മുംബൈ : റിലയൻസ് കാപിറ്റലിന്റെ നിയന്ത്രണം നിർവഹിക്കുന്ന ആർ.ബി.ഐ. അഡ്മിനിസ്‌ട്രേറ്റർക്ക് സഹായത്തിനായി മൂന്നംഗ ഉപദേശകസമിതിയെ നിയമിച്ച് ആർ.ബി.ഐ.. എസ്.ബി.ഐ. മുൻ ഡി.എം.ഡി. സഞ്ജീവ് ന്യുതിയാൽ, ആക്‌സിസ് ബാങ്ക് മുൻ ഡി.എം.ഡി. ശ്രീനിവാസൻ വരദരാജൻ, ടാറ്റ കാപിറ്റൽ മുൻ സി.ഇ.ഒ.യും എം.ഡിയുമായ പ്രവീൺ പി. കഡ്‌ലെ എന്നിവരാണ് ഉപദേശക സമിതി അംഗങ്ങൾ. ബാങ്ക് ഓഫ് മഹാരാഷ്ട്ര മുൻ എക്സിക്യുട്ടീവ് ഡയറക്ടർ വൈ. നാഗേശ്വറ റാവുവാണ് അഡ്മിനിസ്‌ട്രേറ്റർ.

പണം തിരിച്ചുപിടിക്കുന്നതിന് റിലയൻസ് കാപിറ്റലിനെ പാപ്പരത്തനടപടിക്ക്‌ വിധേയമാക്കണമെന്നാവശ്യപ്പെട്ട് കടപ്പത്ര ഉടമകൾ ആർ.ബി.ഐ.യെ സമീപിച്ചിരുന്നു. ആസ്തികൾ വിറ്റ് പണംതിരിച്ചുപിടിക്കാൻ കമ്പനി സഹകരിക്കുന്നില്ലെന്നു കാട്ടിയായിരുന്നു അപേക്ഷ. വായ്പാ തിരിച്ചടവ് മുടങ്ങിയതിലുപരി കമ്പനിയുടെ സാമ്പത്തികസ്ഥിതി വിലയിരുത്തിയാണ് ആർ.ബി.ഐ. നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നതെന്നാണ് അറിയുന്നത്.

അനുവദനീയ പരിധിയുടെ മൂന്നു മടങ്ങ് ബാധ്യതയാണ് റിലയൻസ് കാപിറ്റലിനുള്ളത്. മൂലധനംനിയമപ്രകാരം ആവശ്യമായുള്ളതിന്റെ മൂന്നിലൊന്നായി ചുരുങ്ങുകയും ചെയ്തു. മൂലധന അനുപാതം 30 ശതമാനം വേണ്ടിടത്ത് 10.75 ശതമാനം മാത്രമാണുള്ളത്. വായ്പാ സ്ഥാപനങ്ങൾക്കും കടപ്പത്ര നിക്ഷപേകർക്കുമായി 20,103 കോടി രൂപയാണ് കമ്പനി നൽകാനുള്ളത്. വായ്പാ തിരിച്ചടവുമുടങ്ങിയതോടെ കമ്പനി ആർ.ബി.ഐ. നിരീക്ഷണത്തിലായിരുന്നു.