മുംബൈ : ജുഡീഷ്യൽ കമ്മിഷന്റെ തെളിവെടുപ്പിനിടെ മുൻ മുംബൈ പോലീസ് കമ്മിഷണർ പരംബീർ സിങ്ങും പുറത്താക്കപ്പെട്ട പോലീസ് ഓഫീസർ സച്ചിൻ വാസേയും കൂടിക്കാഴ്ച നടത്തിയ സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന പോലീസുകാർക്ക് വീഴ്ചപറ്റിയതായി പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തി. തലോജ സെൻട്രൽ ജയിലിൽനിന്ന് സച്ചിൻ വാസേയ്ക്ക് അകമ്പടിപോയ മൂന്നു പോലീസുകാരെയും വിശദീകരണം ചോദിക്കാനായി കൊളാബ പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയിട്ടുണ്ട്.

മുൻ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്‌മുഖിനെതിരായ അഴിമതിയാരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന കൈലാസ് ഉത്തംചന്ദ് ചന്ദീവാൽ കമ്മിഷനു മുന്നിൽ തിങ്കളാഴ്ച ഹാജരായപ്പോഴാണ് പരംബീർ സിങ്-സച്ചിൻ വാസേ കൂടിക്കാഴ്ച നടന്നത്. അടുത്തടുത്ത് ഇരുന്ന ഇരുവരും ഒരുമണിക്കൂറോളം നേരം സംസാരിച്ചു. ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡിൽ കഴിയുന്ന സച്ചിൻ വാസേയും പല കേസുകളിലും അന്വേഷണം നേരിടുന്ന പരംബീർ സിങ്ങും കോടതിയുടെ അനുമതിയില്ലാതെ സംസാരിച്ചതിനെച്ചൊല്ലി വിമർശനമുയർന്നപ്പോഴാണ് ആഭ്യന്തരമന്ത്രി ദിലീപ് വൽസേ പാട്ടീൽ അന്വേഷണത്തിന് ഉത്തരവിട്ടത്.

സച്ചിൻ വാസേയ്ക്ക് ഒപ്പമുണ്ടായിരുന്ന മൂന്നുപോലീസുകാരുടെ കൃത്യവിലോപം കാരണമാണ് കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചതെന്നാണ് പ്രാഥമികാന്വേഷണറിപ്പോർട്ടിൽ പറയുന്നത്. ഇവർക്കെതിരേ അച്ചടക്കനടപടി വന്നേക്കും. അതിനുമുന്നോടിയായാണ് വിശദീകരണം ചോദിക്കാൻ കൊളാബ പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയത്. മുംബൈ പോലീസ് കമ്മിഷണർ ഹേമന്ദ് നഗ്രാലേയാണ് ഇതുസംബന്ധിച്ച അന്വേഷണം നടത്തുന്നത്. അനധികൃതമായി അവധിയിൽക്കഴിയുന്ന പരംബീർ സിങ് ഔദ്യോഗികവാഹനം ഉപയോഗിക്കുന്നതിനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.

മുംബൈയിലെ ബാറുകളിൽനിന്ന് 100 കോടി രൂപ പിരിച്ചുനൽകാൻ ആഭ്യന്തരമന്ത്രിയായിരിക്കേ അനിൽ ദേശ്‌മുഖ് നിർദേശം നൽകിയെന്ന പരംബീർ സിങ്ങിന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് അന്വേഷിക്കാനാണ് സംസ്ഥാനസർക്കാർ ജുഡീഷ്യൽ കമ്മിഷനെ നിയോഗിച്ചത്. ആരോപണങ്ങളെക്കുറിച്ച് വിശദീകരിക്കാൻ എത്തണമെന്നാവശ്യപ്പെട്ട് കമ്മിഷൻ പലതവണ സമൻസ് അയച്ചെങ്കിലും സിങ് ഹാജരായിരുന്നില്ല. ഇതേത്തുടർന്ന് പുറപ്പെടുവിച്ച അറസ്റ്റ്‌ വാറന്റ് നടപ്പാക്കുമെന്ന് മുന്നറിയിപ്പുനൽകിയതോടെയാണ് സിങ് ഹാജരായത്. ദേശ്‌മുഖിനെതിരേ മൊഴിനൽകിയ സച്ചിൻ വാസേയുടെ എതിർവിസ്താരം നടക്കുന്നതിനിടയിലാണ് പരംബീർ സിങ് കമ്മിഷനുമുന്നിലെത്തിയത്.