എൻ. ശ്രീജിത്ത്‌
മുംബൈയാണ് ലീലാ സർക്കാറെന്ന വിവർത്തകയെ മലയാളത്തിനുനല്കിയത്. ഭർത്താവ് ദീപേഷ് സർക്കാറിന്റെ അമ്മയോട്, തന്റെ അമ്മായിയമ്മയോട്, ബംഗാളിയിൽ സംസാരിക്കണമെന്ന ആഗ്രഹമാണ് അവരെ വംഗനാടിന്റെ പ്രിയപ്പെട്ട മരുമകളാക്കി മാറ്റിയത്.
മലയാളത്തിൽനിന്ന് സ്വീകരിച്ച ഊർജം ബംഗാളിയിലേക്കും ബംഗാളിയിൽനിന്ന് മലയാളത്തിലേക്കും നല്കിയപ്പോൾ വിവർത്തകരംഗത്തെ പൂമരമായി ലീലാ സർക്കാർ മാറി. കഴിഞ്ഞ മുപ്പത്തിയെട്ടു വർഷംകൊണ്ട് ബംഗാളിഭാഷയിൽനിന്ന് മലയാളത്തിലേക്ക് വിവർത്തനംചെയ്തത് എഴുപതോളം മഹത്തായ കൃതികൾ. ഒപ്പം രണ്ടുവർഷത്തെ നിരന്തരസപര്യയുടെ ഭാഗമായി പിറവികൊണ്ട ബംഗാളി-മലയാളം നിഘണ്ടുവും.
കൊടകര സ്വദേശി കെ.കെ. മേനോന്റെയും തൊട്ടിപ്പാൾ അമ്മിണിയമ്മയുടെയും മകൾ ലീലാ മേനോൻ ലീലാ സർക്കാറായി മാറിയപ്പോൾ മലയാളത്തിന് ബംഗാളി സാഹിത്യത്തിലെ മികച്ച രചനകൾ ആസ്വദിക്കാനായി. ബംഗാളിയുടെ സാഹിത്യജീവിതം നമ്മുടെ തൊട്ടടുത്തായി. ജീവൻമശായി നമുക്കേറെ പ്രിയങ്കരനായി. മലയാളി ജീവൻമശായിക്കു മുന്നിൽ തന്റെ നാഡീഞരമ്പുകൾ അറിയാതെ കാട്ടി. ജീവൻമശായിയെ നമ്മുടെ ഭാഷയുടെ പ്രിയ ഭിഷഗ്വരനാക്കി.
ടാഗോർ, സത്യജിത് റായ്, ബിഭൂതിഭൂഷൺ ബന്ദ്യോപാധ്യായ, മഹാശ്വേതാദേവി, രമാപാദ ചൗധരി, ശീർഷേന്ദു മുഖോപാധ്യായ, ശരത്ചന്ദ്ര ചതോപാധ്യായ, ആശാപൂർണാദേവി, തസ്‌ലീമ നസ്രീൻ, സെലീന ഹൊസെയ്ൻ- അങ്ങനെ ഒരുപാട് എഴുത്തുകാർ മലയാളത്തിലേക്ക്‌ കുടിയേറ്റംനടത്തിയത് ലീലാ സർക്കാറിലൂടെയാണ്. 
വിപ്ലവകാരിയായ തപന്റെ അമ്മ അനുഭവിക്കുന്ന ദുഃഖത്തിന്റെ, സ്ഥൈര്യത്തിന്റെ സീമകളും ഉറൂബിന്റെ ഉമ്മാച്ചുവിനു സമാനമല്ലെങ്കിലും സ്ത്രീജീവിതത്തിന്റെ മറ്റൊരുമുഖം നല്കുന്നുണ്ട്. മുജീബ് റഹ്മാന്റെ ബംഗ്ലാദേശ് വിമോചനത്തിന്റെ രാഷ്ട്രീയചരിത്രത്തിനൊപ്പം തുടിച്ചുനില്ക്കുന്ന ബുഡിയെയും നാം വായിച്ചറിഞ്ഞു. ഭർത്താവായ ദീപേഷ് സർക്കാറിനോടു സംസാരിക്കാൻ ലീലാ മേനോനു ഹിന്ദിതന്നെ അധികമായിരുന്നു. എന്നാൽ, വംഗദേശത്തിലെ അമ്മയുടെ മനസ്സിലേക്കു കടന്നുകയറാൻ ബംഗാളിഭാഷയുടെ നോവും നേരും അറിയണമായിരുന്നു. അങ്ങനെയാണ് ദാദറിലെ വംഗഭാഷ പ്രചാരസമിതിയിൽ പഠനംതുടങ്ങിയത്. ബിരുദാനന്തരബിരുദത്തിനുശേഷം ബംഗാളിഭാഷയിൽ ഡോക്ടറേറ്റ് നേടുന്നിടത്തോളം പഠനമെത്തി. ലീലാ മേനോൻ ലീലാ സർക്കാറായി മാറുന്നത് ഇവിടെനിന്നാണ്. ബംഗാളിപഠനകാലത്താണ് തന്നെ മഥിച്ച ബംഗാളിലെ കഥകൾ മലയാളത്തിലേക്കു വാർന്നുവീണത്. അന്ന് കാമ്പിശ്ശേരി കരുണാകരൻ പത്രാധിപരായ ജനയുഗത്തിലൂടെ കഥകൾ പുറത്തെത്തി. ഒപ്പം എൻ.വി. കൃഷ്ണവാരിയരിലൂടെ മാതൃഭൂമിയിലും. ബംഗാളിസാഹിത്യത്തിന്റെ അതിരുകൾ മലയാളത്തിലേക്കു പടരുകയായിരുന്നു. കൃഷ്ണവാരിയർ തനിക്കു പിതൃതുല്യനാണെന്നും ലീലാ സർക്കാർ പറയുന്നു.
ബംഗാളി, ഓഷോമയയായി വായിച്ച ബിമൽകറിന്റെ നോവൽ മലയാളി അസമയം എന്ന് വായിക്കുന്നത് 1981-ൽ മാതൃഭൂമിയിലൂടെയാണ്. മലയാളത്തിലേക്ക് ആദ്യമായി എത്തിയ ലീലാ സർക്കാറിന്റെ വിവർത്തനനോവലാണിത്. 
എൺപതുപിന്നിട്ട ലീലാ സർക്കാർ ബംഗാളിയിൽനിന്നുള്ള നൂറു നോവൽ മലയാളത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ്. കനപ്പെട്ട തൊണ്ണൂറോളം പുസ്തകങ്ങൾ പരിഭാഷപ്പെടുത്തിക്കഴിഞ്ഞു. എൺപതു പുസ്തകങ്ങൾ പുറത്തിറങ്ങി.
പുസ്തകത്തിന്റെ ലഹരിയിൽ പകലുറക്കത്തിന് അവധിനല്കി അവരിപ്പോഴും എഴുതുന്നു. ചിലപ്പോൾ രാവിലെ മൂന്നുമണിമുതൽ അഞ്ചുവരെ, ചിലപ്പോൾ പകലോളം. മാതൃഭൂമി ബുക്സ് ഉൾപ്പെടെയുള്ള പ്രസാധകർ നിരവധി പുസ്തകങ്ങൾ പുറത്തെത്തിച്ചുകഴിഞ്ഞു. ഇപ്പോഴും പ്രസാധകർ എത്രയോ ബംഗാളി പുസ്തകങ്ങൾ വിവർത്തനത്തിനായി ഇവർക്ക് അയച്ചുകൊടുക്കുന്നു. 
 1993-ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, 2000-ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം, 2011-ൽ സി.പി. മേനോൻ സ്മാരക പുരസ്കാരം, 2014-ൽ ഭാരത് ഭവന്റെ വിവർത്തകരത്നം, എം.എൻ. സത്യാർഥി പുരസ്കാരം, അങ്ങനെ വിവർത്തനത്തിന് ലീലാ സർക്കാറിനെത്തേടി നിരവധി അംഗീകാരങ്ങളെത്തി.
രവിവർമ പരിഭാഷയോടാണ് തനിക്ക് ആദരവു തോന്നിയതെന്ന് ഇവർ വ്യക്തമാക്കുന്നു. ആ ആദരവുവഴി അദ്ദേഹത്തെ നേരിട്ടുപോയി കണ്ടിട്ടുണ്ട് ലീലാ സർക്കാർ.
ബംഗാളിയിലെ മിക്ക എഴുത്തുകാരുമായി കത്തിലൂടെയുള്ള ബന്ധമാണ് നിലനിർത്തുന്നതെങ്കിലും സത്യജിത് റായിയെ 1989-ൽ ഡാർജിലിങ്ങിലേക്കുപോകുന്ന വഴിയിൽ കാണാൻകഴിഞ്ഞത് ലീലാ സർക്കാർ ഇപ്പോഴും ഓർക്കുന്നു.
മലയാളത്തിൽനിന്ന് ബംഗാളിയിലേക്ക് എം.ടിയുടെ വാനപ്രസ്ഥം, ബഷീറിന്റെ മതിലുകൾ, ആനവാരിയും പൊൻകുരിശും എന്നിവ പരിഭാഷപ്പെടുത്തിയിട്ടുണ്ടെങ്കിലും അതു പുസ്തകമായി പ്രസിദ്ധീകരിക്കാൻ കഴിഞ്ഞിട്ടില്ല. മറ്റു ഭാഷാകൃതികളെ സ്വീകരിക്കാൻ ബംഗാളിമനസ്സ് സന്നദ്ധമാവാത്തതാണ് കാരണം. മലയാളി അന്യഭാഷാപുസ്തകങ്ങളോടു കാണിക്കുന്ന സ്വീകാര്യത ബംഗാളിക്കില്ലെന്ന് ലീലാ സർക്കാർ പറയുന്നു. എന്നാൽ, ഈ വിവർത്തനങ്ങൾ ഒരിക്കൽ സെലീന ഹുസെയ്ൻ ധാക്കയിലേക്കു കൊണ്ടുപോയി അവിടെയുള്ള പത്രത്തിന്റെ വാരാന്തപ്പതിപ്പിൽ പ്രസിദ്ധീകരിച്ചിരുന്നു.
ഏകമകൻ അനൂപ്, കാനഡയിലെ വാൻകൂവറിലെ കോളേജിൽ കംപ്യൂട്ടർ എൻജിനീയറിങ് പ്രൊഫസറാണ്. ഭാര്യ കൊറിയൻ എയർഫോഴ്‌സ് ചീഫിന്റെ മകൾ ചുങ് ഹെ ഹാൻ (Chung Hye Han) ഇതേ കോളേജിൽ ലിംഗ്വിസ്റ്റിക്സ് പ്രൊഫസറാണ്. 
വിവർത്തനത്തിന്റെ ഭാവി ആശാസ്യമല്ലെന്നാണ് ലീലാ സർക്കാറിന്റെ അഭിപ്രായം. ഇപ്പോൾ മൂലകൃതി വായിക്കാതെ, ആ ഭാഷ അറിയാതെ, ഇംഗ്ലീഷിലെത്തുന്ന പുസ്തകത്തിൽനിന്നാണ് അധിക വിവർത്തനകൃതികളും ഉണ്ടാവുന്നത്. അതു ഗുണകരമായി തനിക്കു തോന്നുന്നില്ലെന്ന് ലീലാ സർക്കാർ പറയുന്നു.
അവരിപ്പോഴും വായിക്കുകയാണ്. ബംഗാളിലെ പുതുസ്വരങ്ങൾക്കുവേണ്ടി ദേശ് മാസികയ്ക്ക്‌ കാത്തിരിക്കുന്നു. ദീപേഷ്‌കുമാർ സർക്കാറിന്റെ വിയോഗത്തിനുശേഷവും നെരൂളിലെ വീട്ടിൽ പുസ്തകങ്ങളുടെ കൂട്ടുകാരിയായി അവർ ഇപ്പോഴും സജീവമായ ജീവിതചര്യയിലാണ്. ബംഗാളി കഥാപാത്രങ്ങളെ മലയാളത്തിന്റെ മനസ്സിനു പാകമാക്കി പുനർനിർമിക്കുന്നു ഇപ്പോഴും ലീലാ സർക്കാർ. സത്യജിത് റായിയുടെ കുട്ടികൾക്കായുള്ള കഥകൾ ‘താരിണി കുതേ കഥകൾ’ മലയാളത്തിലാക്കിക്കഴിഞ്ഞു. ബിഭൂതിഭൂഷൺ ബന്ദ്യോപാധ്യായയുടെ ദൃഷ്ടിപ്രദീപ്, വിപിന്റെ ജീവിതം, ദമ്പതി എന്നീ കൃതികൾ മലയാളത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ ലീലാ സർക്കാർ.

*************************
ഗാഡ്ജറ്റ്സ്

കാൻവാസ് പ്ലെക്സ് വിപണിയിൽ
മൈക്രോമാക്സിന്റെ പുതിയ ടാബായ കാൻവാസ് പ്ലെക്സ് വിപണിയിലെത്തി. 12,999 രൂപ വിലയിട്ടിരിക്കുന്ന ടാബ് ഡി.ടി.എസ്. ശബ്ദ സാങ്കേതികത പിന്തുണയ്ക്കുന്നതാണ്. സിനിമയും വീഡിയോയും കാണുന്നവരെ ലക്ഷ്യമിട്ട് വികസിപ്പിച്ചതാണ് പ്ലെക്സ് ടാബ്. ഒരു സിം കാർഡ് ഉപയോഗിക്കാനാവുന്ന ഈ ടാബിൽ 4 ജി വോൾട്ടെ സാങ്കേതികതയും ഉപയോഗിക്കാനാകും. 
 മൂന്ന് ജി.ബി. റാമുള്ള ടാബിൽ 1.3 ജിഗാ ഹെർട്‌സ് ക്വാഡ് കോർ മീഡിയാടെക് പ്രോസസറാണ് ഉപയോഗിച്ചിരിക്കുന്നത്. 8 ഇഞ്ച് ഐ.പി.എസ്. ഡിസ്‌പ്ലേയാണ് ടാബിന്റേത്. പിൻവശത്ത് എൽ.ഇ.ഡി. ഫ്ളാഷോടെയുള്ള അഞ്ച് മെഗാ പിക്സലിന്റെ ക്യാമറയുണ്ട്. മുൻവശത്താകട്ടെ രണ്ട് മെഗാ പിക്സലിന്റെ ക്യാമറയാണുള്ളത്. 32 ജി.ബി. ആന്തരിക സംഭരണ ശേഷിയുള്ള ടാബിൽ മൈക്രോ എസ്.ഡി. കാർഡ് ഉപയോഗിക്കാനുമാകും. ഇറോസ് നൗ എന്ന ഇൻ ബിൽറ്റ്‌ ആപ്ലിക്കേഷൻ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് ചലച്ചിത്രങ്ങളും വീഡിയോയും ഓഫ്‌ലൈനായി ഡൗൺലോഡ് ചെയ്യാം എന്ന പ്രത്യേകതയുമുണ്ട്. 3000 എം.എ.എച്ചിന്റെ ബാറ്ററിയാണ് പ്ലെക്സിലുള്ളത്. ഇത് 9 മണിക്കൂർ സംസാരസമയവും 169 മണിക്കൂർ സ്റ്റാൻഡ്ബൈ സമയവും നൽകുമെന്ന് മൈക്രോമാക്സ് അവകാശപ്പെടുന്നു. 4 ജി വോൾട്ടെ കൂടാതെ വൈഫൈ, ബ്ലൂ ടൂത്ത് 4.0, ജി.പി.എസ്., യു.എസ്.ബി., ഒ.ടി.ജി എന്നീ കണക്ടിവിറ്റി സംവിധാനങ്ങളുമുണ്ട്.

ഷവോമിയിൽ നിന്ന്
പുതിയ ഫോൺ വിപണിയിലേക്ക്‌

പ്രമുഖ ചൈനീസ് സ്മാർട്ട്‌ഫോൺ നിർമാതാക്കളായ ഷവോമിയിൽ നിന്ന് പുതിയൊരു സ്മാർട്ട് ഫോൺ കൂടി ഇന്ത്യൻ വിപണിയിൽ എത്തുന്നു. ഈ സ്മാർട്ട്‌ഫോൺ ഒരു ഇരട്ട ക്യാമറ ഫോണായിരിക്കും. എന്നാൽ അത് ഷവോമി എം.ഐ. 5 എക്സ് ആയിരിക്കുമെന്നാണ് പ്രമുഖ സാങ്കേതിക വെബ്‌സൈറ്റുകൾ ചൂണ്ടിക്കാട്ടുന്നത്.
ഇക്കഴിഞ്ഞ ജൂലായിൽ ഷവോമി ചൈനയിൽ അവതരിപ്പിച്ചതാണ് 5.5 ഇഞ്ച് സ്‌ക്രീൻ വലിപ്പമുള്ള 5 എക്സ്. ഒക്ടാ കോർ ക്വാൽകോം സ്നാപ് ഡ്രാഗൺ 625 പ്രോസസറാണ് ഫോണിന് ഊർജം നൽകുന്നത്. നാല് ജി.ബി.യാണ് റാം. 64 ജി.ബി. ആന്തരിക സംഭരണ ശേഷിയുള്ള 5 എക്സിൽ 128 ജി.ബി. വരെയുള്ള മൈക്രോ എസ്.ഡി. കാർഡുകൾ ഉപയോഗിക്കാനാവുമെന്നാണ് ഷവോമി അവകാശപ്പെടുന്നത്. ഫോണിന്റെ പ്രധാന ക്യാമറ 12 മെഗാ പിക്സലിന്റെതാണ്. മുൻവശത്താകട്ടെ സെൽഫിക്കായി അഞ്ച് മെഗാ പിക്സലിന്റെ ക്യാമറയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ആൻഡ്രോയിഡ് നോഗട്ടിൽ പ്രവർത്തിക്കുന്ന ഫോണിൽ 3080 എം.എ.എച്ചിന്റെ ബാറ്ററിയാണുള്ളത്. 165 ഗ്രാമാണ് ഭാരം.  രണ്ട് നാനോ സിം കാർഡുകൾ ഉപയോഗിക്കാവുന്നതാണ് ഫോൺ. വൈഫൈ, ജി.പി.എസ്., ബ്ലൂ ടൂത്ത്, ഇൻഫ്രാ റെഡ്, 4 ജി തുടങ്ങിയ കണക്ടിവിറ്റി സംവിധാനങ്ങളുമുണ്ട്. 
 പ്രോക്സിമിറ്റി സെൻസർ, ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ തുടങ്ങിയവയുമുണ്ട്‌.

നോക്കിയ 130 വിൽപ്പനയ്ക്കെത്തി
നോക്കിയ കഴിഞ്ഞമാസം പുതുക്കി അവതരിപ്പിച്ച നോക്കിയ 130 വിൽപ്പനയ്ക്കെത്തി. ചുവപ്പ്, കറുപ്പ്, ചാര നിറങ്ങളിൽ ലഭ്യമാകുന്ന ഫോണിന്റെ വില 1599 രൂപയാണ്. ഒറ്റ സിം കാർഡ് ഉപയോഗിക്കാവുന്ന ഫോണിന്റെ രണ്ട് സിം കാർഡ് ഉപയോഗിക്കാവുന്ന പതിപ്പും എച്ച്.എം.ഡി. േഗ്ലാബൽ പുറത്തിറക്കിയിട്ടുണ്ട്.വി.ജി.എ. ക്യാമറ, എം.പി. ത്രീ സപ്പോർട്ട് എന്നിവയുള്ള ഫോണാണ് നോക്കിയ 130. പോളി കാർബണേറ്റ് കൊണ്ട് നിർമിച്ചിരിക്കുന്നതാണ് ഇതിന്റെ ബോഡി. ഫോണിന്റെ മുകൾ ഭാഗത്തായി എൽ.ഇ.ഡി. ടോർച്ചും ഉൾപ്പെടുത്തിയിട്ടുണ്ട്. മൈക്രോ യു.എസ്.ബി. പോർട്ട്, 3.5 എം.എം. ഓഡിയോ ജാക്ക് എന്നിവയും ഫോണിലുണ്ട്. 1.8 ഇഞ്ച് ക്യു.വി.ജി.എ. ഡിസ്‌പ്ലേയാണ് ഫോണിൽ. നാല് എം.ബി. റാമും 8 എം.ബി. സംഭരണ ശേഷിയുമുണ്ട്. 32 ജി.ബി വരെയുള്ള മൈക്രോ എസ്.ഡി. കാർഡ് ഉപയോഗിക്കുന്നതിനുള്ള സംവിധാനവുമുണ്ട്. 1020 എം.എ.എച്ചിന്റെ ബാറ്ററിയാണ് നോക്കിയ 130-ൽ ഉപയോഗിച്ചിരിക്കുന്നത്.

**********************************
ഫെരാരി 
ഇന്ത്യൻ സവാരിക്ക്

കഴിഞ്ഞ സെപ്റ്റംബറിൽ പുറത്തിറക്കിയ ഫെരാരിയുടെ ജി.ടി.സി. 4 ലുസോ ടി ഇന്ത്യയിലെത്തി. എക്‌സ്‌ഷോറൂം വിലയായി 4.20 കോടിയാണ് വില. നാലു സീറ്ററായ  ജി.ടി.സി. 4 ലൂസോ ടി യ്ക്ക് ശക്തിയേകുന്നത് ടർബോചാർജ് ചെയ്ത വി എട്ട് എൻജിനാണ്. ഇതിന്റെ സ്റ്റാൻഡേർഡ് വണ്ടിക്ക് ടർബോ എൻജിൻ പതിച്ചു നൽകിയാണീ മാറ്റം. ഇതോടെ ടോർക്ക് കൂടും. 3.9 ലിറ്റർ ട്വിൻ ടർബോചാർജ്ഡ് വി എട്ട് എൻജിനാണുള്ളത്. ഇത് 7500 ആർ.പി.എമ്മിൽ 602 എച്ച്.പി. കരുത്തേകും. 3000-5250 ആർ.പി.എമ്മിൽ 760 എൻ.എം. ടോർക്കാണ് നൽകുക. നൂറു കിലോമീറ്റർ വേഗമാർജിക്കാൻ 3.5 സെക്കൻഡുകൾ മാത്രം മതി. പരമാവധി വേഗം 320 കിലോമീറ്ററാണ്. ടർബോ എൻജിനായതോടെ ഓൾ വീൽ ഡ്രൈവ് എടുത്തുമാറ്റിയിട്ടുണ്ട്. റിയർവീൽ ഡ്രൈവ് സിസ്റ്റമാണ് ഇതിലുപയോഗിച്ചിട്ടുള്ളത്.  ഇരട്ട സഹോദരൻ ജി.ടി.സി. 4 ലൂസോയുടെ രൂപം തന്നെയാണ് ഇതും പിന്തുടരുന്നത്. ഉള്ളിൽ ഫെരാരിയുടെ ഡ്യുവൽ കോക്പിറ്റ് ആർക്കിടെക്ചർ പിന്തുടരുന്നു. 10.25 ഇഞ്ച് ഹൈ ഡെഫനിഷൻ ടച്ച് സ്ക്രീനാണ് മറ്റൊരു പ്രത്യേകത.