മുംബൈ : എഫ്.എം.സി.ജി. കമ്പനിയായ ഹിന്ദുസ്ഥാൻ യൂണിലിവർ കൽക്കരി ഉപയോഗം പൂർണമായി ഉപേക്ഷിച്ചു. പകരം ഹരിത ബദലുകളായ ബയോമാസ്, ബയോഡീസൽ ഇന്ധനങ്ങളാണ് ഉപയോഗിക്കുന്നത്. ഇവയുടെ ലഭ്യത ഉറപ്പാക്കാൻ ബയോമാസ് വിതരണക്കാരുമായും പ്രാദേശിക കർഷകരുമായും ധാരണയിലെത്തിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.

കൽക്കരി ഇന്ധനമായുള്ള ബോയിലറുകൾ പുനഃരുപയോഗിക്കാവുന്ന ഇന്ധനത്തിലേക്കുമാറ്റിയിട്ടുണ്ട് എച്ച്.യു.എലിന്റെ ഏറ്റവുംവലിയ ഹോം കെയർ പ്ലാന്റിൽ കൽക്കരി ഉപയോഗം നിർത്തിയതുവഴി ഇന്ധനച്ചെലവിൽ 3.5 കോടി രൂപയുടെ കുറവുണ്ടായി. നാലുദശലക്ഷം കിലോ കാർബൺ ഡയോക്‌സൈഡിന്റെ ബഹിർഗമനം കുറയ്ക്കാനും കഴിഞ്ഞതായി കമ്പനി അറിയിച്ചു. 2030-ഓടെ കാർബൺ ബഹിർഗമന രഹിത (സീറോ കാർബൺ) കമ്പനിയാകാനാണ് എച്ച്.യു.എൽ. പദ്ധതിയിട്ടിട്ടുള്ളത്. അഞ്ചുവർഷം മുമ്പാണ് കൽക്കരി ഒഴിവാക്കാനുള്ള പദ്ധതികൾക്ക് തുടക്കംകുറിച്ചത്.