സി.പി. കൃഷ്ണകുമാർ
മുംബൈജീവിതം മലയാളസാഹിത്യത്തിൽ ആദ്യം രേഖപ്പെടുത്തിയത് എന്നായിരുന്നു എന്ന് കൃത്യമായി പറയുക ബുദ്ധിമുട്ടാണ്. പൊെറ്റക്കാട്ടിൻറെ ‘നാടൻ പ്രേമം’ ആനന്ദിൻറെ  ‘ആൾക്കൂട്ടം’ തുടങ്ങി എത്രയോ രചനകളിൽ മുംബൈ ഭൂമികയാവുന്നു. അതിനും മുൻപ് പലരും മുംബൈ പശ്ചാത്തലത്തിലുള്ള സാഹിത്യം എഴുതി. സാഹിത്യരചനകളിലെ ദേശവും ജീവിതവും ചിലപ്പോഴൊക്കെ സത്യത്തോട് അടുത്ത് നിൽക്കും. പലപ്പോഴും സത്യത്തിൽനിന്ന് വളരെ ദൂരത്തും. പ്രിസത്തിൽകൂടി കടത്തിവിട്ട പ്രകാശരശ്മി വിവിധവർണങ്ങളിൽ മറുഭാഗെത്തത്തുമ്പോൾ അവയിൽ ചില രശ്മികളിലേക്കുമാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന നിരീക്ഷകനെ പോലെയാണ് എഴുത്തുകാർ. മുംബൈ എന്ന ദേശം മലയാള സാഹിത്യത്തിൽ പ്രകടമാവുന്നതും  ഇങ്ങനെ എഴുത്തുകാർ തിരഞ്ഞെടുത്ത ചില പ്രത്യേക സ്വഭാവങ്ങളും കാഴ്ചകളും അനുഭവങ്ങളും ഒക്കെയുമായാണ്. ഒരുപാടു ഭാഷകളും സംസ്കാരങ്ങളും അവയുടെ തനിമയോടുകൂടി ഈ നഗരജീവിതത്തിന്റെ ഭാഗമാവുമ്പോൾ, പരസ്പരം കൊടുത്തും വാങ്ങിയും ഈ സംസ്കാരങ്ങളുടെ സംഗമം മനുഷ്യബന്ധങ്ങളുടെ പുതിയ കഥ മെനയുന്നു. സംഘർഷങ്ങൾ, അനുനയിപ്പിക്കൽ, വിജയഗാഥകൾ, തമസ്കരിക്കപ്പെടൽ, തേങ്ങലുകൾ, പൊട്ടിച്ചിരികൾ, ഉറഞ്ഞ ദുഃഖങ്ങൾ, കാരുണ്യത്തിൻറെ വെള്ളച്ചാട്ടങ്ങൾ....അങ്ങനെ എത്രയോ അനുഭവങ്ങൾ സമ്മാനിക്കുന്ന ഈ നഗരത്തിൻറെ സമഗ്രമുഖം എഴുതിപ്പിടിപ്പിക്കുക അസാധ്യം. നൂറുനിറങ്ങളുള്ള മഴവില്ലിലെ ഏതൊക്കെയോ ചില നിറങ്ങൾ മാത്രം കാണുന്ന സ്വപ്നജീവിയുടെ ആവിഷ്കരണങ്ങളാണ്  ഓരോ സർഗരചനയും. ചിലതിൽ ഒരുനിറം മാത്രം ഉണ്ടാവും ചിലതിൽ ഏറ്റക്കുറച്ചിലുകളോടെ പല  നിറങ്ങളും. 
നിരാസങ്ങളും അന്യതാബോധവും അനുഭവമായ കഥാപാത്രങ്ങൾ, വാണിജ്യവത്‌കരിക്കപ്പെട്ട ബന്ധങ്ങൾ,  ദാരിദ്ര്യംമൂലം ഉടൽ വിൽക്കുന്ന നിസ്സഹായർ. സമ്പന്നരുടെ ഹൃദയശൂന്യത തുടങ്ങി അനാകർഷകമായ മുഖമുദ്രയുള്ള ഒരു നഗരമായാണ് കൂടുതൽ മലയാള രചനകളിലും മുംബൈയെ വായനക്കാരൻ പരിചയപ്പെടുന്നത്. ആനന്ദ്, മാധവിക്കുട്ടി, അഷ്ടമൂർത്തി, എം.പി. നാരായണപിള്ള, ബാലകൃഷ്ണൻ, മാനസി, പി.എ. ദിവാകരൻ, യു.പി. ജയരാജ്‌, ലിസ്സി, എം.ജി. രാധാകൃഷ്ണൻ, ഗിരിജാവല്ലഭൻ, പ്രഭാശങ്കർ, മേഘനാദൻ, സുരേഷ് വർമ, അശോകൻ നാട്ടിക, ആർ.കെ. മാരൂർ, ഗോവിന്ദനുണ്ണി, രാജേന്ദ്രൻ കുറ്റൂർ തുടങ്ങി എത്രയോ കഥാകാരന്മാർ മുംബൈ ഭൂമികയാക്കിയിരിക്കുന്നു.‌ 
പാപ്പനംകോട് പ്രഭാകരൻ, എം.എൻ. പാലൂർ, ഹരിഹരൻ പൂഞ്ഞാർ, എടയാളി ഗോപാലകൃഷ്ണൻ, ഋഷികേശൻ, ടി.കെ. മുരളീധരൻ, ഇ.ഐ.എസ്. തിലകൻ, ഡോ. പി. ഹരികുമാർ, പി.എസ്‌. സുമേഷ്, സ്വപ്നാ നായർ  തുടങ്ങിയ ഒട്ടേറെപ്പേരുടെ  കവിതകളിൽ മുംബൈ നേരിട്ട് പ്രത്യക്ഷമാവുന്നു. 
മുംബൈ നഗരജീവിതം ഏറ്റവുംകൂടുതൽ രചനകളിൽ പ്രമേയമാക്കിയ മലയാളസാഹിത്യകാരൻ, നോവലിസ്റ്റ് ബാലകൃഷ്ണനാണ്. ‘ഫർണസ്’, ‘നഗരത്തിൻറെ മുഖം, ‘ഭാഗ്യന്വേഷികൾ’, ‘ആയിരം സൂര്യന്മാർ’ തുടങ്ങിയവ അവയിൽ ചിലത്. ശ്രീമാൻൻറെ ആത്മകഥയും പി.ആർ. കൃഷ്ണൻറെ അനുഭവക്കുറിപ്പുകളും മുംെെബയിലെ മലയാളി രാഷ്ട്രീയസാംസ്കാരിക ചരിത്രം തുറന്നുെവക്കുന്നു. കാട്ടൂർ മുരളിയും വി. ബാലചന്ദ്രനും മുംെെബയുടെ അധികം അറിയാത്ത രഹസ്യങ്ങളുടെ എഴുത്തുകാർ. പിന്നെയുമുണ്ട് മുംബൈ പശ്ചാത്തലത്തിലുള്ള ആഖ്യായികകളും കവിതകളും. ഒരു ചെറുകുറിപ്പിൽ ഒതുക്കാൻ ആവാത്തത്ര എഴുത്തുകാർ. എങ്കിലും മുംെെബയിൽനിന്ന്‌ മലയാളം ഖനനംചെയ്ത പ്രമേയങ്ങൾ എത്ര പരിമിതം.  
ഇവിടെ ജീവിച്ചിട്ടും പമ്മനെപ്പോലെ പല എഴുത്തുകാരും ഈ നഗരത്തിന് സ്വന്തം രചനകളിൽ ഇടംനൽകിയില്ല. ചിലരുടെ കൃതികളിൽ മുംബൈ പരോക്ഷമായി മാത്രം പ്രത്യക്ഷപ്പെടുന്നു.  
‘മാക്സിമം സിറ്റി’ എന്നും വിളിക്കപ്പെടുന്ന മുംെെബയിലെ ജീവിതം സാഹിത്യകാരന്മാർക്ക് നൽകുന്നത് പരിധികൾ ഇല്ലാത്ത അവസരങ്ങളാണ്. നഗരത്തിൻറെ ഭൗതിക മുഖച്ഛായ അനുദിനം മാറിക്കൊണ്ടിരിക്കുന്നു. സാമ്പത്തിക തലസ്ഥാനം. ഉറങ്ങാത്ത നഗരം ഘടികാര സൂചിപോലെ സചേതം. ഗാന്ധിജി ഏറ്റവുംകൂടുതൽ കാലം ജീവിച്ച മണിഭവനും കാമാത്തിപ്പുരയും ഏതാനും കിലോമീറ്റർ അകലത്തിൽ. ‘ക്വീൻസ് നെക്ലേസും’ ഏഷ്യയിലെ ഏറ്റവുംവലിയ ‘സ്ലം’ഉം ഒരുപാടു ദൂരത്തല്ല. വിവിധ ഭൂഖണ്ഡങ്ങളിൽ വേരുകൾ ഉള്ളവരും വിവിധ രാജ്യങ്ങളിലെ ഭാഷകൾ സംസാരിക്കുന്നവരും ഇവിടെയുണ്ട്. ചരിത്രവും വർത്തമാനകാലവും കഥകൾ പറഞ്ഞുതരുന്ന മുംബൈ എന്ന പ്രചോദനത്തിൽനിന്ന്‌ വളരെ കുറച്ചുമാത്രമേ മലയാളത്തിന് സ്വാംശീകരിക്കാൻ ആയിട്ടുള്ളു.
മുംെെബയിലെ എഴുത്തുകാർ നടത്തിയ സാഹിത്യ ശ്രമങ്ങളെ മുഖ്യധാരാ മലയാളസാഹിത്യം എത്ര ഗൗരവത്തോടെ നോക്കുന്നു എന്നതും ഒപ്പംചേർത്ത് വായിേക്കണ്ട വിഷയമാണ്. മുൻകാലങ്ങളിൽ പ്രവാസി സാഹിത്യത്തിൽ ആരോപിച്ചിരുന്ന ഗൃഹാതുരത്വത്തിൻറെ അതിപ്രസരം ഇന്ന് മുംെെബയിലെ എഴുത്തുകാരിൽ കാണാനില്ല. നഗരം നൽകുന്ന അനുഭവ ധാരാളിത്വം, കേരളത്തിലെ എഴുത്തുകാർക്ക് വലിയ വിഷയമാവുന്ന പലതും, ഇവിടെ ജീവിച്ച് എഴുതുന്നവർ,  കേവലം സാധാരണ കാര്യങ്ങളായി മുംബൈ ജീവിതത്തിൽ രേഖപ്പെടുത്തുന്നു. എഴുത്തുകാരൻ  മുംെെബയുടെ വൈകാരികതകളിൽ  ഉപയോഗിക്കുന്ന ആപേക്ഷികത കേരളത്തിലെ വായനക്കാരുടെയും നിരൂപകരുടെയും വിലയിരുത്തലുകളിൽ ഉപയോഗിക്കുന്ന വ്യത്യസ്ത മാനദണ്ഡേത്താട് പൊരുത്തപ്പെടാതെ പോവുന്നു. ഇതിനെ പരാജയം എന്ന് വിളിക്കുന്നതിലേറെ ‘വേവ് ലങ്തിലെ’ അന്തരം എന്ന് പറയുന്നതാവും ഉചിതം.മൂന്നിലൊന്നു മലയാളികൾ കേരളത്തിനുപുറത്ത് ജീവിക്കുമ്പോൾ ഏകതാനതയും ഒറ്റമുഖവും ഉള്ള എഴുത്തല്ല മലയാളസാഹിത്യത്തിൻറെ ഭാവി എന്ന് അറിഞ്ഞ് നമുക്ക് എഴുതാം. നാം ഉൾപ്പടെ ലോകത്തിൻറെ വിവിധപ്രദേശങ്ങളിൽ ജീവിക്കുന്നവർ സൃഷ്ടിക്കുന്ന എല്ലാ വൈവിധ്യങ്ങൾക്കും അവിടെ ഓരോ ഇടം ഉണ്ടാവും.
മുംബൈജീവിതം പ്രമേയങ്ങളുടെ മേച്ചിൽപ്പുറമാ  ക്കുവാനും മൗലികമായ ശില്പവും ഭാഷയുംകൊണ്ട് വേറിട്ട പാതയിൽ സഞ്ചരിക്കുവാനും മുംബയിലെ എഴുത്തുകാർക്ക് സാധിക്കണം. നാളത്തെ എഴുത്തിനായി വിപുലമായ ചക്രവാളങ്ങൾ നമുക്ക് സ്വന്തമാക്കാം.  താത്‌കാലികമായ തിരസ്കാരവും അവഗണനകളുംകൊണ്ട് നിരാശപ്പെടരുത്‌. വേഗതേയറിയ ഒരു നഗരത്തിൻറെ ചാരനിറവും ഹൃദയരാഹിത്യവും മാത്രം പരിചിതമായ ഒരു വായനാസമൂഹത്തിന് മുൻപിൽ വേറിട്ടൊരു സ്വരം സ്വീകാര്യമാവുന്നത് എളുപ്പത്തിൽ ആവില്ല എന്ന സത്യം  എഴുത്തിനെ ഗൗരവത്തിൽ കാണുന്നവർ ചിന്തിക്കണം.    
(ലേഖകൻറെ ‘സ്വത്വം’ ‘ഉയരങ്ങളിലേക്ക്’  എന്നീ   നോവലുകളുടെയും ഏതാനും ചെറുകഥകളുടെയും ഭൂമിക  മുംബൈജീവിതമാണ്. )

************************
കളിക്കളം​
കെ.പി.വിനയൻ

 

വാട്ട്‌സാപ്പ് ഗ്രൂപ്പുകളുടെ അതിപ്രസരം മൂർധന്യത്തിലെത്തിനിൽക്കുന്ന ഈയടുത്തകാലത്താണ് ഒരു പോസ്റ്റ് കാണാനിടയായത്. അതും ഞാൻ ഒട്ടുംതന്നെ ആക്ടീവ് അല്ലാത്ത ഒരു ഗ്രൂപ്പിൽ. 
പോസ്റ്റ് നാടകത്തെക്കുറിച്ചാണെന്നറിഞ്ഞപ്പോൾ ഒന്നു കണ്ണോടിച്ചു. മുതിർന്നവർക്കുള്ളതാണല്ലോ എന്നുകരുതി (എനിക്ക് എന്നും നാൽപതുവയസ്സാണെന്ന ഭാവത്താൽ) ആ പോസ്റ്റ് ഡിലീറ്റ് ചെയ്തു. അടുത്തദിവസമിതാ എന്റെ ഏറ്റവും അടുത്ത, ഞാനേറെ ബഹുമാനിക്കുന്ന, ഒരു സുഹൃത്ത് അതുതന്നെ വീണ്ടും ഇട്ടിരിക്കുന്നു. ഞാനൊന്നുകൂടി മനസ്സിരുത്തി വായിച്ചു. മുതിർന്നപൗരന്മാർക്കായുള്ള ഒരു നാടക ക്യാമ്പ്. വായിച്ചുകഴിയേണ്ട താമസം, അതേ സുഹൃത്തിന്റെ ഫോൺ. എന്നോട് പ്രത്യേകിച്ചൊന്നുകൂടി പറയാൻ. വേറെന്തുവേണ്ടൂ? പങ്കെടുക്കാമെന്നുതന്നെ മനസ്സുകൊണ്ട് തീരുമാനിച്ചു.
‘അവിരാമം’ ആ നാടക പരിശീലന സഹവാസ ക്യാമ്പിന്റെ പേരിൽനിന്നുതന്നെ തുടങ്ങുന്നു ആകർഷകത്വം. ഏറ്റവും അർഥവത്തായിരുന്നു ആ പേര്. പ്രായംചെന്നവർക്കായി, തലനരച്ച ചെറുപ്പക്കാർക്കായി, തൃശ്ശൂർ ‘നാടക സൗഹൃദ’ത്തിന്റെ ഉത്‌സാഹത്തിൽ ഒരുക്കിയതായിരുന്നു. മൂന്ന്‌ രാപകലുകൾ നീണ്ടുനിന്ന ആ സഹവാസക്യാമ്പ്.
ഈ ആശയത്തിനുതന്നെ ഒരു പുതുമതോന്നി. ഒരു നാടക ക്യാമ്പിനെന്താണിത്ര പുതുമ അല്ലേ? ഉണ്ടല്ലോ. മുകളിൽ സൂചിപ്പിച്ചപോലെ പേരിൽനിന്നുതന്നെ തുടങ്ങുന്നു അതിന്റെ പുതുമ. പേരിനുമാറ്റുകൂട്ടാൻ പ്രകൃതിരമണീയത നിറഞ്ഞുനിൽക്കുന്ന, ഒരു തനി ഗ്രാമാന്തരീക്ഷവും. അതത്രേ, കിരാലൂർ ഗ്രാമം.
അവിടെയെത്തിയ ഏവർക്കും അവിരാമം ക്യാമ്പ് പരിസരം ഒരു വിറ്റമിൻ ടോണിക്കായി. 
ചാറൽമഴ സമ്മാനിച്ച പുതുമണ്ണിന്റെ ഗന്ധം അവിരാമത്തിന് പകിട്ടേറ്റി. മാടമ്പ് കുഞ്ഞുകുട്ടൻ, സാറാജോസഫ് തുടങ്ങിയ പ്രഗല്‌ഭരുടെ സാന്നിധ്യത്തിൽ ഉത്ഘാടനച്ചടങ്ങ് നടന്നു.
ഉദ്ഘാടനവേളയിൽ സാറാ ജോസഫിന്റെ പ്രസംഗംകൂടി കേട്ടതോടെ അവിടെ എത്തിച്ചേർന്നിട്ടുള്ളവരെല്ലാംതന്നെ ഉത്‌സാഹഭരിതരായി.
ഉദ്‌ഘാടനസമാരോഹം കഴിഞ്ഞതും ആ ക്യാമ്പിടം ഒരു സ്കൂൾഗ്രൗണ്ടായി മാറി. മുതിർന്നവരെല്ലാം കുട്ടികളായി മാറി. 
പുതിയ സ്കൂൾ. പുതിയ അധ്യയനവർഷം. പുതിയ ആൾക്കാർ. പുതിയ സാറന്മാർ. 
ക്ലാസ്‌റൂമിൽ കയറിയമാത്രയിലേ സാറന്മാർ കുട്ടികളായി. കുട്ടികളെല്ലാം കൂട്ടുകാരായി. സംഘാടകർ കുടുംബക്കാരായി. അവിരാമം ക്യാമ്പൊരു കൂട്ടുകുടുംബമായി. തികച്ചും അനൗപചാരികമായൊരു പരിചയപ്പെടുത്തലിലൂടെ ക്യാമ്പ് ആരംഭിച്ചു.
അഭിനേതാക്കൾക്ക് മാത്രമായിട്ടുള്ളതല്ല അവിരാമം എന്നത് അവിടെ എത്തിച്ചേർന്നവരെ പല തലങ്ങളിലായി പരിചയപ്പെട്ടതോടെ മനസ്സിലായി.
ഓരോരുത്തർക്കും സ്വന്തം വ്യക്തിത്വത്തെക്കൂടി പരിശോധിക്കാനും ചുരുക്കംചില മാറ്റങ്ങൾ വരുത്താനും നാടകകലയ്ക്ക് സാധിച്ചേക്കുമെന്നായിരുന്നു പ്രശസ്ത നാടക നടനും ട്രാൻസാക്ഷൻ അനലിസ്റ്റുമായ ശ്രീമനു ജോസിന്റെ അഭിപ്രായം.  
ശ്രീമനുവിന്റെ ഏറ്റവും ലളിതമായതും അതേസമയം ഏറെക്രിയാത്മകമായതും ആയ പാഠ്യസമ്പ്രദായം അവിടെ കൂടിയിരുന്ന ഓരോരുത്തരും ഏറെ കൈയടിയോടെ സ്വാഗതം ചെയ്തു. നാടകകലയിലെ അടിസ്ഥാനപരമായ വസ്തുതകളെയും അവയുടെ പ്രായോഗിക വശങ്ങളെക്കുറിച്ചുമായിരുന്നു സ്‌കൂൾ ഓഫ് ഡ്രാമയിലെ മുൻ അധ്യാപകനും ഒരു മികച്ച നടനും നാടകത്തെ എന്നെന്നും തന്നെക്കാളേറെ സ്നേഹിച്ച നരിപ്പറ്റ രാജു വിശദീകരിച്ചുതന്നത്.
നാടകത്തിൽ പൊതുവേ പാലിച്ചുവരേണ്ട ചില സിദ്ധാന്തങ്ങളെക്കുറിച്ചും ഒപ്പം അവ എങ്ങനെ പ്രായോഗിക ജീവിതത്തിൽ ഉപയോഗപ്രദമാക്കാമെന്നും പ്രതിപാദിച്ചുതന്നത്‌ രഘൂത്തമനാണ്.  
രഘൂത്തമൻ, സ്കൂൾ ഓഫ് ഡ്രാമയിൽനിന്ന് ബിരുദം നേടിയ ശേഷം നാടകത്തിന്റെ തലതൊട്ടപ്പൻ ജി. ശങ്കരപിള്ള സാറിന്റെ ശിഷ്യത്വം സ്വീകരിച്ചു. തിരുവനന്തപുരം കരകുളത്തിനടുത്ത്, പ്ലാത്ര എന്നസ്ഥലത്ത് ഒരു കുന്നിനുമുകളിൽ സ്ഥാപിച്ചിട്ടുള്ള ‘അഭിനയ’ തിയേറ്റർ റിസർച്ച് സെന്റർ ഇദ്ദേഹത്തിന്റേതാണ്. 
ലോകമെമ്പാടും ‘അഭിനയ’യുടെ നാടകങ്ങൾ അവതരിപ്പിച്ച രഘൂത്തമൻ, അവിരാമം ഗ്രൂപ്പിനെ വളരെ സരസമായി കൈകാര്യം ചെയ്തു.  
ക്യാമ്പിന്റെ അവസാനദിവസം നരിപ്പറ്റ രാജുവും രഘൂത്തമനുംകൂടി ചെയ്യിപ്പിച്ച സ്കിറ്റ് ഒരു പുത്തനനുഭവമായി. മൂന്ന് ഗ്രൂപ്പുകളാക്കിത്തിരിച്ച് സാധാരണപോലെ ഓരോരോ സ്കിറ്റ് ചെയ്യിപ്പിക്കുകയും അത് അവലോകനംചെയ്ത് പോരായ്മകൾ തിരുത്താനുള്ള ശ്രമമെന്നോണം വീണ്ടും വീണ്ടും ചെയ്യിപ്പിക്കുകയും ചെയ്തപ്പോൾ ഞങ്ങൾക്ക് എന്തെന്നില്ലാത്ത ഒരു സംതൃപ്തിതോന്നി. 
ആറ്റിക്കുറുക്കിയ സ്കിറ്റ് കണ്ടശേഷം കാരണവന്മാരുടെ ക്യാമ്പ് ഞങ്ങളെ ഒട്ടുംതന്നെ നിരാശപ്പെടുത്തിയില്ലെന്നുകൂടി കേട്ടപ്പോൾ, ഇത്തരമൊരു ആശയം മെനഞ്ഞെടുത്ത സംഘാടകരോട് ഞങ്ങൾ ഓരോരുത്തരും നന്ദി പറഞ്ഞു. 
തണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ അടുക്കളയിൽ, നാടകസൗഹൃദം ഉത്‌സാഹികൾ സ്നേഹാദരങ്ങളോടെ, കൃത്യനിഷ്ഠയോടെ വിളമ്പിയിരുന്ന തനി നാടൻ ഭക്ഷണത്തിന്റെ അസൽസ്വാദ് പ്രവാസികളായ ഞങ്ങൾക്കെന്തായാലും എടുത്തുപറയാതെ വയ്യ.
ക്യാമ്പിൽ പങ്കെടുത്ത ഏറ്റവും മുതിർന്നവ്യക്തി അബൂബക്കറിന് ക്യാമ്പ് നൽകിയ സംതൃപ്തിയും നാടകവുമായി അത്ര അടുപ്പമില്ലാത്ത അനന്തരാമന് ക്യാമ്പിലൂടെ പകർന്നുകിട്ടിയ ഊർജവും മാത്രംതന്നെ മതിയാവും സംഘാടകർക്ക് ചാരിതാർഥ്യം കിട്ടാൻ. 

***************************

ഇനിയുമുണ്ട് 
പോകാനേറെ ദൂരം
പ്രതിഭയില്ലാത്തതല്ല ഉന്നതവിദ്യാഭ്യാസമേഖലയിൽ 
നമ്മുടെ പ്രശ്നമെന്ന്‌ പറയുന്നു, വിദ്യാഭ്യാസമേഖലയിൽ അമ്പതാണ്ടിന്റെ അനുഭവസമ്പത്തുള്ള 
ഡോ. അമർലാൽ എച്ച്. കാൾറോ. 

കേരളത്തിന്റെ ദത്തുപുത്രൻ എന്നാണ് എല്ലാവരും അക്കാലത്ത് എന്നെ വിളിച്ചിരുന്നത്. കെ.പി.പി. നമ്പ്യാർ കേരളത്തിന്റെ പുത്രനാണല്ലോ. അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചതിന്റെ സന്തോഷം പറഞ്ഞറിയിക്കാനാവില്ല. അദ്ദേഹവുമായുള്ള അടുപ്പം പരിഗണിച്ചാണ് എന്നെ ആളുകൾ കേരളത്തിന്റെ ദത്തുപുത്രനാക്കിയത്’’ -കോഴിക്കോട് ഐ.ഐ.എമ്മിന്റെ ആദ്യകാല ഡയറക്ടർ ഡോ. അമർലാൽ എച്ച്. കാൾറോയുടെ മുഖത്ത് പഴയ ഓർമകളിൽ നിറഞ്ഞ ചിരി. കേരളത്തെക്കുറിച്ചും കോഴിക്കോടിനെക്കുറിച്ചും നിർലോഭം നല്ല വാക്കുകൾ പറയുന്ന ഈ അഹമ്മദാബാദുകാരന് രാജ്യത്തെയും വിദേശത്തെയും വിദ്യാഭ്യാസമേഖലയിൽ അമ്പതുവർഷം നീണ്ട  സേവനചരിത്രമുണ്ട്.
വിദ്യാഭ്യാസഭൂപടത്തിൽ രാജ്യത്തിന്റെ അഭിമാനമായി കോഴിക്കോട് ഐ.ഐ.എമ്മിനെ വളർത്തുന്നതിൽ നിർണായക പങ്കുവഹിച്ച ഡയറക്ടറാണ് ഇദ്ദേഹം. 1996-ൽ സ്ഥാപിതമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോട് കേന്ദ്രത്തിന്റെ ഡയറക്ടറായി 1998 മുതൽ 2004 വരെ കാൾറോ പ്രവർത്തിച്ചു. സ്ഥാപനം പിച്ചവെച്ചു തുടങ്ങിയ കാലത്തിൽനിന്ന് സ്വയം പര്യാപ്തതയിലേക്ക് വളരുന്നതുവരെ കൂടെയുണ്ടായിരുന്ന ഈ നായകൻ പിന്നെയും പലകുറി കോഴിക്കോട്ടെത്തി. അഹമ്മദാബാദിൽ ജനിച്ചുവളർന്ന അദ്ദേഹം കേരളത്തെയും കേരളീയരെയും ഏറെ ഇഷ്ടപ്പെടുന്നു. ഇൻഡസ്ട്രിയൽ എൻജിനീയറിങ്ങിൽ യു.എസിലെ മിനസോട്ട സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റ് നേടിയ കാൾറോ അഹമ്മദാബാദ് എജുക്കേഷൻ സൊസൈറ്റിയുടെ അക്കാദമിക് അഡ്വൈസറാണിപ്പോൾ. ക്രെസ്റ്റിന്റെ കേരള വജ്രജൂബിലി പ്രഭാഷണത്തിനായി കോഴിക്കോട്ടെത്തിയപ്പോഴാണ് അദ്ദേഹത്തെ കണ്ടത്. 
? സ്വാഭാവികമായും കോഴിക്കോട് ഐ.ഐ.എമ്മിൽനിന്ന്‌ തുടങ്ങാം. അങ്ങ് ആ സ്ഥാപനത്തെ രൂപപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിച്ചയാളാണ്. എന്താണ് അക്കാലത്തെക്കുറിച്ചുള്ള ഓർമകൾ
രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നുള്ളവരുമുണ്ട് ഐ.ഐ.എമ്മിൽ. ആദ്യകാലത്ത് ആ സ്ഥാപനത്തിന്റെ വളർച്ചയ്ക്കൊപ്പം നിൽക്കാൻ എനിക്ക്‌ സാധിച്ചു. എല്ലാ ഭാഗത്തുനിന്നും നല്ല പിന്തുണ കിട്ടിയിരുന്നു. ഇവിടത്തെ സേവനകാലം നന്നായി ആസ്വദിച്ചു. ഡയറക്ടറായി കാമ്പസിൽ താമസിക്കുന്ന കാലത്ത് കോഴിക്കോട് നഗരത്തിലേക്ക് അത്രയേറെ വന്നിട്ടില്ല. അതുകൊണ്ട് ഈ നഗരത്തിലെ സാധാരണജനജീവിതം അത്രയ്ക്കൊന്നും അടുത്തറിയാൻ കഴിഞ്ഞിട്ടില്ല. എങ്കിലും ഇടപെട്ടവരിൽനിന്നെല്ലാം നല്ല അനുഭവങ്ങളാണ് ഉണ്ടായത്. 
അഭിനന്ദനാർഹമായ നേട്ടങ്ങളുണ്ടാക്കിയിട്ടുണ്ട് കോഴിക്കോട് ഐ.ഐ. എം. കേരളത്തിലെ ഏക ഐ.ഐ. എം. എന്ന നിലയിൽ വലിയ പ്രതീക്ഷകളാണ് അതിനെക്കുറിച്ച് ഇന്നാട്ടിലെ വിദ്യാഭ്യാസതത്പരർക്കെല്ലാമുള്ളത്. അമൃത്‌സർ ഐ.ഐ.എമ്മിന്റെ മെന്റർ പദവിയുമുണ്ട് ഈ ഐ.ഐ.എമ്മിന്. ഇത്തരമൊരു സ്ഥാപനത്തിന് നാലുവർഷത്തോളമായി സ്ഥിരം ഡയറക്ടറില്ലെന്ന കാര്യം താങ്കളുടെ ശ്രദ്ധയിലുണ്ടാവുമല്ലോ...
സ്ഥിരം ഡയറക്ടറില്ലെങ്കിലും ഡയറക്ടറുടെ ചുമതല സ്ഥിരമായി ഒരാൾക്ക് നൽകിയിട്ടുണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
? സ്ഥിരം ഡയറക്ടറില്ലാത്തത് ഒരു പ്രശ്നമല്ല എന്നാണോ
അങ്ങനെയല്ല. കാര്യങ്ങൾ നടത്തിക്കൊണ്ടുപോകാൻ ചുമതലയുള്ള ആൾക്ക്‌ കഴിയും. ഡയറക്ടറുടെ പൂർണാധികാരത്തോടെയാണ് ചുമതല നൽകിയിരിക്കുന്നതെങ്കിൽ ഭരണതലത്തിലുള്ള നടപടികളിലൊന്നും കുഴപ്പമുണ്ടാകില്ല. എന്നാൽ, ഐ.ഐ.എം. പോലുള്ള സ്ഥാപനങ്ങൾക്ക് വിദേശരാജ്യങ്ങളുമായും ഇടപെടേണ്ട സാഹചര്യങ്ങളുണ്ടാവും.അത്തരം സാഹചര്യങ്ങളിൽ ഡയറക്ടർക്കുപകരം ചുമതലക്കാരനായാൽ പ്രയാസങ്ങളുണ്ടാവും.
? ഉന്നതവിദ്യാഭ്യാസരംഗത്ത് നമ്മുടെ രാജ്യത്ത് സ്ഥാപനങ്ങൾ ഏറെയുണ്ടെങ്കിലും ലോകറാങ്കിങ്ങിൽ ഏറെ പിന്നിലാണെന്ന വിമർശമുണ്ട്. അതേക്കുറിച്ച് എന്താണ്‌ പറയാനുള്ളത്
ലോകറാങ്കിങ്ങിൽ പിന്നിലാണ് എന്ന വിമർശനത്തിൽ കഴമ്പില്ലാതില്ല. എന്നാൽ, മികവുള്ള സ്ഥാപനങ്ങൾ തീരേയില്ലെന്ന്‌ പറയാനാവില്ല. നമ്മുടെ രാജ്യത്തെ സ്ഥാപനങ്ങൾ നാടിന്റെ വികസനത്തിൽ വഹിക്കുന്ന പങ്കും പ്രധാനമാണ്. ലോകറാങ്കിങ്ങിന്റെ മാനദണ്ഡങ്ങൾ ഇതിൽനിന്ന്‌ വ്യത്യസ്തമാണ്. ആ റാങ്കിങ് പ്രധാനംതന്നെ. എന്നാൽ, നമ്മുടെ നാട്ടിലെ സ്ഥാപനങ്ങൾ ഇവിടെ നിർവഹിക്കുന്ന വ്യത്യസ്തമായ ധർമങ്ങൾകൂടി വിലയിരുത്തപ്പെടേണ്ടതുണ്ട്.
? രാഷ്ട്രീയ ഇടപെടലുകൾ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരത്തെ വിപരീതമായി ബാധിച്ചിട്ടുണ്ടെന്ന വാദത്തെക്കുറിച്ച് 
രാഷ്ട്രീയ ഇടപെടലുകളെക്കുറിച്ചുള്ള പരാതികൾ പലപ്പോഴും ഉയർന്നു കേൾക്കാറുണ്ട്. എന്റെ അനുഭവത്തിൽ, അത്തരം ഇടപെടലുകൾ ഒന്നും നേരിടേണ്ടി വന്നിട്ടില്ല.  ധൈര്യമായി തീരുമാനങ്ങളെടുക്കുന്നവരാണ് തലപ്പത്തുള്ളതെങ്കിൽ ഇത്തരം ഇടപെടലുകൾ ഉണ്ടാവില്ലെന്നാണ് തോന്നുന്നത്. 
? നമ്മുടെ നാട്ടിൽനിന്ന് ഒട്ടേറെപ്പേർ അന്യദേശങ്ങളിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പഠിക്കാൻ പോകാറുണ്ട്. നമ്മുടെ സ്ഥാപനങ്ങളിലേക്ക് വിദേശവിദ്യാർഥികൾ എത്തുന്നുണ്ടോ
ധാരാളമായി വരുന്നുണ്ട്. നമ്മൾ യു. എസിലും യു.കെ.യിലും മറ്റുമുള്ള മികവിന്റെ കേന്ദ്രങ്ങളായി അറിയപ്പെടുന്ന ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിലേക്കാണ് പോകുന്നത്.ആ നാടുകളിൽനിന്നല്ല നമ്മുടെ നാട്ടിലേക്ക് വിദ്യാർഥികൾ വരുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം. ആഫ്രിക്ക, ഏഷ്യ വൻകരകളിലെ രാജ്യങ്ങളിൽനിന്നാണ് ഇന്ത്യയിലേക്ക് കൂടുതൽ വിദ്യാർഥികളെത്തുന്നത്. മെഡിസിൻ, എൻജിനീയറിങ്, മാനേജ്‌മെന്റ്, സാമൂഹികശാസ്ത്രം എന്നിങ്ങനെ പലപല മേഖലകളിൽ ഇത്തരം വിദ്യാർഥികൾ പഠിക്കുന്നുണ്ട്. അവർക്കായി നിശ്ചിതശതമാനം സീറ്റുകൾ നീക്കിവെക്കാറുമുണ്ട്. യാത്രാസൗകര്യങ്ങൾ വളരെ കുറവായിരുന്ന പഴയ കാലത്തുതന്നെ നാളന്ദ, തക്ഷശില തുടങ്ങിയ സർവകലാശാലകളിലേക്ക്  വിദേശപഠിതാക്കൾ വന്നിരുന്നുവെന്ന പാരമ്പര്യം നമുക്കുണ്ടെന്നതും ഓർക്കണം.
? ഇന്ത്യയിലും വിദേശത്തും വിദ്യാഭ്യാസമേഖലയിൽ ഒട്ടേറെ അനുഭവങ്ങ
ളുണ്ട് താങ്കൾക്ക്. ഉന്നതവിദ്യാഭ്യാ
സമേഖലയിൽ നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം എന്താണെന്നാണ് കരുതുന്നത്
നമുക്ക് മികച്ച പ്രതിഭകളുണ്ട്. അവരെ വേണ്ടവിധത്തിൽ ഉപയോഗിക്കാൻ കഴിയുന്നില്ലെന്നതാണ് പ്രശ്നം. കഴിഞ്ഞകാലത്ത് വിദ്യാഭ്യാസരംഗത്ത് നാം നേടിയ മികവുകൾ കുറച്ചുകാണുന്നില്ല. എന്നാൽ, ഇതിൽനിന്ന് ഏറെ മുന്നേറേണ്ടതുണ്ട്. ഇവിടെയുള്ള പ്രതിഭാശേഷി പൂർണമായും ഉപയോഗിക്കാൻ കഴിയുംവിധത്തിൽ ഇനിയും ഏറെ ദൂരം പോകേണ്ടതുണ്ട്.