# കേളി രാമചന്ദ്രൻ

ആലപിക്കാത്ത സംഗീതത്തിന്റെ സൂര്യതാപമാണ് അന്നപൂർണ ദേവി. ചേതനയുള്ള തന്റെ മുഖം പുറംലോകം കാണാതിരിക്കാൻ അവർക്ക് ധാർഷ്ട്യത്തിന്റെ ഒരു മുഖപടം ഉണ്ടായിരുന്നു.  താമസിച്ചിരുന്ന വീട്ടിനുമുന്നിൽ ഇങ്ങനെ എഴുതിയിരുന്നു:  ‘മൂന്നു പ്രാവശ്യം ഡോർ ബെൽ മുഴക്കുക. തുറന്നില്ലെങ്കിൽ ബന്ധപ്പെടേണ്ട നമ്പർ അവിടെ വെച്ച് ദയവായി തിരിച്ചുപോകുക.’  ആകാശഗംഗയിലെ ആറാം നിലയിൽ അവർ താമസിക്കുന്ന ഫ്ളാറ്റിൽ നിരവധി തവണ ബെല്ലടിച്ചു തിരിച്ചുപോന്നവരിൽ ഞാനും ഉണ്ട്. കനത്ത ആ നിശ്ശബ്ദതയ്ക്കുപിന്നിലെ വാചാലതയുടെ കഥകളത്രയും ഭ്രമാത്മകങ്ങൾ ആണ്. അടങ്ങാത്ത രോഷമായിരുന്നു അവർക്ക്. ഒരു സ്ത്രീശരീരത്തിന് താങ്ങാൻ ആവുന്നതിന്റെ ആയിരം മടങ്ങ് തീക്ഷ്ണമായ കലാപരതകൊണ്ടാണ് അവരുടെ സ്വത്വം സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്.

ആയിരം രാവുകൾ നിർത്താതെ മീട്ടിയാലും ഒടുങ്ങാത്ത സംഗീതം അവർക്കുണ്ട്. അതൊരിറ്റുപോലും പെയ്തുപോകാതെ ഘനീഭവിച്ച ആറു പതിറ്റാണ്ടിന്റെ അഗ്‌നിയാണ് അവരുടെ രോഷം. രോഷം സത്യത്തിന്റെ മറുവാക്കാണ്. സത്യസന്ധതയുടെ ഏറ്റവും ശക്തമായ സംവേദനമാണ്. മാനവികതയിലുള്ള ആഴമേറിയ ആകുലതയാണ്. മൃദുലതയല്ല,  ഊഷരതയെ ഫലഭൂയിഷ്ഠയാക്കുന്ന തീക്ഷ്ണതയാണ് അതിന്റെ നോവും,നേരും. പെയ്‌തൊഴിയാത്ത ആ രോഷത്തിന്റെ  തീപ്പൊരികൾ കൊണ്ട് ജ്വലിപ്പിച്ചെടുത്ത പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ, നിഖിൽ ബാനർജി (സിത്താർ), ബഹാദൂർ ഖാൻ (സരോദ്), നിത്യാനന്ദ് ഹൽദിപൂർ (ഭാംസുരി), പ്രദീപ് ബാരോട്ട് (സരോദ്) എന്നിവരിലൂടെ. മെയ്ഹാർ ഘരാന അഗ്നിപ്രവാഹിനിയായി അന്നപൂർണയെ അനശ്വരയാക്കുന്നു. പതിനഞ്ചാം വയസ്സിൽ  സ്ത്രീത്വം സ്വയം തിരിച്ചറിയുന്നതിനുമുമ്പാണ് അവർ പണ്ഡിറ്റ് രവിശങ്കറിന്റെ ഭാര്യയാകുന്നത്. ആ അവിവേകത്തിന് അവർ നൽകിയ ആത്മബലിയിൽ രവിശങ്കറിന്റെ സംഗീതം മാനവികതയ്ക്ക് സന്ദേശമൊന്നും നൽകാനില്ലാത്ത, ആർദ്രതയുടെ ആത്മാവ് നഷ്ടപ്പെട്ട വിനോദവ്യവഹാരം മാത്രമായി നിറംകെട്ടുപോയി.
പ്രശസ്തിയുടെ കൊടുമുടിയിൽ രാഷ്ട്രത്തിന്റെ പരമോന്നത ബഹുമതി ഏറ്റുവാങ്ങുമ്പോഴും നിശ്ശബ്ദയാക്കപ്പെട്ട അന്നപൂർണയുടെ അദൃശ്യ സാന്നിധ്യം മറ്റാർക്കോ കിട്ടേണ്ടിയിരുന്ന ഒരു ബഹുമതി ഏറ്റുവാങ്ങുന്ന ഒരു പകരക്കാരനെപ്പോലെ  അദ്ദേഹത്തെ അസ്വസ്ഥമാക്കി കൊണ്ടേയിരുന്നു. ഒക്ടോബർ 13-ന് അവർ എന്നന്നേക്കുമായി നിശ്ശബ്ദയായി.  അവരെ ആകാശഗംഗയുടെ താഴെ  വരാന്തയിൽ അൽപനേരം കിടത്തി. ചേതനയറ്റ അവരുടെ മുഖം ഇനിയിപ്പോൾ എല്ലാവർക്കും കാണാം. നിശ്ശബ്ദതകൊണ്ട് അവർ  കലാസമൂഹത്തെ ഒരിക്കൽകൂടി ഭയപ്പെടുത്തി. അവരുടെ സംഗീതത്തെയും സ്ത്രീത്വത്തെയും  സംരക്ഷിക്കാൻ സാധിക്കാതെ  പോയ സമൂഹത്തിന്റെ നിഷ്‌ക്രിയത്വത്തെ  ചരിത്രപരമായ ഒരു ദുരന്തമായിത്തന്നെ കാലം അടയാളപ്പെടുത്തും. അവരുടെ ശിഷ്യനായ നിത്യാനന്ദ് ഹൽദിപൂരാണ് ചുവന്നുകലങ്ങിയ കണ്ണുകളുമായി അന്ത്യകർമങ്ങൾ നിർവഹിച്ചത്. ഹരിപ്രസാദ് ചൗരസ്യ, കാർത്തിക് കുമാർ, നിലാദ്രികുമാർ, നാലഞ്ച് പത്ര പ്രവർത്തകർ എന്നിങ്ങനെ വിരലിൽ എണ്ണാവുന്ന ഒരു ചെറു സംഘമേയുള്ളൂ അന്ത്യാഞ്ജലി അർപ്പിക്കാൻ. സാംസ്‌കാരിക വകുപ്പിന്റെ ഒരു റീത്തുപോലും അവിടെ ഉണ്ടായിരുന്നില്ല.  1977-ലാണ് അന്നപൂർണയ്ക്കു പത്മഭൂഷൻ ലഭിച്ചത്. അന്ന് പത്മ അവാർഡുകൾക്ക് കുറെക്കൂടി മതിപ്പുള്ള കാലമാണ്. മാത്രവുമല്ല അവർ അത് ഏറ്റുവാങ്ങാനൊന്നും പോയില്ല. സർക്കാർ പ്രതിനിധി വീട്ടിൽ എത്തിച്ചുകൊടുക്കുകയാണ് ചെയ്തത്. ഭൗതികശരീരത്തിൽ ദേശീയപതാക പുതപ്പിക്കാൻ ആരെയും കണ്ടില്ല. ആകാശത്തേക്ക് വെടിവെക്കുക തുടങ്ങിയ ദേശീയ അനുഷ്ഠാനങ്ങളും ഉണ്ടായില്ല. അനൗപചാരികമായി തന്നെ  അഗ്‌നി അവരെ ഏറ്റുവാങ്ങി. സംഗീതത്തിൽനിന്ന് അഗ്‌നി ജ്വലിപ്പിക്കാൻ ആകും എന്നത് കേട്ടുകഥയല്ലെന്ന് ബോധ്യമാകുന്നുണ്ടിപ്പോൾ. ചരിത്രത്തിൽ ഇനി ഒരു അന്നപൂർണ ഉണ്ടാവില്ല. അവരുടെ തലമുറയുടെ  അഗ്‌നിയിൽ സ്ഫുടംചെയ്ത സ്ത്രീകളുടെ ഇന്നത്തെ തലമുറ സ്വയം കാവലാളാവാൻ പരിശീലിച്ചിരിക്കുന്നു. സ്ത്രീമുന്നേറ്റ ചരിത്രത്തിലെങ്ങും അവർ രേഖപ്പെടുകയുമില്ല. കാരണം അഗ്‌നിയും സംഗീതവും ലിംഗ പദവിക്കും ഏറെ അപ്പുറത്താണല്ലോ.

(മുംബൈയിലെ കേളി എന്ന സാംസ്‌കാരിക സംഘടനയുടെ സംഘാടകനാണ് ലേഖകൻ)


അന്നപൂർണയുടെ ഓർമയിൽ

സംഗീതജ്ഞ അന്നപൂർണദേവിയുമായി അടുത്തബന്ധം പുലർത്തിയ നാഷണൽ സെന്റർ ഫോർ പെർഫോമിങ്‌ സെന്ററിലെ സുഭാസ്‌ ചന്ദ്രൻ ആ ഓർമകളുമായി

#സുഭാസ് ചന്ദ്രൻ
# എൻ. ശ്രീജിത്ത്

: സംഗീതംകൊണ്ട് എക്കാലത്തെയും വിസ്മയിപ്പിച്ച അന്നപൂർണാദേവിയോട് അടുത്തബന്ധം പുലർത്തിയിരുന്ന ഒരു മലയാളിയേ നിലവിലുള്ളു. നാഷണൽ സെന്റർ ഫോർ പെർഫോമിങ് സെന്റർ (എൻ.സി.പി.എ.) മുൻ പ്രോഗ്രാം ഡയറക്ടർ കെ. സുഭാസ് ചന്ദ്രൻ.

അന്നപൂർണാദേവി താമസിച്ചിരുന്ന വാർഡൻ റോഡിലെ ആകാശഗംഗയിലായിരുന്നു 1969-ൽ എൻ.സി.പി.എ.യുടെ തുടക്കം.  പിന്നീട് നരിമാൻപോയിന്റിലെ വിശാലമായ ഇടത്തിലേക്ക് എൻ.സി.പി.എ. പറിച്ചുനടുന്നതിന് മുമ്പ് വരെ ആകാശഗംഗയിലെ സെന്ററിൽ അന്നപൂർണാദേവി സ്ഥിരമായി എത്തുമായിരുന്നെന്ന് സുഭാസ് ചന്ദ്രൻ ഓർക്കുന്നു. അതേ കെട്ടിടത്തിന്റെ ആറാംനിലയിൽ അന്നപൂർണാദേവിയും, മൂന്നാം നിലയിൽ എൻ.സി.പി.എ. ഡയറക്ടറായിരുന്ന ഡോക്ടർ. വി.കെ. നാരായണമേനോനും താമസിച്ചിരുന്നു. അന്ന് ആ കെട്ടിടത്തിന്റെ രണ്ടാംനിലയിലാണ് എൻ.സി.പി.എ. പ്രവർത്തിച്ചിരുന്നത്.

ആഴ്ചയിൽ മൂന്നുദിവസം രണ്ടുമണിക്കൂർ അന്നപൂർണാദേവി അവിടെ വിദ്യാർഥികളെ സംഗീതം അഭ്യസിപ്പിച്ചിരുന്നു. മാസ്‌റ്റർ ക്ലാസ് മാത്രമാണ് അക്കാലത്ത് അവർ എടുത്തിരുന്നത്. അധികം കുട്ടികൾ ഉണ്ടായിരുന്നില്ലെന്നും സുഭാസ് ചന്ദ്രൻ ഓർക്കുന്നു.

1970 മുതൽ 82 വരെ അവിടെ ഹോണററി പ്രൊഫസറായിരുന്നു അന്നപൂർണാദേവി. അതേ കെട്ടിടത്തിലെ ആറാംനിലയിൽനിന്ന് രണ്ടാംനിലയിലെത്തി ക്ലാസെടുത്ത് പോവുകയായിരുന്നു. അതായിരുന്നു അന്നപൂർണാദേവിയുടെ രീതി.

1977-ൽ അന്നപൂർണാദേവിക്ക് പത്മഭൂഷൺ കിട്ടിയപ്പോൾ അവരറിയാതെ ഒരു സ്വീകരണം നൽകാൻ എൻ.സി.പി.എ. തീരുമാനിച്ചിരുന്നു.

അന്ന് സംഗീത ക്ലാസെടുക്കാൻ വരുന്ന സമയത്ത് ബൊക്ക നൽകാനാണ് തീരുമാനിച്ചിരുന്നത്. അതിനുള്ളഭാഗ്യം വീണത് സുഭാസ് ചന്ദ്രനായിരുന്നു. വളരെ സന്തോഷവതിയായാണ് അന്നപൂർണാദേവി അത് സ്വീകരിച്ചത്.