ഉയരങ്ങളെ പ്രണയിച്ചവനാണ് ആദം ഹാരിയെന്ന ചെറുപ്പക്കാരൻ. സ്വപ്നങ്ങൾക്ക് ചിറകുനൽകി പറന്നുയർന്നവൻ. കമേഴ്‌സ്യൽ പൈലറ്റ് പരിശീലനത്തിന് പോകുന്ന ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്‌മെൻ. കയ്‌പേറിയ അനുഭവങ്ങളിൽനിന്ന് മനസ്സിൽ സൂക്ഷിച്ച കുന്നോളം ആശകളെ നേടിയെടുക്കാൻ പരിശ്രമിച്ച് വിജയിച്ച  കനൽവഴികളെക്കുറിച്ച്‌ പറയുകയാണ് ആദം ഹാരി...
തൃശ്ശൂർ ജില്ലയിലാണ് ജനനം. പെണ്ണായി ജനിച്ച് ആണിന്റെ മനസ്സുമായി ജീവിക്കേണ്ടിവന്നവനായിരുന്നു ഞാൻ. ഇന്ന് ട്രാൻസ്‌മെൻ ആയി. 10-ാം ക്ലാസ് വരെ ഗേൾസ് സ്കൂളിലാണ് പഠിച്ചത്. കൗമാരത്തിലെത്തിയപ്പോഴാണ് തന്‍റെ വ്യക്തിത്വത്തിനെ അറിയുന്നത്. കൂട്ടുകാരും അധ്യാപകരും കളിയാക്കി. പ്ലസ് ടുവിന് മിക്സഡ് സ്കൂളിൽ ചേർന്നപ്പോൾ ആൺകുട്ടിയോണോ എന്ന ചോദ്യം ഉയർന്നുതുടങ്ങി. ക്ലാസിൽ പലർക്കും പ്രണയം തോന്നിത്തുടങ്ങിയ കാലത്ത് തനിക്ക് ഒരു പെൺകുട്ടിയെ ഇഷ്ടമാണ് എന്ന് പറയാൻ എന്റെ ശാരീരികാവസ്ഥ അനുവദിച്ചില്ല. അന്ന് ഉള്ളിൽ തോന്നിയ പ്രണയങ്ങൾ കുഴിച്ചുമൂടി. സ്കൂൾ നാടകങ്ങളിൽ ആൺവേഷങ്ങൾ െചയ്യുകയും പതിവായിരുന്നു. സ്കൂളിൽനിന്ന്  പലപേരുകൾ വിളിച്ച് അധിേക്ഷപിച്ചവരുണ്ട്. 
വീട്ടുകാരും അംഗീകരിച്ചില്ല 
ട്രാൻസ്‍മേൻ ആയതുകൊണ്ടുതന്നെ സമൂഹത്തിൽ നിന്നും കുടുംബത്തിൽ നിന്നും ഏറെ പഴികേൾക്കേണ്ടിവന്നു. തല്ലുകൊണ്ടു. ചെറുപ്പം മുതൽ ആൺകുട്ടികളുടെ കളിപ്പാട്ടങ്ങളോടായിരുന്നു താത്പര്യം. ആൺകുട്ടികൾക്കുണ്ടായിരുന്ന വികൃതികളാണ് പ്രകടിപ്പിച്ചത്. അന്നുതന്നെ വീട്ടിൽ എല്ലാവർക്കും വെറുപ്പായിരുന്നു. വളരെ യാഥാസ്ഥിതിക കുടുംബത്തിലാണ് ജനിച്ചത്. അവർക്ക് ഇപ്പറഞ്ഞ ട്രാൻസ്‌ജെൻഡറും എൽ.ഡി.ബി.ടി.ക്യു. എന്നൊന്നും പറഞ്ഞാൽ മനസ്സിലാവില്ലായിരുന്നു. മാതാപിതാക്കൾ പറഞ്ഞിരുന്നത് ഇതെല്ലാം എന്റെ കുരുത്തക്കേടുകളാണെന്നാണ്. ഞാൻ അനുസരണക്കേട് കാണിക്കുന്നെന്നും. തന്റെ പ്രകൃതത്തിലെ മാറ്റങ്ങൾ ഉൾക്കൊള്ളാനാവാതെ രക്ഷിതാക്കൾ പഴിച്ചു. എന്നിട്ടും മാറാതെ വന്നപ്പോൾ മനശ്ശാസ്ത്രജ്ഞന്റെ അടുത്തെത്തിച്ചു. അന്ന് വിഷാദരോഗത്തിനുള്ള മരുന്ന് തരുകയായിരുന്നു.  അന്നും ഇന്നും വീട്ടുകാർ എന്നെ അംഗീകരിച്ചിട്ടില്ല. 
വീട്ടുതടങ്കലിലെ കണ്ണീർക്കാലം
താന്റെ വ്യക്തിത്വം പുറത്തുപറഞ്ഞതിന്റെപേരിൽ വീട്ടുതടങ്കലിൽ കഴിയേണ്ടിവന്ന ഒട്ടേറെ ട്രാൻസ്‌മെൻസും ട്രാൻസ്‌ജെൻഡേഴ്സും ഉണ്ട്. എനിക്ക് ഓർക്കാൻപോലും പേടിയാവുന്ന അനുഭവങ്ങളാണുണ്ടായത്. മന്ത്രവാദികളുടെ അടുത്ത്‌ കൊണ്ടുപോയി പലരും പറയുന്ന കാര്യങ്ങൾ എനിക്ക് ഒട്ടും അംഗീകരിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. പ്രൈവറ്റ് പൈലറ്റ് പരിശീലനം നേടി തിരിച്ചുവന്നതിനുശേഷം വീട്ടിൽ നിന്നും നിരന്തരം ഉപദ്രവങ്ങൾ നേരിട്ടുകൊണ്ടിരുന്നപ്പോൾ പുറത്ത് കുളിക്കാൻ പോവുന്നു എന്നുപറഞ്ഞ് ബാഗും എടുത്ത് ഓടി രക്ഷപ്പെട്ടു. തിരുവല്ലയിലുള്ള സുഹൃത്തിന്റെ അടുത്തെത്തി. രണ്ടുപേർക്കും ജോലിയൊന്നും ഇല്ലായിരുന്നു. അതിനിടയിൽ ബെംഗളൂരുവിലുള്ള മറ്റൊരു സുഹൃത്ത് അങ്ങോട്ട് ചെല്ലാനും ജോലി ശരിയാക്കിത്തരാമെന്നും പറഞ്ഞ് വിളിച്ചു. സുഹൃത്തിനൊപ്പം വണ്ടിയിൽ കയറി, വണ്ടി നിർത്തിയത് സ്വന്തംവീടിന്‍റെ മുന്നിൽ. അത് കെണിയാണെന്ന് മനസ്സിലായത് അപ്പോഴാണ്. സുഹൃത്തിനോട് എന്നെ പഠിപ്പിക്കാമെന്ന് വീട്ടുകാർ സത്യം ചെയ്തിരുന്നു. എന്നാൽ അന്ന് എനിക്ക് ജീവൻ തിരിച്ചുകിട്ടിയതുതന്നെ ഭാഗ്യം. അന്ന് തലയിലടക്കം പരിക്കുണ്ടായിരുന്നു. നാട്ടുകാരാണ്‌ ആശുപത്രിയിൽ എത്തിച്ചത്‌. വീട്ടുകാർ എന്റെ വസ്ത്രങ്ങളും ഫോണും എല്ലാം കത്തിച്ചുകളഞ്ഞു. 
അതിജീവനത്തിനായി എറണാകുളത്തേക്ക്
വീട്ടിൽനിന്ന്‌ രക്ഷപ്പെട്ട് ഓടിയപ്പോൾ യാതൊന്നും കൈയിലുണ്ടായിരുന്നില്ല. ഉടുതുണിക്ക് മറുതുണിയില്ലാതെ എറണാകുളം നഗരത്തിലെത്തി. മുഷിഞ്ഞ വസ്ത്രവുമായി റെയിൽവേസ്റ്റേഷനിലും ബസ് സ്റ്റാൻഡിലും കഴിഞ്ഞു. അതിനിടെ ചെറിയൊരു ജ്യൂസ് കടയിൽ ജോലിക്ക് കയറി. കടയുടെ മൂലയിൽ കിടന്നുറങ്ങി. അവിടെനിന്നും ഒരു ഏവിയേഷൻ അക്കാദമിയിൽ ഒഴിവുണ്ടെന്നുകണ്ട് അപേക്ഷിച്ചു. കൂടിക്കാഴ്ചയിൽ ജോലിതരാമെന്ന് പറഞ്ഞു. എന്നാൽ, താൻ ട്രാൻസ്‌മെൻ ആണെന്ന് അറിഞ്ഞതോടെ അവരുടെ മട്ടും ഭാവവും മാറി. ഭക്ഷണവും താമസസൗകര്യവും തരാം ശമ്പളം തരാൻ കഴിയില്ലെന്ന് പറഞ്ഞു. എനിക്ക് സുരക്ഷിതമായ ഒരു സ്ഥലം ആവശ്യമായിരുന്നു. ഞാൻ അത് അംഗീകരിച്ചു. അവിടെനിന്നാണ് ട്രാൻസ്ജൻഡറുകളുമായി സൗഹൃദം ഉണ്ടാവുന്നത്. അവർ എനിക്ക് അഭയം നൽകി. എന്റെ സ്വപ്നങ്ങളെ വീണ്ടും ഉണർത്തി. 
പൈലറ്റ് എന്ന സ്വപ്നവും യാഥാർഥ്യവും
ചെറുപ്പം മുതൽ ആകാശങ്ങളെയാണ് ഞാൻ ഇഷ്ടപ്പെട്ടത്. പൈലറ്റ് ആവണം എന്ന ആഗ്രഹം മനസ്സിൽകൂടിയത് എന്നാണെന്ന് അറിയില്ല. പ്ലസ് ടു കഴിഞ്ഞയുടൻ സൗത്ത് ആഫ്രിക്കയിലെ ജൊഹാനസ്ബർഗിൽ പ്രൈവറ്റ് പൈലറ്റ് പരിശീലനത്തിന് പരീക്ഷയെഴുതി. പരിശീലനത്തിന് അവസരം ലഭിച്ചു. നാട്ടുകാരും വീട്ടുകാരും ആഘോഷിച്ചു. ഇനി പെണ്ണായി ജീവിച്ചുകൊള്ളാം എന്നുള്ള ഉറപ്പിൽ എന്നെ വീട്ടുകാർ യാത്രയാക്കി. എന്നാൽ ജൊഹനാസ്ബർഗിൽ പൈലറ്റ് പരിശീലനത്തിന് പോയപ്പോഴാണ് സ്വന്തം ശരീരത്തിൽ നിന്നും പുറത്തുകടക്കാനുള്ള അവസരം ലഭിച്ചത്. മുടി ക്രോപ്പ് ചെയ്ത് ആണിനെപ്പോലെ വസ്ത്രം ധരിച്ച് ആദം ആണ്മയെ ആഘോഷിച്ചു. ഫെയ്സ്ബുക്കിൽ തൻ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകൾ കണ്ട് വീട്ടുകാർ തന്റെ സ്വഭാവം മാറിയില്ലെന്ന് മനസ്സിലാക്കി. പിന്നീട് വീട്ടിൽനിന്ന്‌ പഠിക്കാനാവശ്യമായ പണം അയച്ചുതരാതെയായി. അവിടെ കോസ്‌മോ സിറ്റിയിൽ ഇവിടത്തെ 1000 രൂപയ്ക്ക് നാല് ചുവരുകളും മുകളിൽ പൊട്ടിയ ഷീറ്റും ഇട്ട മുറിയിൽ ജീവിച്ചു. ഹോട്ടലിൽ തൂപ്പുകാരനായി ജോലി ചെയ്തു. രാത്രി പബ്ലിക് ലൈബ്രറിയുടെ വരാന്തയിൽ പോയിരുന്ന് പഠിച്ചു. ഒരുവർഷത്തെ പരിശീലനം പൂർത്തിയാക്കി തിരിച്ചുവന്നു. 
കമേഴ്‌സ്യൽ പൈലറ്റ് ലൈസൻസ് നേടാനുള്ള പരിശീലനത്തിനായി രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഏവിയേഷനിൽ പഠിക്കാനൊരുങ്ങുകയാണ്. 
സഹായവുമായി ഒട്ടേറെപ്പേർ
സർക്കാരിന്റെ ഭാഗത്തുനിന്ന്‌ വലിയ പിന്തുണയാണ് ലഭിച്ചത്. ട്രാൻസ്ജെൻഡർ നൈപുണി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇപ്പോൾ സ്കോളർഷിപ്പ് ലഭിച്ചത്. 24 ലക്ഷത്തിന്റെ സ്കോളർഷിപ്പാണ് കിട്ടിയത്. സഹായവുമായി കൂടെയുണ്ടായിരുന്ന ശീതൾ ശ്യാം, ബിജു പ്രഭാകർ, അനിൽ ചില്ല തുടങ്ങിയവരെയെല്ലാം ഓർക്കുന്നു. 
 മാറാത്ത സമൂഹത്തിന്റെ കാഴ്ചപ്പാടുകളോടാണ് ആദം ഹാരി പടപൊരുതുന്നത്. കണ്ണാടിയിൽ നോക്കാൻ ഭയന്നിരുന്ന കുട്ടിയിൽനിന്ന്‌ ഇരുപതാം വയസ്സിൽ സ്വപ്നങ്ങളെ എത്തിപ്പിടിച്ച മിടുക്കൻ. ജീവിതത്തോടുള്ള പ്രണയം ഇത്രയും പ്രതിസന്ധികളും പ്രശ്നങ്ങളും ഉണ്ടായിട്ടും തരണംചെയ്യാൻ ശക്തി നൽകി. ബാക്കിയുള്ള സ്വപ്നങ്ങൾ സ്വന്തമാക്കാനും ആശിച്ച ജീവിതം അന്തസ്സോടെ ജീവിക്കാനും ആദം ഒരുങ്ങുകയാണ്. 