കർണാടക സംഗീതത്തിന്റെ പാരമ്പര്യമൂല്യത്തെ നിരാകരിക്കുന്ന ആലാപനശൈലി ടി.എം. കൃഷ്ണയ്ക്ക് ഒട്ടേറെ എതിർപ്പുകൾ ഏറ്റുവാങ്ങേണ്ടിവന്നിട്ടുണ്ട്. സാമൂഹികപരിഷ്‌കരണ പ്രസ്ഥാനങ്ങളിലും ഭിന്നലൈംഗികശേഷിയുള്ളവരുടെ സംഗീതകൂട്ടായ്മകളിലും മുന്നിട്ടിറങ്ങി പാർശ്വവത്‌കൃത ജനതയോടൊപ്പം സഞ്ചരിക്കാനുള്ള കുരുത്ത് ടി.എം.കൃഷ്ണ നേടിയെടുത്തിട്ടുണ്ട്. 2016-ലെ മഗ്‌സസെ അവാർഡ് ലഭിച്ചു എന്നത് ടി.എം. കൃഷ്ണയുടെ മഹനീയതയെയാണ് വെളിവാക്കുന്നത്.
ക്രിസ്ത്യൻ ഭക്തിഗാനങ്ങൾ ആലപിക്കുന്ന കർണാടക സംഗീതജ്ഞർക്കെതിരേ രാഷ്ട്രീയ സനാതൻ സേവാസംഘം എന്ന തീവ്രഹിന്ദുത്വ സംഘടന ഭീഷണി മുഴക്കിയിരുന്നു. അങ്ങനെയെങ്കിൽ, എല്ലാമാസവും ക്രിസ്തുവിനെക്കുറിച്ചും അല്ലാഹുവിനെക്കുറിച്ചും കർണാട്ടിക് ഗാനങ്ങൾ അവതരിപ്പിക്കുമെന്ന് ടി.എം. കൃഷ്ണ വ്യക്തമാക്കുകയും അത് വേദിയിൽ അവതരിപ്പിക്കുകയും ചെയ്തിരുന്നു. ഒട്ടേറെ ഭീഷണികൾക്കിടയിലും ആർജവവും കരുത്തും ഓരോവേദിയിലും ടി.എം. കൃഷ്ണ പ്രകടമാക്കിയിട്ടുണ്ട്.
സംഗീതം,ചരിത്രം,രാഷ്ട്രീയം,മതം എന്നിങ്ങനെ ടി.എം.കൃഷ്ണ സ്പർശിക്കാത്ത ഒരുവിഷയവുമില്ല. നിഷ്പക്ഷത കുറ്റകരമാണ് എന്ന് വിശ്വസിക്കുന്ന കൂട്ടത്തിലാണ് ടി.എം. കൃഷ്ണ. തെറ്റുകൾ തെററുകളാണ്. സംവേദനക്ഷമതയുള്ള മനുഷ്യരായിവേണം അവരോട് പ്രതികരിക്കാൻ. വിശ്വാസത്തിനകത്തെ ബഹുസ്വരതകൾക്കു കാതുകൊടുക്കുകയും മാനിക്കുകയുംവേണം. വർണത്തിന്റെയും ജാതിയുടെയും മതത്തിന്റെയും ലിംഗത്തിന്റെയും അടിസ്ഥാനത്തിൽ നാം എല്ലാദിവസവും വിവേചനം കാട്ടുകയും അടിച്ചമർത്തുകയും ചെയ്യുന്നുവെന്ന് കൃഷ്ണ സ്വന്തംനിലപാടുകൾ വ്യക്തമാക്കിയിട്ടുണ്ട്.
ദലിതരും മറ്റ് കീഴാളജാതികളിൽപ്പെട്ടവരും അപകടകരമായ മാലിന്യത്തിനു നടുവിലാണ് കഴിയുന്നതെന്നും അത് അവരല്ല മറ്റുള്ളവരാണ് ഉണ്ടാക്കിയതെന്ന് തിരിച്ചറിയുന്നില്ലെങ്കിൽ നമ്മൾ ശരിക്കും മനുഷ്യത്വമില്ലാത്തവരാണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
വ്യത്യസ്ത കവികളിലൂടെ സഞ്ചരിച്ച ടി.എം. കൃഷ്ണ ആദ്യമായാണ് നാരായണഗുരുവിന്റെ കവിതകളിലൂടെ സഞ്ചരിച്ച് കർണാടിക് സംഗീതക്കച്ചേരി അവതരിപ്പിക്കുന്നത്. ആദ്യത്തെ സംഗീതപരിപാടി മുംബൈയിലായിരുന്നു. മുംബൈയിലെ ശ്രീനാരായണമന്ദിരസമിതിയായിരുന്നു സംഘാടകർ. മലയാളം, സംസ്‌കൃതം, തമിഴ് ഭാഷകളിലെ ഗുരുവിന്റെ പ്രധാന കൃതികൾ കച്ചേരിയിൽ നിറഞ്ഞുനിന്നു.ശ്രീകൃഷ്ണദർശനത്തിൽ തുടങ്ങി ഭദ്രകാളിയഷ്ടകം, ഗംഗാഷ്ടകം, ദർശനമാല, ദൈവദശകം, ഗുഹാഷ്ടകം, ചിജ്ജഡചിന്തനം, ജനനീ നവരത്‌നമഞ്ജരി, കുണ്ഡലിനിപ്പാട്ട്, തേവാരപതികങ്ങൾ, കാളിനാടകം എന്നീ കൃതികളിലൂടെ രണ്ടുമണിക്കൂർനീണ്ട സഞ്ചാരമായിരുന്നു അദ്ദേഹം നടത്തിയത്. പരിപാടിയുടെ ആശയാവിഷ്‌കാരം നടത്തിയത് നൂൾ ആർക്കൈവ്‌സ് ആണ്. ബാക്ക് വാട്ടർ കളക്ടീവും ഉരു ആർട്ട് ഹാർബറും പരിപാടിക്ക് പിന്തുണ നൽകി.
ഗുരുവിന്റെ കവിതകളിലെ ആന്തരിക ചൈതന്യത്തെ, അതിനുള്ളിലെ തത്വചിന്തയെയും സംഗീതത്തെയും കൊണ്ടുവരാനുള്ള ശ്രമമാണ് ടി.എം. കൃഷ്ണ നടത്തിയത്. ഗുരു ഓരോ കാലത്തും രൂപപ്പെടുത്തിയ കവിതകൾക്ക് അന്നത്തെ സാമൂഹികാവസ്ഥയുമായി അഭേദ്യമായ ബന്ധമുണ്ട്. ഗുരു ഒരു സാമൂഹ്യപരിഷ്‌കർത്താവ് എന്ന നിലയിലാണ് ശ്രദ്ധേയൻ. ഓരോ കൃതികളും എങ്ങിനെ ചരിത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. അക്കാര്യം വ്യക്തതയോടെ അവതരിപ്പിക്കുന്നതിലൂടെ മാത്രമേ കവിതകളുടെ സാമൂഹ്യമായ അന്തർഗതം കൂടുതൽ തെളിഞ്ഞു വരുമായിരുന്നു.എന്നാൽ അത്തരം ശ്രമങ്ങൾ ഉണ്ടായില്ല എന്നത് കുറവു തന്നെയാണ്.
ആട് പാമ്പേ എന്ന കുണ്ഡലിനിപ്പാട്ട് മൂലാധാരത്തിൽ സുഷുപ്തിയിൽ ആണ്ടുകിടക്കുന്ന മനുഷ്യന്റെ ആത്മീയശക്തിയെ ആത്മവിദ്യയിലൂടെ ഉയർത്തി ആറുചക്രങ്ങൾ ഭേദിച്ച് സഹസ്രാര പദ്മത്തിൽ എത്തിക്കുന്ന അതിസങ്കീർണമായ രാജയോഗവിദ്യയെ ലളിതമായി ഏതൊരാൾക്കും(അന്ന് അസ്പൃശ്യരായവർക്കും) മനസ്സിലാക്കാവുന്ന മലയാളഭാഷയിലുള്ള ജ്ഞാനോപദേശമാണ്. അത് ഭാഷയുടെയും ആത്മീയതയുടെയും ജാതീയതയുടെയും രാഷ്ട്രീയമാകുന്നു. അക്കാര്യം അവതരിപ്പിച്ചുവെങ്കിലും അതിനുള്ളിലെ സാമൂഹ്യാവസ്ഥയെകൂടി തൊട്ടുപോയിരുന്നെങ്കിൽ സംഗീതാലാപനം മറ്റൊരുതലം കൈവരിക്കുമായിരുന്നുവെന്ന് പക്ഷമുണ്ട്.
പണ്ഡിതൻ പുന്നശ്ശേരി നമ്പി ഒരിക്കൽ ശിവഗിരി ആശ്രമം സന്ദർശിച്ചപ്പോൾ അവിടത്തെ കീഴ്ജാതിക്കാർ അടങ്ങുന്ന കുട്ടികൾ ഭക്തിയോടെയും ഉച്ചാരണശുദ്ധിയോടെയും ദൈവദശകം ചെല്ലുന്നതുകേട്ട് അദ്ഭുതപ്പെട്ടു. കീഴാളരെ അക്ഷരങ്ങളിലൂടെ ഇത്രയും പരിവർത്തിപ്പിക്കാൻ കഴിയുന്ന ഗുരുവിനെ നമ്പി ആദരവോടെ അഭിനന്ദിച്ചാണ് ആശ്രമംവിട്ടത്.
ഒരു ജനതയെ കവിതകളിലൂടെയും ജീവിതത്തിലൂടെയും പരിവർത്തിപ്പിക്കാൻ കഴിഞ്ഞ വലിയ ഗുരുതന്നെയായിരുന്നു നാരായണ ഗുരു. അദ്ദേഹത്തിന്റെ കൃതികളിലൂടെ സംഗീതസഞ്ചാരം നടത്തുമ്പോൾ,അദ്ദേഹം അക്കാലത്ത് മുന്നോട്ടുവെച്ച ദർശനങ്ങളും സാമൂഹികാവസ്ഥയും ബോദ്ധ്യപ്പെടുത്തിയിരുന്നെങ്കിൽ ടി.എം. കൃഷ്ണയുടെ സംഗീതസഞ്ചാരം മറ്റൊരു മാനം കൈവന്നേനെ. മുംബൈയിലേത് ആദ്യപരിപാടിയായിരുന്നെങ്കിലും വരുംനാളുകളിൽ അത്തരം കൂട്ടിച്ചേർക്കലുകൾ ഉണ്ടായാൽ ഈ സംഗീതസഞ്ചാരത്തിന്റെ മാനം മറ്റൊന്നാകുമെന്നതിൽ സംശയമില്ല.
നാരായണഗുരുവിന്റെ വിപ്ലവകരമായ കവിതകൾ ഏറെയുണ്ട്. അക്കാര്യം തൊട്ടു പോയിട്ടെയില്ല.അതൊരു കുറ്റമായി പറയുകയല്ല.
ഒരു ജാതിയിൽനിന്നല്ലോ പിറന്നീടുന്നു സന്തതി,
നരജാതിയിതോർക്കുമ്പോഴൊരു ജാതിയിലുള്ളതാം
നരജാതിയിൽ നിന്നത്രേ പിറന്നീടുന്നു വിപ്രനും,
പറയൻ താനുമെന്തുള്ളതന്തരം നരജാതിയിൽ?
പറച്ചിയിൽ നിന്നു പണ്ടു പരാശരമഹാമുനി,
പിറന്നു മറസൂത്രിച്ച മുനി കൈവർത്തകന്യയിൽ ഇല്ലജാതിയിലൊന്നുണ്ടോവല്ലതും ഭേദമോർക്കുകിൽ,
ചൊല്ലേറും വ്യക്തിഭാഗത്തിലല്ലേ ഭേദമിരുന്നിടൂ.
എന്ന വിപ്ലവകരമായ കവിതകൾ ഗുരുവിൻനിന്ന് പിറന്നുവീണിട്ടുണ്ട്
സുബ്രഹ്മണൃകീർത്തനത്തിലെ ഉപമകളിലൂടെ വലിയ ദർശനം പറയുന്ന ഈ വരികൾ നോക്കുക.
എച്ചിൽ ചോറുണ്ട പുള്ളിക്കിനിയൊരു മകളും നീയിരപ്പാളി ഞാനോ,പിച്ചക്കാരൻ പിഴക്കും പിഴകളഖിലവും നീ പൊറുക്കെന്നു ഞായം..പിച്ചതെണ്ടി നടന്നുകാലം കഴിച്ച ശിവന് ഏറ്റവും പ്രിയപ്പെട്ട മകനായ സുബ്രഹ്മണ്യാ.അങ്ങ് അച്ഛനെപ്പോലെ പിച്ചക്കാരൻ, ഈ ഞാനുംപിച്ചക്കാരൻ. ഒരു പിച്ചക്കാരൻ മറ്റൊരു പിച്ചക്കാരന്റെ തെറ്റ് ക്ഷമിക്കുന്നത് ഉചിതംതന്നെ എന്നാണ് ഗുരു പറയുന്നത്. ശിവനെയും സുബ്രഹ്മണ്യനെയും തന്നെയും പിച്ചക്കാരനോട് ഉപമിച്ച് വലിയ ദർശനം അവതരിപ്പിക്കാൻ നാരായണ ഗുരുവിന് കഴിഞ്ഞിട്ടുണ്ട്.അത്തരം വിപ്ലവകരമായ കവിതകൾകൂടി തൊട്ടുപോയിരുന്നെങ്കിൽ എന്ന് സംഗീതക്കച്ചേരി കേട്ടപ്പോൾ തോന്നി.