മുംബൈ : പാൽഘർ, ഭണ്ഡാര-ഗോണ്ടിയ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പുകളിൽ വോട്ടർമാരുടെയിടയിൽ ആവേശം പ്രതിഫലിച്ചില്ല. രണ്ടിടത്തും പോളിങ് ശതമാനം കഴിഞ്ഞ തവണത്തെക്കാൾ വൻതോതിൽ ഇടിഞ്ഞു. വാശിയേറിയ പോരാട്ടമെന്ന് വിശേഷിപ്പിച്ച പാൽഘറിൽ 46.50 ശതമാനമാണ് പോളിങ്ങെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇവിടെ പോളിങ് 62.9 ശതമാനമായിരുന്നു. ഭണ്ടാര- ഗോണ്ടിയായിൽ അഞ്ചുമണിവരെയുള്ള കണക്കുപ്രകാരം പോളിങ് ശതമാനം 38.65 ശതമാനമായിരുന്നു. കഴിഞ്ഞ തവണ ഇവിടെ 72. 31 ശതമാനം പോളിങ് നടന്നിരുന്നു.

വോട്ടെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു. എന്നാൽ ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളെക്കുറിച്ച് വ്യാപകമായ പരാതി ഉയർന്നു. ഇതേത്തുടർന്ന് പല ബൂത്തുകളിലും വോട്ടെടുപ്പ് തടസ്സപ്പെട്ടു. പാൽഘറിലും ഭണ്ഡാര-ഗോണ്ടിയായിലുമായി 156 വോട്ടിങ് യന്ത്രങ്ങൾ മാറ്റി പുതിയതുകൊണ്ടുവന്നു. വോട്ടെണ്ണൽ വ്യാഴാഴ്ച നടക്കും.

മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വഴിത്തിരിവ് സൃഷ്ടിക്കാവുന്ന ഉപതിരഞ്ഞെടുപ്പകളാണിതെന്ന് വിലയിരുത്തപ്പെടുന്നു. ബി.ജെ.പി. യും ശിവസേനയും സഖ്യമില്ലാതെയും കോൺഗ്രസും എൻ.സി.പി.യും സഖ്യത്തോടെയുമായിരുന്നു മത്സരം. രണ്ടിടത്തും വിജയിച്ചാൽ ബി.ജെ.പി.ക്കത് കരുത്ത് പകരും. മറിച്ചാണെങ്കിൽ പ്രതിപക്ഷത്തിന് ആത്മവിശ്വാസമാകും. പാൽഘറിൽ പോരാട്ടം ബി.ജെ.പി.യും ശിവസേനയുംതമ്മിലായിരുന്നു. ദാമുഷിൻഗഡെ (കോൺഗ്രസ്), രാജേന്ദ്ര ഗാവിത് (ബി.ജെ.പി.) ബലിറാം ജാദവ് (ബഹുജൻ വികാസ് അഘാഡി) ശ്രീനിവാസ് വനഗെ (ശിവസേന), കിരൺ ഗഹലെ (സി.പി.എം.) എന്നിവരാണ് മറ്റുള്ള പ്രധാനസ്ഥാനാർഥികൾ. രണ്ട് സ്വതന്ത്രരും ജനവിധി തേടുന്നു.

മൊത്തം 1,57,8077 വോട്ടർമാരാണിവിടെയുള്ളത്. ദഹാനു, വിക്രംഘട്ട്, പാൽഘർ, നല്ലസൊപ്പാറ, വസായ്, ബൊയ്‌സർ എന്നീ നിയമസഭാ മണ്ഡലങ്ങളാണ് ഈ ലോക്‌സഭാമണ്ഡലത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. ഭണ്ടാര- ഗോണ്ടിയ മണ്ഡലത്തിൽ കോൺഗ്രസ്-എൻ.സി.പി. സഖ്യവും ബി.ജെ.പി.യും നേരിട്ടുള്ള മത്സരത്തിലായിരുന്നു. ശിവസേന ഇവിടെ മത്സരിക്കാത്തതും ശ്രദ്ധേയമായിരുന്നു ബി.ജെ.പി.യുടെ സിറ്റിങ് എം.പി.യായിരുന്ന നാനാപട്ടോലെ രാജിവെച്ച് കോൺഗ്രസിൽ ചേർന്നതോടെയാണ് ഭണ്ടാര-ഗോണ്ടിയായിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്. ബി.ജെ.പി.യുടെ സ്ഥാനാർഥി ഹേമന്ത് പട്‌ലെയും കോൺഗ്രസ്-എൻ.സി.പി സ്ഥാനാർഥി മധുകർ കുക്കഡെയുമാണ്. പാൽഘറിനെ പ്രതിനിധീകരിച്ചിരുന്ന ബി.ജെ.പി.യുടെ എം.പി ചിന്താമൺ വനഗെയുടെ നിര്യാണത്തെ തുടർന്നാണ് അവിടെ ഉപതിരഞ്ഞെടുപ്പ്. അദ്ദേഹത്തിന്റെ മകനാണ് സേനാ സ്ഥാനാർഥിയായ ശ്രീനിവാസ് വനഗെ.