കണ്ണിൽപ്പെടാത്തത് ക്യാമറയിൽ പകർത്തുന്നത് പ്ലസ്ടു വിദ്യാർഥി അദിത്ത് പി. ജയന് നേരംപോക്കാണ്. ഇതിലൂടെ ഈ കൊച്ചുമിടുക്കൻ ചെന്നെത്തിയത് രാജ്യാന്തര നേട്ടത്തിലേക്ക്. ജൈവവൈവിധ്യരംഗത്ത് പുതിയ നിരീക്ഷണങ്ങളും കണ്ടുപിടിത്തങ്ങളും പങ്കുവെക്കുന്ന രാജ്യാന്തര വെബ്‌സൈറ്റായ ഐനാച്വറിലിസ്റ്റിൽ അദിത്തിന്റെ ചിത്രം ഇടംനേടി. ‘ട്രീ ഹോപ്പർ’ എന്ന ചെറുപ്രാണിയുടെ ചിത്രമാണ് അസുലഭനേട്ടത്തിന് അർഹനാക്കിയത്. 
അത്യപൂർവവും ജൈവവൈവിധ്യ പ്രാധാന്യമുള്ളതുമായ ചിത്രങ്ങൾ മാത്രമാണ് ഐനാച്വറിലിസ്റ്റിൽ ഉൾപ്പെടുത്തുന്നത്. ലോകമെമ്പാടുമുള്ള ജൈവശാസ്ത്രജ്ഞരുടെ ശ്രദ്ധയിൽപ്പെടാനും ഇതിലൂടെ സാധിക്കും. ഇന്ത്യയിൽനിന്ന് ഈ നേട്ടം കരസ്ഥമാക്കിയ ആദ്യവ്യക്തി അദിത്തായിരിക്കും.
അഡയാറിൽ താമസിക്കുന്ന കോട്ടയം സ്വദേശിയും മാധ്യമപ്രവർത്തകനുമായ സുഭാഷ് ജയന്റെയും പാലക്കാട് കൊല്ലങ്കോട് സ്വദേശിനി ഉഷയുടെയും ഏകമകനാണ് അദിത്ത്. ഇന്ദിരനഗർ ഹിന്ദു സീനിയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥിയായ അദിത്ത് ക്യാമറയുമായി അടുത്തത് വിനോദത്തിനുവേണ്ടിമാത്രമായിരുന്നു. ഫോട്ടോഗ്രാഫി തന്നെ പരിസ്ഥിതിയോട് കൂടുതൽ അടുപ്പിച്ചിരിക്കയാണെന്ന് അദിത്ത് പറയുന്നു. പരിസ്ഥിതി ശാസ്ത്രജ്ഞനാകണമെന്ന് തീരുമാനിച്ചുകഴിഞ്ഞു.
അച്ഛനാണ് ഫോട്ടോഗ്രാഫിയിൽ അദിത്തിന് എപ്പോഴും കൂട്ട്. ചിത്രമെടുപ്പിലേക്ക് മകനെ ആകർഷിച്ചതും അച്ഛൻ സുഭാഷ് ജയനാണ്. ഫോട്ടോഗ്രാഫിയിലുള്ള അച്ഛന്റെ കൗതുകംകണ്ടാണ് മകനും ‘ക്ലിക്ക്’ അടിച്ച് തുടങ്ങിയത്.
 യാത്രകൾനടത്തി ചിത്രമെടുക്കുന്ന ശീലം സുഭാഷ് ജയനുണ്ട്. ഒരു അവധിക്കാലത്താണ് അച്ഛന്റെ ഭ്രമം മകനിലേക്കും എത്തിയത്. സമയംകളയാൻ അച്ഛനൊപ്പം പടമെടുക്കാൻ ഇറങ്ങുകയായിരുന്നു. പക്ഷികളെ നിരീക്ഷിച്ച് അവയെ ക്യാമറയിൽ പകർത്തിയായിരുന്നു തുടക്കം. സമീപമുള്ള പാർക്കിലൊക്കെ ഇതിനായി കറങ്ങി. കഴിഞ്ഞ ഒന്നരവർഷമായി ഇതുതന്നെ സ്ഥിരംപരിപാടി.
പക്ഷികളുടെ ദേശാടനം കഴിഞ്ഞതോടെ ഒന്നുമെടുക്കാനുണ്ടായിരുന്നില്ല. ചിത്രമെടുക്കാൻ പക്ഷികളെ കിട്ടാതെവന്നതോടെ ചെറുപ്രാണികളിലേക്ക് അദിത്ത് ക്യാമറ തിരിച്ചു. ചെറുജീവികളുടെ ചിത്രമെടുക്കുന്നത് അത്ര എളുപ്പമല്ല. ഇവ കണ്ണിൽപ്പെടുകതന്നെയില്ല. കണ്ടാൽത്തന്നെ അതിവേഗം പറന്നകലും. ചെറിയ പ്രാണികളുടെ ചലനം തിരിച്ചറിയാനും ബുദ്ധിമുട്ടാണ്. എന്നാൽ, താത്പര്യം വന്നതോടെ കഷ്ടപ്പാടാണ് എന്ന തോന്നലിനെക്കാൾ ആവേശമാണ് അദിത്തിന് തോന്നിയത്. ഇതാണ് ‘ട്രീ ഹോപ്പറി’ലേക്കെ
ത്തിച്ചത്.
പതിവുപോലെ അന്നും ക്യാമറയുമായി കാണാത്ത കാഴ്ചകൾ തേടിയിറങ്ങിയതായിരുന്നു. ബസന്ത് നഗറിലെ പഴയപാലത്തിന് സമീപംവെച്ചാണ് ട്രീ ഹോപ്പർ  ഫ്രെയിമിൽ കുടുങ്ങിയത്. ഒരു ചെടിയിൽനിന്ന് മറ്റൊന്നിലേക്ക് ചാടിക്കൊണ്ടിരുന്ന ഈ പ്രാണി എപ്പോഴോ അദിത്തിനായി പോസ്ചെയ്തുവെന്ന് വേണം പറയാൻ. സൂക്ഷ്മമായി പകർത്തിയ ചിത്രം കണ്ടാൽ ഭീമാകാരമായ ജീവിയായി തോന്നാമെങ്കിലും ട്രീ ഹോപ്പർ വെറും കുഞ്ഞനാണ്. ഒരു സെന്റീമീറ്റർമാത്രം വലുപ്പമുള്ള ജീവി.
ഐനാച്വറലിസ്റ്റ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കാനായി മുമ്പും ചിത്രങ്ങൾ അയച്ചുകൊടുത്തിട്ടുണ്ടെങ്കിലും അംഗീകാരം ലഭിച്ചിരുന്നില്ല. അമിതപ്രതീക്ഷയില്ലാതാണ് ഇത്തവണയും ശ്രമിച്ചത്. എന്നാൽ, ഞെട്ടിച്ചുകൊണ്ട് വെബ്സൈറ്റിൽ പ്രത്യക്ഷപ്പെടുകയായിരുന്നു. ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമായിരുന്നു ഈ നേട്ടം സമ്മാനിച്ചതെന്ന് അദിത്ത് പറയുന്നു.
പക്ഷികളുടെ ചിത്രമെടുക്കാൻ അച്ഛനൊപ്പം ഉത്തരാഖണ്ഡിലും കേരളത്തിലും യാത്രനടത്തിയിട്ടുണ്ട്. കേരളത്തിൽ തട്ടേക്കാട് പക്ഷിസങ്കേതത്തിലായിരുന്നു സന്ദർശനം നടത്തിയത്. പക്ഷികളുടെ ഒട്ടേറെ ചിത്രം എടുത്തിട്ടുണ്ട്. ചെറുപ്രാണികളുടെ ചിത്രമെടുക്കണമെങ്കിൽ ഏറെ ക്ഷമയോടെ കാത്തിരിക്കണം. പ്രാണികളുടെ ഫോട്ടോയെൈwടുക്കാൻ തുടങ്ങിയതോടെ ക്ഷമാശീലം പഠിച്ചോയെന്ന ചോദ്യത്തിന് തീർച്ചയായും എന്നായിരുന്നു മറുപടി. മറ്റുദിവസങ്ങളിൽ ക്ലാസുള്ളതിനാൽ ഞായറാഴ്ചകളിലാണ് ക്യാമറയുമായുള്ള അദിത്തിന്റെ സഞ്ചാരം. ഒാരോദിവസവും ആരുംകാണാത്ത കാഴ്ചകളിലേക്ക് എത്തിക്കുമെന്ന പ്രതീക്ഷയിലാണ്‌ ഇറങ്ങുന്നത്. നേരംപോക്കായി തുടങ്ങിയ ശീലം ഇപ്പോൾ ജീവിതത്തിന്റെ ഭാഗമായിരിക്കയാണ്.
ഹയർസെക്കൻഡറി പഠനം പൂർത്തിയാക്കിയശേഷം ബോട്ടണി പഠിക്കാനും പിന്നീട് പരിസ്ഥിതിശാസ്ത്രമേഖലയിലേക്ക് കടക്കാനും ആഗ്രഹിക്കുന്ന അദിത്തിനെ ഈ സ്വപ്നത്തിലേക്ക് നയിച്ചത് ഫോട്ടോഗ്രാഫിയാണ്. നിലവിൽ പരിസ്ഥിതിപഠ++wൈനം നടത്താൻ സഹായിക്കുന്നത് കാലിഫോർണിയ അക്കാദമി ഓഫ് സയൻസസിന്റെയും നാഷണൽ ജോഗ്രഫിക് സൊസൈറ്റിയുടെയും സംയുക്ത സംരംഭമായ ഐനാച്വറലിസ്റ്റ് വെബ് സൈറ്റ് തന്നെയാണ്.