മുംബൈ: മുംബൈയിൽനിന്ന്‌ പുണെയിലേക്ക് അതിവേഗയാത്രയ്ക്കുള്ള ഹൈപ്പർലൂപ്പ് സംവിധാനത്തിന് വീണ്ടും ചിറകുമുളയ്ക്കുന്നു. വെർജിൻ ഹൈപ്പർലൂപ്പ് വൺ എന്ന അമേരിക്കൻ കന്പനി നടപ്പാക്കുന്ന ഈ പദ്ധതിവഴി മുംബൈയിൽനിന്ന്‌ പുണെയിലേക്ക് 25 മിനിറ്റുകൊണ്ട് എത്താൻ കഴിയും.

മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് അടുത്തിടെ നടത്തിയ വിദേശപര്യടനവേളയിൽ വെർജിൻ ഹൈപ്പർലൂപ്പ് വണ്ണിന്റെ ഓഫീസും സന്ദർശിച്ചിരുന്നു. ഇവിടെ ഇതിന്റെ പ്രവർത്തനമാതൃകയും മുഖ്യമന്ത്രി കണ്ടു.

ഇതുമായി ബന്ധപ്പെട്ട് കമ്പനിയുമായി മഹാരാഷ്ട്രാ സർക്കാർ നേരത്തെതന്നെ കരാർ ഒപ്പിട്ടതാണ്. പദ്ധതിയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിന്റെഭാഗമായാണ് മുഖ്യമന്ത്രിയുടെ സന്ദർശനം. പുണെ മെട്രോപൊളിറ്റൻ റീജൺ ഡെവലപ്‌മെന്റ് അതോറിറ്റിയാണ് പദ്ധതിക്ക് മുൻകൈയെടുക്കുന്നത്.

ലോകത്ത് ഒരിടത്തും ഇതുവരെ നടപ്പാക്കാത്ത സാങ്കേതികവിദ്യയാണിത്. ഇതിന്റെ 15 കിലോമീറ്ററുള്ള മോഡൽ ട്രാക്ക് പണിയുക എന്നതാണ് ആദ്യപടി. ഇത് അടുത്ത വർഷംതന്നെ പണിയും. ഇതിൽ നടത്തുന്ന പരീക്ഷണം വിജയകരമായാൽ അടുത്ത നാലുവർഷംകൊണ്ട് പദ്ധതി പൂർത്തീകരിക്കാൻ കഴിയുമെന്നാണ് കമ്പനി മേധാവി റിച്ചാർഡ് ബ്രാൻസൺ പറയുന്നത്. 20,000 കോടി രൂപയുടെ മുതൽമുടക്കുള്ള പദ്ധതിയാണിതെന്നും അദ്ദേഹം പറയുന്നു.

ഓരോ കൊല്ലവും 15 കോടി പേർക്ക് ഇതിലൂടെ യാത്രചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷ. വർഷം ഒൻപത് കോടി മണിക്കൂറുകളാണ് ലാഭിക്കാൻ കഴിയുക എന്നതും പ്രത്യേകതയാണ്. പുണെയ്ക്കുശേഷം രാജ്യത്ത് മറ്റെവിടെയൊക്കെ ഹൈപ്പർലൂപ്പ് സംവിധാനം ഉപയോഗപ്പെടുത്താമെന്നതും പഠനവിധേയമാക്കുന്നുണ്ട്.

ഹൈപ്പർലൂപ്പ് എന്നാൽ

വായു കാര്യമായി ഇല്ലാത്ത ഒരു കുഴലിലൂടെ കാന്തികശക്തിയാൽ വണ്ടി ഓടിക്കുന്ന സംവിധാനമാണിത്. കാർബൺ ഫൈബർ ഉപയോഗിച്ച് നിർമിക്കുന്ന കോച്ചാണ്(പോഡ്) ഇതിന് ഉപയോഗിക്കുന്നത്. ഉരുക്കിനേക്കാൾ ഉറപ്പുള്ള ഈ കോച്ചിന് ഭാരം കുറവായിരിക്കും. 8.7 മീറ്റർ നീളമുള്ള കോച്ചിന് 2.7 മീറ്റർ വീതിയും 2.4 മീറ്റർ ഉയരവുമുണ്ടാവും. ശബ്ദവേഗത്തിൽ സഞ്ചരിക്കാൻ കഴിയും(മണിക്കൂറിൽ 1223 കിലോമീറ്റർ വേഗത്തിൽ). പാളത്തിൽനിന്ന് ഉയർന്നുനിൽക്കുന്ന പോഡ് പരമാവധി വേഗത്തിലേക്ക് എത്തിക്കഴിഞ്ഞാൽ കാര്യമായ ഊർജമില്ലാതെതന്നെ മുന്നോട്ടുകുതിക്കും. സൗരോർജമാണ് ഉപയോഗിക്കുന്നത്. നേരത്തേ വിദേശത്ത് നടത്തിയ പരീക്ഷണത്തിൽ 385 കിലോമീറ്റർ വേഗത്തിൽ ഓടിച്ചിട്ടുണ്ട്.