മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾ ഉൾപ്പെടുന്നതാണ് കേരള സംഗീത നാടക അക്കാദമിയുടെ പശ്ചിമമേഖല.  കലാസേവനത്തിന്റെ പാതയിൽ 60 വർഷം പൂർത്തിയാക്കുന്ന കേരള സംഗീത നാടക അക്കാദമിയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന വിപുലമായ വജ്രജൂബിലി ആഘോഷങ്ങൾക്ക്   ഇന്ന് മുംബൈയിൽ തുടക്കം കുറിക്കുന്നു 

എൻ.ശ്രീജിത്ത്്്nsreejith1@gmail.com
കേരളത്തിന്റെ ആദ്യമുഖ്യമന്ത്രിയായ ഇ.എം.എസ്. നമ്പൂതിരിപ്പാടാണ് കലയുടെ ഇടങ്ങളിൽ ഭരണകൂടം ഫലപ്രദമായി ഇടപെടാൻ ഒരു അക്കാദമി എന്ന ആശയം മുന്നോട്ടുവെക്കുന്നത്. ഇ.എം.എസിനൊപ്പം ജോസഫ്‌ മുണ്ടശ്ശേരി നടത്തിയ ഇടപെടലും ഒത്തുചേർന്നപ്പോൾ അതിന്റെ ഫലം കണ്ടു. കേരള സാഹിത്യ അക്കാദമി ആസ്ഥാനം തിരുവനന്തപുരത്തുനിന്ന് തൃശ്ശൂരിലേക്ക് മാറ്റി സ്ഥാപിച്ചതിനും കേരള സംഗീത നാടക അക്കാദമിക്ക് തൃശ്ശൂരിൽ ആസ്ഥാനമൊരുക്കിയതിനും പിന്നിൽ ജോസഫ് മുണ്ടശ്ശേരിയുടെ നിരന്തര പരിശ്രമമുണ്ട്. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമെന്ന പേരിനെ പോഷിപ്പിച്ച് ലളിതകലാ അക്കാദമിയുടെ ആസ്ഥാനവും കാലക്രമത്തിൽ തൃശ്ശൂരിന് ലഭിച്ചപ്പോൾ അതിലെ സംതൃപ്തി അദ്ദേഹം ആത്മകഥയായ ‘കൊഴിഞ്ഞ ഇലകളി’ൽ രേഖപ്പെടുത്തിയിട്ടുണ്ട്്്.

ഇ.എം.എസിന്റെ 
ആശയം

കലയുടെ ജൈവപരമായ സാമൂഹിക ഇടപെടലുകളും അതിന്റെ തീക്ഷ്ണമായ ബോധവത്‌കരണശേഷിയും നേരിട്ടറിഞ്ഞ ഇ.എം.എസ്. നടത്തിയ ഏറ്റവും അർഥപൂർണമായ ആശയമാണ് കേരള  സംഗീത നാടകഅക്കാദമിയായി വികസിച്ചത്. സംസ്ഥാന സാംസ്കാരികവകുപ്പിന്റെ കീഴിൽ കേരള സംഗീത നാടക അക്കാദമി സ്ഥാപിതമാവുന്നത് 1958-ലാണ്. കലാരംഗത്ത് ആവശ്യമായ സേവനങ്ങൾ നൽകുക, കലാസാംസ്കാരിക സംഘടനകളുമായി സാങ്കേതികജ്ഞാനം കൈമാറുക, കലയുമായി ബന്ധപ്പെട്ട ഗവേഷണപ്രബന്ധങ്ങളുടെ പ്രസിദ്ധീകരണം, കലാകാരന്മാരെ അവാർഡുകളും ഫെലോഷിപ്പുകളും നൽകി ആദരിക്കുക, കലാരംഗത്ത് പ്രവർത്തിക്കുന്ന മറ്റുസംഘടനകൾക്ക് ഗ്രാന്റും അംഗീകാരവും നൽകുക തുടങ്ങിയവയാണ് അക്കാദമിയുടെ ലക്ഷ്യങ്ങൾ.
കേരളീയ കലാപാരമ്പര്യത്തെ ജനമനസ്സുകളിൽ എത്തിക്കാൻ രൂപവത്‌കരിച്ച പ്രസ്ഥാനത്തിന്റെ ഉദ്‌ഘാടനംചെയ്തതാവട്ടെ കലാമനസ്സിന്റെ വലിയ ഉടമയായ അന്നത്തെ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്രുവും കേരളത്തിലെ നൃത്തം, സംഗീതം, നാടകം, നാടൻകലകൾ എന്നിവയുടെ സൂക്ഷിപ്പും സംരക്ഷണവുമാണ് അക്കാദമിയുടെ അടിസ്ഥാനദൗത്യം. 63-ൽ ആരംഭിച്ച എം.ആർ.ബി. ആദ്യപത്രാധിപരായ അക്കാദമിയുടെ മുഖ്യ പ്രസിദ്ധീകരണമാണ് കേളി. 2008-ൽ ഏഷ്യൻ തിയേറ്റർ ഫെസ്റ്റിവലായി അക്കാദമി ആരംഭിച്ച നാടകോത്സവം ഇന്ന് ലോകംമുഴുവൻ അറിയപ്പെടുന്ന ‘ഇറ്റ്ഫോക്’ എന്ന നാടകമുന്നേറ്റമാണ്.

ഇതിഹാസങ്ങളുടെ നേതൃത്വം
 കലാലോകത്തെ ഇതിഹാസങ്ങളായി ശോഭിക്കുന്ന കെ.ജെ. യേശുദാസ്, കാവാലം നാരായണപ്പണിക്കർ, പി. ഭാസ്കരൻ, പ്രൊഫ. ജി. ശങ്കരപ്പിള്ള, ടി.ആർ. സുകുമാരൻ നായർ, വൈക്കം ചന്ദ്രശേഖരൻ നായർ, തിക്കോടിയൻ, കെ.ടി.മുഹമ്മദ്, ടി.എൻ. ഗോപിനാഥൻ നായർ, സി.എൽ. ജോസ്, ഭരത് മുരളി തുടങ്ങിയവർ അക്കാദമിക്ക് വിവിധ കാലഘട്ടങ്ങളിൽ നേതൃത്വം നൽകിയിട്ടുണ്ട്്്. ഇതിനുപുറമേ വ്യത്യസ്തമേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പേർ ഈ ശ്രേണിയിലുണ്ട്്്. അക്കാദമിയുടെ ഇരുപതാമത്തെ ചെയർപേഴ്‌സണാണ് ഇപ്പോൾ സാരഥ്യം വഹിക്കുന്ന  കെ.പി.എ.സി. ലളിത.
അക്കാദമിയുടെ പ്രവർത്തനങ്ങൾ കേരളത്തിന് പുറത്തുള്ള പ്രവാസി മലയാളി സമൂഹങ്ങൾക്കിടയിലേക്ക് വ്യാപിപ്പിച്ചിട്ട് ഏറെ കാലമായിട്ടില്ല. പ്രവാസി നാടകമത്സരമാണ് അതിൽ ആദ്യത്തേത്. അക്കാദമി നാട്ടിൽനിന്ന് രൂപകല്പന ചെയ്തയക്കുന്ന പരിപാടികൾക്ക്  ആതിഥേയത്വം വഹിക്കുന്ന ചുമതലമാത്രമാണ് കഴിഞ്ഞ രണ്ടുവർഷമായി പ്രവാസികൾക്ക്  ഉണ്ടായിരുന്നത്. പക്ഷേ, ഈ വർഷം കലാപ്രവർത്തനങ്ങളുടെ രൂപകല്പനമുതൽ ഫലപ്രദമായ നടത്തിപ്പ് വരെയുള്ള പൂർണചുമതല അക്കാദമി പ്രവാസികളെ ഏൽപ്പിച്ചിരിക്കയാണ്. കലാകാരന്മാരുടെ പ്രതിഫലത്തുക, യാത്ര  തുടങ്ങിയ ചെലവുകൾ അക്കാദമി വഹിക്കുന്നുണ്ട്്്. 

മുംബൈയുടെ സ്ഥാനം
കേരളത്തിന്റെ സംഗീത നാടക ചരിത്രത്തിൽ അനിഷേധ്യമായ ഒരു സ്ഥാനം ബോംബെയ്ക്ക് അഥവാ ഇന്നത്തെ മുംബൈക്കുണ്ട്. കേരളത്തിലെ നിരവധി നാടകസംവിധായകർ മുംബൈയിലെ സാംസ്കാരിക പ്രബുദ്ധത തിരിച്ചറിയുകയും അതിനെ ഫലപ്രദമായി പ്രയോജനപ്പെടുത്തി ഇവിടെ നാടകങ്ങൾ സംവിധാനം ചെയ്ത്‌ അവതരിപ്പിക്കുകയും ചെയ്തു. കേരളത്തിലെ മുഖ്യകലാചരിത്രത്തോട് ചേർന്നുനിൽക്കുംവിധം അവയെല്ലാം ശ്രദ്ധേയമാവുകയും ചെയ്തു. പി.എം. ആന്റണിയുടെ സ്പാർട്ടക്കസ്, ജോസ് ചിറമ്മലിന്റെ സൂര്യവേട്ട, മധു ശങ്കരമംഗലത്തിന്റെ പാവം ഉസ്മാൻ തുടങ്ങി പോയവർഷം അരങ്ങേറിയ ദീപൻ ശിവരാമന്റെ ഖസാക്കിന്റെ  ഇതിഹാസം വരെ അതിൽപ്പെടുന്നു. കൂടിയാട്ടത്തിലെ വിസ്മൃതമായ സങ്കേതമായ 'കെട്ടിഞാലൽ' നൂറ്റാണ്ടുകൾക്കുശേഷം ആദ്യമായി അരങ്ങുകണ്ടത് മുംബൈയിലാണ്. കൂടിയാട്ടത്തിലെത്തന്നെ കാർത്യായനി പുറപ്പാട്, ദ്രൗപദി, മണ്ഡോദരി, തുടങ്ങിയ കഥാപാത്രങ്ങളെ ചരിത്രത്തിൽ ആദ്യമായി ഉഷാനങ്ങ്യാർ അരങ്ങിൽ എത്തിച്ചതും മുംബൈയിലാണ്. കഥകളിയിൽ കീഴ്പടം കുമാരൻനായർ നയിച്ച കോട്ടയം കഥകളുടെ ഉത്സവം. കഥകളിയിൽത്തന്നെ രാമൻകുട്ടിനായരുടെയും പദ്മനാഭൻ നായരുടെയും കോട്ടക്കൽ ശിവരാമന്റെയും കൃഷ്ണൻകുട്ടി പൊതുവാളിന്റെയും അപ്പുക്കുട്ടി പൊതുവാളിന്റെയും അരങ്ങുകൾക്ക്  സാക്ഷ്യം വഹിച്ച ആയിരത്തിലേറെ വരുന്ന സദസ്യരുടെ പ്രൗഢി മുംബൈ തൊട്ടറിഞ്ഞതാണ്.
മോഹിനിയാട്ട ചരിത്രത്തിലെ ആദിമഗുരുവായ കൊരട്ടിക്കര കൃഷ്ണപ്പണിക്കരുടെ പ്രഥമ ശിഷ്യയായ ലക്ഷ്മിനായർ വിളക്കുതെളിയിച്ച മോഹിനിയാട്ടമഹോത്സവം, പല്ലാവൂർ അപ്പുമാരാർ,  ചക്കംകുളം അപ്പുമാരാർ, ആലിപ്പറമ്പ് ശിവരാമപൊതുവാൾ, കുഴൂർ നാരായണമാരാർ, നാരായണൻനമ്പ്യാർ തുടങ്ങിയവർ നയിച്ച വാദ്യോത്സവങ്ങൾ, ഡോക്ടർ ശെമ്മാങ്കുടിയുടെയും ടി.കെ. ഗോവിന്ദ റാവുവിന്റെയും നെടുനൂരി കൃഷ്ണമൂർത്തിയുടെയും സംഗീത സദിരുകൾ, അറുപതുകൾക്കുശേഷം കേരളത്തിനുപുറത്ത്്് പൂർണരൂപത്തിൽ അവതരിപ്പിക്കപ്പെട്ട ചവിട്ടുനാടക അരങ്ങുകൾ അങ്ങനെ സ്വയം ചരിത്രമായിത്തീർത്ത എത്രയോ കലാമുന്നേറ്റങ്ങൾക്ക്്്  മുംബൈയും ഇവിടത്തെ പ്രബുദ്ധമായ മലയാളി പ്രവാസി കലാസമൂഹവും സാക്ഷികളും സജീവ പങ്കാളികളുമായി. വേരറ്റുപോന്നിട്ടും സ്വത്വം ഉപേക്ഷിക്കാൻ കൂട്ടാക്കാത്ത മുംബൈ  പ്രവാസി മലയാളികൾക്ക് കേരളത്തിന്റെ  കലയും സംസ്കാരവും  വഴിവെളിച്ചമാകുന്നു. പോയകാലത്തിന്റെ വീണ്ടെടുപ്പും അസ്തിത്വത്തിന്റെ സംഘർഷവുമാകുന്നു. അതുകൊണ്ടുതന്നെ   കേരള സംഗീതനാടക അക്കാദമിയുടെ വജ്രജൂബിലി ആഘോഷങ്ങൾക്ക്‌  തുടക്കംകുറിക്കാൻ ഏറ്റവും അനുയോജ്യമായ നഗരവും മുംബൈതന്നെയാണെന്നതിൽ സംശയമില്ല.

**************************
പ്രവാസി മലയാളികളിലേക്ക് അക്കാദമി 

1958 ഏപ്രിൽ 26 ന് ആരംഭിച്ച അക്കാദമി അതിന്റെ അറുപതാം ജന്മദിനത്തിലേക്ക് എത്തുന്ന ഈ സന്ദർഭത്തിൽ മറുനാട്ടിൽ വസിക്കുന്ന മലയാളികൾ കൂടി അതിന്റെ ഭാഗമാകേണ്ടതുണ്ട്. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള മലയാളി സമൂഹത്തെ നാല് മേഖലകളിലായി ഏകോപിപ്പിച്ച് പ്രധാന കേന്ദ്രങ്ങളിൽ കേരളത്തിന്റെ തനതു കലാരൂപങ്ങൾ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തിൽ എത്തുന്നതിനാണ് മുംബൈ ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ അതിനുള്ള സാംസ്‌ക്കാരിക ഉപ സമിതികൾ രൂപീകരിച്ചീട്ടുള്ളത്.
മുംബൈയിൽ സെപ്റ്റംബർ 2 ന് ഈ സംരംഭത്തിന്റെ ഔപചാരികമായ ഉത്ഘാടനം നിർവഹിക്കുന്നത് അക്കാദമി അധ്യക്ഷ കെ.പി.എ.സി. ലളിതയാണ്. പുണെ, ഗോവ, കൊങ്കൺ, നാസിക്, ബറോഡ, സൂററ്റ്, അഹമ്മദാബാദ്, രാജസ്ഥാൻ പ്രദേശങ്ങളിൽ ആവുന്നത്ര ഈ സാംസ്‌ക്കാരിക പരിപാടികൾ നടത്തുക എന്ന ലക്ഷ്യം മുന്നിലുണ്ട്. കലാവതരണങ്ങൾ, പ്രഭാഷണങ്ങൾ, ശില്പശാലകൾ, സോദാഹരണപ്രഭാഷണങ്ങൾ, കവിസമ്മേളനങ്ങൾ, ചിത്ര പ്രദർശനം, നാടൻ കലോത്സവം തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കുന്നതിനു സാഹിത്യ അക്കാദമി, ലളിത കലാ അക്കാദമി, ഫോക്‌ലോർ അക്കാദമി എന്നിവയുടെ സഹകരണവും പ്രതീക്ഷിക്കുന്നുണ്ട്. നാടകത്തിന്റെ കലാവഴികൾ, മോഹിനിയാട്ടം, തുള്ളൽ, കഥകളി തുടങ്ങിയവയുടെ അവതരണം, കലാപരിപാടികൾ, പ്രഭാഷണങ്ങൾ തുടങ്ങിയവയും ഇതിൽ ഇടം തേടും. കലാവിഷയമായ ഡോക്യുമെന്ററികൾ, ഹ്രസ്വചിത്രങ്ങൾ, എന്നിവയുടെ പ്രദർശനവും ഇതിന്റെ ഭാഗമായി തീരുന്നു.മുംബൈ കേന്ദ്രമായി പ്രവർത്തനമാരംഭിക്കുന്ന ഈ സമിതിയുടെ ഫ ലപ്രദമായ കർമ്മരംഗമായി, ഈ സംരംഭത്തെ മാറ്റണമെന്നാണ് സംഗീത നാടക അക്കാദമി കരുതുന്നത്. സെപ്റ്റംബർ രണ്ടിന് ഒരു കഥകളി പരിപാടിയോടെയുള്ള സാർഥകമായ തുടക്കം അതിനു വഴിയൊരുക്കും എന്ന് ഞങ്ങൾ കരുതുന്നു.

എൻ. രാധാകൃഷ്ണൻ നായർ സെക്രട്ടറി കേരള സംഗീത നാടക അക്കാദമി

****************************
16 എം.പി. സെൽഫി ക്യാമറയുമായി
വിവോ വൈ 69

മികച്ച സെൽഫി ക്യാമറകളുള്ള സ്മാർട്ട്‌ ഫോണുകളുടെ ശ്രേണിയിലേക്ക് ‘വിവോ’യും പുതിയൊരെണ്ണം അവതരിപ്പിച്ചു. ‘വൈ-69’ എന്ന മോഡലിൽ, മുൻവശത്ത് 16 മെഗാ പിക്സലിന്റെ ക്യാമറയാണ് ഉപയോഗിച്ചിരിക്കുന്നത്. അടുത്തമാസം ആദ്യം മുതൽ പ്രമുഖ ഇ-കൊമേഴ്‌സ് സൈറ്റുകൾ വഴി വിൽപ്പന നടക്കുന്ന വിവോ വൈ-69 ന് 14,990 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. ഷാംെപയ്ൻ ഗോൾഡ്, മാറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിലായിരിക്കും ഫോൺ ലഭ്യമാവുക.
 രണ്ട് സിം കാർഡുകൾ ഉപയോഗിക്കാവുന്നതാണ് ഈ സ്മാർട്ട്‌ ഫോൺ. ആൻഡ്രോയ്‌ഡ് 7.0 നോഗട്ടാണ് ഓപ്പറേറ്റിങ്‌ സിസ്റ്റം. 5.5 ഇഞ്ചാണ് സ്‌ക്രീൻ വലിപ്പം. ഹൈ ഡെഫിനിഷൻ പിന്തുണയ്ക്കുന്ന ഇതിൽ ഗൊറില്ലാ ഗ്ലാസ് 3-യുടെ സംരംക്ഷണവുമുണ്ടാകും. 1.5 ജിഗാ ഹെർട്‌സിന്റെ ഒക്ടാകോർ  മീഡിയാ ടെക് പ്രോസസറാണ് ഫോണിലുള്ളത്. മൂന്ന് ജി.ബി.യാണ് റാം. 
 സെൽഫി പ്രേമികൾക്കു വേണ്ടി മുൻവശത്താണ് മികച്ച ക്യാമറ ഉൾപ്പെടുത്തിയിരിക്കുന്നത്. 16 മെഗാ പിക്സലിന്റെതാണ് മുൻവശത്തെ ക്യാമറ. സാംസങ് സെൻസർ, മൂൺലൈറ്റ് ഗ്ലോലൈറ്റ് തുടങ്ങിയ സവിശേഷതകളുമുണ്ട്. ഗ്രൂപ്പ് സെൽഫി, ലൈവ് ഫോട്ടോ, ബൊക്കെ തുടങ്ങിയ സവിശേഷതകളും ഉൾപ്പെടുത്തിയിട്ടുണ്ട്. പിൻവശത്ത് 13 മെഗാ പിക്സലിന്റെ ക്യാമറയാണ് ഉപയോഗിച്ചിരിക്കുന്നത്. സാംസങ് സെൻസർ, ഡ്യൂവൽ എൽ.ഇ.ഡി. ഫ്ലാഷ് എന്നിവയുണ്ട്. ഹോം ബട്ടണിൽ തന്നെ ഫിംഗർ പ്രിന്റ് സെൻസറും ഉൾപ്പെടുത്തിയിട്ടുണ്ട്. വിവോ വൈ-69ന് 32 ജി.ബി.യാണ് ആന്തരിക സംഭരണ ശേഷി. ഇതിൽ 256 ജി.ബി.വരെയുള്ള മൈക്രോ എസ്.ഡി. കാർഡുകൾ ഉപയോഗിക്കാനാവുമെന്ന് നിർമാതാക്കൾ അവകാശപ്പെടുന്നു.  4-ജി വോൾട്ടെ, വൈ ഫൈ, ബ്ലൂ ടൂത്ത് 4.2, 3.5 എം.എം. ഓഡിയോ ജാക്ക്, മൈക്രോ യു.എസ്.ബി. എന്നീ കണക്ടിവിറ്റി സംവിധാനങ്ങളുമുണ്ട്. ആക്സിലറോ മീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ഡിജിറ്റൽ കോംപസ്‌, പ്രോക്സിമിറ്റി സെൻസർ എന്നിവയുമുണ്ട്. 165.8 ഗ്രാമാണ് വിവോ വൈ-69 ന്റെ ഭാരം. 3000 എം.എ.എച്ച്. ബാറ്ററിയാകും ഫോണിൽ ഉണ്ടാവുക.

*******************************
കാല്പനികയാഥാർഥ്യത്തിന്റെ വായനാനുഭവം

കാട്ടൂർ മുരളി     
murali65kattoor@gmail.com 

ഈ ഭൂമിയിലെ സർവ ജീവജാലങ്ങൾക്കും സംസാരശേഷി ലഭിക്കുകയാണെങ്കിൽ അവയുടെ ഏറ്റവും കൂടുതൽ വിമർശങ്ങളും പുലഭ്യങ്ങളും തേടിയെത്തുക ഭൂമിയുടെ അവകാശം മത്സരിച്ച് വീതിച്ചെടുത്തുകഴിഞ്ഞ  മനുഷ്യനെയായിരിക്കുമെന്നതിൽ സംശയമില്ല. ഒപ്പം അവൻ അവനിൽനിന്നുതന്നെ മറച്ചുവയ്ക്കാൻ പാടുപെടുന്ന കാപട്യങ്ങളുടെയും പൊള്ളത്തരങ്ങളുടെയും എല്ലാ ഉള്ളുകള്ളികളും വെളിച്ചത്തായെന്നുംവരാം. അത്തരമൊരു കാല്പനിക യാഥാർഥ്യത്തിന്റെ വ്യത്യസ്തമായ വായനാനുഭവം അനുവാചകന് നൽകുന്ന, തികച്ചും അസാധാരണമായ ഒരു നോവലാണ് കണക്കൂർ ആർ. സുരേഷ്‌കുമാർ രചിച്ച് തിരുവനന്തപുരം ചിന്ത പബ്ലിഷേഴ്‌സ്‌ പ്രസിദ്ധീകരിച്ച ‘ദ്രവരാഷ്ട്രം’. 
‘ഒരു രാഷ്ട്രത്തെ  നിർവചിക്കേണ്ടത് ഭൗതികമായ അതിർവരമ്പുകൾ കൊണ്ടല്ല, മറിച്ച് അതുൾക്കൊള്ളുന്ന ആശയങ്ങളുടെ  വൈവിധ്യംകൊണ്ടാണ്’ എന്ന് ഡോളി എന്ന  കഥാപാത്രം പറയുന്നിടത്ത് ദ്രവരാഷ്ട്രം എന്ന നോവൽ ആരംഭിക്കുമ്പോൾ ടോണി, മിന്മിനി, മോളി എന്നീ മറ്റു  കഥാപാത്രങ്ങൾകൂടി ഇടപെട്ട് ആ വിഷയം ഒരു ചർച്ചയ്ക്ക് വിധേയമാക്കുന്നു. ഇങ്ങനെ ചർച്ചയിൽ മുഴുകുന്ന ഡോളിയെയും ടോണിയെയും മോളിയെയും മിന്മിനിയെയുമൊക്കെ നോവലിലെ  മനുഷ്യകഥാപാത്രങ്ങളായിട്ടല്ലാതെ മറ്റൊരു വിധത്തിൽ സങ്കല്പിക്കാനോ തെറ്റിദ്ധരിക്കാനോ വായനക്കാരന് ഇടവരുന്നില്ല. എന്നാൽ ഒരു വീട്ടിലെ സന്ദർശകമുറിയിൽ അലങ്കാരപൊങ്ങച്ചങ്ങളുടെ ഭാഗമായി വെച്ചിരിക്കുന്ന ചില്ലുകൂട്ടിലെ അന്തേവാസികളായ നാല് വളർത്തുമീനുകളാണ് ആ കഥാപാത്രങ്ങൾ എന്ന് തുടർന്നുള്ള വായനക്കിടയിൽ തിരിച്ചറിയപ്പെടുമ്പോൾ ആ ജലജീവികളുടെ ഭൂമിക അല്ലെങ്കിൽ സാനിധ്യത്തിന്റെ അസ്വാഭാവികത ചോദ്യംചെയ്യപ്പെടാനാവാത്തവിധം നോവലിലെ മനുഷ്യകഥാപാത്രങ്ങളെക്കാൾ ഔന്നത്യം പുലർത്തുന്നതായി അനുഭവവേദ്യമാകും. അവയുടെ ആ ചില്ലുകൂട് തന്നെയാണ് നോവലിന്റെ ശീർഷകമായിത്തീരുന്ന ദ്രവരാഷ്ട്രം.  
  1994 മുതൽ പ്രവാസജീവിതം നയിച്ചുവരികയും ഇപ്പോൾ മുംബൈയിലെ ആണവോർജ കോർപ്പറേഷനിൽ അഗ്നിസുരക്ഷാ ഉദ്യോഗസ്ഥനുമായ സുരേഷ് കണക്കൂർ കേരളത്തിൽനിന്നിറങ്ങുന്ന ഒട്ടുമിക്ക മുഖ്യധാരാ, സമാന്തര പ്രസിദ്ധീകരണങ്ങളിലായി ഇതുവരെ നൂറോളം ചെറുകഥകളെഴുതിയിട്ടുണ്ട്. അവയിൽ ‘നഗ്നം’ എന്ന കഥയ്ക്ക് സി.വി. ശ്രീരാമൻ പുരസ്കാരവും ‘മാംസം’ എന്ന കഥയ്ക്ക് മുംബൈ മഹാകേരളീയം പുരസ്കാരവും ‘ശലഭമഴ’ എന്ന കഥയ്ക്ക് ബെംഗളൂരു റൈറ്റേഴ്‌സ് ഫോറം പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ‘സർപ്പാസ്’ (ട്രാവലോഗ്), ‘ആൾമാറാട്ടം’, ‘ദൈവത്തിന്റെ എസ്.എം.എസ്’, ‘മഞ്ഞനിലവ്’ (ചെറുകഥാസമാഹാരങ്ങൾ), ‘കുരങ്ങൻകുന്ന്’, ‘മന്ത്രികമരം’, കുളം-തോട്-കായൽ (ബാലസാഹിത്യം), ‘പ്രകൃതി നെഞ്ചിലേറ്റുന്ന പുഴുക്കുത്തുകൾ’ (പരിസ്ഥിതി ലേഖനങ്ങൾ)  ‘എഗ്ഗിറ്റേറിയൻ’, ‘ഗോമന്തകം’ (നോവൽ) എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ ഗോവയിൽ മലയാള സാഹിത്യകൂട്ടായ്മക്ക്  രൂപംനൽകുകയും വിദേശത്തുനിന്ന് വരെയുള്ള പ്രവാസി എഴുത്തുകാരെ പങ്കെടുപ്പിച്ചുകൊണ്ട് നാല് സാഹിത്യസംഗമങ്ങൾ നടത്താൻ മുൻകൈ എടുക്കുകയും ചെയ്തിട്ടുള്ള സുരേഷ്‌കുമാർ ഗോവയുടെ പശ്ചാത്തലത്തിൽ രചിച്ച ഗോമന്തകം ശ്രദ്ധേയമായ ഒരു നോവലാണ്. അതിനുശേഷം എഴുതി സമീപകാലത്ത് മുംബൈയിൽവെച്ച് പ്രകാശനംനടത്തിയ പുതിയ നോവലാണ് ദ്രവരാഷ്ട്രം.  
മലയാള സാഹിത്യരംഗത്ത് കേരളത്തിന് പുറത്തുള്ള എഴുത്തുകാർ അവഗണിക്കപ്പെടുകയാണെന്ന് പൊതുവേയുള്ള പരാതിയിൽ കഴമ്പില്ല. വാസ്തവത്തിൽ താനടക്കമുള്ള പ്രവാസി എഴുത്തുകാർ മലയാള സാഹിത്യത്തിന്റെ മുഖ്യധാരയിൽ തിളങ്ങാനുള്ള കഴിവ് ഇനിയും ആർജിക്കേണ്ടതുണ്ടെന്നുമാത്രമല്ല അതിനായി അവർ സ്വയം വളരുകയാണ് വേണ്ടതെന്നും സുരേഷ്‌കുമാർ തുറന്നുസമ്മതിക്കുന്നു. അതേസമയം മുംബൈയിലെ എന്നല്ല എല്ലാ പ്രവാസി എഴുത്തുകാരും ക്രിയാത്‌മകമായും ആത്മാർഥമായും   ഇടപെട്ടുകൊണ്ടുള്ള പരസ്പര വിനിമയ സംവാദങ്ങൾ കൂടുതൽ ശക്തമാക്കേണ്ടതുണ്ടെന്നുകൂടി തനിക്ക് തോന്നുതായും അദ്ദേഹം കൂട്ടിച്ചേർത്തു.