ന്യൂഡൽഹി : ഡൽഹി സർവകലാശാലയിൽ ഓൺലൈൻ മുഖേനെ ഓഗസ്റ്റ് 10 മുതൽ പുതിയ അധ്യയനവർഷം ആരംഭിക്കും. ബിരുദ, ബിരുദാനന്തര കോഴ്‌സുകളിൽ മൂന്നാം സെമസ്റ്റർ മുതലുള്ള ക്ലാസുകളാണ് തുടങ്ങുകയെന്ന് സർവകലാശാല സർക്കുലറിൽ അറിയിച്ചു.

അവസാനവർഷ വിദ്യാർഥികൾക്കുള്ള പരീക്ഷ ഓൺലൈൻ ഓപ്പൺ ബുക്ക് രീതിയിൽ ഓഗസ്റ്റ് 10 മുതൽ ആരംഭിക്കാൻ സർവകലാശാല തീരുമാനിച്ചിരുന്നു. ഇതിനെതിരേ ഒരുവിഭാഗം വിദ്യാർഥികളും അധ്യാപകരും ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും സർവകലാശാല തീരുമാനത്തിൽ മാറ്റം വരുത്തിയിട്ടില്ല.

പരീക്ഷ റദ്ദാക്കണമെന്നും കഴിഞ്ഞ പരീക്ഷകളിലെ പ്രകടനത്തിന്റെയും ഇന്റേണൽ മാർക്കിന്റെയും അടിസ്ഥാനത്തിൽ മൂല്യനിർണയം നടത്തണമെന്നുമാണ് വിദ്യാർഥികളുടെയും അധ്യാപകരുടെയും ആവശ്യം. ഓൺലൈൻ പരീക്ഷയ്ക്കെതിരേ ഏതാനും വിദ്യാർഥികൾ ഹൈക്കോടതിയിൽ ഹർജിയും സമർപ്പിച്ചിട്ടുണ്ട്.