ചുമത്തിയത് ബലാത്സംഗക്കുറ്റം

മുംബൈ : അമരാവതിയിൽ കോവിഡ് പരിശോധനയ്ക്കായി യുവതിയുടെ സ്വകാര്യഭാഗങ്ങളിൽനിന്ന് സ്രവമെടുത്ത ലാബ് ജീവനക്കാരനെ ബലാത്സംഗക്കുറ്റം ചുമത്തി അറസ്റ്റു ചെയ്തു. അൽപേഷ് ദേശ്‌മുഖാണ് അറസ്‌റ്റിലായത്. കോടതിയിൽ ഹാജരാക്കിയ അൽപേഷിനെ പോലീസ് കസറ്റഡിയിൽ വിട്ടു.

മാളിൽ ജോലിചെയ്യുന്ന യുവതിയുടെ സഹപ്രവർത്തകയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് കോവിഡ് പരിശോധനയ്ക്കെത്തിയ യുവതിക്കാണ് ഈ ദുരനുഭവം ഉണ്ടായത്. തന്നെ തെറ്റിദ്ധരിപ്പിച്ചാണ് ലാബ് ജീവനക്കാരൻ സ്രവമെടുത്തതെന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നു. നടന്ന കാര്യം പെൺകുട്ടി വീട്ടിലെത്തിയശേഷം സഹോദരനെ അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് സ്റ്റേഷനിലെത്തി പരാതിനൽകുകയായിരുന്നു. ഇതിനെ തുടർന്നാണ് അറസ്റ്റ് നടന്നത്. സംഭവം സർക്കാർ ഗൗരവമായി എടുത്തിട്ടുണ്ടെന്ന് വനിതാക്ഷേമവകുപ്പുമന്ത്രി യശോമതി താക്കൂർ പറഞ്ഞു.