പുണെ : മലയാള കഥാവായനരംഗത്ത്‌ പുതിയ മാനങ്ങളും ഊർജവും നല്കാൻ പ്രവീജയ്ക്ക്‌ കഴിഞ്ഞുവെന്ന് പ്രശസ്ത സാഹിത്യകാരനും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ വൈശാഖൻ പറഞ്ഞു. മലയാളസാഹിത്യത്തിലെ പ്രമുഖരായ കഥാകൃത്തുക്കളുടെ നൂറോളംകഥകൾ വായനാലോകം എന്ന ഓൺലൈൻ പരിപാടിയിലൂടെ അവതരിപ്പിച്ച പ്രവീജ വിനീതിനെ സി.എം.എസ്. സാഹിത്യവേദി ആദരിക്കുന്ന ചടങ്ങ് ഓൺലൈനായി ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

ചിഞ്ച്‌വാഡ് മലയാളിസമാജം പ്രസിഡന്റ് പി.വി. ഭാസ്കരന്റെ അധ്യക്ഷതയിൽ അകുർഡി സി.എം.എസ്. കേരളഭവനിൽ ചേർന്ന അനുമോദനച്ചടങ്ങിൽ കഥാകാരിയായ ഗീത ഡി. നായർ, വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡന്റ് ടി.പി. വിജയൻ, സമാജം വൈസ് പ്രസിഡന്റ് എം.എം. നമ്പ്യാർ, വായനാലോകം ഓൺലൈൻ മീഡിയ സ്ഥാപകൻ ഷാജി പദ്മനാഭൻ എന്നിവർ സംസാരിച്ചു. സാഹിത്യകാരന്മാർ യു.കെ. കുമാരൻ, ശ്രീകുമാരി രാമചന്ദ്രൻ എന്നിവർ ഓൺലൈനായി പങ്കെടുത്തുസംസാരിച്ചു.

കഥാകൃത്തുക്കളായ സക്കറിയയുടെയും അംബികാസുതൻ മാങ്ങാടിന്റെയും സന്ദേശങ്ങൾ വായിച്ചു. സാഹിത്യവേദി ഓർഗനൈസിങ് സെക്രട്ടറി കെ. ഹരിനാരായണൻ സ്വാഗതവും സമാജം ട്രഷറർ പി. അജയകുമാർ നന്ദിയും രേഖപ്പെടുത്തി. മലയാളംമിഷൻ ഏർപ്പെടുത്തിയ സുഗതാഞ്ജലി കാവ്യാലാപനത്തിൽ പുണെ ചാപ്റ്ററിൽനിന്ന് വിജയികളായ സി.എം.എസ്. മലയാളം പഠനകേന്ദ്രത്തിലെ വിദ്യാർഥികളായ ആതിഷ് അയ്യപ്പനെയും ആകാശ് സുധാകരനെയും ചടങ്ങിൽ ആദരിച്ചു.