ഐ.എൻ.എ.ദില്ലി ഹാട്ടിൽ ആരംഭിച്ച ‘ആദി മഹോത്സവം’ ദേശീയ ഗോത്ര മേള നവംബർ 30 വരെ തുടരും.

പൊതുസമൂഹത്തിൽനിന്ന് എപ്പോഴും അല്പം അകലം പാലിക്കുന്നവരാണ് ഗോത്രവിഭാഗക്കാർ. ആധുനികകാലത്തും സ്വന്തം സംസ്കാരം അതിന്റെ തനതായരൂപത്തിൽ കാത്തുസൂക്ഷിക്കാൻ ഇവർ ശ്രമിക്കാറുണ്ട്. വിവിധ സംസ്ഥാനങ്ങളിലായി വൈവിധ്യമാർന്ന ഒട്ടേറെ ഗോത്രവിഭാഗങ്ങളാണ് നിലനിൽക്കുന്നത്. അവരുടെ സംസ്കാരത്തെയും ജീവിതരീതികളെയും അടുത്തറിയാനുള്ള അവസരം രാജ്യതലസ്ഥാനത്തെ ജനങ്ങൾക്ക് കൈവന്നിരിക്കുകയാണിപ്പോൾ. ഐ.എൻ.എ.ദില്ലി ഹാട്ടിൽ പുരോഗമിക്കുന്ന ദേശീയ ഗോത്ര മേളയായ ആദി മഹോത്സവം മുന്നോട്ടുവെക്കുന്നത് ഗോത്രജീവിതത്തിന്റെ വൈവിധ്യങ്ങളാണ്.

ഗോത്രവിഭാഗക്കാരുടെ കരവിരുതിൽ രൂപപ്പെട്ട കരകൗശലവസ്തുക്കൾ, വസ്ത്രങ്ങൾ, ആഭരണങ്ങൾ, ചിത്രങ്ങൾ തുടങ്ങി ഒറ്റനോട്ടത്തിൽത്തന്നെ ആരെയും ആകർഷിക്കുന്ന നൂറുകണക്കിന് വസ്തുക്കളാണ് ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നത്. മികവാർന്ന ഈ വസ്തുക്കൾ മിതമായ വിലയിൽ സന്ദർശകർക്ക് സ്വന്തമാക്കാം. രാജ്യത്തിന്റെ വടക്കേയറ്റമായ ജമ്മുകശ്മീർ മുതൽ തെക്കേയറ്റമായ തമിഴ്‌നാട് വരെയും പടിഞ്ഞാറൻ അതിർത്തിയിലെ ഗുജറാത്ത് മുതൽ വടക്കുകിഴക്കൻ അതിർത്തിയിലെ അരുണാചൽപ്രദേശ് വരെയുമുള്ള ഗോത്രസംസ്കാരത്തെ മേളയിൽ പരിചയപ്പെടാൻ കഴിയും. ഹിമാലയപർവതനിരകളിൽ സ്ഥിതിചെയ്യുന്ന ലഡാക്കിൽനിന്നുള്ള ഗോത്രവിഭാഗക്കാരും മേളയിലെത്തിയിട്ടുണ്ട്. ഇതാദ്യമായാണ് ലഡാക്കിൽനിന്നുള്ള ഗോത്രകലാകാരന്മാർ ദേശീയ ഗോത്രമേളയിൽ പങ്കാളികളാവാനെത്തിയത്. സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും അടക്കം 27 സ്ഥലങ്ങളിൽനിന്നുള്ള ആയിരത്തിലധികം ഗോത്ര കരകൗശലനിർമാതാക്കൾ മേളയിൽ പങ്കെടുക്കുന്നുണ്ട്.

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഗോത്രവിഭാഗക്കാർ കൂടുതലുള്ള മേഖലയാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ. സിക്കിം, അസം, മിസോറം, നാഗാലാൻഡ്, അരുണാചൽപ്രദേശ് തുടങ്ങിയ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ മേളയിൽ സജീവസാന്നിധ്യമാണ്. ഈ സംസ്ഥാനങ്ങളുടെ സ്റ്റാളുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന വസ്തുക്കൾ കാണുന്നതിലൂടെയും അവരുമായി സംസാരിക്കുന്നതിലൂടെയും അവരുടെ ജീവിതരീതികളെയും സംസ്കാരത്തെയും കുറിച്ചുള്ള ചിത്രം സന്ദർശകർക്കുമുമ്പിൽ തെളിയും.
പ്രവേശനടിക്കറ്റെടുത്ത് ദില്ലി ഹാട്ടിനുള്ളിലെത്തുമ്പോൾത്തന്നെ നിത്യജീവിതത്തിൽ കണ്ടുപരിചയമില്ലാത്തതരം കരകൗശലവസ്തുക്കളുടെയും മറ്റും കാഴ്ചകളാണ് നമ്മെ സ്വാഗതം ചെയ്യുക. വേറിട്ട ആകൃതിയിലും നിറങ്ങളിലുമുള്ള അവ സന്ദർശകരിൽ ആകാംക്ഷയുണർത്തും. ദില്ലി ഹാട്ടിന്റെ കൂടുതൽ അകത്തേക്ക് കടക്കുമ്പോൾ ഇത്തരത്തിലുള്ള കൂടുതൽ സ്റ്റാളുകൾ കാണാം. വിവിധയിടങ്ങളിലായി ഇരുനൂറിലധികം സ്റ്റാളുകളാണ് ക്രമീകരിച്ചിരിക്കുന്നത്.

കറൻസിനോട്ടിന്റെ ഉപയോഗം കുറയ്ക്കുകയെന്ന കേന്ദ്രസർക്കാരിന്റെ നയത്തിന്റെ ഭാഗമായി ഡിജിറ്റൽരീതിയിൽ പണം നൽകാനുള്ള സംവിധാനം ഇവിടെയുണ്ട്. അതിനാൽ, സാധനങ്ങൾ വാങ്ങിയാൽ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് അവയുടെ വില നൽകാം. ഇതിനായി എല്ലാ സ്റ്റാളുകളിലും പി.ഒ.എസ്.മെഷീനുകളും സജ്ജീകരിച്ചിട്ടുണ്ട്. ഗോത്രവിഭാഗങ്ങൾക്കിടയിൽ ഡിജിറ്റൽ വാണിജ്യത്തിന് പ്രചാരം നൽകാൻ സർക്കാർ ഇതുവഴി ലക്ഷ്യമിടുന്നു. പഴമയിൽനിന്ന് വിട്ടുപോരാൻ താത്പര്യമില്ലാത്തവരാണ് ഗോത്രവിഭാഗക്കാർ. ഇത്തരത്തിൽ ജീവിക്കുന്ന ഇവർ ആധുനികകാലത്തെ പണമിടപാട് രീതികളിലൂടെ കച്ചവടം നടത്തുന്നത് മേളയുടെ പ്രത്യേക ആകർഷകമാണ്.

സാധാരണരീതിയിലുള്ള പ്രദർശന-വിൽപ്പന മേളയാണ് ആദി മഹോത്സവമെന്നു കരുതിയാൽ തെറ്റി. എല്ലാദിവസവും വൈകീട്ട് മുതൽ രാത്രി വരെ ഗോത്രവിഭാഗക്കാരുടെ കലാപരിപാടികളും ഇവിടെ പ്രത്യേകം സജ്ജീകരിച്ച വേദിയിൽ അരങ്ങേറും. ഗോത്ര സംസ്കാരത്തെ മനസ്സിലാക്കാൻ ഇക്കാര്യം കൂടുതൽ സഹായിക്കും. ഷോപ്പിങ് നടത്തി ക്ഷീണിച്ചാൽ ഗോത്രവിഭാഗക്കാരുടെ ഭക്ഷണശാലകളെ ആശ്രയിക്കാം. കൃത്രിമചേരുവകൾ ഒന്നുമില്ലാതെ തനതുരീതിയിൽ ഉണ്ടാക്കുന്ന ഗോത്രരുചികൾ ആസ്വദിക്കാം. ആധുനികകാലത്തെ ഫാസ്റ്റ് ഫുഡ് വിഭവങ്ങളെ വെല്ലുന്നതാണ് ഇവയെന്നതിൽ ഒരു സംശയവുമില്ല. ചിക്കൻ, മീൻ ഉൾപ്പെടെയുള്ള സസ്യേതരവിഭവങ്ങളും ലഭിക്കും. മിതമായ വില തന്നെയാണ് ഭക്ഷണങ്ങൾക്കും.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ഈമാസം 16-ന് ഗോത്രമേള ഉദ്ഘാടനം ചെയ്തത്. 30 വരെ മേള സന്ദർശിക്കാം. മെട്രോ തീവണ്ടി മാർഗം വരുന്നവർക്ക് ഐ.എൻ.എ. സ്റ്റേഷനിൽ ഇറങ്ങാം. വിദേശികളടക്കം നൂറുകണക്കിനുപേർ പ്രതിദിനം സന്ദർശനത്തിനെത്തുന്നത് മേളയുടെ പ്രാധാന്യം വിളിച്ചോതുന്നു.