അർബുദരോഗികൾക്ക് സൗജന്യമായി താമസവും ഭക്ഷണവും നൽകുന്നതോടൊപ്പം, അവരുടെ രോഗാതുരതയെ മാറ്റാൻ കാരുണ്യത്തിന്റെ വലിയ ലോകം തുറന്നിട്ടിരിക്കുകയാണ് സിലിക്ക ഫൗണ്ടേഷൻ. ഇതിന്റെ പിന്നിലെ ചാലകശക്തി മലയാളിയായ കെ.ആർ. ഗോപാലൻ എന്ന എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന ഗോപിയേട്ടനാണ്.

ഒരുവർഷം അറുപത്തയ്യായിരത്തോളം അർബുദരോഗികൾ പരേലിലെ ടാറ്റാ മെമ്മോറിയൽ ഹോസ്പിറ്റലിൽ ചികിത്സയ്ക്ക് എത്തുന്നുണ്ട്. അവർക്ക് താമസിക്കാൻ ഇടം ലഭിക്കാത്തതിനാൽ 25 ശതമാനത്തോളം രോഗികൾ ചികിത്സ നടത്താനാവാതെ തിരിച്ചുപോകുന്നുവെന്നാണ് കണക്ക്. അവർ പിന്നീട് ജീവിതം മുന്നിട്ട് സഞ്ചരിക്കുന്നുണ്ടോയെന്ന കാര്യം നിയതിക്ക് പോലും നിശ്ചയമുണ്ടാവില്ല. പരേലിലെ ടാറ്റാ മെമ്മോറിയൽ ഹോസ്പിറ്റലിനുപുറത്ത് ഇത്തരം നുറുകണക്കിന് ആളുകൾ ജീവിതംതള്ളിനീക്കുന്നുണ്ട്.

അവർക്ക് കൃത്യമായ പോഷകസമ്പന്നമായ ഭക്ഷണം ലഭിക്കുന്നുണ്ടോയെന്ന കാര്യവും സംശയമാണ്. ഇത്തരം മനുഷ്യർക്കാണ് എല്ലാം സൗജന്യമായി നൽകുന്ന ഒരിടം കെ.ആർ. ഗോപാലൻ പടുത്തുയർത്തിയത്. അത്തരം മനുഷ്യർക്ക് ഗോപി ദൈവ സമാനമാകുന്നത് ഇക്കാരണത്താലാണ്.
സൗജന്യതാമസം, സൗജന്യ ഭക്ഷണം, സൗജന്യ യാത്ര എന്നിവയാണ് ഐരോളിയിലെ സിലിക്ക ഫൗണ്ടേഷൻ സൗജന്യമായി നൽകുന്നത്. അർബുദരോഗം ബാധിച്ച ഒന്നു മുതൽ പതിനഞ്ചുവരെയുള്ള കുട്ടികൾ, 16 മുതൽ 30 വയസ്സുവരെയുള്ളയുള്ളവർ ഒപ്പം ശ്വാസകോശാർബുദമുള്ളവർ എന്നിവർക്കാണിവിടം താമസമൊരുക്കുന്നത്. ഓൾ ഈസ് വെൽ എന്ന പദ്ധതിയാണ് ഈ ഫൗണ്ടേഷൻ ഇവർക്ക് നൽകുന്നത്. കെ.ആർ. ഗോപാലനാണ് ഇതിന്റെ ചെയർമാൻ.

മുംബൈയിൽ ജനിച്ചുവളർന്ന തൃശ്ശൂർ എൽത്തുരുത്ത് സ്വദേശിയായ കെ.ആർ. ഗോപാലൻ, മിൽ തൊഴിലാളിയായ രാമകൃഷ്ണന്റെയും കമലാക്ഷിയുടെയും മകനാണ്. ചെറുപ്പത്തിൽ  അനുഭവിച്ച ദാരിദ്ര്യത്തിന്റെലോകം അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ട്. സ്വന്തം അധ്വാനത്തിലൂടെ ദുബായിൽ ജോലിനേടി പിന്നീട് മുംബൈയിൽതിരിച്ചെത്തി വ്യവസായ സംരംഭം തുടങ്ങി. അതിന്റെ പങ്കാണ് ഈ അശരണർക്ക് വേണ്ടി നൽകുന്നതെന്ന് ഗോപാലൻ പറയുന്നു.

അർബുദരോഗ ബാധിതനും സഹായിക്കും സിലിക്ക ഫൗണ്ടേഷൻ സൗജന്യങ്ങൾ നൽകുന്നു. ഐരോളിയിൽ നാല് സെന്ററുകളിൽ അറുപത് പേർക്ക് താമസസൗകര്യം നൽകുന്നുണ്ട്. ഇതിനുപുറമെ വസ്ത്രങ്ങളെല്ലാം ഇവിടെനിന്ന് നൽകും. രോഗികൾക്കും സഹായികൾക്കും പൂർണസൗജന്യം ചികിത്സാ കാലയളവിൽ ലഭിക്കും. നാലുവർഷമായി ഈ സംരംഭം തുടങ്ങിയിട്ട്.

 അർബുദരോഗികൾക്ക് ആവശ്യമായ രക്തം, കൗൺസലിങ്, ഉല്ലാസയാത്രകൾ, യോഗ ക്ലാസുകൾ, സംഗീതപരിപാടികൾ, ഡോക്ടർമാരുടെ പരിശോധനകൾ എന്നിവയും നൽകുന്നുണ്ട്.

ഉത്തർപ്രദേശ്, ബിഹാർ, കൊൽക്കത്ത എന്നിവിടങ്ങളിൽ നിന്നുള്ള രോഗികളാണ് ഭൂരിപക്ഷവും സിലിക്ക ഫൗണ്ടേഷനിലുള്ളത്. മലയാളികൾ ഇല്ലെന്നുതന്നെ പറയാം. അപൂർവമായി മാത്രമാണ് മലയാളികൾ എത്താറെന്ന് ഗോപാലൻ പറയുന്നു.

സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന കുടുംബങ്ങളെ ടാറ്റാ ഹോസ്പിറ്റൽ അധികാരികൾ തന്നെയാണ് സിലിക്ക ഫൗണ്ടേഷനിലേക്ക് പറഞ്ഞുവിടുന്നത്. ഭക്ഷണത്തിൽ പാൽ, മുട്ട ഉൾപ്പെടുത്തിയുള്ള പോഷകാഹാരമാണ് നൽകുന്നത്. ഞായറാഴ്ചകളിൽ മുംബൈനഗരം കാണിക്കാനുള്ള ഉല്ലാസയാത്രകൾ, സിനിമകൾ എന്നിവയ്ക്കും കൊണ്ടുപോകും.

ജയ്‌മീര എൻജിനിയേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമേധാവിയാണ് കെ.ആർ. ഗോപാലൻ എന്ന ഗോപിയേട്ടൻ.
 മിൽ തൊഴിലാളിയായ അച്ഛന്റെ ദുരിതജീവിതത്തിൽനിന്ന് പട്ടിണി ആവോളം കുടിച്ചുവളർന്ന ബാല്യമുണ്ട്. ഒന്നും മിച്ചമില്ലാതെ മൂന്നുമുക്കളെ പഠിപ്പിക്കാൻ അച്ഛൻ താണ്ടിയ വൈതരണികൾ. അവിടെനിന്ന് പന്ത്രണ്ടാംക്ലാസ് വരെ പഠനം. ഇതിനിടയിൽ 1978-ൽ ഗൾഫ് വാസം. അവിടെ ഒരാശുപത്രിയിൽ റിസപ്ഷനിൽ. അവിടെവരുന്ന മലയാളിക്ക് നൽകിയ സഹായങ്ങൾ, ആ സഹായങ്ങൾനൽകാനുള്ള മനസ് ഗോപാലൻ വളർത്തിയെടുത്തു. സാമൂഹികമേഖലയിലേക്ക് കടക്കുന്നത് അങ്ങനെയാണ്.

പോലീസിലും കോൺസുലേറ്റിലും നല്ലബന്ധം. മലയാളികൾക്ക് സഹായഹസ്തമായി വളർന്നു. 1985-ൽ തൃശ്ശൂർക്കാരിയായ നിഷയെ വിവാഹംചെയ്തു. നിഷ ഷാർജയിൽ ടീച്ചറായി ജോലിചെയ്തു. പിന്നീട് 1990-ൽ മുംബൈയിൽ തിരിച്ചെത്തി. അവിടെനിന്നാണ് ജയ്‌മീരയെന്ന വ്യവസായം കെട്ടിപ്പടുക്കുന്നത്. പേപ്പർ വ്യവസായത്തിനുള്ള മെഷീനുകളാണ് ഉണ്ടാക്കുന്നത്. ഇന്ത്യയിലും വിദേശത്തും ജയ്‌മീരയുടെ മെഷീനുകൾ പ്രസിദ്ധമാണ്. എഴുപത് പേർ ഇവിടെ ജോലിചെയ്യുന്നുണ്ട്. അവർ കുടുംബാംഗങ്ങളായാണ് കണക്കാക്കുന്നത്. വിജയം അതാണെന്ന് ഗോപാലൻ പറയുന്നു. താനെ മുതൽ ബേലാപ്പൂർ വരെയുള്ള 25.4 കിലോമീറ്ററുള്ള വ്യവസായ മേഖലയിലെ ഇൻഡസ്ട്രി അസോസിയേഷൻ പ്രസിഡന്റാണ് ഇപ്പോൾ ഗോപാലൻ. 1600 വ്യവസായ സ്ഥാപനങ്ങൾ ഈ അസോസിയേഷനുകീഴിലാണ്. ഹർകിഷൻദാസ് ഹോസ്പിറ്റലിലെ അസോസിയേറ്റ് കൺസൾട്ടന്റാണ് മൂത്തമകൾ ഡോ. ദിവ്യ. മകൻ ദിവേഷ് ബിസിനസ്സിൽ ഗോപാലനെ സഹായിക്കുന്നു.