മാഷെ, ഈ ഇത് ഇണ്ടല്ലോ, ഇത് അനുഭവിക്കാത്തവർക്ക് പറഞ്ഞാ മനസിലാവൂലാന്ന്"  തമാശയിലെ തമാശക്കാരനായ റഹീമായി കൈയടി നേടുകയാണ് കോഴിക്കോട്ടുക്കാരൻ നവാസ് വള്ളിക്കുന്ന്. കോഴിക്കോടിന്റെ നാട്ടിടവഴികളിലെങ്ങോ കൂടെകൂടുന്ന നന്മനിറഞ്ഞ കോഴിക്കോട്ടുകാരനെപ്പോലെ സിനിമ കഴിയുമ്പോഴും പ്യൂൺ റഹീം എന്ന കഥാപാത്രം പ്രേക്ഷകനൊപ്പം തിയേറ്ററിൽ നിന്ന് ഇറങ്ങിപ്പോരുന്നു. സുഡാനി ഫ്രം നൈജീരിയയിൽ കൈയടി നേടി നവാസ് തമാശയിലെത്തുമ്പോഴേക്കും നല്ല നടനെന്ന് വിശേഷണം നേടിക്കഴിഞ്ഞു. കോഴിക്കോട് വള്ളിക്കുന്നുകാരൻ നവാസ് സംസാരിക്കുന്നു.

തേടിവന്ന സുഡാനി
ഏതൊരുസാധാരണക്കാരനെപ്പോലെയും ചെറുപ്പംതൊട്ടേ സിനിമ ഒരു ആഗ്രഹമായി ഖൽബിൽ കൂടിയിരുന്നു. എന്നാൽ ചുറ്റുപാടുകൾ അനുകൂലമല്ലാത്തതിനാൽ നാട്ടിൽ പെയിന്റിങ് പണിയൊക്കെ ചെയ്ത് പോകുകകായിരുന്നു. ചെറുപ്പം തൊട്ടേ പ്രേംനസീറിന്റെ കടുത്ത ആരാധകനാണ്. മിമിക്രിവേദികളിൽ നസീറിനെ അനുകരിക്കലായിരുന്നു പ്രധാനപരിപാടി. കുറേ ചാനലുകളിൽ റിയാലിറ്റി ഷോ ചെയ്‌തെങ്കിലും ക്ലിക്കായില്ല. പിന്നീട് ഒരു സ്വകാര്യ ചാനലിലെ കോമഡി റിയാലിറ്റി ഷോയിൽ പങ്കെടുത്തു. അതിൽ ജനപ്രിയ താരമായി. അതിലെ പ്രകടനം കണ്ട് ഗൾഫിൽ നിന്നെല്ലാം ഒരുപാടുപേർ അഭിനന്ദനമറിയിച്ചു. ചിലർ നാട്ടിലെത്തുമ്പോൾ വീട്ടിലൊക്കെ വരികയും സമ്മാനങ്ങൾ തരികയും ചെയ്യും. റിയാലിറ്റി ഷോയിലെ പ്രകടനം കണ്ടാണ് സുഡാനി ഫ്രം നൈജീരിയയിലേക്ക് സക്കരിയ വിളിക്കുന്നത്. സിനിമ വൻഹിറ്റായതോടെ അതിലെ ലത്തീഫ് എന്ന കഥാപാത്രവും ഏറെ ശ്രദ്ധനേടി. പിന്നാലെ ഫ്രഞ്ച് വിപ്ലവം എന്നൊരു സിനിമയിൽ അഭിനയിച്ചു.സക്കരിയയും ഷൈജു ഇക്കയും സമീറിക്കയുമെല്ലാം നല്ല കഥാപാത്രങ്ങൾ നോക്കി തെരഞ്ഞെടുക്കണം എന്ന് ഉപദേശിച്ചിരുന്നു.

അങ്ങനെ ഞാനും സ്റ്റാറായി
ഒരു ദിവസം സമീറിക്ക വിളിച്ചാണ് നവാസേ നമ്മുടെ അടുത്ത പടത്തിൽ നീയുമുണ്ടെന്ന് പറയുന്നത്. തമാശയുടെ സെറ്റിൽ സമീർ ഇക്കയുടെ ക്യാമറയുടെ മുന്നിൽ നിൽക്കുക എന്നൊരു ടെൻഷനൊന്നും കൊണ്ടാണ് പോയത്. റഹീം എന്ന കഥാപാത്രത്തിന് ആദ്യം പൊന്നാനി ഭാഷയായിരുന്നു. എന്നാൽ എന്നിലെ കോഴിക്കോട്ടെ ഭാഷയും കൂടി അതിൽ ഇടകലർത്താൻ സംവിധായകനായ അഷ്‌റഫ് ഹംസ അനുവദിച്ചു. അങ്ങനെയാണ് ആ കഥാപാത്രം നന്നായി അവതരിപ്പിക്കാനായത്. വിനയ് ഫോർട്ടും കഥാപാത്രം നന്നാക്കാൻ എന്നെ സഹായിച്ചു. സിനിമ റിലീസായപ്പോൾ കോഴിക്കോട് ശ്രീ ടാക്കീസിൽ വെച്ചാണ് ആദ്യ ഷോ കണ്ടത്. സിനിമ കഴിഞ്ഞിറങ്ങിയപ്പോൾ എല്ലാവരും എന്നെ തിരിച്ചറിഞ്ഞു. പിന്നെ സെൽഫി എടുക്കലും കെട്ടിപ്പിടിക്കലുമൊക്കെയായി. സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു. കാരണം ഞാൻ ഒരുകാലത്ത് സ്വപ്‌നം കണ്ട കാര്യങ്ങളായിരുന്നു അതെല്ലാം.

എന്റെ ഖൽബിന്റെ കഷണം
തമാശ കണ്ട് എന്നെ മാമുക്കോയയുടെ പിൻഗാമിയെന്ന് വിശേഷിപ്പിച്ച ഷാഹബാസ് അമൻ ഇട്ട പോസ്റ്റ് കണ്ടപ്പോൾ പൊട്ടിക്കരഞ്ഞു. കാരണം ആരാധിക്കുന്ന ദൂരത്ത് നിന്ന് മാത്രം കാണുന്ന നമ്മുടെ ഖൽബിൽ കയറിയ പാട്ടുകാരൻ നമ്മളെ തിരിച്ചറിഞ്ഞ് അഭിനന്ദിക്കുകയാണ്. സന്തോഷം കൊണ്ട് കരയുകയല്ലാതെ പിന്നെന്ത്‌ചെയ്യാൻ. തമാശ സെറ്റിൽ ഷഹബാസ് ഇക്ക പലദിവസങ്ങളിലും ഉണ്ടായിരുന്നു. എന്നാൽ എനിക്ക് അടുത്ത് പോയി പോയി കണ്ട് സംസാരിക്കാൻ പേടിയായിരുന്നു. അതിനാൽ ഇക്കയെ ദൂരത്ത് നിന്ന് നോക്കുക മാത്രം ചെയ്തു. ഒരുദിവസം ഞാനും സമീറിക്കയും ഷൈജു ഇക്കയുമൊക്കെ കൂടി സെറ്റിൽ ഉച്ചഭക്ഷണം കഴിക്കുകയായിരുന്നു. അവിടേക്ക് ഷഹബാസ് ഇക്ക വന്നിട്ട് പറഞ്ഞു "ആ ഇരിക്കുന്നത് എന്റെ ഖൽബിന്റെ കഷണമാണെന്ന്്". ആരെ കുറിച്ചാണ് പറഞ്ഞതെന്ന് എനിക്ക് മനസിലായില്ല. ഞാൻ ചുറ്റുംനോക്കി. "പഹയാ നിന്നെ കുറിച്ചാണ്, എന്റെ മുത്താണ് നീ"  എന്നും ഇക്ക പറഞ്ഞു.

കോഴിക്കോട്ടെ വള്ളിക്കുന്നുകാരൻ
പിടികിട്ടാപ്പുള്ളി എന്ന ചിത്രമാണ് അടുത്തതായി റിലീസ് ചെയ്യാനുള്ളത്. സമീർ ഇക്ക, സക്കരിയ, ഷൈജു ഇക്ക ഇവരൊക്കെയാണ് നവാസ് വള്ളിക്കുന്ന എന്ന നടന് ജീവൻ തന്നത്. വീട്ടിൽ ഉപ്പ. ഉമ്മ, ഭാര്യ, മക്കൾ എല്ലാവരും നല്ല സപ്പോർട്ടാണ്. മൂന്നുമക്കളിൽ ഏറ്റവും ഇളയയാൾ ജനിച്ച ദിവസമാണ് സുഡാനിയുടെ ചിത്രീകരണവും ആരംഭിച്ചത്. ആശുപത്രിയിൽ നിന്ന് നേരെ ലൊക്കേഷനിലേക്ക് പോവുകയായിരുന്നു.

മലപ്പുറത്തെ വള്ളിക്കുന്നുകാരനാണ് ഞാൻ എന്നാണ് എല്ലാവരും കരുതുന്നത്. എന്നാൽ കോഴിക്കോട്ടെ വള്ളിക്കുന്നാണ് സ്വദേശം. എന്നിലൂടെ കോഴിക്കോട്ടും ഒരു വള്ളിക്കുന്നുണ്ടെന്ന് എല്ലാരും അറിയട്ടെ. തമാശ കണ്ട് മലപ്പുറത്ത് നിന്ന് ഒരുപാട് പേർ വിളിച്ചപ്പോൾ നമ്മുടെ നാട്ടുകാരനായതിൽ സന്തോഷം എന്നു പറഞ്ഞു. അവരോട് അവരുടെ നാട്ടുകാരൻ തന്നെയാണെന്ന്് പറഞ്ഞു. ഇനി ഞാൻ എല്ലാ നാട്ടുകാരനുമാണ്. സിനിമയ്ക്ക് അതിർത്തികളിലല്ലോ.