മുംബൈ : കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ഭീതിപരത്തുന്ന സാഹചര്യത്തിൽ മറ്റ്‌ സംസ്ഥാനങ്ങളിൽനിന്ന് മുംബൈ വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാർക്ക്‌ മഹാരാഷ്ട്ര സർക്കാർ ആർ.ടി. പി.സി.ആർ. നെഗറ്റീവ്‌ റിപ്പോർട്ട്‌ നിർബന്ധമാക്കി. രണ്ട്‌ഡോസ്‌ വാക്‌സിൻ സ്വീകരിച്ചവർക്കും ഇത്‌ ബാധകമാണെന്ന്‌ സർക്കാർ വ്യക്തമാക്കി.

ഒമിക്രോൺ വ്യാപനമുള്ള രാജ്യങ്ങളിൽനിന്ന് എത്തുന്നവർക്ക്‌ ഏഴ്‌ ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റിനും മൂന്നുതവണയായിട്ടുള്ള ആർ.ടി.പി.സി.ആർ. പരിശോധനയും സർക്കാർ നിർബന്ധമാക്കിയിരുന്നു. രണ്ട്‌, നാല്‌, ഏഴ്‌ ദിവസങ്ങളിലാണ്‌ ആർ.ടി-പി. സി. ആർ. പരിശാധന നടത്തേണ്ടത്‌. ആഭ്യന്തര വിമാനയാത്രക്കാർ പുറപ്പെടുന്നതിന്‌ 72 മണിക്കുർ മുമ്പ്‌ പരിശോധന നടത്തി വൈറസ്‌ ഇല്ലെന്ന്‌ വ്യക്തമാക്കുന്ന റിപ്പോർട്ടാണ്‌ കരുതേണ്ടത്‌. അടിയന്തര സാഹചര്യങ്ങളിൽ എത്തുന്നവരെ മാത്രം മുംബൈ വിമാനത്താവളത്തിൽ പരിശോധന നടത്താൻ അനുവദിക്കും. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത അഞ്ച്‌ വയസ്സിൽ താഴെയുള്ള കുട്ടികളെ പരിശോധനയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്‌.