ആരവല്ലി പർവതനിരയുടെ താഴ്‌വാരത്തെ വസന്ത് കുഞ്ജിൽ  പതിനേഴുവർഷങ്ങൾക്കുമുന്പാണ് സംഭവം. ഡൽഹിയിൽ മുൻ രാഷ്ട്രപതിയുടെ പേരമകനുൾപ്പെടെയുള്ള പ്രമുഖർ അനധികൃതമായി മാളികകൾ പണിത് വർഷങ്ങളായി കൈയടക്കിവെച്ചിരുന്ന എയർപോർട്ട് അതോറിറ്റിയുടെ 21 ഏക്കർ സ്ഥലം ഒരൊറ്റ പകൽകൊണ്ട് ഒരു മലയാളി ഉദ്യോഗസ്ഥൻ ഒഴിപ്പിച്ചെടുത്തു. ഡൽഹിയിൽ സ്വാധീനമുള്ള വൻതോക്കുകളുടെ എതിർപ്പുകളെ മറികടന്നാണ് കോഴിക്കോട്ടുകാരനായ പി.എസ്. നായർ മാളികകൾ ഇടിച്ചുനിരത്തിയത്.  അനധികൃതമായി നിർമിച്ച ബംഗ്ലാവുകളിലൊന്നിൽ താമസിച്ചിരുന്ന ഒരു ആഫ്രിക്കൻ സ്ഥാനപതിക്കുമാത്രം നയതന്ത്രമര്യാദയെക്കരുതി ഒരുമാസം സമയമനുവദിച്ചു. 20 ദിവസത്തിനകം അദ്ദേഹവും താമസമൊഴിഞ്ഞതോടെ ആ കണ്ണായ പ്രദേശം മുഴുവൻ അതോറിറ്റിയുടെ പൊതുസ്വത്തായി.

ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ അന്നത്തെ ഡയറക്ടറായിരുന്ന പി.എസ്. നായർ അന്ന് ഒഴിപ്പിച്ചെടുത്ത സ്ഥലത്ത് ഇന്ന് ‘ഇന്ത്യൻ ഏവിയേഷൻ അക്കാദമി’യാണുള്ളത്. എയർപോർട്ട് അതോറിറ്റിയുടെയും  ഡയറക്ടറേറ്റ് ജനറൽ ഫോർ സിവിൽ ഏവിയേഷന്റെയും ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെയുമെല്ലാം സംയുക്തപരിശീലനകേന്ദ്രമാണത്.

ആ ഒരുസംഭവത്തിൽ ഒതുങ്ങുന്നതല്ല പി.എസ്. നായർ എന്ന പുത്തലത്ത്  സുകുമാരൻ നായരുടെ സംഭവബഹുലമായ ഔദ്യോഗികജീവിതം.  2010-ലെ  കോമൺവെൽത്ത് ഗെയിംസിനുമുന്നോടിയായി ഡൽഹി വിമാനത്താവളത്തിലെ മൂന്നാം ടെർമിനൽ (ടി.ത്രീ)  37 മാസംകൊണ്ട് പൂർത്തീകരിച്ച് അധികൃതരെ അമ്പരപ്പിച്ചു അന്നത്തെ ഡയൽ (ഡൽഹി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ്) സി.ഇ.ഒ. ആയ സുകുമാരൻ നായർ. അഞ്ചുവർഷം സ്വാഭാവികമായി  വേണ്ടിവരുന്ന 12,987 കോടിയുടെ നവീകരണപ്രവൃത്തി പകുതിസമയത്തിനുള്ളിൽ പൂർത്തീകരിക്കാനായി. ഇദ്ദേഹം പോർട്ട് ഓപ്പറേഷൻ ഓഫീസറായിരുന്നപ്പോഴാണ്  ധവളവിപ്ലവത്തിന്റെ പിതാവായ ഡോ. വർഗീസ് കുര്യന്റെ നേതൃത്വത്തിൽ മൂന്നരലക്ഷത്തോളം മെട്രിക് ടൺ പാലുത്‌പന്നങ്ങൾ യൂറോപ്യൻരാജ്യങ്ങളിൽനിന്ന് ഇന്ത്യയിലെത്തിച്ചത്. ഡൽഹി, മുംബൈ, തിരുവനന്തപുരം എന്നീ മൂന്നുവിമാനത്താവളങ്ങളുടെയും ഡയറക്ടർപദവി അലങ്കരിച്ച ഒരേയൊരു  വ്യക്തിയാണ്. വിമാനത്താവളങ്ങളുടെ സ്വകാര്യവത്കരണക്കരാർ ഏറ്റെടുത്ത ജി.എം.ആർ. ഗ്രൂപ്പിന്റെ നിലവിലെ ഡയറക്ടറുമാണ്. വോയ്സ് ഓഫ് ഗ്ലോബൽ എയർപോർട്ട്സ് എന്നറിയപ്പെടുന്ന മോൺട്രിയൽ ആസ്ഥാനമായുള്ള  എയർപോർട്ട് കൗൺസിൽ ഇന്റർനാഷണലിലെ ഇന്ത്യക്കാരനായ ഒരേയൊരു ഗവേണിങ് ബോർഡ് അംഗമാണ്‌. ഇങ്ങനെ അലങ്കരിച്ച പദവികളുടെ ഒരു നിരതന്നെയുണ്ട് കോഴിക്കോട് കക്കോടി ചെറുകുളത്തെ പുത്തലത്ത് തറവാട്ടിൽ ജനിച്ച പി.എസ്. നായർക്ക്  അവകാശപ്പെടാൻ. നാൽപ്പതുവർഷത്തിലധികംനീണ്ട അനുഭവസമ്പത്തുമായി പദവികളുടെ ഔന്നത്യത്തിൽ നിൽക്കുമ്പോഴും എളിമ കൈവിടാതെ ഈ എഴുപത്തിയൊന്നുകാരൻ ഇന്നും തന്റെ മേഖലയിൽ കർമനിരതനായി  സജീവമാണ്.

 ട്രാഫിക് സൂപ്പർവൈസറിൽനിന്ന്‌ ഡയറക്ടർ പദവിയിലേക്ക്
പരേതരായ അപ്പു നായർ-മാതുക്കുട്ടി ദമ്പതിമാരുടെ എട്ടുമക്കളിൽ രണ്ടാമനാണ് സുകുമാരൻ നായർ. സാമൂതിരി ഗുരുവായൂരപ്പൻ കോളേജിലെ പഠനത്തിനുശേഷം  ഡൽഹി സർവകലാശാലയിൽ പബ്ലിക് അഡ്മിനിസ്ട്രേഷനിലും രാഷ്ട്രമീമാംസയിലും ബിരുദാനന്തരബിരുദം നേടി. ലണ്ടനിലെ ലീഡ്സ് യൂണിവേഴ്സിറ്റിയിൽനിന്ന് പബ്ലിക് സെക്ടർ മാനേജ്മെന്റിൽ പി.ജി. ഡിപ്ലോമയും സ്വായത്തമാക്കി.

ഡൽഹിയിൽ അസിസ്റ്റന്റ് ട്രാഫിക് സൂപ്പർവൈസറായി 1973-ലാണ് പി.എസ്. നായർ എയർ ഇന്ത്യയിൽ ജോലിയിൽ പ്രവേശിക്കുന്നത്. പിന്നീട് 1977-ൽ മുംബൈ എയർപോർട്ട് അതോറിറ്റി ഓഫീസിൽ മാനേജിങ് ട്രെയിനിയായി. പടിപടിയായി ഉയർന്ന് അതേ വിമാനത്താവളത്തിന്റെ എയർപോർട്ട് ഡയറക്ടർ പദവിവരെ  എത്തി. ഡൽഹി, മുംബൈ, തിരുവനന്തപുരം വിമാനത്താവളങ്ങളുടെയും ഡയറക്ടർ പദവിയും അതോറിറ്റിയുടെ കാർഗോ, കൊമേഴ്സ്യൽ, കീ ഇൻഫ്രാസ്ട്രെക്ചർ  വിഭാഗം ഡയറക്ടർസ്ഥാനവും വഹിച്ച സുകുമാരൻ നായർ, 2005 അവസാനത്തോടെയാണ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽനിന്ന്  വിരമിക്കുന്നത്. പിന്നീട് ജി.എം.ആർ. ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഭാഗമായി ഡൽഹി, ഹൈദരാബാദ് വിമാനത്താവളങ്ങളുടെ സി.ഇ.ഒ. സ്ഥാനവും അദ്ദേഹത്തെ തേടിയെത്തി.

നിരതകർമ്മത്തിന്റെ വിജയഗാഥ
ജി.എം.ആർ. ഗ്രൂപ്പിന്റെ ഭാഗമായി ഡയലിന്റെ സി.ഇ.ഒ. പദവി ഏറ്റെടുത്ത സമയത്താണ് 2010-ലെ കോമൺവെൽത്ത്‌ ഗെയിംസിന് ഇന്ത്യ ആതിഥ്യമരുളിയത്. അന്നാണ് മൂന്നാമതൊരു അന്താരാഷ്ട്ര ടെർമിനൽ നിർമിക്കാനും ഡൽഹി മെട്രോയുമായുള്ള കണക്ടിവിറ്റി ഉൾപ്പെടെയുമുള്ള കാര്യങ്ങളും സുകുമാരൻ നായരുടെ ചുമതലയിൽ വന്നത്. മെട്രോമാൻ ഇ. ശ്രീധരന്റെ  സഹകരണത്തോടെയായിരുന്നു എയർപോർട്ടും ഡൽഹി മെട്രോ റെയിൽ സർവീസും ബന്ധിപ്പിച്ചത്. മൂടൽമഞ്ഞുകാരണം സർവീസുകൾ റദ്ദാക്കേണ്ടിവന്നിരുന്ന അവസ്ഥയ്ക്ക് മാറ്റംവരുത്താൻ ആധുനിക ലൈറ്റിങ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി. ഓട്ടോമാറ്റേഡ് ബാഗേജ്/ക്യൂ സംവിധാനവും നിലവിൽവരുത്തി ലോകത്തെ ഏത് അന്താരാഷ്ട്രവിമാനത്താവളത്തോടും  കിടപിടിക്കത്തവിധത്തിൽ ഡൽഹിയെ  മാറ്റി. ബോയിങ്-747 ഉൾപ്പെടെയുള്ള വലിയ വിമാനങ്ങൾക്ക് ഇറങ്ങാവുന്ന തരത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിന്റെ റൺവേ വികസനവും ഇന്നുകാണുന്ന ഇന്റർനാഷണൽ പാസഞ്ചർ ടെർമിനലും  പി.എസ്. നായർ   ഡയറക്ടറായിരുന്നപ്പോഴാണ് പണിതത്. പോർട്ടർമാരുടെയും തൊഴിലാളിയൂണിയനുകളുടെയും ശക്തമായ എതിർപ്പ് മറികടന്ന് ഫ്രീ ട്രോളി സംവിധാനവും അദ്ദേഹം അവിടെ ഏർപ്പെടുത്തി. ഹൈദരാബാദ് ഗ്രീൻഫീൽഡ് വിമാനത്താവളത്തിന് ലോകത്തെ ഏറ്റവുംമികച്ച സേവനഗുണമേന്മയ്ക്കുള്ള  എയർപോർട്ട് കൗൺസിൽ ഇന്റർനാഷണലിന്റെ പുരസ്കാരം ലഭിച്ചത് പി.എസ്. നായർ സി.ഇ.ഒ. ആയ സമയത്താണ്.

വർഗീസ് കുര്യൻ എന്ന അദ്‌ഭുതമനുഷ്യൻ
‘‘അനിതരസാധാരണമായ ബുദ്ധിവൈഭവവും നിശ്ചയദാർഢ്യവുമുള്ള ആദരണീയനായ അദ്‌ഭുതമനുഷ്യൻ’’ -ഡോ. വർഗീസ് കുര്യനെ പി.എസ്. നായർ ഒറ്റവാക്കിൽ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. യൂറോപ്യൻരാജ്യങ്ങളിൽ അമിതമായ അളവിൽ ഉത്‌പാദിപ്പിച്ചിരുന്ന പാലുത്‌പന്നങ്ങൾ കടലിൽ കളഞ്ഞിരുന്ന കാലത്താണ് വർഗീസ് കുര്യൻ ‘ഓപ്പറേഷൻ ഫ്ളഡു’മായി രംഗത്തെത്തുന്നത്. വിദേശരാജ്യങ്ങളിൽനിന്നുള്ള പാലുത്‌പന്നങ്ങൾ ഇന്ത്യയിലെത്തിക്കുന്നതിനൊപ്പം ഭാരതത്തെ പ്രധാന ക്ഷീരോത്‌പാദക രാജ്യങ്ങളിലൊന്നാക്കിമാറ്റുന്നതിലുമായിരുന്നു കുര്യന്റെ ശ്രദ്ധ. തുറമുഖങ്ങളിലൂടെയുള്ള ഇറക്കുമതിയുടെയും കയറ്റുമതിയുടെയും പൂർണ ചുമതലയും അന്ന് പോർട്ട് ഓപ്പറേഷന്റെ ഓഫീസർ ഇൻ ചാർജായിരുന്ന പി.എസ്. നായർക്കായിരുന്നു.  

നാടിനുവേണ്ടത് ഉപാധികളില്ലാത്ത വികസനം
സർക്കാർ, സ്വകാര്യമേഖലയെന്ന ഭേദമില്ലാതെ ഉപാധികളില്ലാത്ത വികസനമാണ് നാടിനാവശ്യമെന്നാണ് പി.എസ്. നായരുടെ അഭിപ്രായം. ‘‘പൊതു  ഉടമസ്ഥതയിലുള്ള വിമാനത്താവളങ്ങൾ പ്രൊഫഷണലായി കാര്യക്ഷമതയോടെ മാർക്കറ്റുചെയ്യേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. വിമാനത്താവളത്തെ ഒരു ‘ഉത്‌പന്നം’ ആയാണ് മാർക്കറ്റുചെയ്യേണ്ടത്. കൂടുതൽ എയർലൈൻ  സർവീസുകൾ ആകർഷിക്കാൻ സാധിക്കണം. സർക്കാർതലത്തിൽ പലപ്പോഴും  വികസനപ്രവർത്തനങ്ങൾ നടപടിക്രമങ്ങളിൽമാത്രം ഊന്നുമ്പോൾ സ്വകാര്യമേഖലയിൽ അത്ര ബന്ധിതമല്ലാത്ത നടപടിക്രമങ്ങൾക്കൊപ്പം ഫലത്തിനുകൂടി പ്രാമുഖ്യം നൽകുന്നുണ്ട്. വിമാനത്താവളങ്ങളുടെ  വികസനത്തിനൊപ്പം അതോടുചേർന്ന നഗരമേഖലയുടെ ഗതാഗതമാർഗങ്ങളും സുഗമമാക്കണം. കണക്ടിവിറ്റി ആണ് വിമാനത്താവളങ്ങളുടെ സ്വീകാര്യത നിർണയിക്കുന്ന ഒരു പ്രധാനഘടകം’’ -അദ്ദേഹം
പറയുന്നു.

നാലുദശാബ്ദത്തിലേറെക്കാലമായി വ്യോമഗതാഗതമേഖലയിൽ സജീവമായ ഈ മനുഷ്യൻ സകുടുംബം ബെംഗളൂരുവിലെ രാജ്‌മഹൽ വില്ലാസ് ലേഔട്ടിലാണിപ്പോൾ താമസം. ഇടയ്ക്ക് വല്ലപ്പോഴും തറവാട്ടിലെത്തും. ഭാര്യ ഭാരതി ഡൽഹിയിലെ ബിർള വിദ്യാനികേതനിലെ മുൻ അധ്യാപികയാണ്. മൂത്തമകൾ സുചിത്ര ഒനി 360 എന്ന കോർപ്പറേറ്റ് കമ്യൂണിക്കേഷൻസ് സ്ഥാപനത്തിന്റെ സഹസ്ഥാപകയാണ്. ഇളയമകൾ സിതാര കോഗ്നിസന്റ് കമ്പനിയിൽ എൻജിനിയറും.