ഓർമയിൽ പെയ്യുന്നൊരു മഴക്കാലം    
തോരാമഴ പ്രളയനദിതീർക്കവേ      
തീരാദുഃഖം കണ്ണീർചാലുകൾ നിറച്ചു
ഭീതിപൂണ്ട പേമാരിയിൽ കിതച്ചു നഗരം
   
കാലകാഹളം മുഴക്കി കലിതുള്ളി
കാളിപോൽ രുദ്രതാണ്ഡവമാടി മഴ
യാത്രികരെല്ലാം നിലച്ചു തീവണ്ടിതൻ
ചൂളംവിളിയൊച്ചകൾ മെല്ലെ കിതച്ചു  

വൈതരണിയാം മഹാനഗരത്തിൽ
വഞ്ചിയായിത്തീരുന്നു ഗതാഗതങ്ങൾ   
പാശങ്ങളാൽ കെട്ടിയ വീഥികൾ
നൂൽപ്പാലയാത്രയ്ക്ക് സമമായിടുന്നു

തോടുകളോടകൾ കൈവരികളെല്ലാം
തോളൊപ്പമെത്തും വെള്ളത്തിമിർപ്പിലാണ്ടു
കർമപഥംതേടി പോയോരെ കാണാഞ്ഞാ -   
പരിഭ്രാന്തരാർന്നൂ ബന്ധുമിത്രാദികൾ

നാൽക്കാലികളെങ്ങും ചത്തുപൊങ്ങീടുന്നു  
വന്മരങ്ങളെല്ലാം വേരോടെവീഴുന്നു   
പാതയോരക്കൂരകൾ നിലംപൊത്തുന്നു
പ്രാണരക്ഷാർത്ഥം മുറവിളികേൾക്കുന്നു  

കർഷകസ്വപ്നങ്ങളൂതിക്കെടുത്തിയാ-    
കമ്പോളവസ്തുക്കൾ വാരിധിലൊഴുക്കി  
ജീവനുകൾ പലതെടുത്തുപാഞ്ഞോടി
കാലക്കെടുതി മറഞ്ഞുപോയിദൂരേ.

രണ്ടായിരത്തിയഞ്ചാമാണ്ടിൽ തിമിർത്ത  
വർഷപയോധി തൻ ദുരന്തങ്ങളിന്നും   
ഭാരതചരിത്രത്താളുകളിൽ ശ്യാമ -
ഖിന്നവർണലിഖിതങ്ങളായിടുന്നു     

(26 ജൂലായ്‌ 2005 മുംബൈ പ്രളയത്തിന്റെ ഓർമയിൽ)