നവി മുംബൈ : നവിമുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് കർഷക നേതാവായിരുന്ന ഡി.ബി. പാട്ടീലിന്റെ പേര് നൽകണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് നവിമുംബൈയിലെ ഗ്രാമീണർ രണ്ടാംഘട്ട പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്നു. ഇതിന്റെ മുന്നോടിയായി നവിമുംബൈ അന്താരാഷ്ട്ര വിമാനത്താവള നാമകരൺകൃതി സമിതിയുടെ നേതൃത്വത്തിൽ 29 ഗ്രാമങ്ങളിൽ ഗ്രാമസഭ വിളിച്ചു ചേർത്തു.

നവി മുംബൈയ്ക്കുപുറമെ താനെ, റായ്ഗഢ്, പാൽഘർ, മുംബൈ എന്നീ ജില്ലകളിൽ നിന്നുള്ള കർഷകരെക്കൂടി പ്രക്ഷോഭത്തിൽ പങ്കെടുപ്പിക്കാൻ ശനിയാഴ്ച നെരൂളിൽ ചേർന്ന നാമകരൺ കൃതി സമിതിയുടെ യോഗത്തിൽ തീരുമാനിച്ചു. പ്രക്ഷോഭ പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനായി ഏഴിന് വാഷിയിലെ വിഷ്ണുദാസ് ഭാവെ ഓഡിറ്റോറിയത്തിൽ യോഗം വിളിച്ചു ചേർക്കും. ഡിബി പാട്ടീലിന്റെ ജന്മവാർഷികമായ ജനുവരി 13-ന് രണ്ടാംഘട്ട പ്രക്ഷോഭം ആരംഭിക്കുമെന്നും നാമകരൺ കൃതി സമിതിയുടെ കോ-ഓർഡിനേറ്റർ മനോഹർ പാട്ടീൽ പറഞ്ഞു.

വിമാനത്താവളത്തിന് ഡി.ബി. പാട്ടീലിന്റെ പേര് നൽകണമെന്ന ആവശ്യം ഉന്നയിച്ച് കഴിഞ്ഞ ജൂണിൽ സി.ബി.ഡി. ബേലാപ്പൂരിലെ സിഡ്‌കോ ആസ്ഥാനത്ത് പതിനായിരത്തിൽപ്പരം ആളുകൾ പങ്കെടുത്ത സമരം സംഘടിപ്പിച്ചിരുന്നു. വിലക്ക് ലംഘിച്ച് സമരം നടത്തിയതിന് അന്ന് പോലീസ് നിരവധി പേരെ അറസ്റ്റ് ചെയ്തിരുന്നു. സംസ്ഥാനസർക്കാർ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ വിമാനത്താവളത്തിന്റെ നിർമാണപ്രവർത്തനങ്ങൾ തടയുമെന്ന് കഴിഞ്ഞ ഓഗസ്റ്റ് 16-ന് ഗ്രാമീണർ ഭീഷണി മുഴക്കിയിരുന്നുവെങ്കിലും കേന്ദ്ര വ്യോമയാനമന്ത്രി ഇടപെട്ടതിനെത്തുടർന്ന് പ്രക്ഷോഭം മാറ്റിവെക്കുകയായിരുന്നു. 2020 ഏപ്രിൽ 17-ന് ചേർന്ന സിഡ്‌കോ ബോർഡ് യോഗം നവി മുംബൈ വിമാനത്താവളത്തിന് ശിവസേനാ നേതാവായിരുന്ന ബാൽ താക്കറേയുടെ പേര് നൽകുന്നതിന് ശുപാർശ നൽകുകയും ജൂൺ 10-ന് മഹാരാഷ്ട്ര സർക്കാർ ഇതിന് അംഗീകാരം നൽകുകയും ചെയ്തിരുന്നു.