ന്യൂഡല്‍ഹി: ബാങ്ക് ജീവനക്കാരുടെ പെന്‍ഷന്‍ പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് ഓള്‍ ഇന്ത്യ ബാങ്ക് റിട്ടയറീസ് ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ ജന്തര്‍മന്തറില്‍ ധര്‍ണനടത്തി. എ.ഐ.ബി.ആര്‍.എഫ്. മുന്‍ ചെയര്‍മാന്‍ ടി.എം. മാത്യൂസ് ധര്‍ണ ഉദ്ഘാടനം ചെയ്തു.

25 വര്‍ഷംമുമ്പ് പ്രഖ്യാപിച്ച നിലവിലുള്ള ബാങ്ക് പെന്‍ഷന്‍ പദ്ധതി പരിഷ്‌കരിക്കുക, ഗ്രാമീണ്‍ ബാങ്ക് ജീവനക്കാര്‍ക്ക് ബാങ്ക് പെന്‍ഷന്‍ അനുവദിക്കുക, മുഴുവന്‍പേര്‍ക്കും ക്ഷാമബത്ത നല്‍കുക, കുടുംബപെന്‍ഷന്‍ വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ.

എം.പി. മാരായ എന്‍.കെ. പ്രേമചന്ദ്രന്‍, ഡി. രാജ, ഓസ്‌കാര്‍ ഫെര്‍ണാണ്ടസ്, എം.ആര്‍. റെഡ്ഡി, ഹരിപ്രസാദ്, എ.ഐ.ബി.ആര്‍.എഫ്. ചെയര്‍മാന്‍ ദേശ്പാണ്ഡെ, ജനറല്‍ സെക്രട്ടറി എസ്.സി. ജെയിന്‍, അമര്‍ജിത് കൗര്‍, തപന്‍സിന്‍ഹ എന്നിവര്‍ പ്രസംഗിച്ചു.

ഇ. ജോണ്‍ ജോസഫ്, സി. ഗോപിനാഥന്‍ നായര്‍, കെ. നന്ദകുമാര്‍ എന്നിവരുടെ നേതൃത്തില്‍ കേരളത്തില്‍നിന്ന് നൂറ്റിയമ്പതോളംപേര്‍ ധര്‍ണയില്‍ പങ്കെടുത്തു.