രാത്രി, നേരിയ വൃശ്ചികത്തണുപ്പിൽ മയിലാടയണിഞ്ഞ അഞ്ചു കലാകാരന്മാർ അരങ്ങിൽ അസുരവാദ്യങ്ങൾക്കും വായ്ത്താരികൾക്കും മധ്യേ കാൽത്തള കിലുക്കി ആനന്ദനൃത്തമാടിയപ്പോൾ സദസ്യർ കൈത്താളവും ഹർഷാരവങ്ങളുമായി അവർക്ക് പിന്തുണയേകി. 
ഡോംബിവിലി മോഡൽ സ്കൂളിൽ സംഗീതനാടക അക്കാദമിയുടെയും കേരളീയ സമാജത്തിന്റെയും ആഭിമുഖ്യത്തിൽ അരങ്ങേറിയ  അർജുനനൃത്തം  ഭൂരിപക്ഷം പ്രേക്ഷകർക്കും അജ്ഞേയമായ ഒരു കലാരൂപമായിരുന്നു. എന്നാൽ, നൃത്തവിളക്ക് തെളിഞ്ഞ് മേളം മുറുകിയതോടെ കാണികൾ അർജുനനൃത്തത്തിൽ ലയിച്ചുചേർന്നു. നൃത്തം സദസ്സിലേക്ക് പടർന്നിറങ്ങിയതോടെ  അവരും ക്രമേണ അരങ്ങിന്റെ ഭാഗമായി ‘കല്യാണ സൗഗന്ധികം’ അനുഭവിച്ചറിഞ്ഞു. 
കാളീദേവിയുടെ സവിധത്തിൽ പാർഥൻ നടത്തിയ ആനന്ദനടനമാണ് അർജുനനൃത്തം. വനവാസകാലത്ത് കുന്തീദേവി നെഞ്ചുരുകി പ്രാർഥിച്ചു. പാണ്ഡവരുടെ ദുരിതകാലങ്ങൾക്ക് അറുതിവന്നാൽ കാളിയമ്മയ്ക്ക് നരബലി നടത്താം. കുരുക്ഷേത്രയുദ്ധം കഴിഞ്ഞു. വീണ്ടും യുധിഷ്ഠിരൻ രാജാവായി. പക്ഷേ, മറ്റേത്‌ സാധാരണമനുഷ്യരുടെയും എന്നപോലെ  കുന്തിയുടെ നേർച്ചയും നല്ലകാലം വന്നപ്പോൾ വിസ്മൃതിയിലായി. 
ത്രിലോകജ്ഞാനിയായ നാരദൻ കാളീദേവിയെ കുന്തിയുടെ നേർച്ചയെക്കുറിച്ച് ഓർമിപ്പിക്കുന്നു. യഥാസമയം നരബലി ചെയ്തില്ലെങ്കിൽ പാണ്ഡവരുടെ ദുരിതങ്ങൾ ഇരട്ടിക്കും. അതായിരുന്നു നാരദന്റെ ഉത്കണ്ഠ. ദേവി തന്റെ ദൂതൻവഴി,  കുന്തിയെ ആവശ്യം ധരിപ്പിക്കുന്നു. അമ്മയുടെ ഹിതം നടപ്പാക്കാൻ രാജാവായ യുധിഷ്ഠിരൻ സഭ കൂടുന്നു. എന്നാൽ, തന്റെ പ്രജകളെയൊന്നും ബലിനൽകാൻ ധർമപുത്രർ  തയാറാകുന്നില്ല. അങ്ങനെ ആ ദൗത്യം അർജുനൻ ഏറ്റെടുക്കുന്നു. ഇന്ദ്രപുത്രന്റെ ഈ ദൃഢപ്രതിജ്ഞയിൽ ദേവലോകം നടുങ്ങി. പാർഥനെ ആർക്കും പിന്തിരിപ്പിക്കാനാവില്ല..
വിശ്വകർമാവ് സമ്മാനിച്ച രഥത്തിൽ, മുരുകൻ കൊടുത്ത മയിൽപ്പീലിവസ്ത്രം ധരിച്ച്, സരസ്വതി നൽകിയ കാൽത്തളയിട്ട്,  ദേവേന്ദ്രൻ ദാനംചെയ്ത കിരീടമണിഞ്ഞ് അർജുനൻ സ്വയം ബലിയാകാൻ കാളിയുടെ തിരുസവിധത്തിലെത്തുന്നു. ക്രുദ്ധയായ കാളി അർജുനന്റെ ശരീരത്തിൽ ദംഷ്ട്രങ്ങൾ ആഴ്ത്തി.  
സർവകലാവല്ലഭനും ശ്രീകൃഷ്ണന്റെ പ്രിയതോഴനുമായ, സ്വന്തം പുത്രൻ അർജുനനെത്തന്നെയാണ് കുന്തി ബലിയായി സമർപ്പിക്കുന്നതെന്ന്  ഗ്രഹിച്ചതോടെ ഒരിറ്റ്‌ രുധിരം പാനംചെയ്ത്, ദേവി അർജുനനെ മോചിപ്പിക്കുന്നു. അർജുനൻ ദേവിയുടെ മുന്നിൽ സ്തുതിഗീതങ്ങളോടെ ആനന്ദനൃത്തം ആടുന്നു. 
ഇതാണ് ഈ അനുഷ്ഠാന നൃത്തരൂപത്തിന്റെ ഐതിഹ്യം. കാൽനൂറ്റാണ്ട് മുൻപുവരെ തെക്കൻ കേരളത്തിലെ നിരവധി ക്ഷേത്രങ്ങളിലും തറവാടുകളിലും ഭക്തരുടെ വഴിപാടായി ഈ അനുഷ്ഠാനകല അരങ്ങേറിയിരുന്നു. നൃത്തത്തിനുവേണ്ട ചമയങ്ങളെല്ലാം പണ്ട് പ്രകൃതിയിൽനിന്നായിരുന്നു കണ്ടെത്തിയിരുന്നത്. വിളക്കിൽ പരുത്തിത്തുണി അരിച്ചെടുത്ത കണ്മഷി, ചുണ്ടിലും നെറ്റിയിലും അണിയാൻ ചെങ്കൽപ്പൊടി. നീലയമരിയും മനയോലയും ചേർത്തരച്ച് മുഖമെഴുതി  കാതോടയും കൈവളയും കൊല്ലാരവും കഴുത്താരവും മയിലാടയും അണിഞ്ഞ് രഥത്തിൽനിന്നിറങ്ങുന്ന അർജുനനെ ജനം ഭയഭക്തിയോടെ വണങ്ങിയിരുന്ന ഒരു പുഷ്കലകാലമുണ്ടായിരുന്നു ഈ  പ്രാചീന കലാരൂപത്തിനും.
ഇപ്പോൾ കോട്ടയം ജില്ലയിലെ ഇത്തിത്താനം ഇളങ്കാവ് ദേവീക്ഷേത്രത്തിലും ആലപ്പുഴ കുന്നങ്കേരി ക്ഷേത്രത്തിലും മാത്രമാണ് ആരാധനയുടെ ഭാഗമായി അർജുനനൃത്തം അരങ്ങേറിവരുന്നത്. 
അർജുനൻ നൃത്തം ചെയ്യുമ്പോൾ രണ്ടുപാട്ടുകാർ വായ്ത്താരി ചൊല്ലും.. മുൻകാലങ്ങളിൽ അവയിൽ സംഗീതത്തിന് തെല്ലും സാധ്യത നൽകിയിരുന്നില്ല. സംസ്കൃത-തമിഴ് സ്പർശമുള്ള സ്തുതിഗീതങ്ങൾക്ക് പഴമയുടെ വല്ലാത്തൊരു ശ്രുതിഗരിമയുണ്ട്.  മയിൽപ്പീലിത്തൂക്കം എന്നുകൂടി അറിയപ്പെടുന്ന ഈ നൃത്തത്തിന് ചെണ്ടയും വീക്ക് ചെണ്ടയും ഇലത്താളവും അകമ്പടിസേവിക്കും. മുൻകാലങ്ങളിൽ മദ്ദളവും ഒപ്പമുണ്ടായിരുന്നു.സോപാനസംഗീതത്തിനും നാടൻപാട്ടുകൾക്കും ഇടയിലുള്ള ശാസ്ത്രീയബന്ധിതമല്ലാത്ത ഈ ആലാപനരീതി അർജുനനൃത്തത്തിന്റെ മാത്രം സവിശേഷതയാണ്.നിരവധി പ്രാചീന കലാരൂപങ്ങൾക്കൊപ്പം നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന, അടിമുടി താളപ്രധാനമായ ഈ നൃത്തരൂപം പുതുതലമുറ ഇനിയും വ്യാപകമായി ഏറ്റെടുത്തിട്ടില്ല. 

അർജുനനൃത്തം കുറിച്ചി പാലമൂട്ടിൽ  നടേശന് പരമ്പരാഗതമായി സിദ്ധിച്ച വരദാനമാണ്. മയിൽപ്പീലിത്തൂക്കത്തിന്റെ ആടയാഭരണങ്ങൾ അണിഞ്ഞ്‌ അച്ഛൻ കുറിച്ചി പി.എസ്. കുമാരന്റെ അനുഗ്രഹത്തോടെ ആദ്യവേദിയിലെത്തുമ്പോൾ വയസ്സ്‌ വെറും പത്ത്. നടേശന് അർജുനനൃത്തം കേവലം ഒരു ജീവിതോപാധിയല്ല. ആത്മസാക്ഷാത്കാരത്തിലേക്കുള്ള രാജരധ്യ തന്നെയാണ്.

എങ്ങനെയാണ് ഈ കലയിൽ ആകൃഷ്ടനായത്
ആകൃഷ്ടനായതൊന്നുമല്ല. പെട്ടുപോയതാണ്. അച്ഛനും അപ്പൂപ്പനുമൊക്കെ അറിയപ്പെടുന്ന അർജുനനൃത്തം കലാകാരന്മാരായിരുന്നു. അങ്ങനെ കുലത്തൊഴിൽ കൂടിയായ കലയെ അറിവില്ലാപ്രായം മുതൽ നിലനിർത്താൻ ബാധ്യസ്ഥനായി.

വാക്കുകളിൽ ഒരു പശ്ചാത്താപംപോലെ
അർജുനനൃത്തം തികച്ചും വേറിട്ട ഒരു കലാരൂപമാണ്. പക്ഷേ, അതിന്റെ നല്ല കാലം കഴിഞ്ഞപോലെ. പരിപാടികൾ നന്നേ കുറഞ്ഞിരിക്കുന്നു. ഇത്തരം അപൂർവങ്ങളായ അനുഷ്ഠാനകലകളെ നിലനിർത്താനും പരിപോഷിപ്പിക്കാനും ഉന്നതതലശ്രമങ്ങൾ ഉണ്ടായില്ലെങ്കിൽ ചരിത്രത്തിൽ മാത്രമാവും ഇനി അർജുന നൃത്തത്തിന്റെ സ്ഥാനം. ഇതുപോലെ വംശനാശം കാത്തിരിക്കുന്ന എത്രയോ പൈതൃകകലകൾ....! കലകൊണ്ട് മാത്രം ജീവിതം മുന്നോട്ടുനയിക്കാനാവുന്നില്ല.

സർക്കാരിന്റെ സാംസ്കാരികപരിപാടികളിലൊക്കെ ക്ഷണം ലഭിക്കാറില്ലേ...?
ഉവ്വ്... പക്ഷേ, കൂടുതലും പൊരിവെയിലിൽ വേഷംകെട്ടി ഫ്ലോട്ടുകൾക്കൊപ്പം നടക്കാനാണ് വിധി..

അത് ഒരു മഹത്തായ കലാരൂപത്തെ അവഹേളിക്കലാണ് എന്നുതോന്നിയിട്ടുണ്ടോ...?
ഉണ്ട്... എന്നാലും പോകും. ഇങ്ങനെ ഒരു അനുഷ്ഠാനകാല ഇനിയും ഉയിരോടെയുണ്ട് എന്ന് നാലാൾ അറിയട്ടെ. 

നല്ല പ്രതിഫലം ഉണ്ടാകും അല്ലേ?

പ്രതിഫലമൊക്കെ സർക്കാർ മുൻകൂർ നിശ്ചയിക്കുന്ന ഒരു നിശ്ചിതതുക മാത്രം..

പുരസ്കാരങ്ങൾ ? അംഗീകാരങ്ങൾ?
ഈയിടെ മുംബൈയിൽ(ഡോംബിവിലി)  ലഭിച്ച പ്രൗഢമായ സദസ്സുതന്നെയാണ് എനിക്കുകിട്ടിയ ഏറ്റവുംവലിയ അംഗീകാരം. ആദ്യന്തം ആസ്വദിച്ച കാണികൾ അഭിനന്ദനങ്ങൾകൊണ്ട് മൂടിയപ്പോൾ ശരിക്കും മനസ്സുനിറഞ്ഞു.... കേന്ദ്ര സർക്കാരിന്റെ സീനിയർ ആർട്ടിസ്റ്റിനുള്ള ഫെലോഷിപ്പ് കിട്ടിയിട്ടുണ്ട്. കേരള സാഹിത്യ നാടക അക്കാദമിയുടെയും ഫോക്‌ലോർ അക്കാദമിയുടെയും അവാർഡുകൾ ലഭിച്ചു. പ്രാദേശികമായി പിന്നെയും ചിലത്...

പരമ്പരാഗതകല എന്നനിലയിൽ മകനെ നൃത്തം അഭ്യസിപ്പിക്കുന്നുണ്ടോ.
ഏകമകൻ അഭിലാഷ് ഒൻപതാംക്ലാസ്സിലാണ് നൃത്തകലയിൽ അവന്‌ നല്ല അഭിരുചിയുണ്ട്. അവൻ തൊഴുകൈയോടെ പറഞ്ഞു. അച്ഛന്റെ ഈ  ദുരിത നൃത്തം എനിക്കുവേണ്ട... ഞാൻ നന്നായി പഠിച്ചോളാം.. അവന്റെ അമ്മയും (സീമ) അവന്റെ പക്ഷത്താണ്...

ഇങ്ങനെത്തന്നെയല്ലേ പരമ്പരാഗതകലകൾ കാലം ചെയ്യുന്നത്..
ഉയിരുള്ള കാലം ഞാൻ ഈ കല കൈവിടില്ല. അത്രയുംമാത്രമേ ഇപ്പോൾ പറയാൻ കഴിയൂ.

------------------------------------------------------------------

ഉള്ളതു മതി

അനുഭവം

കുട്ടിശങ്കരൻ, മീരാറോഡ്‌

അഞ്ചാറു മാസം മുമ്പാണ്‌ കഥ നടക്കുന്നത്‌ മുംബൈയിൽനിന്നും, തിരുവനന്തപുരത്തേക്കുള്ള നേത്രാവതി എക്സ്‌പ്രസിലെ ഒരു ശീതീകരിച്ച ത്രീ ടയർ കമ്പാർട്ട്‌മെന്റ്‌ ആണ്‌ പശ്ചാത്തലം. താനെയിൽനിന്ന്‌ കയറിയ ഞാൻ എന്ന കൂട്ടില്ലാത്ത യാത്രക്കാരൻ പുറത്തെ ‘മങ്ങിയ കാഴ്ചകൾ’ കണ്ടുകൊണ്ട്‌ ജനലരികിലിരുന്ന്‌ മടുപ്പിക്കുന്ന ഒരു പകലിനെ എങ്ങനെയെങ്കിലും ഒന്നു തള്ളി നീക്കാൻ പെടാപ്പാട്‌ പെടുന്നു.
എന്നെക്കാൾ പ്രായമുള്ള ഒരു ഭാര്യാഭർത്തൃ ജോഡിയും അവരുടെ സുഹൃത്തുക്കളെന്ന്‌ തോന്നിക്കുന്ന അതേ പ്രായത്തിലുള്ള രണ്ടു സ്ത്രീകളുമായിരുന്നു അടുത്ത ഇരിപ്പിടങ്ങളിലെ യാത്രക്കാർ. ആ മുറിയിലെ ആറാമനായ ചെറുപ്പക്കാരൻ ഏറ്റവും മുകളിൽ കിടക്കാൻ കയറിതാണ്‌. പിന്നെ കണ്ടിട്ടില്ല.
ഇരുന്നിരുന്ന്‌ ആസനം ചൂടാവുമ്പോൾ അത്‌ തണുപ്പിച്ചെടുക്കുവാൻ ഇടത്തേട്ടും വലത്തോട്ടും മാറി മാറി ചെരിഞ്ഞിരിക്കുക എന്ന ഭാരിച്ച കൃത്യനിർവഹണത്തിനിടക്ക്‌ അടുത്തിരിക്കുന്ന മുതിർന്ന സംഘത്തിന്റെ സംസാരം ശ്രദ്ധിക്കുന്നതു മാത്രമായിരുന്നു ഏക വിനോദം (ചെയ്യാൻ പാടില്ലാത്തതാണ്‌; പക്ഷേ, ഏതു സന്ന്യാസിക്കും ചില സമയത്ത്‌ അടി തെറ്റും). സന്ധ്യയായപ്പോഴേക്കും അവരിൽ ഓരോരുത്തരുടെയും ‘ബയോഡാറ്റ’ എനിക്ക്‌ കാണാപ്പാഠമായി. കുടുംബ പശ്ചാത്തലം, നാട്ടിലും മുംബൈയിലുമുള്ള ആസ്തികളുടെ മൂല്യം, ജീവിത സൗകര്യങ്ങൾ, മക്കളുടെയും പേരക്കുട്ടികളുടെയും പേരുകളും പെരുമകകളും, ഔദ്യോഗിക ജീവിതത്തിലെ വിജയഗാഥകൾ, വിദേശ യാത്രാനുഭവങ്ങൾ എന്നു തുടങ്ങി അവരെ സംബന്ധിക്കുന്ന ഏതു സ്വകാര്യവിഷയത്തിലും അവരേക്കാൾ കൂടുതൽ വിജ്ഞാനം എനിക്കുണ്ടായി. ചുരുക്കിപ്പറഞ്ഞാൽ മേൽപറഞ്ഞ സൗഭാഗ്യങ്ങളൊന്നും ഒട്ടുമില്ലാത്ത എന്നെപ്പോലുള്ള ഒരു ശരാശരി മനുഷന്‌ അസൂയയിൽ ആളിക്കത്താനുള്ള വക ഉണ്ടാക്കിവെച്ചിട്ടാണ്‌ നാലു പേരും ഒരുവിധം അവരുടെ ഉന്നതങ്ങളിൽ ഉറങ്ങാൻ കയറിപ്പറ്റിയത്‌.
എനിക്കെന്തോ ഉറക്കം വന്നില്ല. നേരത്തേ പറഞ്ഞ ആ അസൂയയാണോ, കൂടെയുള്ളവരുടെ മുന്നിൽ സ്വയംതോന്നിയ അപകർഷതയാണോ എന്നറിയില്ല; എന്തൊക്കെയോ എന്നെ വല്ലാതെ ചെറുതാക്കുന്നതുപോലെ ഒരു തോന്നൽ. പകൽ മുഴുവൻ കേട്ടുകൊണ്ടിരുന്ന ആത്മകഥകളുടെ ഓരോ അധ്യായവും എന്നെ അൽപാൽപമായി ഒന്നുമില്ലാത്തവനാക്കി മാറ്റിയോ എന്നൊരു സംശയം. ജീവിതസുഖം എന്നൊക്കെ നാം സാധാരണ പറയാറുള്ള ആ അവസ്ഥയ്ക്ക്‌ ഒരു പുതിയ അളവുപാത്രം ഉണ്ടാക്കിയെടുക്കുവാൻ ശ്രമിക്കുകയായിരുന്നു ഞാൻ അന്നു രാത്രി മുഴുവൻ.
എന്റെ ഉറക്കം കെടുത്തിയ നാലു കഥാപാത്രങ്ങളും എന്നെക്കാൾ നേരത്തെ ഉണർന്ന്‌ പഞ്ചസാരയിടാത്ത ചായ വരുന്നതും കാത്ത്‌ ഇരിപ്പായി. വാ തോരാതെ മധുരം സംസാരിച്ചിട്ടും അൽപം വായിൽ വെക്കാൻ വിധിയില്ലാത്ത ആ പാവങ്ങളുടെ ഗതികേടിൽ സഹതപിച്ചില്ലെങ്കിലും സന്തോഷിക്കാൻ പാടില്ലാത്തതാണ്‌. തെറ്റാണെന്നറിഞ്ഞിട്ടും ഒരു അധോഗതിക്കാരന്റെ അസൂയാജന്യമായ ആനന്ദം ആ പാതിയുറക്കത്തിലും ഞാൻ അനുഭവിച്ചു.
നേരം വെളുത്തപ്പോൾ കുറെക്കൂടി കാര്യങ്ങൾ വെളിവായി. എനിക്കില്ലാത്തതും ഇന്നലെ വെളിപ്പെടുത്താത്തതുമായ ഒരുപാടു സമ്പാദ്യങ്ങൾ വേറെയുമുണ്ട് എന്റെ സഹയാത്രികർക്ക്‌. ഞങ്ങളുടെ നാട്ടിലെ അപ്പുണ്ണിപ്പണിക്കർ കവടി നിരത്തുന്നതുപോലെ കൈയിലെ കിഴി കെട്ടഴിച്ച്‌ പല വർണത്തിലുള്ള ഗുളികകൾ വാരിനിരത്തി എണ്ണി കണക്കാക്കി കൈത്തഴക്കത്തോടെ വാരി വിഴുങ്ങി വെള്ളം കുടിക്കുന്നതും പരസഹായമില്ലാതെ സ്വന്തം ശരീരത്തിൽ മരുന്നു കുത്തിക്കയറ്റുന്നതും ഏതോ ഗുരുകാരണവന്മാർ പറഞ്ഞുപഠിപ്പിച്ച പ്രഭാതകൃത്യങ്ങൾപോലെ ക്രമമായി അനുഷ്ഠിക്കുന്ന ആ നാലു വയോജനങ്ങളെ കണ്ടപ്പോൾ ഇന്നലെ മുഴുവൻ എന്റെ നിസ്വതക്ക്‌ പഴി പറഞ്ഞ ദൈവത്തെ അൽപം ചമ്മലോടെ ഞാൻ തൊട്ടുവിളിച്ചു. എന്നിട്ട്‌ ആരും കേൾക്കാതെ പറഞ്ഞു. ‘‘ദേ, ഇന്നലെ ഞാൻ പറഞ്ഞതൊക്കെ മഹാ വിവരക്കേടായിപ്പോയി. ക്ഷമിക്കണം. എനിക്ക്‌ ഒരു പരാതിയുമില്ല. അവിടുന്ന്‌ എനിക്ക്‌ ഇനി അധികമായി യാതൊന്നും തരേണ്ട. ഞാൻ ഇനി ഒന്നും ചോദിക്കയുമില്ല. പക്ഷേ തന്നതൊന്നും തിരിച്ചെടുക്കരുതേ.... സത്യമായിട്ടും ഞാനിനി നന്ദികേട്‌ പറയുകയേ ഇല്ല.

----------------------------------------------------------------------------

ഒരു ലാറ്റിനമേരിക്കൻ വായനപോലെ

പ്രേമൻ ഇല്ലത്ത്‌

കർക്കടകമഴ ആരോഹണാവരോഹണ താളത്തിൽ  പെയ്തുകൊണ്ടിരുന്ന ഒരു ജൂൺമാസത്തിലാണ്‌ ഞാൻ ജീവിതം നീന്താൻ ബോംബെയിലിറങ്ങുന്നത്‌.
ഉപനഗരങ്ങളിലൂടെ ഇടവിട്ടൊഴുകിയെത്തുന്ന വണ്ടികളിൽ  നുരച്ചും പതഞ്ഞും ഒടുവിൽ വിക്ടോറിയ ടെർമിനസ്സിൽ പൊട്ടിയൊഴുകി, എങ്ങോട്ടോ ഇല്ലാതായിപ്പോകുന്ന ബോംബെ ജീവിതത്തിന്റെ ഭ്രമാത്മകത ആദ്യകാലങ്ങളിൽ  അമ്പരപ്പിച്ചിരുന്നു. കിനാവള്ളിപോലെ വരിഞ്ഞുമുറുക്കുന്ന ഒരു ലാറ്റിനമേരിക്കൻ വായനപോലെയാണ്‌ മുംബൈയെ ഇന്നെനിക്ക്‌ സംഗ്രഹിക്കാനാവുന്നത്‌.
പണവും മയക്കുമരുന്നും ദൈവങ്ങളും രാഷ്ട്രീയവും  അധോലോകവും ചുവന്ന തെരുവുകളും കലയും സാഹിത്യവും സംസ്കാരങ്ങളും റെയിൽപ്പാളങ്ങളും ഒപ്പം ഹൃദയംതൊടാത്ത  വാക്കും സ്നേഹവും പ്രകടനാത്മകതയും പ്രണയവും പ്രതികാരവും കൂടിക്കുഴഞ്ഞ ഒരു മാജിക്കൽ റിയലിസ്റ്റിക്‌ വായന. എന്റെ മുംബൈ വെയിലേറ്റങ്ങൾ ഉത്തരാഹ്നത്തിലേക്ക്‌ ചായുമ്പോൾ, പറിച്ചുമാറ്റാനാവാത്ത നഗരമറുകുകൾ ആത്മചേതനകളെ  ത്വരിപ്പിച്ചുകൊണ്ട്‌ പൊള്ളച്ച്‌ നിൽപ്പുണ്ട്‌.
കാലങ്ങളായി നഗരം ജാഗ്രതയോടെ കാത്തുവെച്ചിരുന്ന    ബഹുസ്വരതയുടെയും മാനവികതയുടെയും വിശുദ്ധചർമം ധ്വംസിക്കപ്പെട്ട്‌, മുംബാദേവി ചോരയൊലിച്ചുകിടന്ന 1993-ലെ കലാപദിനങ്ങൾ ചരിത്രത്തെപ്പോലും  ഭീതിയിലാഴ്ത്തുന്നതായിരുന്നു. ജെ.ജെ. ഹോസ്പിറ്റലിൽ കഴിയുന്ന ബന്ധുവിന്‌ മരുന്നുവാങ്ങിക്കാൻ മുഹമ്മദലിറോഡിലൂടെ  മരുന്നുഷോപ്പന്വേഷിച്ചുനടന്ന റഷീദ്‌ എന്ന തലശ്ശേരിക്കാരൻ ചെറുപ്പക്കാരനെ, ഒരു മജീഷ്യന്റെ കൈയൊതുക്കത്തെ വെല്ലുന്ന ക്ഷണനേരത്തിൽ തന്നിലേക്കലിയിച്ചെടുത്ത  മുംബാദേവിയുടെ രൗദ്രഭാവം അടുത്തറിഞ്ഞിട്ടുണ്ട്‌. ആ  ഇരുപത്തിരണ്ടുകാരന്‌ എന്തുസംഭവിച്ചുവെന്ന ഉരുകുന്ന ഉത്‌കണ്ഠയും വേദനയും നിരാലംബരായ  മാതാപിതാക്കൾക്കൊപ്പം മണ്ണടിഞ്ഞിട്ടും കാലമേറെയായി.
പ്രവാസത്തിന്റെ സർപ്പദംശനമേറ്റ യൗവനങ്ങൾ നഗരത്തിന്റെ സിരകളിലൂടെയൊഴുകിപ്പോയ, ഉള്ളംപൊള്ളുന്ന സ്മരണകൾ പക്ഷേ, കാലത്തിന്‌ മായ്ക്കാനെളുപ്പമല്ല. 
കൃഷ്ണപ്രിയയെന്ന സുന്ദരിയായ പെൺകുട്ടി നരിമാൻ  പോയന്റിലെ തുൾസിയാനി ചേമ്പേഴ്‌സിലുള്ള ഐവറി അഡ്വൈർടൈസിങ്‌ കമ്പനിയിലെ കിലുക്കാംപെട്ടിയായിരുന്നു. തൊട്ടടുത്ത ഓഫീസിലായിരുന്ന ഞാനും അവളെ അങ്ങനെത്തന്നെയായിരുന്നു വിളിച്ചിരുന്നത്‌. ഒരു ചെറുപ്പക്കാരനും അവഗണിക്കാനാവാത്ത സാന്നിധ്യമായിരുന്നു. ബോംബെ സെൻട്രലിലേതോ പരസ്യക്കമ്പനിയിൽ ജോലിചെയ്തിരുന്ന അതിസുന്ദരനായ മധുവുമായവൾ അടുപ്പത്തിലായതും ശനിയാഴ്ചകളിൽ കമ്പനിവിടുന്ന പകുതി ദിവസങ്ങളിൽ ബോംബെയുടെ സാഗരതീരങ്ങളുടെ സൗന്ദര്യദീപ്തികൾ നുണയുന്നതുമെല്ലാം ഒരു പ്രണയിനിയുടെ നിഷ്കളങ്ക വചനങ്ങളിൽ അവൾ പങ്കുവെക്കുമായിരുന്നു.
രണ്ടുവർഷത്തെ മനസ്സറിഞ്ഞ പ്രണയസല്ലാപങ്ങൾക്കൊടുവിൽ അവർ വിവാഹിതരാവാൻ തീരുമാനിച്ച ദിവസങ്ങളിലൊന്നിൽ കൃഷ്ണപ്രിയ കരഞ്ഞുകലങ്ങിയ കണ്ണുകളുമായി എന്റെ കാബിനിലെത്തി. ഒരിക്കലും അങ്ങനെ കണ്ടിട്ടില്ലാത്ത അവളുടെ വാടിയ മുഖകാന്തി ആകാംക്ഷയും അദ്‌ഭുതവുമുളവാക്കിയ എന്റെ ചോദ്യങ്ങൾ, അവളുടെ കണ്ണീരിൽ കലങ്ങിയപ്പോൾ അവൾ പൊടുന്നനെ എഴുന്നേറ്റുപോയി. തൊട്ടടുത്ത ദിവസം അവൾ ഓഫീസിലെത്തിയില്ല. മൂന്നാംനാൾ ഒബ്‌റോയ്‌ ഹോട്ടലിന്റെ മുൻവശത്തെ കടൽഭിത്തിക്കരികിൽ അവളുടെ പ്രിയപ്പെട്ട അറബിക്കടൽ അവളുടെ വീർത്ത്‌ വികൃതമായ ശരീരം സുരക്ഷിതമായി അടുപ്പിച്ചു.
എന്തിനീ കടുംകൈ ചെയ്തതെന്നറിയാതെ നീറിയിരുന്ന എന്റെ മനസ്സിനെ തളർത്തിയ വാർത്തയായിരുന്നു പിന്നീടറിഞ്ഞത്‌. കൃഷ്ണപ്രിയയുടെ കാമുകൻ മധു കെ.ഇ.എം. ഹോസ്പിറ്റലിൽ അത്യാസന്നനിലയിലായിരുന്നെന്നും അയാൾ എയ്‌ഡ്‌സ്‌ രോഗിയായിരുന്നെന്നുമായിരുന്നു ആ വാർത്ത.
ഇന്ന്‌ അറബിക്കടലിന്റെ അങ്ങേയറ്റത്ത്‌ അറബിനാട്ടിലെ  ജീവിതത്തിരകൾക്കിടയിലും ചിലപ്പോൾ എങ്ങോനിന്നുവന്ന്‌ പൊട്ടിച്ചിതറിപ്പോകുന്ന ഓർമയുടെ ഓളമായി കൃഷ്ണപ്രിയ ഒപ്പംകൂടാറുണ്ട്‌.
കക്കയം ക്യാമ്പിലെ കറുത്ത പകലുകൾ ഉടലോടെ തിന്നുതീർത്ത പി. രാജൻ എന്ന എൻജിനീയറിങ്‌ വിദ്യാർഥിയുടെ നിഷ്ഠുര  കൊലപാതകത്തിന്‌ പ്രതികാരംചെയ്യാൻ, പഠനമുപേക്ഷിച്ച്‌ തീവ്ര ചിന്താസരണികളിലഭയംപ്രാപിച്ച്‌ എൺപതുകളിൽ കോഴിക്കോട്‌ കേന്ദ്രമായി ജനകീയ സാംസ്കാരികവേദിയുടെ പ്രവർത്തകനാകുകയും പിന്നീടുനടന്ന ‘ജനകീയ വിചാരണ’കളിലും മറ്റും പ്രതിയായി പോലീസിന്റെ നോട്ടപ്പുള്ളിയായി ഒടുവിൽ മുംബൈയിലെത്തിയ  ഡാനിയേൽ എന്ന വിപ്ലവകാരിയെയും നഗരം കാത്തുവെച്ചില്ല.
ഗോറിഗാവിലെ എരുമത്തൊഴുത്തുകളിലൊന്നിൽ രാമകൃഷ്ണൻ നായരായി ജോലിചെയ്യുന്ന കാലത്താണ്‌, വടകരയിലെ ഒരു സുഹൃത്ത്‌ വഴി ഞാൻ ഡാനിയേലിനെ പരിചയപ്പെടുന്നത്‌.  ഒരു സിനിമാതിരക്കഥയെ വെല്ലുന്ന അത്യന്തം ഉദ്വേഗജനകമായ  ഡാനിയേൽ ആടിത്തീർത്ത മുംബൈജീവിതം, ഞാനിപ്പോൾ എഴുതിക്കൊണ്ടിരിക്കുന്ന മുംബൈ പശ്ചാത്തലത്തിലുള്ള നോവലിൽ (ഉപനഗരങ്ങളുടെ സൂര്യൻ) അനാവരണം ചെയ്യുന്നുണ്ട്‌.
വെങ്കിടേഷ്‌ പ്രജാപതി എൺപതുകളിൽ ബോംബെ നഗരത്തിലെ അറിയപ്പെടുന്ന പത്രപ്രവർത്തകനായിരുന്നു.  പക്ഷേ, അയാൾ പത്രം വിൽക്കുകയും ചെയ്യുമായിരുന്നു.  മുനിസിപ്പൽ കോർപ്പറേഷൻ ആസ്ഥാനത്തിനരികിലെ ബസ്‌ ഷെൽട്ടറിനോടുചേർന്ന്‌  ഒരു പ്ലാസ്റ്റിക്‌ കൂടാരത്തിലെ പുസ്തകങ്ങളും പത്രമാസികകളും കൂട്ടിയിട്ടിരിക്കുന്ന ഒരു പത്രക്കട. തലേദിവസത്തെ മലയാളപത്രം കിട്ടുമായിരുന്നു. അവിടെ അങ്ങനെയാണ്‌ വെങ്കിടേഷ്‌ പ്രജാപതിയുമായി ഞാൻ അടുക്കുന്നത്‌. ഇംഗ്ലീഷ്‌ സംസാരവും ആകർഷകമായ പെരുമാറ്റവും പുലർത്തിയ അയാളുടെ വേഷം നിറമറ്റ ടീഷർട്ടും അയഞ്ഞ പാൻറ്‌സുമായിരുന്നു. നീട്ടിവളർത്തിയ മുടിയും താടിയും കറുപ്പും വെളുപ്പും കലർന്ന്‌ തൂങ്ങിക്കിടന്നു. മനുഷ്യാവകാശപ്രവർത്തകനും സാമൂഹികസേവകനും മറ്റെന്തൊക്കെയോ ആയിരുന്നു വെങ്കിടേഷ്‌ പ്രജാപതി.
ഒരുനാൾ ചാറ്റൽമഴയോടൊപ്പം ഓഫീസിലെത്താനുള്ള അതിവേഗ ഗമനത്തിനിടയിൽ െവങ്കിടേഷിന്റെ കൂടാരത്തിലേക്കൊന്ന്‌ നോക്കിയതാണ്‌. ചാറ്റൽമഴയിൽ നിവർന്നുകിടന്ന്‌ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്ന വെങ്കിടേഷ്‌. അദ്ദേഹത്തെ അറിയുന്ന നൂറുകണക്കിന്‌ മുംബൈ നിവാസികൾ രക്ഷിക്കുമെന്ന ആത്മഗതത്തോടെ ഞാൻ മുംബൈക്കാലിൽ ഓഫീസിലേക്ക്‌ ആഞ്ഞുചവിട്ടി.
വൈകുന്നേരം ആകാംക്ഷയോടെ തിരിച്ചുവന്നപ്പോൾ വെങ്കിടേഷ്‌ അവിടെത്തന്നെയുണ്ട്‌. നിശ്ചലമായ ശരീരവും നനഞ്ഞുകുതിർന്ന പത്രങ്ങളും പ്രസിദ്ധീകരണങ്ങളും.
ഡൽഹിയിലെ സിഖ്‌ കലാപത്തിൽ ഭർത്താവിന്റെയും മൂന്ന്‌ ആൺമക്കളുടെയും കത്തിക്കരിഞ്ഞ ശരീരങ്ങൾ പൊള്ളിച്ച ഹൃദയവുമായി ഉല്ലാസ്‌ നഗറിലെ ഗുരുദ്വാരയ്ക്കടുത്ത്‌ അനാഥ ബാലമന്ദിരം നടത്തിയിരുന്ന അമൃതസിങ്ങും മുംബൈയുടെ ചേരുവകകളിലുണ്ട്‌.
‘അധിനിവേശകാലത്തെ പ്രണയം’ എന്ന കഥാസമാഹാരത്തിൽ വെങ്കിടേഷ്‌ പ്രജാപതിയെയും  അമൃത സിങ്ങിനെയും (അമൃതയുടെ മക്കൾ) ഞാൻ കഥകളാക്കിയിട്ടുണ്ട്‌.
അനാദിയിലൂടെന്നപോലെ നിലയ്ക്കാത്ത മനുഷ്യജീവിതത്തിന്റെ ഒഴുക്കാണ്‌ മുംബൈ നഗരത്തിന്റെ കരുത്ത്‌.
‘സെയിൻ’ നദിയുടെ ഒഴുക്കുനിലച്ചാൽ യൂറോപ്പിന്റെ  ചരിത്രവും അവസാനിക്കുമെന്ന്‌ വിഖ്യാത സാഹിത്യകാരൻ ഴാങ്‌ പോൾ സാർത്ര്‌ ഒരിക്കൽ പറയുകയുണ്ടായി.
ഒരു ഭൂഖണ്ഡത്തിന്റെതന്നെ സാംസ്കാരിക സമന്വയത്തിന്റെ ഹൃദയവാഹിനിയായാണ്‌, അത്‌ പാരീസിനെ ഉന്മത്തയാക്കി ഇംഗ്ലീഷ്‌ ചാനലിലേക്ക്‌ അന്തർലീനമാക്കുന്നത്‌.
മുംബൈയുടെ ജൈവകാമനകളുടെ വേഗത്തിമിർപ്പുകളിൽ അറ്റുപോകാതൊഴുകുന്ന മനുഷ്യക്കൂട്ടങ്ങൾ, ഒരു മഹാരാജ്യത്തിന്റെതന്നെ സാംസ്കാരികവാഹിനികൂടിയാണ്‌. ഈ ഒഴുക്കൊന്നുനിലച്ചാൽ, മുംബൈ എന്ന ചരിത്രനഗരത്തിന്റെയും വിധി സെയിനില്ലാത്ത പാരീസിന്‌ തുല്യം.