മുംബൈ : സോലാപുരിലെ ഉജനിയിൽ സെൽഫിയെടുക്കുന്നതിനിടയിൽ ബോട്ട് മറിഞ്ഞ് അച്ഛനും മകനും മുങ്ങിമരിച്ചു. ഞായറാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. ഭാര്യയും കുട്ടികളും സുഹൃത്തുക്കളുമായി ബോട്ടിൽ ഉല്ലാസയാത്ര പോകുന്നതിനിടയിലായിരുന്നു അപകടം. സുഹൃത്തുക്കളിൽ ഒരാൾ സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ എല്ലാവരും ബോട്ടിന്റെ ഒരു വശത്തേക്കായി. ഇതോടെ ബോട്ട് മറിഞ്ഞ് എല്ലാവരും വെള്ളത്തിലേക്ക് വീണു.

സമീപത്തെ മീൻപിടുത്തക്കാർ ഇദ്ദേഹത്തിന്റെ ഭാര്യയെയും മകളെയും രണ്ട് സുഹൃത്തുക്കളെയും രക്ഷപ്പെടുത്തി. എന്നാൽ ഇരുപത്തിയൊമ്പതുകാരനായ അച്ഛനെയും പതിമൂന്നുകാരനായ മകനെയും രക്ഷപ്പെടുത്താനായില്ല. നീണ്ട തിരിച്ചിലിനൊടുവിലാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്.