കല്യാണം കഴിഞ്ഞ് 15-ാം നാൾ പുലർച്ചെ യോഗേന്ദ്രസിങ് യാദവിനെത്തേടി കരസേനയുടെ അടിയന്തര സന്ദേശമെത്തി. സാധ്യമെങ്കിൽ ഉടൻ പുറപ്പെടുക. രാജ്യത്തിന് താങ്കളുടെ അടിയന്തരസേവനം ആവശ്യമാണ്. അന്ന് പ്രായം 19. കരസേനയിൽ സാധാരണ സൈനികൻ. സേനയിൽ രണ്ടരവർഷത്തെ പരിചയം മാത്രം. ഒരു സാധാരണ സൈനികനെക്കൊണ്ട് എന്ത് അടിയന്തര സേവനമെന്ന് ചിന്തിച്ചുനിന്നില്ല. അങ്ങനെ ചിന്തിച്ച് പിന്മാറിയെങ്കിൽ യോഗേന്ദ്രസിങ്ങിന്റെയും ഇന്ത്യയുടെയും ചരിത്രം മാറി മറിഞ്ഞേനേ. അതെന്താണെന്ന് വായിച്ചറിയാം..  
 സന്ദേശം കിട്ടി ഒരുനിമിഷം പോലും  വൈകിച്ചില്ല. യാദവ്‌ സേനാ കേന്ദ്രത്തിലേക്ക് പുറപ്പെട്ടു. കാർഗിൽ യുദ്ധം തുടങ്ങിക്കഴിഞ്ഞു. യുദ്ധമുഖത്തേക്കായിരുന്നു സേവനത്തിന് എത്തേണ്ടത്. അവിടെയെത്തിയപ്പോൾ നിരാശപ്പെടുത്തുന്ന ചുമതലയായിരുന്നു. യുദ്ധമുനയിലേക്ക് ഭക്ഷണമെത്തിച്ചു നൽകുന്ന ചുമതല. കരസേനയിലെ സാധാരണ അംഗമായതിനാൽ സേനാധിപന്മാർ പറയുന്നത് അനുസരിക്കുകയേ വഴിയുണ്ടായിരുന്നുള്ളൂ. 

സേനാംഗങ്ങൾക്ക് ഭക്ഷണമെത്തിച്ചു നൽകുന്നതുപോലും ഏറെ ശ്രമകരമായിരുന്നു. അത്രയേറെ ആക്രമണമാണ് പാക്കിസ്താൻ നടത്തിയിരുന്നത്. എന്നാൽ ഏതുപ്രതിസന്ധിയും തരണം ചെയ്ത് ഭക്ഷണമെത്തിക്കുന്നതിൽ സാധാരണ സൈനികനായ യോഗേന്ദ്രസിങ് യാദവ് മികവു കാണിച്ചു. ഇൗ പ്രകടനം മേലധികാരികൾ നിരീക്ഷിച്ചു. യുദ്ധത്തിന്റെ തീവ്രഘട്ടത്തിൽ മേലധികാരികൾ യാദവിനെ വിളിപ്പിച്ചു.   ഏറ്റവും പ്രതിസന്ധി നിറഞ്ഞ ടൈഗർഹില്ലിൽ നിലയുറപ്പിച്ച പാക്‌സൈന്യത്തെ നേരിടണം. അതിനായി തിരഞ്ഞെടുത്ത 18 അംഗ ഘട്ടാക് ഗ്രനേഡ് സംഘാംഗമായി യോഗേന്ദ്രസിങ് യാദവ്. ചെറിയ ദൂരമല്ല. 17000 അടി ഉയരത്തിലാണ് പാക് സേന ആയുധങ്ങളുമായി മൂന്നു ബങ്കറുകളിൽ നിലയുറപ്പിച്ചിരിക്കുന്നത്. അവിടെനിന്നു നോക്കിയാൽ പാക് സേനയ്ക്ക് ഇന്ത്യൻ പട്ടാളക്കാരുടെ നീക്കം അനായാസം കണ്ടെത്താനാകും. അത് കണ്ടെത്തിയാണ് ആക്രമണം. 

അതിനാൽ രാത്രിയാണ് യാത്ര. പകൽ മുഴുവൻ പാറക്കെട്ടുകളിൽ ഒളിച്ചിരിക്കും. അങ്ങനെ ഇന്ത്യൻ സേനയിലെ ഗ്രനേഡ്‌ സംഘം 16000 അടി ഉയരത്തിലെത്തി. അപ്പോഴേയ്ക്കും തണുപ്പ് മൈനസ് 50 ഡിഗ്രിയായി. ഇനി 1000 അടികൂടി കയറണം.   എല്ലാവർക്കും അവിടേയ്ക്ക് കയറാനാവില്ല. യോഗേന്ദ്രസിങ് യാദവും കുറച്ചുപേരും 90 ഡിഗ്രി ചെങ്കുത്തായ മഞ്ഞുപാറയിലൂടെ മഴുവെറിഞ്ഞുറപ്പിച്ച കയറിൽ തൂങ്ങിക്കയറി. ഇന്ത്യൻ സേനാ നീക്കം ശക്തമാക്കുന്നുണ്ടെന്നറിഞ്ഞ പാകിസ്താൻ ടൈഗർഹില്ലിൽ കൂടുതൽ സൈനികരെ എത്തിച്ചിരുന്നു. ടൈഗർഹില്ലിലെ പാക്‌സേനാ ബങ്കറുകൾക്ക് സമീപമെത്തിയതോടെ അവിടെനിന്നു വെടിയുതിർത്തു. ഇന്ത്യൻ സേനയിലെ എല്ലാവർക്കും വെടിയേറ്റു. ഇടതുകൈയിൽ അഞ്ചു വെടിയുണ്ടയേറ്റ യോഗേന്ദ്രസിങ് യാദവ് വീണു. കൂടെയുണ്ടായിരുന്നവർക്ക് എന്തുപറ്റിയെന്ന് അറിനായാനായില്ല. വീണവർ മരിച്ചോ എന്നുറപ്പാക്കാൻ കൈകളിലും കാലിലും വീണ്ടും പാക്‌സേന വെടിവെച്ചു.  നുറുങ്ങിയ കൈകളുമായി യാദവ് മരിച്ചപോലെ കിടന്നു. അടുത്തവെടി നെഞ്ചിലേക്കായിരുന്നു. അവിടെ ഭാഗ്യമല്ല, ശതകോടി ഇന്ത്യൻ ജനതയുടെ പ്രാർഥന ഫലം കണ്ടു. 
 ടൈഗർഹില്ലിലേക്ക് കയറുന്നതിനിടെ പഴ്സിലെ ഒരു നാണയം താഴെ വീണു. അതെടുത്ത് ഷർട്ടിന്റെ  പോക്കറ്റിലിട്ടിരുന്നു. അതിലേക്കാണ് വെടിയുണ്ട പാഞ്ഞത്.  അതിനാൽ നെഞ്ചിലേക്ക് കയറിയില്ല. എതിരാളികളെല്ലാം മരിച്ചെന്നു കരുതി പാക്‌സേന അവരുടെ തന്ത്രസ്ഥലങ്ങളെപ്പറ്റി വീരവാദം മുഴക്കി തിരികെപ്പോയി. കണ്ണുതുറക്കാതെ യോഗേന്ദ്രസിങ് യാദവ് വലംകൈകൊണ്ട് പുറത്തെ ബാഗിലുണ്ടായിരുന്ന തോക്കും മൂന്ന് ഗ്രനേഡുകളുമെടുത്തു. തോക്കുകൊണ്ട് വെടിവെച്ച് നാല് പാക് പട്ടാളക്കാരെ കൊന്നു. ഗ്രനേഡ് പലയിടങ്ങലിലേക്ക് എറിഞ്ഞു. ഇവ ചെന്നുവീണത് പാക്‌സേനയുടെ തന്ത്രപ്രധാനമായ മൂന്ന് ബങ്കുകളിലേക്കായിരുന്നു. ഇന്ത്യൻ സേന ശക്തിയാർജിച്ച് എത്തിയെന്നു ഭയന്ന പാക്‌സേന തിരിച്ചടിച്ചില്ല. ഈ സമയം നോക്കി മഞ്ഞുമലയിൽ ഉരുണ്ടും ഇരുന്നുനീങ്ങിയും യോഗേന്ദ്രസിങ് യാദവ് താഴെയെത്തി.
  അർധബോധത്തിലായിരുന്ന യാദവ് താഴെയെത്തി ഇന്ത്യൻ സേനയ്ക്ക് പാകിസ്താൻ പട്ടാളം തന്പടിച്ചിരിക്കുന്ന ടൈഗർഹില്ലിലെ എല്ലാ വിവരങ്ങളും കൈമാറി. അതോടെ ബോധം നശിച്ചു. 17 വെടിയുണ്ടകളായിരുന്നു യോഗേന്ദ്രസിങ് യാദവിന്റെ ശരീരത്തിലുണ്ടായിരുന്നത്. പ്രാഥമിക ചികിത്സ നൽകി ജമ്മുവിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. യാദവ് നൽകിയ ടൈഗർഹില്ലിലെ വിവരങ്ങൾ വെച്ച് ഇന്ത്യൻ സൈന്യം യുദ്ധം ആസൂത്രണം ചെയ്തു. സൈനിക ആശുപത്രിയിൽ നാലാം നാൾ ബോധം വരുമ്പോൾ ഇന്ത്യ കാർഗിൽ യുദ്ധം ജയിച്ച വാർത്തയാണ് അദ്ദേഹത്തെ കാത്തിരുന്നത്.
 സൈന്യത്തിൽ മൂന്നുവർഷത്തോളം മാത്രം പരിചയം. ഇത് മതിയായിരുന്നു അദ്ദേഹത്തിന്‌ രാജ്യത്തെ പരമോന്നത സൈനിക ബഹുമതിയായ പരം വീർചക്ര നേടുന്നതിന് വഴിയൊരുക്കാൻ. 1999 ജൂലായ് നാലിന്റെ ടൈഗർഹില്ലിലെ പ്രവർത്തനം കണക്കിലെടുത്ത്‌ പരംവീർ ചക്ര ലഭിക്കുമ്പോൾ അത് ചരിത്രത്തിലെ നാഴികക്കല്ലായി. രാജ്യത്ത് ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഇൗ പുരസ്‌കാരം നേടുന്ന വ്യക്തിയായി.
ഇരിങ്ങാലക്കുട സെന്റ്‌ ജോസഫ്‌സ്‌ കോളേജിൽ  നിർമിച്ച ധീരതാമതിൽ സമർപ്പണത്തിനെത്തിയതായിരുന്നു യോഗേന്ദ്രസിങ് യാദവ് . 

പരംവീർചക്ര ആദ്യം കിട്ടിയത് മരണാനന്തരം, പിന്നീട് തിരുത്തി
യോഗേന്ദ്ര സിങ്‌ യാദവിന് പരംവീർചക്ര ബഹുമതി നൽകിയതിലുമുണ്ട്‌ വലിയൊരു അവിശ്വസനീയമായ സംഭവകഥ. കാർഗിൽ യുദ്ധത്തിൽ 17 വെടിയുണ്ടകളേറ്റ നിലയിലായിരുന്നു യാദവിനെ ജമ്മുവിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജീവിച്ചിരിക്കാൻ സാധ്യതയില്ലെന്ന വാർത്ത ഇതിനിടെ പരന്നു. 
അതിനിടെയാണ് ഇന്ത്യ കാർഗിൽ യുദ്ധം ജയിക്കുന്നത്. ഇതിനുമുന്നേ തന്നെ യാദവിന് പരംവീർചക്ര ബഹുമതി നൽകണമെന്ന ശുപാർശ പോയിരുന്നു. പരംവീർചക്ര ബഹുമതി പ്രഖ്യാപിക്കാനിരിക്കേയാണ് കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത സൈനികനായ മറ്റൊരു യോഗേന്ദ്ര സിങ് യാദവ് മരിച്ചത്. രണ്ട് ആളുടേയും പേരിലെ സമാനത പ്രശ്നമായി. 
ടൈഗർ ഹിൽസിൽ അസാമാന്യ പ്രകടനം കാഴ്ചവെച്ചതിന് പരംവീർചക്രയ്ക്ക് ശുപാർശ ചെയ്യപ്പെട്ടയാളാണ് മരിച്ചതെന്ന് കരുതി ബഹുമതി മരണാനന്തരമായി പ്രഖ്യാപിക്കുകയായിരുന്നു. പിന്നീടാണ് തെറ്റ് മനസ്സിലാക്കി തിരുത്തിയത്.

സിനിമപോലെ ജീവിതം
പത്താം ക്ലാസ് കഴിഞ്ഞപ്പോൾ അച്ഛനോട് പട്ടാളത്തിൽ ചേരാനുള്ള ആഗ്രഹമറിയിച്ചു. പട്ടാളക്കാരനായ അച്ഛൻ കരൺസിങ് യാദവിന് അത് നൂറു ശതമാനം ഇഷ്ടമായിരുന്നു. 16 തികഞ്ഞയുടൻ യാദവ് പട്ടാളത്തിൽ ചേർന്നു. എൽ.ഒ.സി., ലക്ഷ്യ, ബോർഡർ തുടങ്ങി വിവിധ ഹിറ്റ് ചിത്രങ്ങളുെട പിറവിക്കും യാദവിന്റെ ജീവിതം കാരണമായി.
 പതറാതെ എതിരാളിക്കെതിരേയുള്ള നീക്കത്തിൽ അസാമാന്യ ധൈര്യം കാണിക്കുക. അതിന് രാജ്യം നൽകുന്ന പരമോന്നത ൈസനിക പദവിയാണ് പരംവീർ ചക്ര. ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഇത് നേടിയെടുത്ത യോഗേന്ദ്ര സിങ് യാദവിന് ഇപ്പോൾ പ്രായം 39. രാജ്യം ഇതേവരെ പരംവീർ ചക്ര നൽകി ആദരിച്ചത് 21 പേരെ മാത്രം. അതിൽ 12 പേർക്ക് മരണാനന്തരം. പരംവീർ ചക്ര നേടിയവരിൽ ഇപ്പോൾ ജീവിച്ചിരിക്കുന്നത് മൂന്നുപേർ മാത്രം. യോഗേന്ദ്ര സിങ് യാദവ് ഇപ്പോൾ സുബേദാർ മേജറാണ്‌. ആദ്യമായാണ് പരംവീർ ചക്ര േജതാവ് കേരളം സന്ദർശിക്കുന്നത്.
കാർഗിൽ യുദ്ധത്തിൽ നാലുപേർക്ക് പരംവീർ ചക്ര നൽകിയിരുന്നു. യോഗേന്ദ്ര സിങ് യാദവിനൊപ്പം യുദ്ധത്തിലുണ്ടായിരുന്ന തൃശ്ശൂർ സ്വദേശി ഉപ കമാൻഡിങ് ഒാഫീസർ കേണൽ ആർ. വിശ്വനാഥൻ യുദ്ധത്തിനിടെ മരിച്ചിരുന്നു. തൃശ്ശൂരിലെത്തിയ യാദവ്, വിശ്വനാഥന്റെ വീട്ടിലും പോയി.