ധിക്കാരിയെന്നും നിഷേധിയെന്നുമുള്ള വിളികൾ സിനിമയിൽ പിച്ചവെച്ച കാലം മുതൽ അവന് കൂട്ടുണ്ടായിരുന്നു, തനിക്ക് യോജിക്കാത്ത കാര്യങ്ങളോട് 'സാധ്യമല്ല' എന്ന് ശബ്ദമുയർത്തിപറയുന്ന നടൻ, ഉറച്ച തീരുമാനങ്ങൾ പരസ്യമായി പ്രഖ്യാപിക്കുന്ന നായകൻ- ആരെയും കൂസാത്ത നിലപാടുകളുമായി സിനിമയ്ക്കകത്തും പുറത്തും പൃഥ്വിരാജ് ഒറ്റയാനാകുന്ന കാഴ്ച അടുത്തിടെ പ്രേക്ഷകർ വീണ്ടും കണ്ടു.
തമിഴ്നാട് സർക്കാരിൽനിന്നും മികച്ച വില്ലനുള്ള സംസ്ഥാനപുരസ്‌കാരം നേടിയതിന്റെ ആഹ്‌ളാദം പങ്കുവച്ചാണ് സംസാരിച്ചു തുടങ്ങിയത്. ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി, വലിച്ചുനീട്ടിയ വിശദീകരണങ്ങൾ എവിടെയുമില്ല. പുതിയ ചിത്രങ്ങളെ കുറിച്ചുപറയുമ്പോൾ വാക്കുകളിൽ പ്രതീക്ഷ നിറഞ്ഞു, സംസാരം കുടുംബത്തിലേക്ക് കയറിയപ്പോൾ ഉത്തരവാദിത്ത്വമുള്ള ഭർത്താവും അച്ഛനുമായി, ചോദ്യങ്ങൾക്ക് വിവാദവിഷയങ്ങളുടെ മുനവന്നപ്പോൾ എവിടെ കട്ട് പറയണമെന്ന് സിനിമയെ അടുത്തറിയുന്ന നായകന് ബോധ്യമുണ്ടായിരുന്നു. നടൻ, നായകൻ, നിർമാതാവ്, സംവിധായകൻ എന്നിങ്ങനെ സിനിമയുടെ വിവിധമേഖലകളിലേക്ക് പൃഥ്വി പടർന്നുകയറുകയാണ്.

''ഞാൻ ആർക്കും എതിരല്ല,എനിക്ക് എന്റെതായൊരു വഴിയുണ്ട് അതിലൂടെ മുന്നോട്ടുപോകുന്നു. സിനിമയെ കുറിച്ചുള്ള എന്റെ കാഴ്ചപ്പാടും തീരുമാനങ്ങളും വ്യക്തിപരമാണ്, സ്ത്രീവിരുദ്ധ സിനിമകളോട് വിയോജിപ്പുണ്ടെന്ന് പറയുമ്പോൾ അതിനർഥം സിനിമയിൽ അങ്ങിനെയൊന്ന് പരാമർശിക്കാനെ പാടില്ല എന്നില്ല. കഥ ആവശ്യപ്പെടുന്നുവെങ്കിൽ കൈകാര്യം ചെയ്യുന്ന വിഷയത്തിന് അങ്ങിനെയൊന്ന് ആവശ്യമാണെങ്കിൽ അത്തരം രംഗങ്ങൾ സിനിമയിൽ ഉണ്ടാകണം. സ്ത്രീവിരുദ്ധത കൊട്ടിഘോഷിക്കുന്ന അനാവശ്യരംഗങ്ങളോട് സഹകരിക്കില്ല എന്നതാണ് എന്റെ തീരുമാനം. മറ്റുള്ളവർ ഇതെല്ലാം അംഗീകരിക്കണമെന്ന വാശിയും എനിക്കില്ല.''- അഭിനയമല്ലാത്ത അഭിപ്രായങ്ങൾ പങ്കുവച്ച് പുതുതലമുറയുടെ നായകൻ പറഞ്ഞുതുടങ്ങി.

ഓണത്തിന് പൃഥ്വിയ്ക്ക് 'ആദം ജോണി'ന്റെ മുഖം, കഥാപാത്രവും സിനിമയും നൽകുന്ന പ്രതീക്ഷകൾ
ആദം ജോൺ എന്നത് നായകന്റെ ഹീറോയിസം പ്രകടിപ്പിക്കുന്ന 'സ്റ്റാർ വെഹിക്കിൾ' സിനിമയല്ല. മുണ്ടക്കയത്തിനപ്പുറത്തെ ഒരു പ്ലാന്ററാണ് നായകൻ, അയാളിലൂടെയാണ് കഥവികസിക്കുന്നതും മറ്റുകഥാപാത്രങ്ങളെയെല്ലാം പ്രേക്ഷകർ അറിയുന്നതും. അതുകൊണ്ടാണ് ടൈറ്റിൽ കഥാപാത്രത്തിന്റെ പേര് സിനിമയ്ക്ക് നൽകുന്നത്. വൈകാരികമായ കുടുംബബന്ധങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. ഭൂതകാലത്തിൽ ചെയ്തുപോയൊരു തെറ്റിന് പ്രായശ്ചിത്തം ചെയ്യാൻ നായകന് അവസരം കിട്ടുന്നു, അതിന് അയാൾ നൽകേണ്ടിവന്ന വില വലുതായിരുന്നു. സിനിമ ഒരേസമയം ത്രില്ലറും സസ്‌പെൻസ് ത്രില്ലറുമെല്ലാമാകുന്നുണ്ട്. വർഷങ്ങൾക്ക് മുൻപ് മറ്റൊരു സിനിമയ്ക്കുവേണ്ടി സ്‌കോട്ട്ലൻഡിൽ കഴിയുമ്പോൾ കണ്ണിലുടക്കിയ ഒരു പത്രവാർത്തയിൽനിന്നാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. സിനിമ ഭൂരിഭാഗവും ചിത്രീകരിച്ചത് വിദേശത്താണ്, പ്രേക്ഷകർക്ക് ചിത്രംപുതിയൊരു ദൃശ്യവിരുന്നാകും

പ്രതിസന്ധികളോട് പടവെട്ടിയാണ് നടൻ താരമായിമാറുന്നത്, അഭിനയജീവിതത്തിൽ ഇന്ന് ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നത് എന്താണ്
നടൻ എന്ന നിലയിൽ ഞാൻ ഭാഗ്യവാനാണ്,തുടക്കത്തിൽതന്നെ പേരെടുത്ത സംവിധായകരുടെ സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടി. പടങ്ങൾ പരാജയപ്പെട്ടപ്പോഴും വലിയവലിയ എഴുത്തുകാരും സംവിധായകരും വീണ്ടുമെന്നെ തേടിവന്നു. ഇന്ന് ഇവിടെ എനിക്ക് എന്റെതായൊരു സ്ഥാനമുണ്ട്. എനിക്കിഷ്ടപ്പെട്ട സിനിമ എനിക്കിഷ്ടപ്പെട്ട രീതിയിൽ ചെയ്യാൻ ഞാൻ വിചാരിച്ചാൽ മതി. ഒരു പുതുമുഖ സംവിധായകനുമായി ചേരുമ്പോൾ പോലും അയാൾ മനസ്സിൽ കണ്ട കാര്യങ്ങൾ ഒരുക്കികൊടുക്കാൻ എനിക്കുകഴിയും. ഇപ്പോൾ നിൽക്കുന്ന രീതിയിൽ മുന്നോട്ടുപോയാൽ തന്നെ ഞാൻ സന്തോഷവാനാണ്.

ആഘോഷമായെത്തിയ ബിഗ്ബജറ്റ് ചിത്രം ടിയാൻ തീയേറ്ററുകളിൽ വേണ്ടത്ര ചലനം സൃഷ്ടിച്ചില്ല, പരാജയങ്ങൾ പുതിയതിരഞ്ഞെടുപ്പുകൾക്ക് ഗുണം ചെയ്യാറുണ്ടോ
ടിയാൻ തിയേറ്ററിൽ വലിയവിജയമായില്ല എന്നത് സത്യമാണ്, ഒരു സിനിമ ഓടാതെ പോകുമ്പോഴും വലിയ വിജയമാകുമ്പോഴും അതിനുകാരണം ഇതെല്ലാമായിരിക്കും എന്നചില നിഗമനങ്ങളിൽ ഞാൻ എത്താറുണ്ട്. എന്നാൽ, എന്റെ നിഗമനങ്ങൾ മാത്രമാണ് ശരി എന്നുപറയാനാകില്ല. ചിലസിനിമകൾ ഇഷ്ടപ്പെട്ട രീതിയിൽ എടുക്കാൻ കഴിയാതെ വരും, ചിലത് നമുക്കിഷ്ടപ്പെട്ടരീതിയിൽ എടുത്താലും പ്രേക്ഷകർ സ്വീകരിക്കണമെന്നില്ല. ടിയാനിലെ അസ്ലം മുഹമ്മദ് കഥാപാത്രത്തിന്റെ സഞ്ചാരവഴികളെ കുറിച്ച് വേറിട്ട് അഭിപ്രായങ്ങൾ ഞങ്ങൾക്കിടയിൽ തന്നെ ഉണ്ടായിരുന്നു. എന്നാൽ സംവിധായകൻ വർഷങ്ങളായി കൊണ്ടുനടന്ന അയാളുടെ സ്വപ്നമായിരുന്നു ആ സിനിമ,  അയാൾക്ക് കഥാപാത്രത്തെകുറിച്ച് കൃത്യമായ തീരുമാനമുണ്ടായിരുന്നു.

സിനിമയുടെ ജയപരാജയ സാധ്യതകൾ ആർക്കും കൃത്യമായി പറയാനാകില്ല. വിജയത്തോടും പരാജയത്തോടും നിശ്ചിത അകലം പാലിക്കുന്നതാണ് നല്ലത് അല്ലെങ്കിൽ അടുത്തസിനിമയെ അത് കാര്യമായി ബാധിക്കും. ഒരാൾ എന്നോട് കഥപറയാൻ എത്തുമ്പോൾ ഞാൻ ആ കഥയുടെ ഭാഗമല്ല എന്ന് കരുതിയാണ് കേൾക്കുക. മറ്റാരോ അഭിനയിക്കാൻ പോകുന്ന ഒരുസിനിമയുടെ കഥ ഞാൻ കേൾക്കുന്നു എന്നനിലയിലാണ് മനസ്സുകൊടുക്കുക. കേട്ടുകൊണ്ടിരിക്കുന്ന കഥ എന്നെ സ്വാധീനിക്കുന്നുണ്ടെങ്കിൽ ഒരു പ്രേക്ഷകൻ എന്നനിലയിൽ എന്നെയത് ഹരം പിടിപ്പിക്കുന്നുണ്ടെങ്കിൽ മാത്രമെ തുടർചർച്ചകൾക്ക് വഴിയൊരുക്കാറുള്ളൂ.

സിനിമാക്കാരുടെ സ്വകാര്യജീവിതം വാർത്തകളിൽ ഇടംനേടുന്നു, പുതിയ സംഭവവികാസങ്ങൾ പ്രേക്ഷകനെ തിയേറ്ററിൽനിന്ന് അകറ്റിയതായി തോന്നിയിട്ടുണ്ടോ
നിലവിലെ സംഭവങ്ങൾ പ്രേക്ഷകനെ തിയേറ്ററിൽനിന്ന് അകറ്റി എന്ന പരാമർശത്തോട് യോജിക്കാനാകില്ല. തിയേറ്ററുകളിൽ ജനം ഇടിച്ചുകയറാതിരുന്ന അവസ്ഥകൾ ഇതിനുമുൻപും ഉണ്ടായിട്ടുണ്ട്. റിലീസുകൾ കുറയുന്നതും തിരക്ക് ഇല്ലാതാകുന്നതും മനസ്സിലാക്കി തിയേറ്ററുകൾ അറ്റകുറ്റപണികൾക്കായി അടച്ചിട്ടതും മുൻപ് കണ്ടിട്ടുണ്ട്. ഈ ഓണക്കാലത്ത് നാലോ അഞ്ചോ വലിയ ചിത്രങ്ങൾ പ്രദർശനത്തിനെത്തുന്നുണ്ട്. അവയെയെല്ലാം അവഗണിച്ച് പ്രേക്ഷകർ തിയേറ്റർ ബഹിഷ്‌കരിക്കുകയാണെങ്കിൽ മേൽപറഞ്ഞ വിഷയം അന്ന് നമ്മൾക്ക് ചർച്ചചെയ്യാം.

ആടുജീവിതം, ലൂസിഫർ, വേലുത്തമ്പിദളവ പ്രതീക്ഷകൾക്ക് കനം കൂടുകയാണോ
എന്നെ കാണുമ്പോൾ എല്ലാവർക്കും അറിയേണ്ടത് ലൂസിഫറിന്റെ വിശേഷങ്ങളാണ്. പ്രേക്ഷകരെ പോലെ ഞാനും വലിയ പ്രതീക്ഷയിലാണ്. നിർമൽ സഹദേവ് എന്ന സംവിധായകൻ ഒരുക്കുന്ന രണം എന്നചിത്രത്തിലാണ് അടുത്തതായി ഞാൻ അഭിനയിക്കുക. അതിനുശേഷം അഞ്ജലിമേനോന്റെ സിനിമയുമായി സഹകരിക്കും. പിന്നീട് മാത്രമെ നിങ്ങൾ ചോദിച്ച മൂന്നുസിനിമകളിലേക്കും കടക്കുകയുള്ളൂ. ടിയാന്റെ സെറ്റിൽ വച്ചാണ് മുരളിഗോപി എന്നോട് ലാലേട്ടനെ നായകനാക്കിയുള്ള സിനിമയുടെ ത്രഡ് പറയുന്നത്. ആവേശം കയറി ആരാണ് ഇതിന്റെ സംവിധായകൻ എന്നുചോദിച്ചപ്പോൾ നിനക്കുവേണമെങ്കിൽ ചെയ്യാമെന്നായിരുന്നു മറുപടി. അവിടെനിന്നാണ് ആ പ്രൊജക്ട് ആരംഭിക്കുന്നത്.

ആടുജീവിതം വലിയ ശാരീരികമാറ്റങ്ങൾ ആവശ്യപ്പെടുന്ന സിനിമയാണ്. ചിത്രത്തിന്റെ ആദ്യഷെഡ്യൂൾ തുടങ്ങിയാലും പിന്നീട് വലിയൊരു ഇടവേള വേണ്ടിവരും. വേലുത്തമ്പിദളവ വർഷങ്ങൾക്കുമുൻപ് സംസാരിച്ച വിഷയമാണ്, വിജിതമ്പിസാറാണ് അങ്ങനെയൊരു സിനിമ ഉണ്ടാകണമെന്ന് ശക്തമായി ആഗ്രഹിച്ചത്. രൺജിപണിക്കരാണ് എഴുതുന്നത് അദ്ദേഹം അതിനായി എടുത്ത റിസർച്ചുകൾ ഞാൻ നേരിട്ട് കണ്ടറിഞ്ഞതാണ്. വേലുത്തമ്പിയെകുറിച്ച് എന്തുചോദിച്ചാലും മണിക്കൂറുകളോളം സംസാരിക്കാനുള്ള വിഷയം രഞ്ജിയേട്ടന്റെ കൈയിലുണ്ട്. പ്രതീക്ഷകൾ വലുതാണ്.

ട്രോളൻമാർ വലിച്ചുകീറിയിട്ടും സോഷ്യൽ മീഡിയയിലെ പൃഥ്വിയുടെ ഇംഗ്ലീഷ് പോസ്റ്റുകൾക്ക് മയം വരുന്നില്ലെന്ന് ആക്ഷേപമുണ്ട്
കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷ് ഒന്നും എനിക്കറിയില്ല, എന്നെ പഠിപ്പിച്ച അധ്യാപകരുടെയും ഞാൻ വായിച്ച പുസ്തകങ്ങളുടെയും ഗുണമോ ദോഷമോ ആകും എന്റെ ഭാഷ. വായനക്കാരന് മനസ്സിലാകാൻ പ്രയാസമാകണം എന്നുകരുതി ഞാൻ ഇതുവരെ ഒന്നും എഴുതിയിട്ടില്ല. എന്നെയും എന്റെ ഇംഗ്ലീഷിനെയും കളിയാക്കിയുള്ള ട്രോളുകൾ ധാരാളം എനിക്കും കിട്ടാറുണ്ട്. ചിലതെല്ലാം വളരെ ബ്രില്യന്റാണ്, വായിച്ച് പൊട്ടിച്ചിരിക്കാറുണ്ട്. ട്രോളുകൾ ഉണ്ടാക്കുന്നവർ അതു തുടരുകതന്നെചെയ്യണം എന്നാണ് എനിക്ക് പറയാനുള്ളത്. നിങ്ങൾ ട്രോൾ നിർത്താതിരിക്കാൻ ഞാൻ വീണ്ടും ഇടക്കിടെ പോസ്റ്റുകളുമായി എത്തുന്നതായിരിക്കും.