മുംബൈ: ഇനി തീവണ്ടിയിൽ യാത്ര ചെയ്യുമ്പോഴും ഒരു എലിപ്പെട്ടി കൂടി കരുതുമെന്നാണ് കൃഷ്ണകുമാർ പറയുന്നത്. തൃശ്ശൂരിൽ നിന്നും മുംബൈയിലേക്ക് കയറുമ്പോൾ ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല. കൈയിൽ ഒരു പെട്ടിയിലുണ്ടായിരുന്ന ചക്കയും മാങ്ങയും അൽപം മധുര പലഹാരങ്ങളുമൊക്കെ വെറുതെയായി. മുംബൈയിലെത്തുമ്പോഴേക്കും കമ്പാർട്ടുമെന്റിനകത്തുള്ള എലികൾക്ക് സുഖഭക്ഷണമായി. 

ഞായറാഴ്ച വൈകിട്ടാണ് ഗരീബ്രഥിൽ താക്കുർളി നിവാസിയായ കൃഷ്ണകുമാർ കയറുന്നത്. ജി-അഞ്ച് കമ്പാർട്ട്മെന്റിൽ സുഖയാത്ര. ഇടയ്ക്ക് ചില എലികൾ കമ്പാർട്ട്മെന്റിലൂടെ ഓടുന്നത് കണ്ടിരുന്നെങ്കിലും കാര്യമാക്കിയില്ല. സീറ്റിനടിയിലേക്ക് വെച്ച പലഹാരപ്പെട്ടികൾ ലക്ഷ്യമാക്കിയാണ് എലികളുടെ സഞ്ചാരമെന്നും തോന്നിയില്ല.

എന്നാൽ വണ്ടി പനവേലിൽ എത്തിയപ്പോൾ ഇറങ്ങാനുള്ള ഒരുക്കത്തിനായി പെട്ടി പുറത്തെടുത്തപ്പോഴാണ് കണ്ടത് മുകൾ ഭാഗത്ത് വലിയൊരു ദ്വാരം. എലികൾ പെട്ടി കൃത്യമായി പൊളിച്ച് മാറ്റി അകത്തുള്ളതെല്ലാം  രുചിച്ചു നോക്കിയിട്ടുണ്ട്. ‘‘ഇനി യാത്രയിൽ എലിപ്പെട്ടി കരുതും. അല്ലെങ്കിൽ ശരിയാവില്ല’’.-കൃഷ്ണകുമാർ പറയുന്നു.