അധികം ആഗ്രഹങ്ങളോ പ്രതീക്ഷകളോ ഇല്ലാതെയാണ് ഉപരിപഠനത്തിനായി ചെന്നൈയിലേക്ക് എത്തിയത്. അലിഗഢിലും ഡൽഹിയിലുമൊക്കെ പഠനത്തിന് പരിഗണിച്ചിരുന്നെങ്കിലും നറുക്കുവീണത് മദിരാശിയിലാണ്. കേട്ടറിഞ്ഞ കഥകളിൽ ചെന്നൈ പട്ടണം അത്ര സുഖമുള്ളതായിരുന്നില്ല. എന്നാൽ, ഇവിടെയെത്തി അധികം വൈകാതെതന്നെ കേട്ടകഥകളൊക്കെയും കെട്ടുകഥകളാണെന്ന് ബോധ്യമായി.

 സ്വപ്നങ്ങളുടെ ഭാണ്ഡക്കെട്ടുമേന്തി ഇവിടേക്ക് വണ്ടികയറിയ അനേകായിരം ജീവിതങ്ങൾ, അവർണനീയമായ കാഴ്ചകൾ, സുന്ദരരാത്രികൾ നൽകിയ സർവകലാശാല ഹോസ്റ്റലും സുഹൃത്തുക്കളും, തമിഴനെന്ന വികാരം, ഇന്നും നേർചിത്രമായി ഓർമയിൽ തെളിയുന്ന മറീന പ്രക്ഷോഭകാലം എന്നിവയെല്ലാം കേട്ടകഥകൾക്കപ്പുറത്തുള്ള യാഥാർഥ്യങ്ങളായിരുന്നു. നാട്ടിൽ വലിയ സുഹൃദ്‌വലയങ്ങൾ ഇല്ലാതിരുന്ന എന്റെ ജീവിതം ഇവിടെ വന്നതിൽപ്പിന്നെ എല്ലാതരം കലർപ്പുകൾക്കിടയിലൂടെയും  ഒഴുകിത്തുടങ്ങി. യാത്രകൾ, പ്രണയം, ആഴമുള്ള സൗഹൃദങ്ങൾ, നഗരഹൃദയത്തിലൂടെയും കടൽക്കരയിലൂടെയുമുള്ള അലച്ചിലുകൾ അങ്ങനെ എത്രയെത്ര അനുഭവങ്ങൾ. നാട്ടുകാരായ ഷംസുവും ടിനിയും മുതൽ നോർത്ത് ഈസ്റ്റുകാരനായ കിത്തുവും തൂത്തുക്കുടിക്കാരനായ ആനന്ദും സംരക്ഷകരായിരുന്നപ്പോൾ നഗരം എനിക്ക് ഒരു കൂട്ടുകുടുംബമായി മാറി. എല്ലാത്തിനുപരി ജീവിതത്തിൽ സുപ്രധാന തീരുമാനങ്ങളെടുക്കാൻ എന്നെ പ്രാപ്തനാക്കിയത് ചെന്നൈയാണ്.

അതിമനോഹരമായ സ്വപ്നങ്ങളാണ് ഇവിടെനിന്ന് ഞാൻ നെയ്‌തെടുത്തത്. ഇവിടെ അനുഭവിച്ചതൊക്കെയും ചെന്നൈയിലെ തിരക്കേറിയ തെരുവുകൾ കണക്കെ മനസ്സിലും തിങ്ങിനിറഞ്ഞ് നിൽക്കുകയാണ്. ഒരിക്കലും മായാൻ ആഗ്രഹിക്കാത്ത ഓർമകളായി.