മുംബൈ : മലയാളി യുവാവിനെ ലഹരിമരുന്നുകേസിൽ കുടുക്കിയ സംഘത്തിലെ ഒരാളെ ബുധനാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. മാട്ടുംഗ ലേബർ ക്യാമ്പ് നിവാസിയായ കാസർകോട് സ്വദേശി ഫക്കറുദ്ദീൻ സയ്യദിനെയാണ് മരുന്നുകേസിൽ കുടുക്കാൻ ശ്രമം നടന്നത്. ഈ ഗൂഢാലോചനയിലാണ് ഒരാളെ അറസ്റ്റുചെയ്തത്. ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.

വീട്ടിൽനിന്ന് മയക്കുമരുന്നു കണ്ടെത്തിയെന്നുകാണിച്ച് കഴിഞ്ഞവെള്ളിയാഴ്ചയാണ് ഫക്കറുദ്ദീൻ സയ്യദിനെ പോലീസ് അറസ്റ്റുചെയ്തത്. ചെയ്യാത്ത കുറ്റത്തിന് ഒരാഴ്ചയോളമായി പോലീസ് കസ്റ്റഡിയിലാണ് ഫക്കറുദ്ദീൻ സയ്യദ്. അദ്ദേഹത്തിന്റെ സുഹൃത്ത് ഗോപാൽ മൂപ്പനാരും പോലീസ് കസ്റ്റഡിയിലാണ്.

വീട്ടിൽ റെയ്ഡ് നടന്നദിവസംതന്നെ ഫക്കറുദ്ദീന്റെ പ്രതിശ്രുത വധു തന്നെ ഒരാൾ നിരന്തരം ഫോണിൽ ഭീഷണിപ്പെടുത്താറുണ്ടെന്നും എന്നാൽ, അറസ്റ്റിനുശേഷം ഈ ഭീഷണിവിളികൾ വന്നില്ലെന്നും കാണിച്ച് ഉന്നത പോലീസുദ്യോഗസ്ഥർക്ക് പരാതി നൽകിയിരുന്നു. ഫക്കറുദ്ദീനെ വിവാഹം കഴിക്കരുതെന്ന് പറഞ്ഞായിരുന്നു ഭീഷണി. യുവതിയുടെ പിന്നാലെ വിവാഹാഭ്യർഥനയുമായി നടന്ന ഒരു യുവാവിന്റെ സംഘാംഗമാണിതെന്ന് പോലീസ് തിരിച്ചറിഞ്ഞു. പിന്നീടുള്ള അന്വേഷണത്തിലാണ് ഇയാളാണ് ലഹരിമരുന്നും തോക്കും ഫക്കറുദ്ദീന്റെ വീട്ടിൽ കൊണ്ടിട്ടതെന്ന വിവരം ലഭിച്ചത്. പല കേസുകളിലും ഇയാൾ പ്രതിയാണ്.

ഫക്കറുദ്ദീന്റെ വീട്ടിൽ പരിശോധന നടത്തിയ പോലീസ് ആറുലക്ഷത്തോളം രൂപ വരുന്ന മെഫിഡ്രോൺ എന്ന ലഹരിമരുന്നും ഒരു കൈത്തോക്കുമാണ് കണ്ടെടുത്തത്. എന്നാൽ, ഇവ തന്റെതല്ലെന്നും ആരാണ് കൊണ്ടുവെച്ചതെന്നറിയില്ലെന്നുമുള്ള അദ്ദേഹത്തിന്റെ വാക്കുകൾക്ക് പോലീസ് ചെവികൊടുത്തില്ല. പരിശോധന നടക്കുമ്പോൾ ഫക്കറുദ്ദീന്റെ വീട്ടിലേക്ക് വന്നതായിരുന്നു ഗോപാൽ മൂപ്പനാർ. അദ്ദേഹത്തെയും പോലീസ് കൊണ്ടുപോയി. ലഹരിമരുന്നും തോക്കും പോലീസ് തന്നെ ഫക്കറുദ്ദീന്റെ വീട്ടിൽ കൊണ്ടുവെച്ച് അറസ്റ്റു ചെയ്യുകയായിരുന്നെന്നായിരുന്നു സമീപവാസികളുടെ ആരോപണം. ഫക്കറുദ്ദീന്റെ വീടിനുമുന്നിലുള്ള മാട്ടുംഗ ലേബർ ക്യാമ്പ് അയ്യപ്പ ക്ഷേത്രത്തിലെ സി.സി.ടി.വി. ക്യാമറാദൃശ്യങ്ങൾ പോലീസ് കൊണ്ടുപോകുകയും ചെയ്തു. നവംബർ 14 മുതലുള്ള ദൃശ്യങ്ങൾ ഇതിൽ ഇല്ലെന്നാണ് പോലീസ് ഇപ്പോൾ പറയുന്നത്. ഇതൊക്കെ പോലീസ് വ്യാജ റെയ്ഡ് സംഘടിപ്പിക്കുകയായിരുന്നെന്ന സംശയത്തിനിടയാക്കി. പ്രദേശവാസികളായ മുന്നൂറോളം പേർ ഫക്കറുദ്ദീനെ അറസ്റ്റുചെയ്ത ശാഹു നഗർ പോലീസ് സ്റ്റേഷനുമുന്നിൽ ചൊവ്വാഴ്ച പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പോലീസ് റെയ്ഡ് നടത്തി ഫക്കറുദ്ദീനെ അറസ്റ്റ് ചെയ്തതിലെ ദുരൂഹത മാറിയിട്ടില്ല. ഫക്കറുദ്ദീൻപോലും അറിയാതെ വീട്ടിലെത്തിയ ഈ വസ്തുക്കളെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചതും കൃത്യമായി പ്രവർത്തിച്ചിരുന്ന സി.സി.ടി.വി. ക്യാമറാദൃശ്യങ്ങൾ അപ്രത്യക്ഷമായതും സംശയം ജനിപ്പിക്കുന്നു. സംഭവത്തിൽ പോലീസിന്റെ പങ്ക് തള്ളിക്കളയാൻ കഴിയില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.