ചെമ്പൂരിലെ ഒരു ഹോട്ടലില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന പാചകവാതക സിലിന്‍ഡറുകള്‍ ബിഎംസി അധികാരികള്‍ പിടമുംബൈ: കമല മില്‍ പരിസരത്തെ പബ്ബിലുണ്ടായ അഗ്നിബാധയെ തുടര്‍ന്ന് ഹോട്ടലുകളുടെ അനധികൃത നിര്‍മിതികള്‍ക്കെതിരേ ബി.എം.സി. നടപടി വ്യാപകമാക്കി. വര്‍ഷാവസാനത്തെ ബി.എം.സി. നടപടി പുതുവത്സര ആഘോഷവേളയില്‍ ഹോട്ടലുകള്‍ക്ക് തിരിച്ചടിയായി. പല ഹോട്ടലുകളിലും നടക്കേണ്ടിയിരുന്ന ആഘോഷ പരിപാടികള്‍ അവസാന നിമിഷം ഉപേക്ഷിക്കേണ്ടി വന്നു. ഹോട്ടലുകള്‍ക്കും െറസ്റ്റോറന്റുകള്‍ക്കും കോടികളുടെ നഷ്ടമുണ്ടായതായി ഹോട്ടലുടമകളുടെ സംഘടന വ്യക്തമാക്കി.

നഗരത്തിലെ 314 െറസ്റ്റോറന്റുകള്‍ക്കെതിരേ ഞായറാഴ്ചവരെ ബി.എം.സി. നടപടി സ്വീകരിച്ചു. സൗകര്യങ്ങള്‍ ഒരുക്കാത്ത 624 െറസ്റ്റോറന്റുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ലോവര്‍ പരേലിലെ കമലാ മില്‍സ് കോമ്പൗണ്ടിലെ പബ്ബിലുണ്ടായ തീപ്പിടിത്തത്തില്‍ 14 പേരാണ് മരിച്ചത്. ഇതുപോലെയുള്ള ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ബി.എം.സി.യോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് പറഞ്ഞു. കമലാ മില്‍സ് കോമ്പൗണ്ടിലെ സ്‌കൈ വ്യൂ കഫേ, സോഷ്യല്‍ പ്രണയ്, ഫ്യൂംസ്, പ്രവാസ് എന്നീ റെസ്റ്റോറന്റുകളുടെ അനധികൃത നിര്‍മിതികള്‍, ഞായറാഴ്ച അവധിയായിട്ടുകൂടി നഗരസഭാ അധികൃതര്‍ പൊളിച്ചുമാറ്റാനെത്തി. ആയിരത്തോളം ജീവനക്കാരായിരുന്നു ഇതിനായി എത്തിയത്.

നഗരസഭയുടെ 24 വാര്‍ഡുകളിലായിട്ടാണ് അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുമാറ്റാന്‍ സംഘത്തെ നിയോഗിച്ചത്. ലോവര്‍ പരേല്‍, ജുഹു, അന്ധേരി, ദാദര്‍, മലാഡ്, പവായ്, ചെമ്പൂര്‍, ഘാട്ട്‌കോപ്പര്‍ എന്നിവിടങ്ങളില്‍ ഹോട്ടലുകളിലും പബ്ബുകളിലും നടത്തേണ്ടിയിരുന്ന പുതുവത്സര ആഘോഷ പരിപാടികള്‍ ഉപേക്ഷിച്ചിട്ടുണ്ട്. നഗരത്തില്‍ പുതുവത്സര ആഘോഷം നടക്കുന്ന പ്രധാന മട്ടുപ്പാവ് റെസ്റ്റോറന്റുകളിലൊന്നായ റൂഫ് ടോപ്പ് ലോഞ്ച് അസിലോ ആഘോഷപരിപാടി ഉപേക്ഷിച്ചു. നഗരത്തില്‍ പുതുവത്സര ആഘോഷപരിപാടിയില്‍ ഹോട്ടലുകള്‍ക്ക് ലഭിക്കുന്ന വരുമാനം ഏകദേശം 225 കോടിയുടേതാണെന്ന് നാഷണല്‍ അസോസിയേഷന്‍ ഓഫ്‌ െറസ്റ്റോറന്റ് ഓഫ് ഇന്ത്യ (എന്‍.എ.ആര്‍.ഐ.) വ്യക്തമാക്കുന്നു. ബി.എം.സി.യുടെ നടപടി പുതുവത്സരവേളയില്‍ തിരിച്ചടിയായതായി സംഘടനയുടെ പ്രസിഡന്റ് റിയാസ് അമാലിനി പറഞ്ഞു.