പെണ്ണിന്റെ ആഗ്രഹങ്ങളുടെ കഥ പെണ്ണ് പറയുകയാണ് വാങ്കിലൂടെ. ഉണ്ണി ആറിന്റെ വാങ്ക് എന്ന കഥ ചലച്ചിത്രരൂപത്തിൽ എത്തുമ്പോൾ അണിയറയിൽ കരുത്തുറ്റ പെൺകൂട്ടമാണ്. അനശ്വര രാജൻ, നന്ദന വർമ, ഗോപിക എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളാകുന്നത്. സംവിധായികത്തൊപ്പി അണിഞ്ഞിരിക്കുന്നത് സംവിധായകൻ വി.കെ. പ്രകാശിന്റെ മകളായ കാവ്യപ്രകാശാണ്. തിരക്കഥാകൃത്ത് പുന്നയൂർക്കുളത്തുകാരി ഷബ്‌ന മുഹമ്മദും. ഒരു സ്ത്രീതിരക്കഥാകൃത്തിന്റെ രചന മറ്റൊരു സ്ത്രീ സംവിധാനം ചെയ്യുന്നത് മലയാളത്തിലിതാദ്യം. കാവ്യ പ്രകാശും തിരക്കഥാകൃത്ത് ഷബ്‌ന മുഹമ്മദും സംസാരിക്കുന്നു.

വാങ്കിലേക്കുള്ള വരവ്
കാവ്യ: ബാംഗ്ലൂരിൽവെച്ച് ഉണ്ണി ആറുമായുള്ള സംസാരത്തിനിടെയാണ് വാങ്ക് വിളിക്കാൻ ആഗ്രഹിച്ച റസിയ എന്ന മുസ്‌ലിംപെൺകുട്ടിയുടെ കഥ കേൾക്കുന്നത്. ഇത് താൻ സിനിമയാക്കുന്നോ എന്ന് ഉണ്ണിസാർ ചോദിച്ചപ്പോൾ ഞാൻ ചാടിക്കയറി സമ്മതംപറഞ്ഞു. തിരക്കഥ ഉണ്ണിസാർ എഴുതും എന്നാണ് ഞാനാദ്യം വിചാരിച്ചത്. എന്നാൽ വേറൊരാളെക്കൊണ്ട് എഴുതിക്കണമെന്ന് അദ്ദേഹം പറഞ്ഞപ്പോൾ എനിക്ക് ചെറിയ ടെൻഷനായി. അച്ഛനും ഉണ്ണിസാറുമാണ് ഷബ്‌നത്തിന്റെ പേര് നിർദേശിച്ചത്. കൊച്ചിയിലെത്തി ഷബ്‌നത്തോട് സംസാരിച്ചപ്പോൾ സ്വന്തം ചേച്ചിയെപ്പോലെ അടുപ്പം തോന്നി. പിന്നെ എഴുത്തും ഷൂട്ടിങ്ങും എല്ലാം വളരെ ആസ്വദിച്ചു.

ഷബ്‌ന: മലബാറിലേക്ക് ആദ്യ കഥയെ പറിച്ചുനടുകയാണ് ഞാൻ ചെയ്തത്. കാരണം മലബാറിലെ ജീവിതം എനിക്ക് ഏറെ പരിചിതമാണ്. പിന്നെ ഇതുപോലൊരു കഥ പറയാൻ പല സിനിമക്കാർക്കും ധൈര്യം കുറവാണ്. പലരും  പിന്തിരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. എന്തിനാണ് വെറുതേ വിവാദവിഷയം എടുത്ത് കരിയർ കളയുന്നതെന്നൊക്കെ പറഞ്ഞവരുണ്ട്. പക്ഷേ, ഞങ്ങൾ പിന്മാറിയില്ല. രാഷ്ട്രീയം പറയാൻ എന്തിനാണ് ഭയപ്പെടുന്നത്?

നാല് ആഗ്രഹങ്ങളുടെ കഥ
കാവ്യ: നാല്‌ പെൺകുട്ടികളുടെ നാല് ആഗ്രഹങ്ങളുടെ കഥയാണ് സിനിമ പറയുന്നത്. അനശ്വര രാജനാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഔസേപ്പച്ചൻസാറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഒരു സ്ത്രീതന്നെ തിരക്കഥ എഴുതിയതിനാൽ കുറച്ചുകൂടി സ്ത്രീപക്ഷത്തുനിന്ന് കഥ പറയാൻ സാധിച്ചിട്ടുണ്ട്.

ഷബ്‌ന: ഷൂട്ടിങ്ങിന് മുന്നേത്തന്നെ കാവ്യയുമായി വളരെ അടുത്ത ബന്ധം എനിക്ക് സ്ഥാപിക്കാനായി. അത് സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. കഴിവിന്റെ പരമാവധി ഈ സിനിമയ്ക്ക് നൽകിയാണ് വാങ്ക് തിയേറ്ററുകളിലേക്ക് എത്തിക്കുന്നത്. പുരുഷന് സിനിമയിൽ ചെയ്യാൻ പറ്റുന്ന എല്ലാ കാര്യങ്ങളും അതേപോലെ സ്ത്രീകൾക്കും പറ്റും എന്ന് കാണിച്ചുകൊടുക്കാൻ ശ്രമിക്കുകയാണ്. ഇനിയും ഒരുപാട് പെൺകുട്ടികൾ സിനിമയിലേക്ക് കടന്നുവരും. അവർക്ക് ഞങ്ങൾ ചെയ്ത സിനിമ ഒരു പ്രചോദനമായി മാറുമെന്നാണ് പ്രതീക്ഷ.

ജീവിതംതന്നെയാണ് സിനിമ
ഷബ്‌ന: എന്റെയൊക്കെ ജീവിതത്തിന്റെ ചെറിയൊരു എക് സ്റ്റൻഷനാണ് ഈ ചിത്രം. കാരണം ചെറുപ്പത്തിൽ പുന്നയൂർക്കുളത്ത് കല്യാണവീട്ടിലൊക്കെ പോകുമ്പോൾ കല്യാണവീടിന്റെ പിറകുവശത്തുകൂടിയാണ് സ്ത്രീകൾ കയറുക. അപ്പോൾ ഞാൻ ഉമ്മയോട് ചോദിക്കും എന്തുകൊണ്ടാണ് നമ്മൾ മുൻവശത്തുകൂടി കയറാത്തതെന്ന്. ഉമ്മ നൽകുന്ന മറുപടി ‘നമ്മൾ പെണ്ണുങ്ങളല്ലേ’ എന്നാണ്. ആണുങ്ങൾക്ക് മുന്നിൽക്കൂടി പോകാമെങ്കിൽ പെണ്ണുങ്ങൾക്ക് പോയാൽ എന്താ എന്ന് ഞാനന്ന് ചിന്തിച്ചിട്ടുണ്ട്. വളരുമ്പോൾ പെണ്ണിന് നിഷേധിച്ച എല്ലാ കാര്യങ്ങളും നേടണം എന്ന ആഗ്രഹം ഉണ്ടായി.  ബൈക്കോടിക്കാനാണ് ഞാനാദ്യം പഠിച്ചത്. എൻജിനീയറിങ് പഠനത്തിനൊപ്പം ഭരതനാട്യവും പഠിച്ചു. ഒരുപാട് ക്ഷേത്രങ്ങളിൽ ഭരതനാട്യം അവതരിപ്പിച്ചു. ഒരു മുസ്‌ലിം പെൺകുട്ടി ക്ഷേത്രത്തിൽ ഭരതനാട്യം  കളിക്കുമ്പോൾ ഉണ്ടാകുന്ന തടസ്സങ്ങൾ പറയാതറിയാമല്ലോ. ആ തടസ്സങ്ങളൊന്നും കാര്യമാക്കാതെയാണ്‌ ഇപ്പോഴും ജീവിക്കുന്നത്.

കാവ്യ: ഷബ്‌ന അനുഭവിച്ച അതേ തീവ്രതയിൽ ആൺ-പെൺ വ്യത്യാസങ്ങൾ എനിക്ക് നേരിടേണ്ടി വന്നിട്ടില്ല. അത് ബാംഗ്ലൂർപോലെയൊരു മെട്രോ നഗരത്തിൽ ജീവിച്ചതുകൊണ്ടാണ്. എന്നാൽപ്പോലും അത്തരം അനുഭവങ്ങളുള്ള ഒരുപാട് പെൺകുട്ടികളെ ഞാൻ കണ്ടിട്ടുണ്ട്. അതുകൊണ്ടാണ് വാങ്ക് എന്ന കഥ എനിക്ക് എളുപ്പം റിലേറ്റ് ചെയ്യാനായത്.