നുഷ്യനാണ് സത്യം എന്ന് തിരിച്ചറിവ് എക്കാലവും സുക്ഷിച്ച കവിയാണ് അക്കിത്തം. മനുഷ്യത്വത്തിനെതിരായ എല്ലാ പ്രതിബന്ധങ്ങളെയും നവോത്ഥാനകാലം തട്ടിത്തെറിപ്പിച്ചതുമുതൽ നമ്പൂതിരിയെ മനുഷ്യനാക്കി പരിവർത്തിച്ച വി.ടി.യുടെ പടയോട്ടത്തിനൊപ്പം അക്കിത്തം നിലകൊണ്ടു. അത് ചരിത്രമാണ്. പിന്നീട് എം. ഗോവിന്ദനിലൂടെ റാഡിക്കൽ ഹ്യുമാനിസത്തിന്റെ ആധുനികവും ഉന്നതവുമായ നവമാനവ ബോധത്തിലേക്ക് അക്കിത്തം വളർന്നു. കമ്യൂണിസത്തിന്റെ മാനവ സമത്വ ദർശനങ്ങളെ സ്വീകരിച്ചുകൊണ്ടുതന്നെ അതിന്റെ പ്രയോഗങ്ങളിൽ കലർന്നുപോയ ഹിംസാത്മകതയെ തുറന്നെതിർക്കാൻ അക്കിത്തം ധൈര്യം കാട്ടി. പിന്നീട് സർവഭൂതദയയിൽ ഊന്നിയ ദർശനത്തെയാണ് അക്കിത്തം തന്നോടൊപ്പംകൂട്ടി നടന്നത്.

ഓരോമാതിരി ചായംമുക്കിയ 
കീറത്തുണിയുടെ വേദാന്തം 
കുത്തിനിറുത്തിയ മൈക്കിനു മുന്നിൽ കെട്ടിയുയർത്തിയ മഞ്ചത്തിൽ 
നിന്നു ഞെളിഞ്ഞുരുവിട്ടീടുന്നു 
തങ്ങടെ കൊടിയുടെ മാഹാത്മ്യം 

എന്ന് അക്കിത്തത്തിന് എഴുതേണ്ടിവന്നത് എല്ലാ ദർശനത്തിലൂടെയും സഞ്ചരിച്ച് കിട്ടിയ പുതിയ അവബോധത്തിൽ നിന്നാണ്. മലയാള കാവ്യാനുശീലനത്തിന് ആധുനികതയിലേക്ക് ആദ്യവഴി വെട്ടിയ കവികളിലൊരാളാണ് അക്കിത്തം. പാരമ്പര്യത്തിന്റെ കെട്ടുപാടുകളിൽ ചുറ്റിത്തിരിഞ്ഞിരുന്ന മലയാളകവിതയെ ആധുനികതയുടെ വഴിയിലേക്ക് തിരിച്ചുവിട്ടവരിൽ അക്കിത്തവുമുണ്ടായിരുന്നു. ജീവിതദുഖങ്ങളുടെ പരിഹാരത്തെക്കുറിച്ച് സദാ സന്ദേഹിയാണ് അക്കിത്തം. അക്കിത്തത്തെ ലോകം വിലയിരുത്തുന്നത് ഇത്തരം കാഴ്ചകളിലൂടെ
യാണ്. എന്നാൽ മകൾ ലീലാ നാരായണൻ അക്കിത്തത്തെ കാണുന്നത് മറ്റൊരു കാഴ്ചയിലൂടെയാണ്. ജ്ഞാനപീഠപുരസ്‌കാര ജേതാവ് അക്കിത്തം അച്യുതൻ നമ്പൂതിരിയെപ്പറ്റി ഡോംബിവിലിയിലെ താമസക്കാരിയായ ലീലാ നാരായണൻ സംസാരിക്കുന്നു. ഡോംബിവിലിയിൽ ഫാർമസിസ്റ്റായി ജോലി ചെയ്യുകയാണ് ലീല.

അച്ഛൻ

വീടിനുള്ളിൽ സാധാരണക്കാരനാണ് അച്ഛൻ. എന്നാൽ വീട്ടിലെ കാര്യങ്ങളിൽ ഇടപെടാറില്ല. കുടുംബനാഥൻ എന്നനിലയിൽ വളരെ നല്ലൊരു മനുഷ്യനാണ്. പലതും നമുക്ക് അച്ഛനിൽനിന്ന് പഠിക്കാനുണ്ട്. വളരെയധികം പ്രത്യേകതകളുള്ള ആളാണ്. കുടുംബത്തോട് സ്‌നേഹമുള്ള ആൾ. ജോലിത്തിരക്കുകാരണം വീട്ടിലെ നിത്യകാര്യങ്ങൾ നോക്കാൻ അച്ഛന് സമയം കിട്ടാറുണ്ടായിരുന്നില്ല. ഔദ്യോഗിക ജീവിതകാലത്ത് അധികവും പുറത്തായിരുന്നു. 
ആദ്യം കോഴിക്കോട് ആകാശവാണിയിൽ. അവിടെനിന്ന് 1975 തൃശ്ശൂരിൽ എത്തിയപ്പോഴും വാരാന്തദിവസങ്ങളിലാണ് വീട്ടിലെത്തുക. ആ സമയത്ത് ഞങ്ങൾ കുട്ടികൾക്ക് അച്ഛൻ നൽകിയത് ഗുണപരമായ സമയമാണ്. സ്‌നേഹംനിറഞ്ഞ പെരുമാറ്റംമാത്രം. ഒരിക്കലും അച്ഛൻ ദേഷ്യപ്പെട്ടതായി എന്റെ ഓർമയിലില്ല.

കവിയെന്ന  നിലയിൽ

കവിയെന്നനിലയിൽ അച്ഛനെ വിലയിരുത്താൻ എനിക്കാവില്ല. അച്ഛനെ മാറ്റിനിർത്തി കവിയെന്നനിലയിൽ കാണാൻ ചെറിയ പ്രയാസങ്ങളുണ്ട്. എങ്കിലും പുറത്തുള്ള ഒരാളെ കാണുന്നതുപോലെ അച്ഛനെയും കവിതകളെയും കാണാനാവില്ല. അച്ഛന്റെ കവിതകൾ എനിക്ക് വളരെയധികം ഇഷ്ടമാണ്. മനുഷ്യജിവിതത്തിന്റെ ഓരോ മൂഹൂർത്തങ്ങളിലൂടെ കടന്നുപോയി അത് കവിതയിൽ ആവിഷ്‌കരിക്കാൻ അച്ഛനായിട്ടുണ്ട്. വളരെ ലളിതമായ കവിതകളും പാണ്ഡിത്യംനിറഞ്ഞ കവിതകളും എഴുതാൻ കഴിവുള്ള ആളാണ് അച്ഛൻ. എല്ലാം ഓരേരീതിയിൽ വായിച്ചെടുക്കാനാവില്ല.

രചനാരീതി

അച്ഛൻ എഴുതുന്ന സമയത്ത് ഒരിക്കലും ആരോടും ദേഷ്യപ്പെടുന്നതായി കണ്ടിട്ടില്ല. അച്ഛൻ എഴുതാൻ പോവുകയാണെങ്കിൽ അക്കാര്യം നമുക്ക് മനസ്സിലാവും. സംസാരിക്കുന്നത് കുറയും. സംസാരം എഴുതാൻ പോകുന്ന വിഷയത്തിൽ മാത്രമാവും. അതിൽ കേന്ദ്രീകരിച്ചാവും സംസാരം മുഴുവൻ. എഴുത്ത് അധികവും രാത്രിയാവും. ഞങ്ങൾ കുട്ടികൾ ഉറങ്ങിക്കഴിഞ്ഞാവും അച്ഛന്റെ എഴുത്ത്. അപ്പോൾ ആരും അച്ഛനെ അലോസരപ്പെടുത്താനില്ലല്ലോ. മിക്ക കവിതളും രാത്രിയിലാണ് എഴുതിയിട്ടുള്ളത്.

വായനക്കാർ

ഏത് കവിത എഴുതിയാലും ആദ്യം വായിക്കുക അമ്മയാണ്. അമ്മ  അഭിപ്രായം അതിൽ രേഖപ്പെടുത്തും. വീട്ടിൽ ആരൊക്കെ ആ സമയത്തുണ്ടോ അവരെല്ലാം കവിത കേൾക്കും. അതിന് ശേഷമാകും പ്രസിദ്ധീകരണത്തിന് നൽകുക. നിത്യജീവിതത്തിൽ ഉണ്ടാവുന്ന കാര്യങ്ങൾ ഏറ്റവുംകൂടുതൽ പറയാനാവുക അമ്മയ്ക്കാണ്. അതുകൊണ്ടുതന്നെ എഴുതുന്ന കവിതകൾ അമ്മ വായിക്കണമെന്ന നിർബന്ധം അച്ഛനുണ്ടായിരുന്നു. ആറുമാസം മുമ്പാണ് അമ്മ ഞങ്ങളെ വിട്ടുപോയത്.

കവിത-ഇഷ്ടം

അച്ഛന്റെ എല്ലാ കവിതകളും ഞങ്ങളുടെ ജീവിതാന്തരീക്ഷത്തിൽനിന്നാണ് ഉണ്ടായിട്ടുള്ളത്. അതിൽ മുത്തച്ഛന്റെ മുത്തം എന്ന കവിത എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. എന്റെ മൂത്തസഹോദരി മകനെ വീട്ടിലാക്കി ജോലിക്ക് പോവുമായിരുന്നു. 

രണ്ടുവയസ്സുള്ള കുട്ടിയാണ്. അച്ഛൻ വാരാന്തത്തിൽ വീട്ടിലെത്തുമ്പോൾ കുട്ടിക്ക് വലിയ ഉത്സാഹമാവും. ആ സന്തോഷത്തെ ബന്ധപ്പെടുത്തിയാണ് ഈ കവിത. ദാർശനിക കവിതകളെക്കാൾ എനിക്ക് താത്‌പര്യം ഇത്തരം കവിതകളാണ്. പണ്ടത്തെ മേൽശാന്തി, ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തിലെ കവിതകൾ, ഗാന്ധിജിയെപ്പറ്റി എഴുതിയ ധർമസൂര്യൻ അങ്ങനെ പല കവിതകളും ഇഷ്ടമാണ്

ജ്ഞാനപീഠ പുരസ്കാരം

ജ്ഞാനപീഠപുരസ്കാരം കിട്ടിയതിൽ വലിയ സന്തോഷം. ഈ പുരസ്കാരം ഇപ്പോൾ കിട്ടുമെന്ന് പ്രതീക്ഷയുണ്ടായിരുന്നില്ല. എന്നാൽ നേരത്തേ കിട്ടുമെന്ന് പലപ്പോഴും പ്രതീക്ഷിച്ചിരുന്നു. ജ്ഞാനപീഠ പുരസ്കാര കമ്മിറ്റിയുടെ അമൃതകീർത്തി പുരസ്കാരം അച്ഛന് കിട്ടിയിരുന്നു. 

അതുകൊണ്ട്‌ ജ്ഞാനപീഠത്തെപ്പറ്റി പ്രതീക്ഷയില്ലായിരുന്നു. ദക്ഷിണേന്ത്യൻ ഭാഷയ്ക്ക് കിട്ടിയെന്ന സന്തോഷം. ഈ പുരസ്കാരത്തിന്റെ ഗരിമ മുംബൈപോലുള്ള നഗരത്തിൽ താമസിക്കുമ്പോൾ അറിയാം. വടക്കെ ഇന്ത്യക്കാർക്കിടയിൽ ദക്ഷിണേന്ത്യൻ ഭാഷയാണ് വിലമതിക്കപ്പെടുന്നത്.

രാഷ്ടീയം

അച്ഛനെ ഒരു രാഷ്ട്രീയത്തിലും ചേർത്തുനിർത്താനാവില്ല. അച്ഛന് ശരിയെന്ന കാര്യങ്ങൾക്കൊപ്പം അച്ഛൻ ചേർന്നുനിന്നിട്ടുണ്ട്. അല്ലാതെ ഒരു രാഷ്ട്രീയപ്പാർട്ടിയുടെ ഇസത്തോടും അച്ഛന് ബന്ധമില്ല.
കവിത 

പുതുതലമുറയിൽ

ഏട്ടൻ ചിത്രകാരനാണ്. പുതിയതലമുറയിൽ ആരും കവിത എഴുതാറില്ല. കവിതകൾ വായിക്കും. അത് ഇഷ്ടമാണ്.