‘വാട്ട് ആർ ദ പർപ്പസ് ഓഫ് ദീസ് ഹോൾസ് ' കഥ കേട്ടുകൊണ്ടിരിക്കെ, ഇംഗ്ലണ്ടിലെ പ്രശസ്ത ത്വഗ്രോഗ വിദഗ്ധർ നിക്കോള ഡോൺസും പീറ്റർ സാംസണും ബേക്കൽ കോട്ടയിലെ വിവിധ ദ്വാരങ്ങളിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് ചോദിച്ചു.  'കടലിൽനിന്നുള്ള പായ്ക്കപ്പലുകളെ വിവിധ കോണുകളിലൂടെ കാണാൻ വേണ്ടിയുള്ള പ്രത്യേക അളവിൽ നിർമിച്ചതാണ് ഈ ദ്വാരങ്ങളെന്ന് കഥപറച്ചിലുകാരുടെ മറുപടി.

ഡോ. നിക്കോളയും പീറ്ററും മാത്രമല്ല, ഇവരുൾ​െപ്പടെ ഇംഗ്ലണ്ടിൽനിന്നെത്തിയത് 44 ഡോക്ടർമാരാണ്. കോഴിക്കോട്ടെയും കണ്ണൂരിലെയും കാസർകോട്ടെയും ഗ്രാമങ്ങളും ഇവിടത്തെ ആളുകളെയും കണ്ടും പരിചയപ്പെട്ടുമുള്ള യാത്ര. ബി.ആർ.ഡി.സി. സ്മൈൽ ഗ്രൂപ്പിലെ മോഹൻകുമാർ നാരംന്തട്ടയും ജി.അംബുജാക്ഷനുമാണ് ബേക്കൽ കോട്ടയുടെ ചരിത്രം വിവരിച്ചത്. വ്യാഴാഴ്ച രാവിലെയായിരുന്നു ബേക്കൽ കോട്ട സന്ദർശനം. കോട്ടയ്ക്കു മുമ്പിലെത്തിയപ്പോൾ തന്നെ വനിതകൾ ഉൾ​െപ്പടെയുള്ള സംഘം വലിയ കൗതുകത്തോടെ ചുറ്റിലും വീക്ഷിച്ചു. വലിയ കുടയൊക്കെ തുറന്നുപിടിച്ച് അവർ കോട്ടയ്ക്കകത്തേക്കു കയറി.

മോഹൻകുമാറും അംബുജാക്ഷനും കഥ പറഞ്ഞുതുടങ്ങി. 'എ.ഡി. 1650-ൽ കർണാടകയിലെ ശിവപ്പനായ്ക്ക് ആണ് കോട്ട നിർമിച്ചത്. കുരുമുളക് ഉൾപ്പടെയുള്ള നാണ്യവിളകൾ കയറ്റി അയക്കാനാണ് മലബാറിലെ പ്രധാന തുറമുറഖമായ ബേക്കലിൽ കോട്ട പണിതത്....' ഇടയ്ക്കിടെ ഇവർ സംശയങ്ങൾ ചോദിച്ചുകൊണ്ടേയിരുന്നു. രണ്ടുമണിക്കൂർ നേരം കോട്ടയിൽ സമയം ചെലവഴിച്ചു. ത്വഗ്രോഗ വിദഗ്ധരുടെ സംഘടനയായ ഇംഗ്ലണ്ടിലെ ഡൗളിങ് ക്ലബ്ബിലെ അംഗങ്ങളാണിവർ.

ഇക്കഴിഞ്ഞ 15-നാണ് കേരളത്തിലെത്തിയത്. തിണ്ടിസ് ട്രാവൽ കമ്പനിയുടെ പ്രതിനിധി കണ്ണൂർ ജില്ലയിലെ ചെറുപുഴ സ്വദേശി കൂടിയായ നവീൻ മാത്യുവിനൊപ്പമാണ് വടക്കൻകേരള സന്ദർശനം. കോഴിക്കോട് ജില്ലയിലെ വിവിധ ഗ്രാമങ്ങളിലും തീരദേശത്തെ വീടുകളിലുമെത്തി.
അവിടെ ഓട്ടോറിക്ഷ സവാരിയായിരുന്നു ഏറെ ഇഷ്ടപ്പെട്ടതെന്ന് സംഘാഗങ്ങളായ ഡോ. ഫിലിപ്പ് റീഡും ലൂയിസ്ഫള്ളറും പറഞ്ഞു.
കാസർകോട് ജില്ലയിലെത്തിയപ്പോൾ ആദ്യം പോയത് നീലേശ്വരത്തെ ബീഡിത്തൊഴിലാളികളുടെ അടുത്തേക്കാണ്. അവരുടെ ജീവിതത്തെക്കുറിച്ചും തൊഴിലിനെക്കുറിച്ചും ചോദിച്ചറിഞ്ഞു. ഇംഗ്ലീഷും ഹിന്ദിയുമുൾപ്പടെ ഒമ്പത് ഭാഷകൾ സംസാരിക്കുന്നവരുണ്ടെന്ന് കേട്ടപ്പോൾ സംഘത്തിന് കൂടുതൽ കൗതുകം. കാസർകോട്ടെ വിവിധ സ്ഥലങ്ങളിലെത്തിയപ്പോൾ വ്യത്യസ്ത ജീവിതരീതിയിലുള്ള ആളുകളെ കണ്ടുവെന്നും ഇതു വലിയ പ്രത്യേകതയായി തോന്നിയെന്നും സംഘം പറഞ്ഞു.

 കാസർകോട്ടും കോഴിക്കോട്ടും തൃശ്ശൂരിലുമായി നടന്ന ത്വഗ്രോഗ ഡോക്ടർമാരുടെ ശില്പശാലയിലും പങ്കെടുത്തു.