നൂറ്റാണ്ടിലെ ഏറ്റവുംകൂടിയ ശൈത്യമാണ്‌ രാജ്യതലസ്ഥാനത്ത്‌ ഇത്തവണ അനുഭവപ്പെട്ടത്‌. പകലുംരാത്രിയും ഒരുപോലെ അതിശൈത്യം ഉണ്ടായതോടെ ഡൽഹി അക്ഷരാർഥത്തിൽ തണുത്തുവിറച്ചു. പാർപ്പിടമില്ലാത്തതിനാൽ തെരുവോരത്ത്‌ അന്തിയുറങ്ങേണ്ടിവരുന്ന ആയിരക്കണക്കിനാളുകൾ രാത്രികാലത്ത്‌ നഗരത്തിലെ സ്ഥിരം കാഴ്ചയാണ്‌. മേൽപ്പാതകളുടെ അടിയിലും റോഡരികിലും മറ്റുമാണ്‌ ഇവർ രാത്രി കഴിച്ചുകൂട്ടുക. മുമ്പ്‌ ശൈത്യകാലമെത്തുമ്പോൾ കയറിക്കിടക്കാനുള്ള ഒരിടം ഇവർക്കുമുമ്പിൽ എപ്പോഴും ചോദ്യചിഹ്നമായിരുന്നു. എന്നാൽ, ഡൽഹി സർക്കാരിന്റെ ഷെൽട്ടർ ഹോമുകൾ പ്രവർത്തനമാരംഭിച്ചത്‌ ഇവർക്ക്‌ നൽകുന്ന ആശ്വാസം ചെറുതല്ല. ഇത്തവണയും നഗരത്തിന്റെ വിവിധയിടങ്ങളിലായി 270 ഷെൽട്ടർ ഹോമുകൾ സജീവമായിക്കഴിഞ്ഞു.

സ്ഥിരമായുള്ളതും താത്‌കാലികമായുള്ളതുമാണ്‌ ഷെൽട്ടർ ഹോമുകൾ. സ്ഥിരം ഷെൽട്ടറുകൾ കെട്ടിടങ്ങളിൽ പ്രവർത്തിക്കുമ്പോൾ ടെന്റുകളിലാണ്‌ മറ്റുള്ളവ. എന്നാൽ, ഇവയിൽ പലതിന്റെയും സ്ഥിതി മികച്ചതല്ല. വിശാലമായ ഹാളുകളുണ്ടെങ്കിലും മതിയായ കിടക്കകളില്ല. കാലപ്പഴക്കം കാരണം കീറിയവയാണ്‌ മിക്ക കമ്പിളികളും. ഇവയ്ക്കുപുറമേ രൂക്ഷമായ എലിശല്യവും. എന്നാൽ, രാത്രിയിൽ എല്ലുതുളയ്ക്കുന്നവിധം അതിരൂക്ഷമാകുന്ന തണുപ്പ്‌ ഭൂരിഭാഗംപേരെയും ഷെൽട്ടർ ഹോമിൽ അഭയംതേടാൻ പ്രേരിപ്പിക്കുന്നു. രാജാ ഗാർഡൻ ഹോമിൽ കഴിയുന്ന ഒരു വയോധികയ്ക്ക്‌ പുറത്തെ തണുപ്പിനെക്കാളും പേടി അകത്തെ രൂക്ഷമായ എലിശല്യമാണ്‌. അധികൃതർക്ക്‌ പരാതി നൽകിയശേഷം പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിൽ കഴിയുകയാണിവർ. മിക്ക ഷെൽട്ടർ ഹോമുകളിലും ‘വില്ലനാ’ണ്‌ എലി.

പടിഞ്ഞാറൻ ഡൽഹിയിലെ രാജാഗാർഡനിലുള്ള ഷെൽട്ടർ ഹോമിൽ 85 പേർക്കാണ്‌ താമസിക്കാനിടമുള്ളത്‌. കുടുംബം, സ്ത്രീകൾ, പുരുഷന്മാർ എന്നിങ്ങനെ മൂന്നുവിഭാഗങ്ങൾ ഇവിടെ ക്രമീകരിച്ചിട്ടുണ്ട്‌. എന്നാൽ, പുരുഷന്മാരുടെ വിഭാഗത്തിൽ മാത്രം 70 പേരാണ്‌ താമസം. സ്ഥലപരിമിതി കാരണം ഒരു കിടക്കയിൽ രണ്ടുപേർക്ക്‌ കഴിയേണ്ടിവരുന്നു. മതിയായ കിടക്കകളില്ലാത്ത ഹോമുകളിൽ വെറും കട്ടിലിലാണ്‌ അന്തേവാസികളുടെ ഉറക്കം. പുറത്ത്‌ രക്തം മരവിപ്പിക്കുന്ന തണുപ്പ്‌ അനുഭവപ്പെടുന്നതിനാൽ ജീവൻ രക്ഷിക്കാൻ ഷെൽട്ടർ ഹോമല്ലാതെ ഇവർക്കുമുമ്പിൽ മറ്റു മാർഗങ്ങളില്ല. ഇത്തവണ ഡൽഹിയുടെ ഏതാനും ഭാഗങ്ങളിൽ കുറഞ്ഞ താപനില 1.4 ഡിഗ്രി സെൽഷ്യസിലേക്ക്‌ താഴ്‌ന്നിരുന്നു.

കെട്ടിടങ്ങൾ, കണ്ടെയ്‌നർ മാതൃകയിലുള്ള കാബിനുകൾ എന്നിവയിലാണ്‌ 177 ഷെൽട്ടർ ഹോമുകൾ. ടെന്റുകളിലാണ്‌ ശേഷിക്കുന്ന 93 എണ്ണം. ഡൽഹി സർക്കാരിന്റെ കണക്കുപ്രകാരം 10,000-ത്തോളം പേരാണ്‌ ഇത്തവണ ഹോമുകളിൽ താമസം. എന്നാൽ, കഴിഞ്ഞതവണത്തേക്കാൾ 3,000 പേർ കുറവാണ്‌ ഇക്കുറി. ടെലിവിഷനുകൾ, ഹീറ്ററുകൾ, ബ്ലാങ്കറ്റുകൾ തുടങ്ങിയ സൗകര്യങ്ങൾ ഹോമുകളിൽ ഒരുക്കിയിട്ടുണ്ടെന്ന്‌ അധികൃതർ പറയുന്നു. കൂടാതെ ആഴ്ചയിൽ രണ്ടുതവണ ഡോക്ടർമാരുടെ സേവനവും ലഭ്യമാക്കുന്നുണ്ട്‌.

ഡൽഹിയുടെ തെരുവുകളിൽ രാത്രികാലത്ത്‌ ആരും ഉറങ്ങുന്നില്ലെന്ന്‌ ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്വം ഷെൽട്ടർ ഹോമുകളുടെ ചുമതലക്കാർക്കാണ്‌. സന്നദ്ധസംഘടനകൾക്കാണ്‌ ഹോമുകളുടെ മേൽനോട്ടം. രാത്രി 10 മുതൽ പുലർച്ചെ നാലുവരെ നഗരത്തിൽ സഞ്ചരിച്ച്‌ റോഡിൽ കിടന്നുറങ്ങുന്നവരെ ഇവർ ഹോമിലെത്തിക്കും. ഇക്കാര്യത്തിൽ ഡൽഹി പോലീസും ഇവരെ സഹായിക്കുന്നു. വിവിധ മാർഗങ്ങളിലൂടെയാണ്‌ അന്തേവാസികൾക്കുള്ള ഭക്ഷണം കണ്ടെത്തുന്നത്‌. സർക്കാരിന്റെ വിഹിതത്തിനുപുറമേ സന്നദ്ധസംഘടനകൾ, സ്വകാര്യകമ്പനികളുടെ സാമൂഹിക ഉത്തരവാദിത്വപദ്ധതി എന്നിവയും ഇക്കാര്യത്തിൽ അധികൃതരെ സഹായിക്കുന്നു. 
കൂടാതെ ഓൺലൈൻ ഭക്ഷണവിതരണക്കമ്പനികളുടെ റദ്ദാക്കിയ ഓർഡറുകളും ഹോമുകളിൽ എത്തിക്കുന്നു. പരിമിതികൾ ഏറെയുണ്ടെങ്കിലും തെരുവോരത്ത്‌ അന്തിയുറങ്ങുന്നവർക്ക്‌ തണുപ്പിന്റെ ഭീഷണിയിൽനിന്നുള്ള സുരക്ഷിതസ്ഥാനമാണ്‌ ഷെൽട്ടർ ഹോമുകൾ.