പുണെ : പുണെ ജില്ലയിൽ റെസ്റ്റോറന്റുകൾ, സിനിമാ ഹാളുകൾ, തിയേറ്ററുകൾ എന്നിവയിൽ ഏർപ്പെടുത്തിയ 50 ശതമാനം പേർക്ക് പ്രവേശനമെന്ന നിയന്ത്രണം നിലനിർത്തും. ബുധനാഴ്ചമുതൽ ഈ നിയന്ത്രണം ഒഴിവാക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചതായി ഉപമുഖ്യമന്ത്രിയും പുണെയുടെ ചുമതലയുള്ള മന്ത്രി അജിത് പവാർ പ്രഖ്യാപിച്ച് ദിവസങ്ങൾക്കുള്ളിലാണ് പുണെ മുനിസിപ്പൽ കോർപ്പറേഷൻ സംസ്ഥാനസർക്കാർ പ്രഖ്യാപിച്ച എല്ലാ പുതുക്കിയ കോവിഡ് നിയന്ത്രണങ്ങളും നിലനിർത്താൻ തീരുമാനിച്ചത്.

കോർപ്പറേഷൻ പുറത്തിറക്കിയ പുതുക്കിയ ഉത്തരവ് പ്രകാരം സിനിമാ തിയേറ്ററുകൾ, ഓഡിറ്റോറിയങ്ങൾ, സാംസ്കാരികഹാളുകൾ, വിവാഹഹാളുകൾ എന്നിവയിൽ ശേഷിയുടെ 50 ശതമാനം മാത്രമേ പ്രവേശനം അനുവദിക്കൂ. ആയിരത്തിൽ കൂടുതലാളുകൾ പങ്കെടുക്കുന്ന പരിപാടികൾ നടക്കുന്ന പരിസരത്ത് കോവിഡ് നിയമങ്ങളുടെ ലംഘനമില്ലെന്ന് ഉറപ്പാക്കാനും, സ്ഥിതിഗതികൾ നിരീക്ഷിക്കാനുമായി ദുരന്തനിവാരണ അതോറിറ്റി ഒരു ഉദ്യോഗസ്ഥനെ നിയോഗിക്കും, നിയമങ്ങളുടെ ലംഘനമുണ്ടെങ്കിൽ പരിസരം പൂർണമായും അടയ്ക്കാൻ ദുരന്തനിവാരണ അതോറിറ്റിക്ക് അധികാരം നൽകുമെന്നും ഉത്തരവിൽ പറയുന്നുണ്ട്.

മൂക്കുംവായും മൂടുന്നതരത്തിൽ മാസ്‌കുകൾ ഉപയോഗിക്കണമെന്നും തൂവാല മാസ്കായി കണക്കാക്കില്ലെന്നും തൂവാല ഉപയോഗിക്കുന്നവർക്ക് പിഴ ചുമത്തുമെന്നും ഉത്തരവിൽ പറയുന്നുണ്ട്. കോവിഡ് നിയമങ്ങൾ ലംഘിക്കുന്നവരിൽനിന്ന് 500 രൂപ പിഴയും സ്ഥാപന ഉടമയ്ക്ക് 10,000 രൂപയും പിഴചുമത്തും. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ സ്ഥാപനം പരാജയപ്പെട്ടാൽ അവർ 50,000 രൂപ പിഴ അടയ്ക്കേണ്ടിവരുമെന്നും ഉത്തരവിൽ പറയുന്നു. പൊതുഗതാഗതം ഉപയോഗിക്കുന്നവർ നിയമങ്ങൾ ലംഘിച്ചാൽ യാത്രക്കാരനും വാഹനത്തിന്റെ ഡ്രൈവർക്കും 500 രൂപ പിഴചുമത്തും. വാഹന ഉടമ 10,000 രൂപയും പിഴ അടയ്ക്കേണ്ടിവരും.