: ഒരു മുഴുനീള ചിത്രം സംവിധാനം ചെയ്യണമെന്ന ഷൈൻ രവിയുടെ മോഹമാണ്  രാത്രി ച പൗസ് (രാത്രിമഴ) എന്ന മറാഠി ചിത്രത്തിലൂടെ പൂർത്തികരിക്കപ്പെട്ടത്. ഇരുപത് വർഷത്തിലധികമായി ഈ ആഗ്രഹവുമായി നടക്കുന്നു.  സ്ത്രീപക്ഷ സിനിമയാണെന്ന പ്രത്യേകതയുണ്ടിതിന്. ഈ സിനിമയുടെ സംവിധാനം മാത്രമല്ല കഥയും തിരക്കഥയും ഷൈൻ രവിയുടെതാണ്. കെ. രംഗനാഥനാണ് നിർമാതാവ്.  തൃശ്ശൂരിലുള്ളപ്പോൾ നാടകവും സിനിമാപ്രവർത്തനവുമായി നടന്ന ഷൈൻ രവിയുടെ ആദ്യ ഫീച്ചർ സിനിമയാണിത്. സംവിധായകരായ പ്രിയനന്ദനൻ, ഷൈജു അന്തിക്കാട് എന്നിവർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.

പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് അഭിനയം പഠിച്ച, പോണ്ടിച്ചേരിയിൽ താമസിക്കുന്ന പാതി മലയാളി അഭിരാമി ബോസാണ് ഈ ചിത്രത്തിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അഭിരാമിയുടെ അമ്മ മഹാരാഷ്ട്രക്കാരിയും അച്ഛൻ തൃശ്ശൂർ കുന്നംകുളം സ്വദേശിയുമാണ്.
മഹാരാഷ്ട്രയിലെ വരൾച്ച നേരിടുന്ന പ്രദേശത്തുനിന്ന് ഭർത്താവിനൊപ്പം മുംബൈയിലെത്തുന്ന സ്ത്രീയുടെ ജീവിതമാണ് ഈ ചിത്രം വരച്ചുകാട്ടുന്നത്. മൂന്ന് ഷെഡ്യൂളായി പൂർത്തിയാക്കിയ ചിത്രം മുംബൈ, നവിമുംബൈ, ഡോംബിവ്‌ലി, സത്താറ എന്നീ മേഖലകളിലാണ് ചിത്രീകരിച്ചത്. ഒരു വർഷം കൊണ്ടാണ് ചിത്രം പൂർത്തിയാക്കിയത്. ഒന്നരക്കോടിയോളം രൂപയാണ്  നിർമാണച്ചെലവ്.

വാഷി തിലക് കോളേജിൽ പഠിക്കുന്ന വിദ്യാർഥികളുടെ നിർമാണത്തിൽ ചെറുസിനിമയായി പൂർത്തിയാക്കാൻ പദ്ധതിയിട്ട ചലച്ചിത്രം നിർമാതാവിനെ കിട്ടിയതോടെ മുഴുനീളഫീച്ചർ സിനിമയായി മാറുകയായിരുന്നു. ഈ സിനിമയുടെ നിർമാണ സംരംഭത്തിൽ വിദ്യാർഥി സാന്നിധ്യം സജീവമായി ഉണ്ടായിരുന്നു.

മേയ് മാസത്തിൽ ചിത്രം തിയേറ്ററിൽ എത്തിക്കാനാണ് പരിപാടി. കാൻ ഫിലിം ഫെസ്റ്റിവൽ ഉൾപ്പെടെ അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കാനും പദ്ധതിയുണ്ടെന്ന് സംവിധായകനായ ഷൈൻ രവി പറഞ്ഞു.

ഷൈൻ രവി
തൃശ്ശൂരിൽനിന്ന് സിനിമാ മോഹവുമായി 1998-ൽ മുംബൈയിലെത്തിയ ഷൈൻ രവി പരസ്യകമ്പനികളിൽ ഉൾപ്പെടെ ഒട്ടേറെ ജോലികൾ ചെയ്തു. കുറച്ചുകാലം ഗൾഫിലും ജോലിചെയ്തു. 2015-ൽ സുഹൃത്തുക്കളുടെ സഹായത്തോടെ കല്യാൺ കേന്ദ്രമാക്കി ഓഡിയോ വീഡിയോ സ്റ്റുഡിയോ ശൂന്യാഘട്ട് ആരംഭിച്ചു. ധാരാളം കോർപ്പറേറ്റ് സിനിമകൾ ചെയ്തിട്ടുണ്ട്.

ഒരു കോർപ്പറേറ്റ് ചലച്ചിത്രത്തിന്റെ ഭാഗമായതോടെയാണ് സിനിമാനിർമാതാവ് രംഗനാഥനെ പരിചയപ്പെടുന്നതും സിനിമാസ്വപ്നം പൂർത്തിയാവുന്നതും. രണ്ടാമത്തെ ചിത്രം ഹിന്ദിയിൽ എടുക്കാനാണ് തീരുമാനം. മലയാളചിത്രം സംവിധാനം ചെയ്യാനും പദ്ധതിയുണ്ട്. തിരക്കഥ പൂർത്തിയായിട്ടുണ്ട്. ‘പുസ്തകത്തിൽ പറയാത്തത്’ എന്നാണ് ചിത്രത്തിന് പേരിട്ടിട്ടുള്ളത്.

മലയാളി സാന്നിധ്യം
ഒട്ടേറെ മലയാളി സാങ്കേതിക വിദഗ്ധർ ഈ ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. ഛായാഗ്രാഹണം-രാഹുൽ ഗോപാലകൃഷ്ണൻ, എഡിറ്റിങ്-ബൈജു കുറുപ്പ്, സൗണ്ട്-ഐസക് ന്യൂട്ടൺ, പശ്ചാത്തല സംഗീതം-പ്രകാശ് അലക്സ്,  കളർ, ഡിസൈൻ-ലിജു പ്രഭാകർ, ആർട്ട്-പി.ആർ. മണികണ്ഠൻ എന്നിവർക്കൊപ്പം ഗാനമാലപിച്ച് കെ.എസ്. ചിത്രയും  ഈ ചലച്ചിത്രത്തിന്റെ ഭാഗമായി.

ചിത്ര 21 ഇന്ത്യൻ ഭാഷകളിൽ പാടിയിട്ടുണ്ടെങ്കിലും മറാഠി ചിത്രത്തിൽ ആദ്യമായാണ് പാടുന്നതെന്ന പ്രത്യേകതയുണ്ട്.  പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ അധ്യാപകനായ ജിജോയ് രാജഗോപാൽ ഉൾപ്പെടെ മലയാളികളുടെനിര അഭിനയരംഗത്തു പ്രത്യക്ഷപ്പെടുന്നുണ്ട്.