മുംബൈ : രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്നതിൽ പ്രതിഷേധിച്ച് മന്ത്രാലയത്തിന് പുറത്ത് തിങ്കളാഴ്ച കോൺഗ്രസ് സൈക്കിൾറാലി നടത്തി. ബജറ്റ് സമ്മേളനം തുടങ്ങുന്നതിന് മുമ്പായിരുന്നു കോൺഗ്രസ് നേതാക്കളും എം.എൽ.എ.മാരും അണിനിരന്ന പ്രതിഷേധപരിപാടി. പാർട്ടി സംസ്ഥാനപ്രസിഡന്റ് നാനാ പട്ടോളെയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധിക്ക്‌ പ്രണാമം അർപ്പിച്ചതിന് ശേഷമാണ് പ്രതിഷേധപരിപാടിയിലേക്ക് കോൺഗ്രസ് പ്രവർത്തകർ നീങ്ങിയത്.

സാധാരണക്കാരന്റെ നട്ടെല്ലൊടിക്കുന്ന തരത്തിലാണ് ഇന്ധനവില വർധിക്കുന്നതെന്ന് നാനാപട്ടോളെ പറഞ്ഞു. ശീതകാലം അവസാനിക്കുന്നതോടെ ഇന്ധനവില താഴുമെന്ന പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാന്റെ അഭിപ്രായത്തേയും അദ്ദേഹം കളിയാക്കി. കേന്ദ്ര സർക്കാർ സാധാരണജനങ്ങളോട് നീതിചെയ്യുന്നില്ലെങ്കിൽ അവരുടെ ആവശ്യങ്ങൾ ഉച്ചത്തിൽ പറയുകയെന്നത് ഉത്തരവാദിത്ത്വമാണെന്ന് മന്ത്രി ബാലാസാഹബ് തോറാട്ട് അഭിപ്രായപ്പെട്ടു.

മോദി സർക്കാർ ഉടൻത്തന്നെ ഇന്ധനവില കുറയ്ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാർട്ടിനേതാക്കളായ അസ്ലാം ശൈഖ്, യശോമതി താക്കൂർ, മുംബൈ കോൺഗ്രസ് പ്രസിഡന്റ് ഭായ് ജഗതപ് തുടങ്ങിയ നേതാക്കളും പ്രതിഷേധത്തിൽ പങ്കെടുത്തു.

സംസ്ഥാനത്ത് ഇന്ധനവില കുറയ്ക്കാൻ സംസ്ഥാനസർക്കാർ നികുതി കുറയ്ക്കണമെന്ന് മുൻമുഖ്യമന്ത്രിയും ബി.ജെ.പി. നേതാവുമായ ദേവേന്ദ്ര ഫഡ്‌നവിസ് അഭിപ്രായപ്പെട്ടു. സർക്കാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും സംസ്ഥാനസർക്കാർ നികുതി കുറച്ച് ജനങ്ങൾക്ക് ആശ്വാസം പകരണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു ലിറ്റർ പെട്രോളിനുമേൽ കേന്ദ്രസർക്കാർ ചുമത്തുന്ന നികുതി 70 രൂപയാണ്. ഇത് പല രീതിയിൽ സംസ്ഥാനത്തേക്കെത്തുന്നുണ്ട്. എന്നാൽ സംസ്ഥാനസർക്കാർ 27 രൂപ നികുതി ഇനത്തിൽ ഈടാക്കുന്നുണ്ട്. ഇതിൽ കുറവുവരുത്തി സംസ്ഥാനത്തെ ജനങ്ങൾക്ക് ആശ്വാസം പകരാൻ സർക്കാരിന് കഴിയും-സംസ്ഥാന പ്രതിപക്ഷനേതാവ് കൂടിയായ ദേവേന്ദ്ര ഫഡ്‌നവിസ് പറഞ്ഞു.