മുംബൈ : കോവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ മുംബൈയിൽ ആർക്കെങ്കിലും ബാധിച്ചതായി സ്ഥിരീകരിക്കുന്നതിന്‌ ഒരാഴ്ച കാത്തിരിക്കേണ്ടിവരും. ദക്ഷിണാഫ്രിക്കയിൽനിന്ന് ഡോംബിവ്‌ലിയിലെത്തിയ കോവിഡ് സ്ഥിരീകരിച്ച യുവാവിന് ഒമിക്രോൺ ആണോയെന്ന്‌ സ്ഥിരീകരിക്കുന്നതിനായി സാംപിൾ മുംബൈ നഗരസഭയുടെ ജനോം ലബോറട്ടറിയിലേക്ക്‌ അയച്ചിരിക്കുകയാണ്‌.

ഏഴ്‌ ദിവസത്തിനകം ഫലമറിയാൻ കഴിയുമെന്ന്‌ മുംബൈ നഗരസഭ എപിഡമിക്‌ കൺട്രോൾ ഓഫീസർ ഡോ. പ്രതിഭാപാട്ടീൽ അറിയിച്ചു. ഒമിക്രോണിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുള്ള രാജ്യങ്ങളിൽനിന്ന്‌ എത്തിയ 100 പേരെ കണ്ടെത്തി പരിശോധന നടത്തിയതായും ബി.എം.സി. അറിയിച്ചു. വിവിധ ആഫ്രിക്കൻ രാഷ്ട്രങ്ങളിൽനിന്നായി കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ 1000 യാത്രക്കാർ മുംബൈ വിമാനത്താവളത്തിൽ എത്തിയെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. അതിൽ 446 പേരെ കണ്ടെത്താനായിട്ടുള്ളൂവെന്ന്‌ നഗരസഭാധികൃതർ വ്യക്തമാക്കി. ജനിതക ശ്രേണീകരണത്തിനായി 150 സാംപിളുകൾകൂടി ഉടനെ ശേഖരിക്കുമെന്നും ഈയാഴ്ച അവസാനത്തോടെയോ തിങ്കളാഴ്ചയോ വ്യക്തത കൈവരുമെന്നും അധികൃതർ വ്യക്തമാക്കി.

ഒമിക്രോൺ ആശങ്ക മറ്റിടങ്ങളിൽ ഇന്നുമുതൽ

മുംബൈ : കോവിഡ് വൈറസിന്റെ വകഭേദമായ ഒമിക്രോണിനെക്കുറിച്ചുള്ള ആശങ്കയെത്തുടർന്ന്‌ മുംബൈ, നവിമുംബൈ, പുണെ, നാസിക്‌ എന്നിവിടങ്ങളിൽ സ്കൂളുകൾ തുറക്കുന്നത്‌ നീട്ടി. സംസ്ഥാനത്തിന്റെ മറ്റുഭാഗങ്ങളിൽ നിശ്ചയിച്ചപ്രകാരം ഒന്നുമുതൽ ഏഴുവരെയുള്ള ക്ലാസുകളിലേക്ക്‌ ബുധനാഴ്ചമുതൽ നേരിട്ടുള്ള അധ്യയനം ആരംഭിക്കും.

പ്രൈമറി സ്കൂളുകൾ തുറക്കുന്നത്‌ ഡിസംബർ 15-ലേക്ക്‌ മാറ്റിയതായി മുംബൈ, പുണെ നഗരസഭകൾ അറിയിച്ചു. നാസിക്കിൽ തീരുമാനം ഈമാസം 10-വരെ മരവിപ്പിച്ചതായി അധികൃതർ അറിയിച്ചിട്ടുണ്ട്. നവിമുംബൈയിൽ ഡിസംബർ 14-വരെ പ്രൈമറി സ്കൂളുകൾ തുറക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.

സ്ഥിതി അവലോകനംചെയ്‌ത്‌ പുതിയ ഉത്തരവ്

കോവിഡുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ അവലോകനം ചെയ്തശേഷം പുതിയ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് പുണെ മുനിസിപ്പൽ കോർപ്പറേഷൻ കമ്മിഷണർ വിക്രം കുമാർ അറിയിച്ചു. ഒന്നുമുതൽ ഏഴുവരെയുള്ള റഗുലർ ക്ലാസുകൾ പൂർണമായും അടച്ചിടും. എങ്കിലും ഓൺലൈൻ ക്ലാസുകൾ പതിവുപോലെ നടക്കും. പുണെ കന്റോൺമെന്റ് ബോർഡിന്റെയും ഖഡ്കി കന്റോൺമെന്റ് ബോർഡിന്റെയും കീഴിലുള്ള പ്രദേശങ്ങളിലും ഈ ഉത്തരവ് ബാധകമാണ്.