സുരേഷ്‌കുമാർ ടി. sureshkumartmumbai@gmail.com

മുംബൈ നഗരത്തെപ്പറ്റി?
ഞാൻ ജനിച്ചുവളർന്നത്  മുംബൈയിലാണ്. മലയാളിവേരുണ്ടെങ്കിലും എന്റെ മണ്ണ് മുംബൈയാണ്. എന്റെ മനസ്സിൽ മുംബൈ ഒരു സ്പെഷ്യൽ പ്ലെയ്‌സാണ്. എത്രയൊക്കെ ലോകം ചുറ്റിയാലും മുംബൈയിൽ കിട്ടുന്ന കംഫർട്ട് ലെവൽ എവിടെയും കിട്ടില്ല. ചെറുപ്പത്തിൽ കേരളത്തിലേക്ക് ഞങ്ങൾ അവധിക്കാലം ചെലവഴിക്കാൻ പോകുമായിരുന്നു. ബന്ധുക്കൾ ഒത്തിരിയുണ്ട് അവിടെ.  മുംബൈയിൽ എനിക്ക് മലയാളി ഫ്രണ്ട്‌സ് കുറവാണ്. ഞാൻ പഠിച്ചത് പാഴ്‌സി സ്കൂളിലായിരുന്നു.  കോളേജിലെ സഹപാഠികളിലും മലയാളികളില്ലായിരുന്നു. എനിക്ക് കുറേ മിക്സ് ഫ്രണ്ട്‌സാണുള്ളത്. അവരിൽ സൗത്തിന്ത്യൻസ് കുറവാണ്. ഞാൻ  അത്തരമൊരു ചുറ്റുപാടിലായിരുന്നു. മുംബൈയിൽ എന്റെ മാതാപിതാക്കളുടെ അടുത്ത സുഹൃത്തുക്കളെല്ലാം മലയാളികൾ തന്നെയാണ്. നാടുവിട്ട് ഒരു പുതിയ സ്ഥലത്തുവരുമ്പോൾ സ്വന്തം നാട്ടുകാരുമായി ഉണ്ടാകുന്ന ചങ്ങാത്തം. നമ്മൾ നമ്മുടെ  ആൾക്കാരുമായിട്ടാണല്ലോ പെട്ടെന്ന് അടുക്കുക. അന്നത്തെ കാലത്ത് മലയാളം പടം തിയേറ്ററിൽ വരുമ്പോൾ അവർ പോയി കാണുകയൊക്കെ ചെയ്തിരുന്നു.

മുംബൈയിൽ ഇപ്പോൾ പുതിയ മലയാള ചിത്രങ്ങൾ റിലീസ് ചെയ്യുന്നുണ്ട്. കാണാറുണ്ടോ
സൗത്തിന്ത്യൻ പടങ്ങൾ കാണുന്ന സന്ദർഭങ്ങൾ കുറവാണ്. ഞാൻ താമസിക്കുന്നതിനടുത്ത് മലയാള സിനിമകളുടെ റിലീസ് ഇല്ല. അടുപ്പമുള്ള ആരെങ്കിലും നല്ലതെന്നുപറയുന്ന മലയാളം ചിത്രങ്ങൾ ഡി.വി.ഡി. സംഘടിപ്പിച്ച് കാണാറുണ്ട്. ഹിന്ദി പടങ്ങളാണ് കൂടുതലും കാണുന്നത്.

മലയാളം
ഞങ്ങളെ വീട്ടിൽ മലയാളികളായിട്ടുതന്നെയാണ് വളർത്തിയിരിക്കുന്നത്. മോറൽ വാല്യൂസ്, ഭക്ഷണം എല്ലാം കേരളീയമായിത്തന്നെയാണ് പഠിപ്പിച്ചത്. താമസം മുംബൈയിലാണെന്നേയുള്ളൂ, രീതികളൊക്കെ നാട്ടിലെയായിരുന്നു. സയൺ ചുനാഭട്ടിയിലായിരുന്നു ചെറുപ്പകാലം. പിന്നീട് ചെമ്പൂരിലേക്ക് മാറി. ഞാനിപ്പോൾ  കുടുംബവുമായി ബാന്ദ്രയിലെ പാലി ഹില്ലിലാണ് താമസം. പപ്പയും മമ്മിയും ഇപ്പോഴും ചെമ്പൂരിലാണ്. അവർ നാടുവിട്ടിട്ട് ഒത്തിരി വർഷങ്ങളായി. നാട്ടിൽ അവർക്ക് ബന്ധങ്ങളൊന്നുമില്ല. അവരുടെ ശരിക്കുമുള്ള ജീവിതം തുടങ്ങിയത് ഇവിടെയാണ്. ഞങ്ങളെല്ലാവരും ഇടയ്ക്ക് കൂടാറുണ്ട് ചെമ്പൂരിൽ.

മുംബൈയിലെ പ്രിയപ്പെട്ട സ്ഥലം
ബാന്ദ്ര പാലിയിൽ താമസിക്കുന്നതുകൊണ്ട് ഇവിടെ ഒത്തിരി ഇഷ്ടമാണ്. ഈ ചുറ്റുപാടിലാണ് ഞാൻ ഇപ്പോൾ കൂടുതലുമുള്ളത്. പച്ചക്കറി വാങ്ങാനും മറ്റും പുറത്തുപോകുന്നു. ഇവിടെ സ്വതന്ത്രമായി ഇറങ്ങിനടക്കാമെന്നതാണ് വലിയ ഗുണം.

മുംബൈയിലെ ലോക്കൽ ട്രെയിൻ യാത്ര....
ഞാൻ കോളേജിൽ പോയിക്കൊണ്ടിരുന്നത് ലോക്കൽ ട്രെയിനിലാണ്. മമ്മിയുടെ ഓഫീസും എന്റെ കോളേജും വിക്ടോറിയ ടെർമിനസിലായിരുന്നു. ഞങ്ങൾ ഒരുമിച്ചാണ് പോയിക്കൊണ്ടിരുന്നത്. തിരിച്ചുവരുമ്പോൾ സമയം വ്യത്യസ്തമായിരുന്നതിനാൽ ഞാൻ കൂട്ടുകാരുടെ കൂടെ പോരും. എന്റെ മക്കളെയും ഞാൻ ലോക്കൽ ട്രെയിനിൽ കൊണ്ടുപോയിട്ടുണ്ട്.

സറീന മൊയ്തു സിനിമയിലെത്തിയപ്പോൾ
നദിയ മൊയ്തുവായി. ആരാണ് ഈ പേരിട്ടത്

നോക്കെത്താദൂരത്ത് കണ്ണുംനട്ട് എന്ന സിനിമയിലേക്ക് വന്നപ്പോൾ കിട്ടിയ പേരാണ് നദിയ. ഫാസിലങ്കിളിന്റെ സഹോദരൻ നാസറിന്റെ ഭാര്യയാണ് നദിയ എന്ന പേര് നിർദേശിച്ചതെന്നാണ് ഞാൻ കേട്ടിട്ടുള്ളത്. അക്കാലത്ത് സറീന വഹാബ് സിനിമയിൽ അഭിനയിക്കുന്നുണ്ടായിരുന്നു. അതുമായി  ക്ലാഷ് ആകണ്ട എന്നുകരുതിയിട്ടാണ് സറീന എന്ന പേരുമാറ്റി നദിയ ആക്കാൻ തീരുമാനിച്ചത്. സിനിമയ്ക്ക്‌ പുറത്തുള്ളവരെല്ലാം  എന്നെ ഇപ്പോഴും അറിയുന്നത് സറീനയായിട്ടാണ്.

‘മേനെ പ്യാർ കിയാ’ എന്ന ഹിന്ദി ചിത്രത്തിൽ സൽമാന്റെ  നായികയാകാൻ അവസരം ലഭിച്ചിരുന്നല്ലോ
കല്യാണം തീരുമാനിച്ച വേളയിലാണ് മേനെ പ്യാർ കിയായിലേക്ക് വിളിവന്നത്. അതുകൊണ്ട് ആ ക്ഷണം സ്വീകരിച്ചില്ല. അതിനുമുമ്പും ഒന്നുരണ്ട് ഹിന്ദി പടങ്ങൾ വന്നിരുന്നു. പക്ഷേ, സൗത്തിൽ ബിസിയായിരുന്നതിനാൽ സ്വീകരിക്കാനൊത്തില്ല. സൗത്തിൽ എന്റെ ടേംസ് ആൻഡ് ആൻഡ് കണ്ടീഷൻ അനുസരിച്ച് എനിക്ക് പടങ്ങൾ കിട്ടുന്നുണ്ടായിരുന്നു. അതൊക്കെ വിട്ട് എന്തിന് ഹിന്ദിയിലേക്ക് വരണം എന്നായിരുന്നു ചിന്ത. അതുകൊണ്ട് ഹിന്ദിയിൽ വലിയ താത്പര്യമെടുത്തില്ല.

‘മേനെ പ്യാർ കിയാ’  സൂപ്പർഹിറ്റായപ്പോൾ അതിൽ അഭിനയിക്കാത്തതിൽ വിഷമം തോന്നിയോ
അതിൽ അഭിനയിക്കാൻ  സാധിച്ചില്ലല്ലോ എന്ന വിഷമം എനിക്കൊട്ടുമില്ല. അപ്പോൾ എനിക്കുതോന്നി വിവാഹമാണ് മുഖ്യമെന്ന്. എല്ലാറ്റിനും ഒരു സമയമുണ്ട്. ആ സമയത്തിനനുസരിച്ച് നമ്മളത് ചെയ്യണം. സമയം പോയിക്കഴിഞ്ഞാൽ അത് തിരിച്ചുകിട്ടില്ല. ജീവിതത്തിൽ എല്ലാം കിട്ടുകയില്ല, കിട്ടുന്നതുവച്ച് നമ്മൾ സന്തോഷിക്കുകയാണ് വേണ്ടത്.

പിന്നീടും ഹിന്ദി ചിത്രത്തിൽ അഭിനയിച്ചില്ല?
ഇല്ല. ഹിന്ദിചിത്രത്തിലൊന്നും ഞാൻ അഭിനയിച്ചിട്ടില്ല.  എനിക്ക് പി.ആർ.ഒ. ഇല്ല, മാനേജരില്ല. സെൽഫ് പ്രൊമോഷനും മാർക്കറ്റിങ്ങുമില്ല. എന്നെ അഭിനയിപ്പിക്കണമെന്നു തോന്നാൻ  ബോളിവുഡിൽ ഞാനത്ര പ്രശസ്തയുമല്ലല്ലോ.

വിവാഹശേഷം അഭിനയരംഗത്ത്  തുടരുന്നതിൽ  
ഭർത്താവിന്റെ ഭാഗത്തുനിന്നുള്ള സഹകരണം

കുടുംബജീവിതവും ജോലിയും ഒരുമിച്ചുകൊണ്ടുപോകാൻ സാധിക്കണമെന്നേയുള്ളൂ. എന്നെക്കൊണ്ട് പറ്റുന്ന രീതിയിൽ ഞാനത് ബാലൻസ് ചെയ്ത് കൊണ്ടുപോകുന്നുണ്ട്. ശിരിഷിനറിയാം, ഞാൻ എന്റെ പ്രൈംടൈമിലാണ് സിനിമ വിട്ട് വിവാഹിതയായതെന്ന്.  അദ്ദേഹത്തിന് വിവാഹശേഷമാണ് മനസ്സിലായത് ഞാൻ തിരക്കുള്ള അഭിനേത്രിയായിരുന്നെന്നും എനിക്ക് ഏറെ ഫാൻസുണ്ടായിരുന്നെന്നും. തമിഴ് ചിത്രം എം. കുമരൻ സൺ ഓഫ് മഹാലക്ഷ്മിയിലേക്ക് വിളിവന്നപ്പോൾ ശിരിഷ് പറഞ്ഞു, അവസരം കളയണ്ട, നീ ചെയ്തുനോക്ക് എന്ന്. ആ പടം വലിയ ഹിറ്റായി.

ആഗ്രഹം
ഒരു മറാഠി ചിത്രത്തിൽ  അഭിനയിക്കണമെന്നത് എന്റെ വലിയ ആഗ്രഹമാണ്. ഞാൻ ജനിച്ചുവളർന്നത്  ബോംബെയിലാണ്. മറാഠി ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് ഈ നാടിന് എന്തെങ്കിലും തിരിച്ചുകൊടുക്കണമെന്ന് ആഗ്രഹമുണ്ട്. അത്തരമൊരു അവസരത്തിനായി കാത്തിരിക്കുന്നു. അവിശ്വസനീയമായ വളർച്ചയാണ് ഇപ്പോൾ മറാഠിസിനിമയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

പുതിയ പ്രോജക്ടുകൾ
ത്യാഗരാജൻ കുമാരരാജയുടെ തമിഴ് ചിത്രമാണ്  ഉടനെ ചെയ്യാൻ പോകുന്നത്. അതുകഴിഞ്ഞ് അല്ലു അർജുനൊപ്പം തെലുങ്കുപടം.

അടുത്ത മലയാള ചിത്രം എന്നായിരിക്കും
ഒരു മലയാളം സിനിമയുടെ ചർച്ച നടന്നിരുന്നു. അന്തിമ തീരുമാനമായില്ല. സ്‌ക്രിപ്റ്റുകൾ വരുന്നവയിൽ അധികവും എനിക്ക് കാര്യമായൊന്നും ചെയ്യാനില്ലാത്തവയാണ്. എന്റെ ഇന്നത്തെ പ്രായത്തിനനുസരിച്ച് റോളുള്ള നല്ല സ്‌ക്രിപ്റ്റ് വരാനും ബുദ്ധിമുട്ടാണ്.

ദീപാവലി
മുംബൈയിലെ പ്രധാന ഫെസ്റ്റിവൽ ആയതുകൊണ്ടുതന്നെ ദീപാവലി ഞങ്ങൾക്കും വലിയ ആഘോഷമായിരുന്നു. ഞങ്ങൾ ഏറ്റവും കൂടുതൽ ആഘോഷിക്കുന്നത് ദീപാവലിയാണ്. ദീപാവലിക്ക് രംഗോലി ഇടലാണ് പ്രധാന കലാപരിപാടി.   അതിപ്പോഴുമുണ്ട്. ആർട്സ്  കോളേജിൽ  പഠിച്ചതുകൊണ്ടുതന്നെ അതിന് പ്രത്യേക താത്പര്യമുണ്ടായിരുന്നു. ഓണത്തിന് അത്തപ്പൂവിടുന്നപോലെ രംഗോലിയും എന്റെ ഡിപ്പാർട്ട്മെന്റായിരുന്നു.

*****************************************
വോൾട്ടെ പിന്തുണയോടെ
പാനസോണിക് പി 99

എലുഗ ശ്രേണിയിലെ സ്മാർട്ട്‌ഫോണുകൾക്ക് പിന്നാലെ പാനസോണിക് മറ്റൊരു ബജറ്റ് സ്മാർട്ട്‌ഫോൺ കൂടി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. പി 99 എന്ന പുതിയ ഫോൺ ആൻഡ്രോയിഡ് നോഗട്ട് ഓപ്പറേറ്റിങ്‌ സിസ്റ്റത്തിൽ പ്രവർത്തിക്കുന്നതും 4 ജി വോൾട്ടെ കണക്ടിവിറ്റിയുള്ളതുമാണ്. വില 7490 രൂപ. കമ്പനിയുടെ ബ്രാൻഡ് ഷോപ്പുകൾ വഴിയും റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ വഴിയും ഫോൺ വിൽപ്പനയാരംഭിച്ചുകഴിഞ്ഞു.
 അഞ്ച് ഇഞ്ച് എച്ച്.ഡി. ഡിസ്‌പ്ലെയുള്ള ഫോണിൽ 1.25 ജിഗാ ഹെർട്‌സ് ക്വാഡ് കോർ പ്രോസസർ ഉപയോഗിച്ചിരിക്കുന്നു. രണ്ട് ജി.ബി.യാണ് റാം. പിറകുവശത്ത് എൽ.ഇ.ഡി. ഫ്ളാഷോടെയുള്ള എട്ട് മെഗാപിക്സൽ ക്യാമറയുണ്ട്. മുൻവശത്തുള്ളത് അഞ്ച് മെഗാപിക്സലിന്റെ ക്യാമറ. പ്രൊഫഷണൽ, നൈറ്റ്, വാട്ടർമാർക്ക്, െബസ്റ്റ് ഷോട്ട്, ബ്യൂട്ടി, എച്ച്.ഡി.ആർ. തുടങ്ങിയ സവിശേഷതകളുള്ളതാണ് പിൻക്യാമറ. മുൻവശത്തുള്ള സെൽഫി ക്യാമറയും ഏതാനും ക്യാമറ മോഡുകൾ പിന്തുണയ്ക്കും.
 16 ജി.ബി. ആന്തരിക സംഭരണ ശേഷിയുള്ള പി 99-ൽ 128 ജി.ബി.വരെയുള്ള എസ്.ഡി. കാർഡുകൾ ഉപയോഗിക്കാനാവുമെന്ന് പാനസോണിക് അവകാശപ്പെടുന്നു. 145 ഗ്രാം ഭാരമുണ്ട്.

************************************************

അഗ്നിച്ചിറകുള്ള പക്ഷി

അജിഷ്

വസായ് ഈസ്റ്റ്

ഓണാഘോഷത്തിന്റെ തലേദിവസം ചിത്രരചനാമത്സരത്തിന് കുട്ടികൾക്ക് ഞാൻ ഏതെങ്കിലും ഒരു ഉത്സവം വരയ്ക്കാൻ വിഷയം കൊടുത്തു. കുട്ടികൾ ആലോചനയിൽ മുഴുകിയശേഷം വരതുടങ്ങി. ഓണം, ഹോളി, ദീപാവലി, ഗണപതി എന്നീ ആഘോഷങ്ങൾ പേപ്പറിലേക്ക് സന്നിവേശിച്ചിറങ്ങി. അവസാനമായി ഇരുന്ന തട്ടമിട്ട ഒരു പെൺകുട്ടി വരച്ചത് തീർത്തും വ്യത്യസ്തമായ ഒരു ആഘോഷമായിരുന്നു.
 റംസാൻ. എനിക്ക് കൗതുകം തോന്നി ഞാനതിലേക്കുതന്നെ നോക്കി കുറച്ചുസമയം നിന്നു. വലിയൊരു പള്ളിക്കുമുന്നിൽ ഒരുപാടുപേർ ഒന്നിച്ചിരുന്ന് നിസ്കരിക്കുന്ന ചിത്രം മനോഹരമായി തന്നെ ആ കുട്ടി സ്കെച്ചുചെയ്യുന്നുണ്ടായിരുന്നു. ആ കുട്ടിയെ നോക്കി ഗുഡ് എന്ന് പറഞ്ഞ് തിരിയുമ്പോഴാണ് ഹാളിനുപുറത്ത് പിറ്റേന്ന് നടക്കാൻപോകുന്ന ഓണസദ്യയ്ക്കും കലാപരിപാടികൾക്കുമായി ഉത്സാഹിക്കുന്ന പ്രായഭേദമെന്യേയുള്ള ആൾക്കാരുടെ ശബ്ദകോലാഹലങ്ങൾ കുറച്ച്‌ ഉച്ചത്തിലായത് ശ്രദ്ധിച്ചത്‌. ഞാൻ ഹാളിന്റെ വാതിൽക്കലേക്ക് ധൃതിയിൽ ചെന്നുനോക്കി. അൽപ്പവസ്ത്രധാരിയായ ഒരു ഭ്രാന്തനെ അവിടെനിന്ന്‌ ഓടിക്കാനുള്ള തത്രപ്പാടിലാണവർ.
ചെളിപുരണ്ട് കറുത്ത എല്ലുന്തിയ ശരീരത്തിലങ്ങിങ്ങായി ഉണങ്ങിയതും ഉണങ്ങാത്തതുമായ ദുർഗന്ധം വമിക്കുന്ന വ്രണങ്ങൾ നിറഞ്ഞിരുന്നു. കണ്ടൽക്കാടുപോലെ കറുത്തിരുണ്ട മുടിയിൽ ഭ്രാന്തമായി ചൊറിയുമ്പോഴും കറകെട്ടി കറുത്തപല്ലുകൾ പുറത്തുകാട്ടി ചിരിക്കുമ്പോഴും കുഴിയിലേക്കമർന്ന കറുത്ത കണ്ണുകളിൽ നിർവികാരത നിഴലിച്ചിരുന്നു. അത്തരം കാഴ്ചകൾ പൊതുവേ കാണാൻ താത്പര്യമില്ലാത്ത ഞാൻ ശൂന്യമായ മനസ്സുമായി ഹാളിലേക്ക് തിരിച്ചുനടന്നു. കുട്ടികൾ ചിത്രത്തിന് നിറം കൊടുത്ത്‌ തുടങ്ങിയിരുന്നു. നാളെ നടക്കാൻപോകുന്ന സദ്യയ്ക്കായി മേശകൾ നിരത്തിയിരുന്ന വലിയ ഹാളിന്റെ ഒരു വശത്തായി നിസ്കാരത്തിനിരിക്കുന്ന മുഖം ഭക്തിമയമാക്കാൻ ശ്രമിക്കുന്ന തട്ടമിട്ട കുട്ടിയുടെ വരനോക്കി ഞാനിരുന്നു. പുറത്തുള്ള ആരവങ്ങളൊതുങ്ങി എല്ലാവരും വീണ്ടും ഉത്സാഹത്തിരക്കിലായി. പെട്ടെന്ന് എന്റെ പിറകിലെവിടെന്നോ ഒരു ശബ്ദംകേട്ടാണ് ഞാൻ തിരിഞ്ഞുനോക്കിയത്. ഹാളിന്റെ അങ്ങേത്തലയ്ക്കൽ അൽപ്പം ഇരുട്ടിലായി പുറത്തുകണ്ട അതേ ഭ്രാന്തൻ നിൽക്കുന്നു. ഞാനൊന്ന് ഞെട്ടിയെങ്കിലും സമചിത്തതപാലിച്ച് അൽപ്പം ധൈര്യത്തോടെ ഭ്രാന്തനടുത്തേക്ക് നീങ്ങി. വൃത്തികെട്ട രൂക്ഷഗന്ധം മുക്കിലേക്ക് അടിച്ചുകയറി. എന്റെ കണ്ണുകളിലേക്ക് തന്നെ നോക്കിയ ഭ്രാന്തന്റെ കണ്ണുകളിൽ ദയനീയമായൊരു അപേക്ഷയുടെ സ്വരം നിഴലാടി. ഒരു കൊച്ചുകുട്ടിയെപ്പോലെ ചുണ്ടുകൾ പിളർത്തി കറുത്തപല്ലുകൾ കാട്ടി വിതുമ്പിക്കൊണ്ട് എന്റെ കൈയിലുള്ള എക്സ്‌ട്രാ ഡ്രോയിങ്‌ ഷീറ്റിൽ ചൂണ്ടി എന്തോ പറയാൻ ശ്രമിച്ചു. കൗതുകം തോന്നിയ ഞാൻ ചിത്രം വരയണോ എന്നുചോദിച്ച് ഒരു ഷീറ്റെടുത്ത് തൊട്ടടുത്ത മേശയിൽ വെച്ചു. കീശയിൽനിന്ന് റോട്ടോമെക് പേനയും എടുത്തുകൊടുത്തു. ആ മുഖത്ത് ഒരു വല്ലാത്ത സന്തോഷം മിന്നിമറയുന്നത് ഞാൻ ശ്രദ്ധിച്ചു. വിറളിപിടിച്ച കുട്ടി ഭക്ഷണംകണ്ട അതേ ആർത്തി ആ മുഖത്ത് പ്രകടമായി. ദൂരേക്ക് മാറിനിക്കാൻ ശാഠ്യമുള്ള ഒരു കൊച്ചുകുട്ടിയെ എന്നോട് ആംഗ്യം കാട്ടിയ ഭ്രാന്തൻ വരതുടങ്ങി. ആ ആഗ്യം അംഗീകരിച്ചുകൊണ്ട് അനുസരണയുള്ള ഒരു കുട്ടിയെപ്പോലെ ഞാൻ ഇതൊന്നും അറിയാതെ അപ്പുറത്ത്  പേപ്പറിൽ ഉത്സവത്തിന് ജീവൻ പകരാൻ  ശ്രമിക്കുന്ന കുട്ടികളുടെ അടുത്തേക്ക് പോയി. മനസ്സിൽ അൽപ്പം ഭയം തോന്നിയതിനാൽ ദൂരെ മാറിനിന്ന് ഭ്രാന്തന്റെ ചേഷ്ടകളെ സസൂക്ഷ്‌മം നിരീക്ഷിച്ചു. ഒരു ഭ്രാന്തമായ ആവേശത്തോടെ പേപ്പറിൽ നെടുകെയും കുറുകെയും വരകൾ ഇടുമ്പോൾ ഒരു വലിയ കലാകാരന്റെ ശരീരഭാഷയും രോഷാഗ്നി ജ്വലിക്കുന്ന മുഖഭാവവുമായിരുന്നു ആ ഭ്രാന്തന്. വരച്ച് കഴിഞ്ഞെന്നോണം അടിയിലായി എന്തോ എഴുതി കുറിച്ചിട്ടുകൊണ്ട് ഭ്രാന്തമായലറി പേനകൊണ്ട് ആഞ്ഞുകുത്തുകയായിരുന്നു ആ പേപ്പറിൽ. പേന പൊട്ടിച്ചിതറി. എന്ത് ചെയ്യണമെന്നറിയാതെ ഞാൻ അന്ധാളിച്ചുനിന്നു. ഭ്രാന്തമായി അലറിക്കൊണ്ട് ചിത്രം വരച്ച പേപ്പറെടുത്ത് ചുരുട്ടിക്കൂട്ടി എന്നെ ലക്ഷ്യമാക്കി പാഞ്ഞടുത്തു. അവ്യക്തമായ ഭാഷയിൽ ‘ബചാ... വോ.. ബചാ.. വോ..’ എന്ന് പറഞ്ഞിരുന്നു. പേടിച്ചരണ്ട കുട്ടികൾ തലങ്ങും വിലങ്ങും പുറത്തേക്കോടി.. സ്ഥലകാലബോധം മറന്നുനിന്ന എന്റെ മുഖത്തേക്ക് ചുരുട്ടിക്കൂട്ടിയ ആ ചിത്രം വലിച്ചെറിഞ്ഞ് എന്നെ തട്ടിമാറ്റി അതേ അലറലോടെ പുറത്തേക്കോടി. ഉത്സാഹകമ്മിറ്റി ഒച്ചവെച്ച്  ഭ്രാന്തന്റെ പിറകെ ഓടി. ഏതോ ഒരു ദയാലു ‘അവനെ അടിക്കേണ്ട’ എന്നു പറയുന്നുണ്ടായിരുന്നു. സ്വബോധം തിരിച്ചെടുത്ത് ഞാൻ ചുരുട്ടിയെറിഞ്ഞ പേപ്പർ വിറയാർന്ന കൈകളോടെയെടുത്ത് നിവർത്താൻ ശ്രമിച്ചു. എന്റെ കണ്ണുകളെ വിശ്വസിക്കാൻ പ്രയാസം തോന്നി.. മദനനെ (മാതൃഭൂമിയിലെ ആർട്ടിസ്റ്റ്) ഓർമപ്പെടുത്തുന്ന അതേ രചനാവൈഭവം. ഏതോ തറവാടു വീടിന്റെ അകത്തളത്തിലെ ഉയർന്നുനിൽക്കുന്ന ഉരുളൻ മരത്തൂണിൽ കഴുത്തോളം വരിഞ്ഞുകെട്ടിയ ഒരു മധ്യവയസ്കൻ. പാറിപ്പറന്ന മുടിയും നീട്ടിവളർത്തിയ താടിയും. ഏതോ കാഴ്ച കാണാനുള്ള ശക്തിയില്ലാതെ അലറിവിളിച്ച് മുഖംതിരിച്ചു നിൽക്കുന്നു. തൊട്ടടുത്ത് നാൽപ്പത് വയസ്സോളം പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ. അതിനപ്പുറം പതിനാറോ പതിനേഴോ പ്രായം തോന്നിക്കുന്ന ഒരു പെൺകുട്ടി. രണ്ടുപേരുടെയും വസ്ത്രങ്ങൾ പിച്ചിച്ചീന്തിയനിലയിൽ. കാമാഗ്നിയാൽ കത്തിജ്വലിക്കുന്ന കണ്ണുകളുള്ള നാലോളം ചെറുപ്പക്കാർ ചേർന്ന് അവർ രണ്ടുപേരെയും ക്രൂരമായി പീഡിപ്പിക്കുന്ന രംഗമായിരുന്നു ആ ചിത്രത്തിൽ. എന്റെ കൈകൾ അറിയാതെ വിറച്ചു. തൊണ്ടവരണ്ടു. അടിയിൽ എഴുതി ഒപ്പിട്ടത്തിൽ എന്റെ കണ്ണുകൾ ഉടക്കി. ഞാൻ അദ്‌ഭുതസ്തബ്ദനായി. വർഷങ്ങൾക്കുമുമ്പ് ജഹാംഗീർ ആർട്ട് ഗ്യാലറിയിൽ ചിത്രപ്രദർശനം കാണാൻ പോയപ്പോൾ കൊൽക്കത്തയിലെ സോനാഗച്ചി എന്ന വേശ്യാത്തെരുവിലെ പച്ചയായ ജീവിതത്തെ ജീവൻതുളുമ്പുന്ന നേർക്കാഴ്ചകളാക്കി ക്യാൻവാസിൽ പകർത്തിയ പ്രസിദ്ധനായ കലാകരന്റെ അതേ കൈയൊപ്പ്. അജയ്‌കുമാർ ഘോഷ്. ബഹുമാനത്താൽ എന്റെ മുഖം ആ അതുല്യകലാകാരന്റെ ഓർമയ്ക്കുമുമ്പിൽ കുമ്പിട്ടു. ആ അദ്‌ഭുതപ്രതിഭാസത്തിന്റെ മുഖമൊരിക്കൽക്കൂടി കാണാനായി അറിയാതെ ഹാളിന്റെ വാതിൽക്കലേക്ക്  എന്റെ കണ്ണുകൾ പാറി.