പുണെ : കോലാപൂർ നോർത്ത് എം.എൽ.എ.യും കോൺഗ്രസ് നേതാവുമായ ചന്ദ്രകാന്ത് ജാദവ് (56) അന്തരിച്ചു. ഹൈദരാബാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജാദവ് വ്യാഴാഴ്ച രാവിലെയാണ് അന്തരിച്ചത്.കഴിഞ്ഞവർഷം ജാദവിന് കോവിഡ് ബാധിച്ചിരുന്നു. ശ്വാസകോശ അണുബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന ജാദവിനെ ആരോഗ്യനില വഷളായതിനെതുടർന്ന് എട്ടുദിവസം മുൻപാണ് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കോലാപൂരിൽനിന്ന് ആദ്യമായി എം.എൽ.എ.യായ ജാദവ് 2019-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിലാണ് വിജയിച്ചത്. തിരഞ്ഞെടുപ്പിന് ഒരു മാസം മുൻപാണ് അദ്ദേഹം കോൺഗ്രസ് പാർട്ടിയിൽ ചേരുന്നത്. തിരഞ്ഞെടുപ്പിൽ ശിവസേനയുടെ സിറ്റിങ് എം.എൽ.എ. രാജൻ ക്ഷീർസാഗറിനെയാണ് ജാദവ് പരാജയപ്പെടുത്തിയത്. ലളിതജീവിതം നയിച്ചിരുന്ന ജാദവ് മുൻ ഫുട്ബോൾതാരം കൂടിയായിരുന്നു.

വ്യവസായമേഖലയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. ജാദവ് ഇൻഡസ്ട്രീസ്, പ്രേംല പിക്ചേഴ്സ്, ജാദവ് ടൂൾസ്, ജാദവ് ബിവറേജസ്, ജാദവ് മെറ്റൽസ്, പ്രേംല ഇൻഡസ്ട്രീസ് എന്നിവ ചന്ദ്രകാന്ത് ജാദവിന്റെ ഉടമസ്ഥതയിലുള്ളവയാണ്. ചന്ദ്രകാന്ത് ജാദവിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ഉപമുഖ്യമന്ത്രി അജിത് പവാർ, പൊതുമരാമത്ത് മന്ത്രിയും കോൺഗ്രസ് നേതാവുമായ അശോക് ചവാൻ, മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാനാ പട്ടോളെ തുടങ്ങിയവർ അനുശോചിച്ചു.