മുംബൈ: കുറഞ്ഞനിരക്കിൽ ടെലിവിഷൻ ചാനലുകൾ ലഭ്യമാകുമെന്ന ഉപഭോക്താക്കളുടെ പ്രതീക്ഷയോടെയുള്ള കാത്തിരിപ്പ് നീളുന്നു. കഴിഞ്ഞ അഞ്ചുവർഷമായി ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) ഇതിനുള്ള ശ്രമം തുടരുന്നെങ്കിലും ഇതുവരെ നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല. ട്രായ് കൊണ്ടുവരുന്ന പുതിയ നിയമങ്ങൾ അതിന്റെ പഴുതുകളിലൂടെത്തന്നെ ചാനൽ കമ്പനികൾ മറികടക്കുമ്പോൾ കുറഞ്ഞനിരക്ക് ഉപഭോക്താക്കൾക്ക് ഇന്നും സ്വപ്നമായി അവശേഷിക്കുകയാണ്. കോടതികളിലും ഇതുമായി ബന്ധപ്പെട്ട കേസുകൾ വർഷങ്ങളോളം നീളുന്നു.

2017-ൽ ആണ് ടെലിവിഷൻ ചാനലുകളുടെ നിരക്ക് തീരുമാനിച്ച് ആവശ്യമുള്ള ചാനലുകൾ മാത്രം ഉപഭോക്താക്കൾക്ക് വാങ്ങാനുള്ള സൗകര്യം ഏർപ്പെടുത്താനുള്ള നടപടികളിലേക്ക് ട്രായ് കടന്നത്. ഇതുമായി ബന്ധപ്പെട്ട് പുതിയ നിയമം ട്രായ് പ്രഖ്യാപിച്ചെങ്കിലും ചാനൽ കമ്പനികൾ കോടതിയിൽ പോയതോടെ ഇവ നടപ്പാക്കുന്നത് ഏറെ വൈകി. 2019 ജനുവരിയിൽ ഇത് നടപ്പാക്കിയപ്പോൾ ബഹുഭൂരിപക്ഷം ഉപഭോക്താക്കൾക്കും കേബിൾ, ഡി.ടി.എച്ച്. നിരക്കുകൾ കുത്തനെ വർധിക്കുകയാണുണ്ടായത്. അതുവരെ സൗജന്യ ചാനലുകളായിരുന്ന ഭൂരിപക്ഷം ചാനലുകളും പേ ചാനലുകളായി മാറിയതാണ് ഇതിന് പ്രധാന കാരണം. ഇതേത്തുടർന്ന് പുതിയ നിയമത്തിൽ ചില ഭേദഗതികളോടെ ട്രായ് 2020-ൽ വീണ്ടും വന്നു.

ബൊക്കെയിൽ(ചാനൽക്കൂട്ടം) വരുന്ന പേ ചാനലുകളുടെ പരമാവധി നിരക്ക് 19 രൂപയിൽനിന്ന് 12 രൂപയായി കുറച്ചതായിരുന്നു പ്രധാന മാറ്റം. ട്രായിയുടെ ഈ നടപടിക്കെതിരേ ചാനലുടമകൾ ബോംബെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും വിധി ട്രായിക്കനുകൂലമായിരുന്നു. ഇതിനെതിരേ ചാനലുകളുടെ സംയുക്ത സംഘടന നൽകിയ അപ്പീൽ സുപ്രീംകോടതിയിലാണ്. പലതവണ വാദംകേട്ടശേഷം നവംബർ 30-ന് എടുക്കേണ്ട കേസ് അടുത്തവർഷം ഫെബ്രുവരി 15-ലേക്ക് മാറ്റിയിരിക്കയാണ്.

പുതിയ നിയമം സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിക്കാത്തതിനാൽ നിയമമനുസരിച്ച് പുതിയനിരക്ക് പ്രഖ്യാപിക്കാൻ ട്രായ് ചാനലുകളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ജനപ്രിയചാനലുകളെ ബൊക്കെയിൽനിന്ന് മാറ്റി നിരക്ക് കുത്തനെ കൂട്ടിയാണ് ചാനൽ കമ്പനികൾ പുതിയ നിയമത്തെ മറികടന്നത്. ഇതോടെ പരിഷ്കരണം നടപ്പാക്കുന്നത് ഡിസംബർ ഒന്നിൽനിന്ന് അടുത്തവർഷം ഏപ്രിലിലേക്ക് ട്രായ് മാറ്റി. ഉപഭോക്താക്കൾക്ക് കുറഞ്ഞനിരക്കിൽ ടെലിവിഷൻ ചാനലുകൾ ലഭ്യമാക്കുക എന്നത് ട്രായിക്ക് എളുപ്പമാവില്ല. സുപ്രീംകോടതി വിധി വരുന്നതിനുമുമ്പുതന്നെ ചാനൽ കമ്പനികളെ തങ്ങളുടെ വരുതിയിലാക്കുക എന്നതായിരിക്കും ട്രായിയുടെ മുഖ്യലക്ഷ്യം. അതിന് അഞ്ചുമാസമാണ് അവർക്ക് മുന്നിലുള്ളത്. പക്ഷേ, മുമ്പുണ്ടായിരുന്ന നിരക്കിനെക്കാൾ കുറയുമോ എന്നത് സുപ്രീംകോടതി വിധിയെക്കൂടി ആശ്രയിച്ചിരിക്കും.