിയവും ആർട്ട്ഗാലറിയും മ്യൂസിയം ഷോപ്പുമായിരിക്കും മേയർ ബംഗ്ലാവിൽ പ്രവർത്തിക്കുക. ഭേദഗതികൾ വരുത്തരുതെന്ന ഉപാധിയോടെയാണ് നഗരസഭാ മേയർ ബംഗ്ലാവ് സ്മാരകത്തിന് വിട്ടുകൊടുത്തത്.