കേരളത്തിൽ ഓണാഘോഷം കഴിഞ്ഞാലും മാവേലി അത്രവേഗം പാതാളത്തിലേക്ക് തിരികെപോകാറില്ല. കാരണം, തമിഴകത്തിലെ  മലയാളികൾ അപ്പോഴും ഓണാഘോഷം തുടരുകയാകും. ശനിയാഴ്ച മുഗപ്പെയർ മാർ ഗ്രിഗോറിയസ് കോളേജിൽ ആവണിപ്പൂവരങ്ങിന് തിരിതെളിയുന്നത് മഹാബലിതമ്പുരാൻ കേരളത്തിൽനിന്ന് മദിരാശിയിലേക്ക് വണ്ടി കയറിയിട്ടുണ്ടാകുമെന്ന പ്രതീക്ഷയോടെയാണ്. രണ്ടുദിവസം നീളുന്ന ആവണിപ്പൂവരങ്ങിൽ ചെന്നൈ കൂടാതെ തമിഴ്‌നാട്ടിലെ മറ്റിടങ്ങളിൽനിന്നുള്ള മലയാളികളും എത്തും. പലഭാഗങ്ങളിൽ ചിതറിക്കിടക്കുന്ന മലയാളികൾ ഒന്നിക്കുന്ന പൂരംതന്നെയാണിത്.

കേരളത്തിൽ കാണാത്ത തരത്തിൽ ആഘോഷപൂർവം ഓണം കൊണ്ടാടാൻ തമിഴ്‌നാട്ടിലെ മലയാളികൾ മടിക്കില്ല. ചിങ്ങം ആരംഭിക്കുമ്പോൾ ഇവിടെ ഓണാഘോഷം തുടങ്ങും. ഡിസംബറോളം ഓണം ആഘോഷിച്ചാലും ആവേശം തീരില്ല. ആവേശം  ഉച്ചസ്ഥായിലെത്തുന്നത് ആവണിപ്പൂവരങ്ങെത്തുമ്പോഴാണ്. തമിഴ്‌നാട്ടിൽ താമസിക്കുന്ന മലയാളികളുടെ ഏറ്റവുംവലിയ ഓണാഘോഷമാണ് ആവണിപ്പൂവരങ്ങ്. തമിഴകത്തിലെ മലയാളിസംഘടനയുടെ കൂട്ടായ്മയായ സി.ടി.എം.എ.യാണ് ആവണിപ്പൂവരങ്ങ് സംഘടിപ്പിക്കുന്നത്. മുമ്പ് എല്ലാ വർഷവും നടത്തിയിരുന്ന ആവണിപ്പൂവരങ്ങ് രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം വീണ്ടും എത്തുമ്പോൾ ഓണാഘോഷം പൊടിപൊടിക്കുമെന്നാണ് പ്രതീക്ഷ.
പത്തുവർഷത്തിലേറെയായി ആവേശത്തോടെ നടത്തിയ ആഘോഷം വീണ്ടും അതേപ്രൗഢിയോടെ നടത്താനുള്ള ഒരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്ന് ആവണിപ്പൂവരങ്ങ് ചെയർമാൻ എം. ശിവദാസൻ പിള്ള പറഞ്ഞു. സാമ്പത്തികമായി പരിമിതികളുണ്ടെങ്കിലും ചെലവുകൾ പരമാവധി കുറച്ച് അതേസമയം, പകിട്ട് ഒട്ടുംകുറയാതെതന്നെ  പരിപാടികൾ നടത്തും. കെട്ടുകാഴ്ച, ചെന്നൈ പൂരം അടക്കമുള്ള പരിപാടികൾ ആഘോഷത്തിന്റെ മാറ്റുകൂട്ടുമെന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ശനിയാഴ്ച രാവിലെ 8.30-ന് സി.ടി.എം.എ. പ്രസിഡന്റ് ഓഫ് ഓണർ എം.പി. പുരുഷോത്തമനും ചെയർമാൻ ഗോകുലം ഗോപാലനും ചേർന്ന് പതാക ഉയർത്തുന്നതോടെ ആവണിപ്പൂവരങ്ങിന് തുടക്കമാകും. കായികമേളയായിരിക്കും ആദ്യ പരിപാടി. കവിസംഗമം, സ്ത്രീകൾക്കും കുട്ടികൾക്കുമായി വിനോദപരിപാടികൾ, പ്രവാസികലാകാരന്മാരെ അണിനിരത്തുന്ന പ്രവാസീയം പരിപാടി, സാഹിത്യസമ്മേളനം, വയലാർ ഗാനോത്സവം, പൂക്കളമത്സരം, കെട്ടുകാഴ്ചകൾ അടങ്ങുന്ന ഘോഷയാത്ര എന്നിവയും ഓണസദ്യയുമുണ്ടാകും. സഹായം, സ്കോളർഷിപ്പ്, പുരസ്കാരങ്ങൾ എന്നിവയുടെ വിതരണവും ആവണിപ്പൂവരങ്ങിന്റെ  ഭാഗമായിനടക്കും. ഞായറാഴ്ച  വൈകീട്ട് നാലിന് ചേരുന്ന സമാപന സമ്മേളനത്തിൽ തമിഴ്‌നാട് ഗ്രാമവ്യവസായമന്ത്രി പി. ബെഞ്ചമിൻ  മുഖ്യാതിഥിയായിരിക്കും. വൈകീട്ട് ആറിന് സംഗീത, ഹാസ്യ മെഗാഷോയും നൃത്തപരിപാടിയും നടക്കും.
സ്കോളർഷിപ്പ്,

പുരസ്കാരങ്ങൾ
ഉയർന്ന മാർക്കുവാങ്ങി വിജയിച്ച വിദ്യാർഥികൾക്ക്  ആവണിപ്പൂവരങ്ങിന്റെ വേദിയിൽ സ്കോളർഷിപ്പ് നൽകി ആദരിക്കും. പത്ത്, പ്ലസ്ടു ക്ലാസുകളിൽ ഉയർന്ന മാർക്കുനേടിയ കുട്ടികൾക്ക് ഭാരതിരാജ സ്മാരക സ്കോളർഷിപ്പ്, പത്ത്, പ്ലസ്ടു ക്ലാസുകളിൽ മലയാളത്തിന് ഉയർന്ന മാർക്കുനേടിയ കുട്ടികൾക്ക് എം.എ. എബ്രഹാം സ്മാരക സ്കോളർഷിപ്പും നൽകും.

കഥ, കവിത, സാമൂഹികസേവന പുരസ്കാരങ്ങളും സമ്മാനിക്കും. ബാലകൃഷ്ണൻ മാങ്ങാട് സ്മാരക കഥാപുരസ്കാരം, മേലൂർ ദാമോദരൻ സ്മാരക കവിതാപുരസ്കാരം, ടി. ഗോപാലൻ നായർ സ്മാരക സാമൂഹികസേവന പുരസ്കാരം എന്നിവയാണ് നൽകുന്നത്.

കായികമേളയും പൂക്കളമത്സരവും
മത്സരങ്ങൾക്കും ആവണിപ്പൂവരങ്ങിൽ ഇടമുണ്ട്. കായികമേളയിൽ വിവിധ പ്രായപരിധിയിലുള്ളവർക്കായി ഓട്ടമത്സരം, നടത്തമത്സരം, ലോങ്ജമ്പ്, ഷോട്ട്പുട്ട് തുടങ്ങി വിവിധ ഇനങ്ങളിൽ  മത്സരങ്ങളുണ്ടായിരിക്കും. മുൻ ഇന്ത്യൻ ഹോക്കി താരം വി. ഭാസ്കരനാണ് ഉദ്ഘാടകൻ.

വിവിധ സംഘടനകൾ മാറ്റുരയ്ക്കുന്ന പൂക്കളമത്സരവും  നടത്തും. ഇത്തവണ 21 ടീമുകളാണ് മത്സരിക്കുക. ഒന്നാംസ്ഥാനം നേടുന്ന ടീമിന് 15,000 രൂപ സമ്മാനമായി
ലഭിക്കും.

രണ്ടാംസ്ഥാനക്കാർക്ക് 10,000 രൂപയും മൂന്നാംസ്ഥാനക്കാർക്ക് 5000 രൂപയുമാണ് സമ്മാനം. പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും 1000 രൂപ പ്രോത്സാഹന സമ്മാനവുമുണ്ട്.
മറുനാടൻ

കലാപ്രതിഭകൾക്കായി ‘പ്രവാസീയം’
അംഗസംഘടനകളിലെ കലാപ്രതിഭകൾക്ക് കഴിവുകൾ പ്രകടിപ്പിക്കാൻ ആവണിപ്പൂവരങ്ങിൽ വേദി ലഭിക്കും. പ്രവാസീയം പരിപാടിയിലാണ് അവസരം നൽകുന്നത്. ഇത്തവണ അഞ്ചുമണിക്കൂറാണ് പ്രവാസീയം പരിപാടി.

ആവണിപ്പൂവരങ്ങിലെ ഏറ്റവുംദൈർഘ്യമുള്ള പരിപാടിയും പ്രവാസീയമാണ്. കേരളനടനം, ഒപ്പന, ഭരതനാട്യം, മോഹിനിയാട്ടം, സിനിമാറ്റിക് ഡാൻസ് തുടങ്ങി നൃത്തപരിപാടികളും കവിതകളുടെ ദൃശ്യാവിഷ്കാരങ്ങളും അരങ്ങേറും.

മുൻവർഷങ്ങളിൽ മൂന്നുമണിക്കൂർ  നടത്തിയ പരിപാടി പങ്കാളിത്തം കൂടിയതോടെ അഞ്ചുമണിക്കൂറായി നീട്ടുകയായിരുന്നുവെന്ന് പ്രവാസീയം കൺവീനർ കെ. ബിപിൻ പറഞ്ഞു. ഗ്രൂപ്പിനങ്ങളാണ് അരങ്ങേറുക.

 35 പരിപാടികൾ നടക്കും. ഇതിൽ മുന്നൂറോളം പ്രവാസിമലയാളി കലാപ്രതിഭകൾ പങ്കെടുക്കും.

ചെന്നൈ പൂരം, കെട്ടുകാഴ്ച
ചെന്നൈ പൂരം ആവണിപ്പൂവരങ്ങിന്റെ മറ്റൊരു ആകർഷണമാണ്. തൃശ്ശൂർ പൂരത്തിന്റെ മാതൃകയിൽ കുടമാറ്റം അടക്കമുള്ള ചടങ്ങുകളാണ് സംഘടിപ്പിക്കുന്നത്. മുൻവർഷങ്ങളിൽ ആനകളുടെ രൂപമുണ്ടാക്കി  അതിന് മുകളിലിരുന്നായിരുന്നു കുടമാറ്റം.

 ഇത്തവണ  അതുണ്ടാകില്ലെങ്കിലും കേരളത്തിൽനിന്ന് എത്തുന്ന കലാകാരന്മാർ ആസ്വാദകരുടെ മനംകവരുന്ന ദൃശ്യവിരുന്നൊരുക്കുമെന്ന് സംഘാടകർ.  ആവണിപ്പൂവരങ്ങിനോടനുബന്ധിച്ച് നടക്കുന്ന ഘോഷയാത്രയ്ക്ക് മിഴിവേകാനായി, അംഗസംഘടനകൾക്ക് കെട്ടുകാഴ്ചകൾ  അവതരിപ്പിക്കാവുന്നതാണ്.
കേരളത്തിന്റെ സാംസ്കാരികപൈതൃകം  വിളിച്ചോതുന്ന കലാരൂപങ്ങളാണ് അവതരിപ്പിക്കേണ്ടത്. ആകർഷകമായ കെട്ടുകാഴ്ചകൾക്ക് സമ്മാനമുണ്ടാകും.

കവിസംഗമവും വയലാർ ഗാനോത്സവവും
സാഹിത്യത്തിനും ആവണിപ്പൂവരങ്ങിൽ സ്ഥാനമുണ്ട്. ആദ്യ ദിവസമാണ് കവിസംഗമം നടക്കുക. കവി ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കും. കവിയും ഗാനരചയിതാവുമായിരുന്ന വയലാർ  രാമവർമയ്ക്കുള്ള സ്മരണാഞ്ജലിയാണ് സാഹിത്യസമ്മേളനവും വയലാർ ഗാനോത്സവവും. അദ്ദേഹത്തിന്റെ മകനും ഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്രവർമയാണ് പരിപാടി ഉദ്ഘാടനംചെയ്യുന്നത്.

ആവണിപ്പൂവരങ്ങ്‌ പരിപാടികൾ
ശനി
8.30: പതാക ഉയർത്തൽ
9.15: കായികമേള
10.00: കവിസംഗമം
2.30: സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള
ഗെയിംഷോ
4.00: പ്രവാസീയം കലാപരിപാടികൾ
ഞായർ
9.00: സാഹിത്യസമ്മേളനവും
വയലാർ ഗാനോത്സവവും
10.00: പൂക്കളമത്സരം
11.00: സാമ്പത്തികസഹായവിതരണം
12.00-2.00: ഓണസദ്യ
2.00: ചെന്നൈ പൂരം, കെട്ടുകാഴ്ച
4.00: പൊതുസമ്മേളനം
6.00: സംഗീത, ഹാസ്യ മെഗാഷോ,
നൃത്തപരിപാടികൾ