എൻ. ശ്രീജിത്ത് nsreejith1@gmail.com
ലോകത്തിൽ എത്രയോ വിഷയങ്ങളിൽ ഗവേഷണം നടക്കുന്നു. ശാസ്ത്ര, സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട വിഷയങ്ങളാണെങ്കിൽ മറ്റുരീതിയിൽ അത് നമ്മുടെ ജീവിതത്തിൽ സാവധാനത്തിലെങ്കിലും എത്തുന്നുണ്ട്. എന്നാൽ കല, സാഹിത്യം ഉൾപ്പെടെയുള്ള മേഖലകളിൽ നടത്തുന്ന ഗവേഷണങ്ങളും അതിന്റെ സത്തയും മിക്കവരിലും എത്തുന്നില്ല എന്ന അവസ്ഥ നിലനിൽക്കുന്നുണ്ട്.
ഗവേഷണപ്രബന്ധങ്ങൾ ഭൂരിഭാഗവും പുസ്തകരൂപത്തിൽ എത്താറില്ല. സർവകലാശാലയിലും ഗവേഷണം നടത്തിയ ആളുടെ പക്കലും മാത്രം അവശേഷിച്ച് ഒടുങ്ങാൻ വിധിക്കപ്പെടുകയാണ് മിക്കതിന്റെയും ഗതി. ഗവേഷണരംഗത്തെത്തുന്നവർക്ക് മാർഗദർശകമായി ഇത്തരം പ്രബന്ധങ്ങൾ ലഭിക്കില്ലെന്നതും വലിയ തടസ്സമാണ്. അത്തരം കാര്യങ്ങൾക്കുള്ള പരിഹാരമാണ് യൂണിവേഴ്‌സിറ്റി ഗ്രാൻഡ് കമ്മിഷന്റെ പിന്തുണയോടെ ആരംഭിച്ച ഇൻഫർമേഷൻ ആൻഡ് ലൈബ്രറി നെറ്റ്‌വർക്ക് എന്ന ഇൻഫബ്‌നെറ്റ് എന്ന സ്ഥാപനം. ഇവർ തുടക്കംകുറിച്ച ശോധ്ഗംഗയിലൂടെ ഗവേഷണപ്രബന്ധങ്ങൾ ലോകത്തെവിടെയും ലഭിക്കും.
കേരളത്തിലെ മിക്ക സർവകലാശാലകളുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിൽ ഈ വെബ്ബിൽ ഗവേഷണപ്രബന്ധങ്ങൾ ലഭിക്കുന്നുണ്ട്. ഓരോ സർവകലാശാലയും അവരുടെ ഗവേഷണങ്ങൾ അപ്‌ലോഡ് ചെയ്തുകൊണ്ടിരിക്കുകയാണ്. കോഴിക്കോട് സർവകലാശാലയിൽത്തന്നെ മുവായിരത്തിലധികം ഗവേഷണപ്രബന്ധങ്ങളുണ്ട്. അത് ഘട്ടംഘട്ടമായി ശോധ്ഗംഗയിൽ ലഭ്യമാകും. ഇപ്പോൾ കോഴിക്കോട് സർവകലാശാലയുടെമാത്രം എണ്ണൂറ്റിഎൺപത്തിയഞ്ച് ഗവേഷണപ്രബന്ധങ്ങൾ ശോധ്ഗംഗയിലുണ്ട്. കേരളത്തിലെ മറ്റ് സർവകലാശാലകളിലെ ഗവേഷണ പ്രബന്ധങ്ങളും ലഭ്യമാണ്. കോട്ടയം മഹാത്മാഗാന്ധി സർവകലാശാലയുടെ 2275, കേരള സർവകലാശാലയുടെ 2041, കൊച്ചി സർവകലാശാലയുടെ 1898, കാലടി ശ്രീശങ്കരാചാര്യ സർവകലാശാലയുടെ 438, കണ്ണൂർ സർവകലാശാലയുടെ 312, സെൻട്രൽ യൂണിവേഴ്‌സിറ്റി പെരിയയുടെ ഒന്ന് എന്നരീതിയിൽ കേരളത്തിൽനിന്നുള്ള 7850 ഗവേഷണങ്ങൾ ശോധ്ഗംഗയിലൂടെ വായിക്കാനാവും.
ഗവേഷണപ്രബന്ധങ്ങൾ ഇരുട്ടറയിൽനിന്ന് വെളിച്ചത്തിലെത്താനുള്ള ഈ പദ്ധതിക്ക് വലിയ അംഗീകാരമാണ് ലഭിച്ചിട്ടുള്ളത്. ഗവേഷണപ്രബന്ധങ്ങളുടെ മികവും അതിന്റെ ആഴവും പരപ്പും ഓരോരുത്തർക്കും അറിയാനാവും. ഭാവിയിൽ ഗവേഷണം നടത്തുന്നവർക്ക് തങ്ങളുടെ ഗവേഷണം മികവുറ്റതാക്കാനുള്ള ചവിട്ടുപടിയായി ശോധ്ഗംഗ മാറും.
നിലവിൽ ഇന്ത്യയിലെ 284 സർവകലാശാലകളിലെ വിവിധ ഭാഷകളിലുള്ള പ്രബന്ധങ്ങൾ ലഭിക്കുന്നുണ്ട്. ഒരുലക്ഷത്തി മുപ്പത്തി ഒൻപതിനായിരത്തി എണ്ണൂറ്റി മുപ്പത്തിരണ്ട് പ്രബന്ധങ്ങളാണ് 2017 മേയ് 9വരെ ശോധ്ഗംഗയിലുള്ളത്.
ഇൻഫഌബ്‌നെറ്റ് എന്ന സ്ഥാപനത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ ബൃഹത്തായ സംരഭത്തിന് പുറമെ, സർവ്വകലാശാലകളുടെ ഡിജിറ്റലൈസേഷൻ ഉൾപ്പെടെ കാര്യങ്ങൾക്കും സാമ്പത്തിക സഹായം ലഭ്യമാക്കാൻ നിർദ്ദേശം നൽകുന്നുണ്ട്.എഴുപത്തി ഒൻപത് സർവ്വകലാശാലകൾക്ക്് ഇത്തരം സഹായം ലഭിച്ചിട്ടുണ്ട്.
ഹിന്ദി,മലയാളം,ഗുജറാത്തി,തമിഴ്,സംസ്‌കൃതം,ഉറുദു,മറാഠി,ഇംഗ്ലീഷ് ഉൾപ്പെടെ മിക്ക ഭാഷകളിലേയും ഗവേഷണപ്രബന്ധങ്ങൾ നമുക്ക് വായിക്കാനാവും.ഗവേഷണ പ്രബന്ധങ്ങളുടെ രത്‌നചുരുക്കവും ശോധ്ഗംഗയിൽ ലഭ്യമാക്കിയിട്ടുണ്ട്.
ഈ പദ്ധതി നടപ്പിലാക്കുന്നതിലും അതിനെ വികസിപ്പിക്കുന്നതിലും ചുക്കാൻ പിടിച്ചത് പേരാമ്പ്ര സ്വദേശിയായ മനോജ് കുമാറാണ്. ഇൻഫബ്‌നെറ്റിലെ സയൻറിസ്റ്റാണ്. അദ്ദേഹം നിരവധിവർഷം ശോധ്ഗംഗയുടെ ആക്ടിറ്റ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. വലിയ വിജ്ഞാനശേഖരത്തിൽ മലയാളത്തിലെ ഗവേഷണപ്രബന്ധങ്ങൾ എത്താനും വിവിധ സർവകലാശാലകളുമായി ധാരണാപത്രം രൂപപ്പെടുത്തുന്നതിലും മനോജിന്റെ പങ്ക് വലുതാണ്. വിവിധ രാജ്യങ്ങളിൽ നടന്ന അന്താരാഷ്ട്രസെമിനാറിൽ ഈ സംരംഭത്തെ അദ്ദേഹം പരിചയപ്പെടുത്തിയിട്ടുണ്ട്. 2011ലെ ഇ-ഇന്ത്യാ പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ വിജ്ഞാനശേഖരം നയിക്കുന്ന കൂട്ടായ്മ നേടിയെടുത്തിട്ടുണ്ട്.

******************************
ചക്രവ്യൂഹം പോലെ 
ദുരൂഹം ഈ നഗരം

 

മുംബൈയിൽ ദശാബ്ദങ്ങൾ പിന്നിട്ടെങ്കിലും മുംബൈയെ സമയാസമയം ഞാനിഷ്ടപ്പെടുകയും വെറുക്കുകയും ചെയ്തിട്ടുണ്ട്. എന്തായാലും,  ഒരു ചക്രവ്യൂഹം പോലെ ദുരൂഹമായ ഈ നഗരം എന്നെ എന്നും അതിശയിപ്പിക്കുന്നു ഇവിടെ ഒരിക്കൽ ചേക്കേറിയവർ പിന്നീട് മോഹമുണ്ടെങ്കിലും വിട്ടുപോകനാവാത്ത വിധം അവരെ വരിഞ്ഞു മുറുക്കിയിരിക്കും ഈ നഗരം!  മുംബൈയെ ഞാൻ ഇഷ്ടപ്പെടുന്ന പോലെ മുംബൈയെ ഞാൻ വെറുക്കാറുമുണ്ട് 
 ഒരു ഒഴിവുകാലത്ത്, എഴുപതുകളിൽ ഒരാൾക്ക്  തുണയായി ആദ്യം വന്നപ്പോൾ ഞാൻ ബോംബയെ സ്‌നേഹിച്ചിരുന്നു. ബേസിൻ റോഡിലെ ഒറ്റമുറിയും, ഉപ്പുചുവയുള്ള വെള്ളവും, ഹോളിയിലെ നേന്ത്രപഴവും, പാപ്പടിയിലെ നാടൻ കള്ളും, പാർവതി ടാക്കീസിലെ മലയാളപടങ്ങളും ‘പാവാല ‘ എന്ന് വിളിച്ചു കൂവി ദിവസവും പാവു തരുന്ന കിളവനും എനിക്ക് പഥ്യമായി. നാട് വെറുത്തു ഇവിടെ എത്തിയ  ഞാൻ ബേസിൻ റോഡിനെ ഇഷ്ടപ്പെടാൻ തുടങ്ങി. മനോരമയിൽ സ്ഥിരമായി കഥകളെഴുതിയിരുന്ന ഉണ്ണിവാരിയത്തിനെ കണ്ടു. പാട്ടുകാരനായ ബാലേട്ടനെ കണ്ടു. ഇനി ഒരു ജോലി വേണം. അന്ന്, ജോലി കിട്ടാൻ ഏറ്റവും സാധ്യതയുള്ള  കൊട്ടും (ടൈപ്പ് റൈറ്റിംഗ്) പാട്ടും എനിക്ക് വശമില്ലായിരുന്നു. സഹായിയായും സെയിൽസ്മാനായും ജോലി ചെയ്യാൻ തുടങ്ങി.  ബ്രീഫ് കേസും ടൈയും ലോക്കൽ യാത്രക്കൂലിയും പിന്നെ ഇരുനൂറു രൂപ ശമ്പളവും. തീർന്നില്ല. പത്തു ശതമാനം കമ്മീഷൻ. ദിവസവും കാലത്ത് ബഡാഫാസ്റ്റ് പിടിച്ച്്് ഫോർട്ടിലെത്തും.പിന്നെ ഓഫിസുകളിൽ കയറി അറിയാവുന്ന മുറി ഇംഗ്ലീഷും ഹിന്ദിയും നിർലോഭം പ്രയോഗിക്കും.
ആദ്യ മാസാവസാനം കമ്മിഷനായി നൂററി ഇരുപതു രൂപ അടുത്ത മാസം അത് അറുപതു രൂപയായി കുറഞ്ഞു.  അതായതു ഈ രണ്ടു മാസങ്ങളിൽ ആകെ വിറ്റത് അറുനൂറു രൂപ വിലയുള്ള സാധനം മൂന്നെണ്ണം. മാർവാഡി മൊയലാളി മുരണ്ടു. പയ്യൻ വിരണ്ടു.  ടൈയ്യും പെട്ടിയും കാറ്റലോഗും തിരിച്ചു കൊടുത്തു ഓഫീസ് പടിയിറങ്ങുമ്പോൾ മാർവാഡിയെ ഇംഗ്ലീഷിൽ  തെറി വിളിക്കാൻ മറന്നതിൽ ഖേദിച്ചു. വീട്ടിൽ നിന്നും പഠിത്തം തുടരാനുള്ള ഉത്തരവുമായി നാട്ടിലേക്കുള്ള  ജനതയിൽ കയറി. ആർക്കോണത്തു ട്രെയിൻ നിന്നപ്പോൾ മറ്റുള്ളവരുടെ കൂടെ ഇറങ്ങി മുടി വെട്ടിച്ചു. പിന്നെ വൈകീട്ടുള്ള തൈര്്്ശാതം പൊതി വാങ്ങി വച്ചു.. രണ്ടിനും മദ്രാസ്സിൽ വില കുറവ്. വീട്ടിലെത്തിയപ്പോൾ അമ്മ കരഞ്ഞെതെന്തിനെന്നറിയില്ല!  
നാട്ടിൽ പഠിപ്പു തുടർന്നു.ഹിന്ദി ക്ലാസ്സിൽ പണ്ഡിതനായ ഭട്ട് സാറിനോട് ഹിന്ദിയിൽ സംസാരിച്ചു കൂട്ടുകാരുടെ കയ്യടിയും പെൺകുട്ടികളുടെ ആരാധനയും കൈപ്പറ്റി. ബോംബെക്ക് നന്ദി. വീണ്ടും ബോംബൈയിൽ വരുന്നതു നാവികനായാണ്. കൊച്ചിയിൽ ചേർന്ന ഉടൻ ബോംബയ്ക്ക് ആദ്യ പോസ്റ്റിങ്ങ്. കപ്പലിൽ നിന്നും സ്വാതന്ത്ര്യം കിട്ടുമ്പോഴോക്കെയും ഫ്‌ളോറഫൗണ്ടനിൽ, ഗേറ്റ്‌വേ, മറൈൻ െ്രെഡവ്, കൊളാബ കോസ്്്‌വേയിലും തെണ്ടി നടന്നു. രാത്രിയായാൽ ഫ്‌ളോറ ഫൗണ്ടനിൽ സയിലർമാരും തെരുവ് നായകളും എന്ന് ഏതോ എഴുത്തുകാരൻ ഒരു ലേഖനത്തിൽ സൂചിപിച്ചപ്പോൾ ഞങ്ങളിൽ പലരും രാത്രി സഞ്ചാരം കുറച്ചു, ഫ്‌ളീറ്റ് കാന്റീനിൽ സമയം ചിലവിട്ടു. താമസിയാതെ ബോംബെ മുംബൈ ആയി. 
നേവിയിൽ നിന്നും അകാല വിടുതൽ വാങ്ങി മുംബൈയിൽ ‘ബോംബെ കേരള സമാജ് ഹോസ്റ്റലി’ൽ ചേക്കേറി. കാലത്ത് ശിവാജി പാർക്കിൽ നടക്കും, തിരിച്ചു വന്നു ശീർഷാസനം ചെയ്യും, മറ്റു യോഗ ആസനങ്ങൾ ചെയ്യാൻ സ്ഥലപരിമതി അനുവദിക്കുന്നില്ല, ശീർഷാനസനത്തിൽ ചുറ്റും കൂടി നിൽക്കുന്ന ഹോസ്റ്റൽ നിവാസികൾ പറയുന്ന കേൾക്കാം.’കാലത്ത് നടക്കാൻ പൊകുമ്പോ ഒരു കുഴപ്പോം ഉണ്ടായിരുന്നില്ല.! പത്തു മണിക്ക് ജോലിക്ക് പോകും. ദേശായിയുടെ  കൂടെ കാന്റീനിൽ ഉസൽ പാവാണ് ഉച്ചഭക്ഷണം. ടാലി ആവാത്ത കണക്കുകൾ മടുക്കുമ്പോൾ സാറാമ്മയോട് സൊള്ളിയും നിഷയോടു നേരമ്പോക്കുകൾ പറഞ്ഞും അഞ്ച്്് മണിയാക്കും. ആദ്യം ഫാക്ടറിയിൽ നിന്നും പുറത്തിറങ്ങി എന്നും ഒന്നാം സ്ഥാനം നേടി. ഹോസ്‌ററലിൽ എത്തി എന്നറിഞ്ഞാൽ ഗോപാലകൃഷ്ണൻ ചായയുമായി വരും. ആ ദിവസത്തെ ഏറ്റവും സന്തോഷ സമയം അതാണ്. ഗോപാലകൃഷ്ണന് ഒരുമ്മ കൊടുക്കാൻ തോന്നുമെങ്കിലും സദാചാരം ഭയന്ന് പിന്മാറും. ഗോപാലകൃഷ്ണനും മറ്റു രണ്ടു പേരുമടങ്ങുന്ന ടീമാണ് ഞങ്ങൾ മുപ്പതോളം പേർക്ക്  ഭക്ഷണം തരുന്നത്. പിന്നീട് ഇന്ത്യ വിട്ടു പോയി എങ്കിലും വർഷങ്ങൾക്ക്്് ശേഷം വീണ്ടും മുംബൈ.  മുംബൈ ഞാൻ നിന്നെ തീർച്ചയായും സ്‌നേഹിക്കുന്നു. ചിലപ്പോൾ നിയെന്നെ വെറുപ്പിക്കയും മടുപ്പിക്കയും ചെയ്യുന്നു. നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാലര സെന്റു സ്ഥലമുണ്ട്. ഒരിക്കലെങ്കിലും എന്നെ വിട്ടു പോകാനനുവദിക്കൂ നഗരമേ എന്നാണ് ഇപ്പോൾ മുംബൈയോട്്് പതുക്കെ പറയുന്നത്്.

തയ്യാറാക്കിയത്: ഗോവിന്ദനുണ്ണി,അന്ധേരി

എന്റെ പ്രിയനഗരം മുംബൈ

മുംബൈയിലെ ജീവിതാനുഭവം വായനക്കാർക്ക് പങ്കുവെയ്ക്കാം 
 

നിങ്ങളുടെ മുംബൈ അനുഭവം പങ്കു വെയ്ക്കാൻ മാതൃഭൂമി അവസരമൊരുക്കുന്നു.  കുറിപ്പുകളിൽ നിങ്ങളുടെ മുംബൈ ജീവിതാനുഭവം മാത്രമായിരിക്കണം. ഇതോടൊപ്പം പാസ്പോർട്ട് വലിപ്പത്തിലുള്ള ഒരു ഫോട്ടോ കൂടി അയച്ചു തരിക. മലയാളത്തിലുള്ള കുറിപ്പുകൾ രണ്ടുപേജിനുളളിൽ ഒതുക്കുക. സ്വന്തം മേൽവിലാസമെഴുതിയ കവറിൽ എല്ലാ ചൊവ്വാഴ്ചകൾക്കും മുമ്പ് കിട്ടത്തക്കവിധത്തിൽ കുറിപ്പുകൾ തപാലിലോ ഇ മെയിൽ വഴിയോ അയക്കണം.

 വിലാസം : മാതൃഭൂമി, ഷീൽ ചേമ്പേഴ്‌സ്, 10, കവാസ്ജി പട്ടേൽ സ്ട്രീറ്റ്-മുംബൈ-400001. ഇമെയിൽ വിലാസം : mumbaidaily@gmail.com. ഫോൺ : 22854091, 22854030 മൊബൈൽ നമ്പർ : 9892062865.

***********************************
ഇച്ഛാശക്തിയുടെ വിജയം​


വിജയരേഖ

പലർക്കും മേൽവിലാസമുണ്ടാക്കിയ മുംബൈ മഹാനഗരത്തിൽ എത്തിപ്പെട്ട ഒരു പന്ത്രണ്ടാം ക്ലാസ്സുകാരന്റെ 
അടങ്ങാത്ത ആവേശം. അതാണ് മോഹൻ നായർ എന്ന വ്യക്തിയിൽ നിന്നും ‘മീനു മോഹൻ’ എന്ന 
മാനേജിങ് ഡയറക്ടറിലേക്കുള്ള വളർച്ച​


സി.കെ.സന്തോഷ്
ഇച്ഛാശക്തിയുണ്ടെങ്കിൽ ഈ നഗരത്തിൽ എന്തും സാധിച്ചെടുക്കാമെതിന് ഉദാഹരണങ്ങൾ ഏറെയാണ്. അതിലൊരാളാണ് മീനു മാർട്ടിന്റെ മാനേജിങ് ഡയരക്ടർ മോഹൻ നായർ. 1991ൽ 17ാം വയസ്സിൽ്പ്രീഡിഗ്രി സർട്ടിഫിക്കറ്റുകളുമായി ഇവിടെയെത്തിയ അദ്ദേഹത്തിന്റെ വളർച്ചയുടെ പടവുകൾ സുഗമമായിരുന്നില്ല. എല്ലാം താൻ തന്നെ സ്വയം വെട്ടിയൊരുക്കിയതായിരുന്നു. കയ്യിലുണ്ടായിരുന്നത് സ്വന്തമായി എന്തെങ്കിലും ചെയ്യണമെ അടങ്ങാത്ത ആഗ്രഹം മാത്രം. അതിന്റെ ഫലമായിരുന്നു മീനു ഫാഷൻ ജ്വല്ലറി. സ്വർണ്ണം പൂശിയ ആഭരങ്ങൾ നിർമ്മിച്ചു വിൽക്കുന്ന സ്ഥാപനം. പിന്നീട് സ്ത്രീകൾക്കായുള്ള എല്ലാ വസ്തുക്കളും വിൽക്കുന്ന സ്ഥാപനമായി-മീനു മാർട്ട്- അത് വികസിച്ചു. ഇന്ന് കേരളത്തിലും മഹാരാഷ്ട്രയ്ക്കും പുറത്തുമായി 29 സ്ഥാനപങ്ങളാണ് മീനുവിനുള്ളത്. അശ്വതി എന്ന വർക്കിങ് പാട്ണറുമായി നാലു ജോലിക്കാരുമായി തുടങ്ങിയ സ്ഥാപനത്തിൽ ഇന്ന് 82 പേരുണ്ട്. ആഭരണങ്ങൾ നിർമ്മിക്കാൻ സെവ്രിയിൽ ഒരു ഫാക്ടറി. രണ്ടാമതൊന്ന് ദമനിൽ ഉടൻ തുടങ്ങും. രണ്ട് വർഷത്തിനുള്ളിൽ രാജ്യത്താകമാനം വളർന്നു പന്തലിക്കാനുള്ള തയ്യാറെടുപ്പിലാണ് മീനു മാർട്ടും മീനു ഫാഷൻ ജ്വല്ലറിയും. 
  എന്തിനായിരുന്നു മുംബൈയിലേക്കുള്ള വരവ് എന്ന ചോദ്യത്തിന് അദ്ദേഹത്തിന് കൃത്യമായ ഉത്തരമുണ്ട്.   അച്ഛൻ പേരുകേട്ട കാഥികനായിരുന്നു. അദ്ദേഹത്തിന്റെ നിഴലിൽ നിന്നും രക്ഷപ്പെടുക എന്നത് ആദ്യത്തെ ഉദ്ദേശ്യം. ജേഷ്ഠൻ ഡോംബിവ്‌ലിയിലുണ്ട്. അദ്ദേഹത്തിന്റെ കൂടെ നിന്ന് തുടർ പഠനം. ഇതു രണ്ടുമായിരുന്നു ലക്ഷ്യം. - കൊല്ലം ചാത്തന്നൂർ സ്വദേശിയായ മോഹൻ നായർ മനസ്സു തുറന്നു. 
  മനീഷ് മാർക്കറ്റിലിൽ ഒരു ജ്വല്ലറി വ്യാപാരിയുടെ കൂടെയായിരുന്നു ആദ്യത്തെ ജോലി. മനീഷ് മാർക്കറ്റിൽ നിന്നും വിദേശ വസ്തുക്കൾ വാങ്ങി കൊണ്ട് വന്ന്് ഡോംബിവ്‌ലിയിലെ സുഹൃത്തുക്കൾക്ക് വിറ്റ് ചെറിയ തോതിലുള്ള സ്വന്തം ‘ബിസിനസ്സ്’ അന്നേ തുടങ്ങിയിരുന്നു. 92ലെ കലാപത്തോടെ അതു നിന്നു. പിന്നെ ബാന്ദ്രയിലെ പേരുകേട്ട അൻമോൾ ജ്വല്ലറിയിലേക്ക്. ആറു വർഷം അവിടെ. അതിനിടയ്ക്ക് ബി-കോം, ജ്വല്ലറി ഡിസൈൻ, കംപ്യൂട്ടർ കോഴ്‌സുകളൊക്കെ പഠിച്ചു. അൻമോളിൽ ആഭരണങ്ങൾ വാങ്ങാനെത്തുവർ അധികവും ബോളിവുഡ് താരങ്ങളും മറ്റുമായിരുന്നു. തുടർന്ന്് സുരാജ് ഗ്രൂപ്പിലേക്ക് മാറി. 35 ഷോറൂമുകൾ നോക്കേണ്ട പണിയായിരുന്നു എനിക്ക്. പിന്നീട് 2007 മുതൽ ഏഴ് വർഷം പ്രശസ്ത ഗ്രൂപ്പായ ‘ഗീതഞ്ജലി’യിൽ. ഈ പരിചയമൊക്കെ ആയപ്പോൾ തോന്നി ഇനി സ്വന്തമായി തുടങ്ങാമെന്ന്.അങ്ങിനെ 2014ൽ കൊടുങ്ങല്ലൂരിൽ ആദ്യമായി മീനു ഫാഷൻ ജ്വല്ലറി വന്നു. ആദ്യമൊക്കെ സ്വർണ്ണാഭരണങ്ങൾ ഉണ്ടാക്കി മറ്റു സ്ഥാപനങ്ങൾക്ക് നൽകലായിരുന്നു ജോലി. അതിപ്പോഴും തുടരുന്നുണ്ട്. എന്നാൽ ഇപ്പോൾ സ്വർണ്ണം പൂശിയതും കല്ലുകളുടേതും മറ്റുമായ ആഭരണങ്ങളിലാണ് കൂടുതൽ ശ്രദ്ധ. മുംബൈയിൽ ഇപ്പോൾ അഞ്ച് ഷോറൂമുകളാണ് മീനുവിനുള്ളത്. വിദേശത്ത് ദുബായിലും. ന്യൂസിലാന്റിലും സിങ്കപ്പൂരിലും തുടങ്ങാൻ പോകുന്നു. 
  പെട്ടെന്ന്ുള്ള മീനുവിന്റെ വളർച്ചയ്ക്ക്് പിന്നിൽ പല കാരങ്ങൾ ഉണ്ട്. വലിയ വിവാഹങ്ങൾക്കും മറ്റും ഇപ്പോൾ കൂടുതലായി സ്വർണ്ണത്തിന് പകരം ഇത്തരം ആഭരണങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയിരിക്കുന്നു. ടെലിവിഷൻ, സിനിമാ താരങ്ങളും ഇതിന് ഏറെ പരിഗണന നൽകുന്നു. 
  കഴിഞ്ഞ നവംമ്പറിൽ കേന്ദ്ര സർക്കാർ ആയിരം, അഞ്ഞൂറ് രൂപയുടെ കറൻസി നോട്ടുകൾ നിരോധിച്ചപ്പോൾ ഏറെ രക്ഷിതാക്കളാണ് സ്വർണ്ണാഭരണങ്ങൾ വാങ്ങാൻ കഴിയാതെ ബുദ്ധിമുട്ടിയത്. അന്ന് 72 കല്യാണങ്ങളാണ് മീനു ഫാഷൻ ജ്വല്ലറിയിലൂടെ നടത്തപ്പെട്ടത്. ഫാഷൻ ജ്വല്ലറി വാടകയ്ക്ക് കൊടുക്കുന്ന പരിപാടിയും വ്യാപകമായി അക്കാലത്താണാരംഭിക്കുന്നത്. ഒരു കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങൾ വെറും 10,000 രൂപയ്ക്ക് വാങ്ങാം. രണ്ട് ദിവസം കഴിഞ്ഞ് തിരികെ നൽകിയാൽ 3000 രൂപയോളം കഴിച്ച് ബാക്കി തുക തിരികെ കൊടുക്കും. റിസോർട്ടിലും മറ്റുമായി നടക്കുന്ന ഏഴ് ദിവസത്തെ കല്യാണ ചടങ്ങുകൾക്ക് ഏറെ പേരും എത്തുന്നത് മീനു ജ്വല്ലേഴ്‌സിൽ. ഏഴ് ദിവസത്തേക്ക് ഏഴു തരത്തിലുള്ള ഡിസൈൻ പായ്‌ക്കേജാണ് നൽകുന്നത്. ആഭരണങ്ങൾ നഷ്ടപ്പെട്ടാലും വലിയ കാശ് നഷ്ടമില്ല എതാണ് ഇതിന്റെ ഗുണം. 
  മിസ് മുംബൈ, മിസിസ് കേരള തുടങ്ങി നിരവധി സൗന്ദര്യ മത്സരങ്ങളിലൂടെയും സീരിയൽ സിനിമ രംഗത്ത് ആഭരണങ്ങൾ വിതരണം ചെയ്തും ഇപ്പോൾ മീനു ഏറെ പേരെടുത്തു കഴിഞ്ഞു. വ്യത്യസ്തമായ രൂപകൽപ്പനയിൽ എത്തുന്ന മീനു ആഭരണങ്ങൾ ഇപ്പോൾ താരങ്ങൾക്ക് ഏറെ പ്രിയങ്കരവുമാണ്. 
  മികച്ച രീതിയിൽ പോളിഷ് ചെയ്യുന്നത് കൊണ്ടാണ് ഞങ്ങളുടെ ആഭരണങ്ങൾ കൂടുതൽ കാലം കേടുകൂടാതെയിരിക്കുന്നത്. പ്ലേറ്റിങ് ഇളകിയാലും ഞങ്ങൾ അത് വീണ്ടും പോളിഷ് ചെയ്തു കൊടുക്കും. ചൈനീസ് വസ്തുക്കൾക്ക് പകരം ഗുണമേന്മയുള്ള ഇന്ത്യൻ വസ്തുക്കളാണ് ഞങ്ങൾ ഉപയോഗിക്കുന്നത്. രണ്ട് വർഷത്തിനുള്ളിൽ ഓഹരി വിപണിയിൽ പ്രവേശിക്കാൻ ഒരുങ്ങുകയാണ്. മറ്റു സ്ഥാപനങ്ങൾക്ക് ആഭരണങ്ങൾ ഉണ്ടാക്കി നൽകുക, വിമാനത്താവളങ്ങളിലും മാളുകളിലും മറ്റും മീനുവിന്റെ കിയോസ്‌കുകൾ ആരംഭിക്കുക, ഗോവയിൽ മൂന്നു ഷോറൂമുകൾ, ജയ്പൂരിൽ ഒന്ന്... ഇങ്ങിനെയൊക്കെയാണ് ഇപ്പോഴത്തെ വികസന പരിപാടികൾ- മോഹൻ നായർ പറഞ്ഞു. 
 ഒരു ലക്ഷം രൂപ മുതൽ 50 ലക്ഷം രൂപയുടെ വരെ ചിലവിൽ മീനു ഫ്രൈഞ്ചൈസികൾ ലഭിക്കും. വിൽക്കാൻ കഴിയാത്ത ആഭരണങ്ങൾ മുഴുവൻ ഓരോ ആഴ്ചയിലും തിരിച്ചെടുക്കും. വേണമെങ്കിൽ സ്‌റ്റോക്ക് മുഴുവനും തിരിച്ചെടുക്കാനും കഴിയും. ആദ്യ വർഷം മീനു ഫാഷൻ ജ്വല്ലറിയുടെ വിറ്റു വരവ് 1.5 കോടി രൂപയായിരുന്നു. തുടർന്നുള്ള വർഷങ്ങളിൽ ഇത് യഥാക്രമം 3.7 കോടി, 7.5 കോടി എന്നിങ്ങനെയായിരുന്നു. അടുത്ത വർഷം 12 കോടി രൂപയാണ് ലക്ഷ്യം. 
  കോർപ്പറേറ്റ് സ്ഥാപനമാകുന്നതിന് മുന്നോടിയായി പുതിയ ഡയരക്ടർമാരും കമ്പനിയിൽ എത്തുകയാണ്. ഒരു ജ്വല്ലറി ഡിസൈൻ കോഴ്‌സും മീനു തുടങ്ങാൻ പോകുകയാണ്. ഇവിടെ പഠിക്കുന്ന മികച്ച വിദ്യാർത്ഥികൾക്ക് ജോലിയും നൽകും.   മോഹൻ നായർക്ക് മികച്ച പിന്തുണയുമായി ഭാര്യ രാധികയും ഒപ്പമുണ്ട്. ബാന്ദ്രാ അൻമോളിൽ ജോലി ചെയ്യുമ്പോൾ കണ്ടുമുട്ടിയതാണ് ഇരുവരും. പഞ്ചാബിയായ രാധിക പഠനത്തിനിടയിൽ അവധിക്കാലത്ത് രണ്ടു മാസത്തേക്ക് സെയിൽസ് ഗേളായി ജോലി നോക്കാൻ എത്തിയതായിരുന്നു.  പിന്നീടവർ തുടർന്ന് പഠിക്കാനായി തിരികെ പോയില്ല. ജീവിതസഖി ഇപ്പോൾ മീനു ഫാഷൻ ജ്വല്ലറിയുടെ കാന്തിവ്‌ലി ഷോറും നടത്തുകയാണ്.
  വ്യാപാരത്തിന്റെ തിരക്കിനിടയിലും മോഹൻ നായർ കലാലോകത്തെയും മറ്റും തന്റെ താൽപ്പര്യങ്ങളെ ഉരച്ചു മിനുക്കാൻ മറക്കാറില്ല. നാടകമെഴുത്ത്, അഭിനയം എന്നിവയ്ക്ക് പുറമെ കൃഷിയിലും ഏറെ സമയം ചിലവിടുന്നു.