മുംബൈ: മഹാരാഷ്ട്ര സെക്രട്ടേറിയറ്റിന്റെ അഞ്ചാംനിലയില്‍നിന്ന് ഒരാളെ വീണുമരിച്ചനിലയില്‍ കണ്ടെത്തി.

ഹര്‍ഷല്‍ റാവുത്ത് (45) ആണ് മരിച്ചത്. ആത്മഹത്യയാണോ അപകടമാണോ എന്ന് വ്യക്തമല്ല. വ്യാഴാഴ്ച വൈകീട്ട് ആറുമണിയോടെയാണ് റാവുത്തിനെ മരിച്ചനിലയില്‍ കണ്ടത്. ഔറംഗബാദിലെ പൈതന്‍ സ്വദേശിയാണ്. മഹാരാഷ്ട്ര ലീഗല്‍ സര്‍വീസ് അതോറിറ്റിയുെട സന്നദ്ധ പ്രവര്‍ത്തകനാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.

പ്രതിപക്ഷനേതാക്കളായ രാധാകൃഷ്ണ വിഖെ പാട്ടീല്‍, ധനഞ്ജയ് മുണ്ടെ, അജിത് പവാര്‍ എന്നിവര്‍ സ്ഥലത്തെത്തി വിവരങ്ങള്‍ തേടി. ബുധനാഴ്ച സെക്രട്ടറിയേറ്റിനുമുമ്പില്‍ യുവാവ് മണ്ണെണ്ണയൊഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. അഹമ്മദ്‌നഗറിലെ നെവാസെ സ്വദേശി അവിനാഷ് ഷെഠെ (32) ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. എം.പി.എസ്.സി. പരീക്ഷ പാസാകാത്തതിന്റെ നിരാശയാണ് കാരണമെന്ന് പറയപ്പെടുന്നു.

സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിക്ക് മതിയായ നഷ്ടപരിഹാരം ലഭിക്കാത്തതിനെ തുടര്‍ന്ന് ഉത്തരമഹാരാഷ്ട്രയിലെ ധുലെ സ്വദേശി ധര്‍മപാട്ടീല്‍ (84)എന്ന കര്‍ഷകന്‍ കഴിഞ്ഞ മാസം 22-ന് ഇവിടെയെത്തി വിഷം കഴിച്ചിരുന്നു. ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരിക്കെ ജനുവരി 28-ന് മരണമടഞ്ഞു.