വിശ്വനാഥദര്‍ശനം നേടി തീര്‍ഥാടകപ്രവാഹം ഒഴുകിയെത്തുന്ന പുരാതനനഗരിയാണ് കാശി. ഗംഗാതീരത്ത് സ്വച്ഛത തേടിയെത്തുന്ന വിനോദസഞ്ചാരികളും കുറവല്ല. ക്ഷേത്രങ്ങളില്‍നിന്നുയരുന്ന പ്രാര്‍ഥനാമന്ത്രങ്ങളും ഉസ്താദ് ബിസ്മില്ലാഖാന്റെ ഷെഹ്നായ് ഗീതങ്ങളും ഇടകലര്‍ന്നൊഴുകി ഇന്ത്യയെന്ന മതേതരഭൂമികയെ അടയാളപ്പെടുത്തുന്ന കാശി. ചരിത്രത്തിലും വര്‍ത്തമാനത്തിലും പ്രൗഢപ്രതാപത്തിന്റെ പ്രതിഫലനമായ വാരാണസിയുടെ മുഖത്ത് കൂടുതല്‍ അഴകൊരുക്കുകയാണ് ഒരു മലയാളി. ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ കലാവിഭാഗം അസി. പ്രൊഫസറായ സുരേഷ് കെ. നായര്‍. കഴിഞ്ഞ ഭൗമദിനത്തില്‍ സുരേഷ് ആവിഷ്‌കരിച്ച ഒരു ചുവരുകാണാന്‍ ഒട്ടേറെ വിനോദസഞ്ചാരികള്‍ എത്തിയിരുന്നു. വാരാണസി നഗ്വയിലെ ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളിന്റെ ചുവരാണ് പരിസ്ഥിതിപ്പച്ച നിറച്ച് ചിത്രകാരന്‍ അലങ്കരിച്ചത്. നെതര്‍ലന്‍ഡില്‍നിന്നുള്ള പ്രത്യേകസംഘംതന്നെ അതുകാണാനെത്തി. അമേരിക്കയിലെ എര്‍ത്ത് ഡേ നെറ്റ് വര്‍ക്ക് എന്ന പുരസ്‌കാരവും സുരേഷിനെ തേടിയെത്തി.

ഇങ്ങനെ സുരേഷിന്റെ നേതൃത്വത്തിലുള്ള കലാസംഘം ഒരുക്കിയിട്ടുള്ള ചുവര്‍ചിത്രങ്ങളാണ് ഗംഗാതീരത്തുകൂടെയും മറ്റും സഞ്ചരിക്കുമ്പോള്‍ വാരാണസിയിലെ കാഴ്ച. സ്വകാര്യ സ്ഥലങ്ങളില്‍ മാത്രമല്ല, പൊതുസ്ഥലങ്ങളിലും വര്‍ണവിരുന്നൊരുക്കാന്‍ സുരേഷിന് അനുമതി ലഭിച്ചുകഴിഞ്ഞു. ഹൃദയ് എന്ന പദ്ധതിക്കുകീഴില്‍ വാരാണസിയിലെ 34 റോഡുകള്‍ നവീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ശങ്കരാചാര്യര്‍, തുളസീദാസ്, സൂര്‍ദാസ് തുടങ്ങിയ സന്ന്യാസിശ്രേഷ്ഠരുടെ പേരുകളിലുള്ളതാണ് ഈ റോഡുകള്‍. ഇവിടങ്ങളില്‍ സന്ന്യാസിവര്യന്മാരുടെ ഓര്‍മകളും സാന്നിധ്യങ്ങളുമുണ്ടാക്കുന്ന വിധത്തില്‍ ചുവര്‍ചിത്രങ്ങളൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ സുരേഷ് നായര്‍. ഇതോടെ വാരാണസിയുടെ മുഖം കൂടുതല്‍ സുന്ദരമാവും. ഓരോ പ്രദേശത്തിന്റെയും സ്വഭാവമനുസരിച്ചാണ് അദ്ദേഹത്തിന്റെ ചിത്രങ്ങളെന്നതാണ് പ്രത്യേകത. സാധാരണ ചിത്രങ്ങള്‍ വരയ്ക്കുമ്പോലെ ചുവരുകളിലും റോഡുകളിലുമൊന്നും കൂടുതല്‍ നിറങ്ങളോ മറ്റോ ഉപയോഗിക്കാനാവില്ല.

അതുകൊണ്ടുതന്നെ സിമന്റില്‍ വരച്ചെടുക്കുന്ന അസാധാരണ ചിത്രങ്ങളാണ് മിക്കതും. അവയില്‍ പ്രകൃതിദത്തനിറങ്ങള്‍ ചാലിച്ച് ആകര്‍ഷകമാക്കും. അതത് സ്ഥലങ്ങളുടെ സ്വാഭാവികത നിലനിര്‍ത്താനാണ് കൂടുതല്‍നിറങ്ങള്‍ ഉപയോഗിക്കാത്തതെന്ന് സുരേഷ് പറഞ്ഞു. വാരാണസിയുടെ പൊതുസ്ഥലങ്ങള്‍ മുഴുവന്‍ ചിത്രങ്ങളിലൂടെ അഴകൊരുക്കാന്‍ ലഭിച്ച അവസരം സൗഭാഗ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഓരോയിടത്തും വലിയ വലിപ്പമുള്ള ചുമരുകളില്‍തീര്‍ക്കുന്ന ചിത്രങ്ങളില്‍ പഞ്ചഭൂതങ്ങളുടെ ദൃശ്യഭാവങ്ങള്‍ സുരേഷും സംഘവും അനുഭവമാക്കും. കഴിഞ്ഞവര്‍ഷം വാഗ അതിര്‍ത്തിയില്‍ അദ്ദേഹം ആവിഷ്‌കരിച്ച ചിത്രം ഏറെ ശ്രദ്ധേയമായിരുന്നു. 'വിഭജനം' എന്ന പ്രമേയത്തില്‍ ഇരുരാജ്യങ്ങളിലെയും കുടിയേറ്റത്തിന്റെ ദൃശ്യങ്ങളുള്ളതാണ് ചിത്രം. വാഗയില്‍ വൈകിട്ടുള്ള സൈനികാചാരങ്ങള്‍ കാണാനെത്തുന്ന നൂറുകണക്കിന് വിനോദസഞ്ചാരികള്‍ക്ക് ഈ ചിത്രവും ഇപ്പോള്‍ കാഴ്ചയുടെ കൗതുകമാണ്. ബുദ്ധഗയയില്‍ ശ്രീബുദ്ധനെ വിഷയമാക്കി അവതരിപ്പിച്ചതാണ് മറ്റൊരു ശ്രദ്ധേയചിത്രം. 

സുരേഷിനെ സംബന്ധിച്ചിടത്തോളം ചിത്രകല ആത്മാവിഷ്‌കാരം മാത്രമല്ല. തെരുവുകളിലും പൊതുസ്ഥലങ്ങളിലുമൊക്കെ സാധാരണക്കാരനുമായി സംവദിക്കുന്ന കാഴ്ചകളാണ് ചിത്രങ്ങള്‍. അതുകൊണ്ടുതന്നെ വെറും ആര്‍ട്ട് ഗാലറികളില്‍ തൂങ്ങിയാടുന്ന ആസ്വാദനദൃശ്യങ്ങള്‍ മാത്രമല്ല സുരേഷിന്റെ ചിത്രങ്ങള്‍. ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ചിത്രകലാ വിദ്യാര്‍ഥികളെ പ്രചോദിതരാക്കി അവരെ ഒപ്പംകൂട്ടി ബ്രഷും ചായവുമായി സുരേഷ് തെരുവിലേക്കിറങ്ങി. അങ്ങനെ വാരാണസിയുടെ മുക്കിലും മൂലയിലുമൊക്കെ കാഴ്ചകളുടെ വിസ്മയങ്ങള്‍ നിറഞ്ഞു. ചുവരുകളില്‍ സിമന്റ് മാധ്യമമാക്കിക്കൊണ്ടുള്ള ആവിഷ്‌കാരം മാത്രമല്ല, 'ഇമേജിങ് സൗണ്ട്സ്' എന്ന ചിത്രപരമ്പരയാണ് അദ്ദേഹം ശ്രദ്ധയൂന്നുന്ന മറ്റൊരുമേഖല. സ്വര്‍ണ ഇതളുകളില്‍ വാര്‍ത്തെടുക്കുന്ന ചിത്രങ്ങള്‍ കാന്‍വാസിലൂടെ ഒഴുകി നമുക്കുചുറ്റിലുമുള്ള കഥാപാത്രങ്ങളായിമാറും. കേരളത്തിന്റെ കഥകളിയും ഗംഗാതീരത്തെ ആരതിയുടെ മണിമുഴക്കങ്ങളും യവനസൗന്ദര്യവുമൊക്കെ ആസ്വാദകന്റെ ഹൃദയത്തില്‍തെളിയുന്ന ദൃശ്യാനുഭൂതിയായി.

മത്സ്യകന്യകയും വരകള്‍ക്കിടയില്‍ തെളിയുന്ന മനുഷ്യരൂപങ്ങളുമൊക്കെ തിലമാലകള്‍ക്കിടയില്‍ ആസ്വാദനത്തിന്റെ അനുഭവങ്ങളായി. പാട്ടുകേട്ടിട്ടാണത്രേ ഈ ചിത്രങ്ങള്‍ സുരേഷ് വരയ്ക്കാറുള്ളത്. സംഗീതത്തില്‍ മനസ്സുലയിപ്പിച്ച് ഏകാഗ്രമാവുന്ന ചിന്തയില്‍ മസ്തിഷ്‌കത്തില്‍ പ്രതിധ്വനിക്കുന്ന വികാരങ്ങള്‍ കാന്‍വാസില്‍ വര്‍ണവരകളായി പതിയും. സ്വര്‍ണനിറമുള്ള കടലാസില്‍ ഒരു പ്രത്യേക തരത്തില്‍ ചെത്തിയെടുത്ത് ഒരുക്കുന്നതാണ് ഈ ചിത്രങ്ങള്‍. ഒരര്‍ഥത്തില്‍ സംഗീതത്തിന്റെ ദൃശ്യാവിഷ്‌കാരമാണ് ഈ കാഴ്ചകള്‍. പാലക്കാട് ചെര്‍പ്പുളശ്ശേരിക്കടുത്തുള്ള അടയ്ക്കാപുത്തൂര്‍ സ്വദേശിയാണ് സുരേഷ് കെ. നായര്‍. കുട്ടിക്കാലത്ത് കഥകളികണ്ട് ചിത്രങ്ങള്‍ കടലാസില്‍ വരയ്ക്കുന്ന പതിവുണ്ടായിരുന്നു. ഈ അനുഭവമാണ് പിന്നീട് സംഗീതംകേട്ട് സ്വര്‍ണനൂലിഴയില്‍ കോര്‍ത്ത ചിത്രകല സാധ്യമാക്കിയത്. കേരളത്തിലെ ക്ഷേത്രങ്ങളില്‍ സഞ്ചരിച്ച് ചുമര്‍ചിത്രകലയും അഭ്യസിച്ചു. ഗുരുവായൂര്‍ ക്ഷേത്രത്തിലെ പരിശീലനത്തിനുശേഷം അദ്ദേഹം കൊല്‍ക്കത്തയിലെ ശാന്തിനികേതനില്‍ ചിത്രകലാ വിദ്യാര്‍ഥിയായി. അവിടെ വിഖ്യാത ചിത്രകാരന്‍ കെ.ജി. സുബ്രഹ്മണ്യന്റെ ശിഷ്യനായിരുന്നു. അവിടത്തെ പഠനത്തിനുശേഷം നീണ്ടയാത്രകളായിരുന്നു. രാജസ്ഥാന്‍ ബനസ്ഥലി വിദ്യാപീഠ്, ഫിലാഡല്‍ഫിയ ടെമ്പിള്‍ സര്‍വകലാശാല, പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലൊക്കെ പഠിച്ചു. കലയുടെ വിവിധവഴികള്‍ തേടിയുള്ള യാത്ര ഒടുവില്‍ ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ചിത്രകലാ അധ്യാപകനില്‍ അവസാനിച്ചു. ഇപ്പോള്‍ കാഴ്ചകളുടെ അനുഭവങ്ങളൊരുക്കിയാണ് സുരേഷിന്റെ സര്‍ഗസഞ്ചാരം.