കുട്ടിക്കാലംമുതൽ എല്ലാവരും കേൾക്കുന്നതാണ് ലോകാദ്‌ഭുതങ്ങളെക്കുറിച്ച്. എന്നാൽ, അവ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായതിനാൽ സന്ദർശിക്കാൻ കഴിയാത്ത ഒട്ടേറെപ്പേരുണ്ട്. എന്നാൽ ഇവിടെ  ഡൽഹിയിലെ വേസ്റ്റ് ടു വണ്ടർ പാർക്കിൽ ‘ലോകാദ്‌ഭുതങ്ങൾ’ ഒരുമിച്ച് കാണാൻ സൗകര്യമുണ്ട്. തെക്കൻഡൽഹിയിലെ സരായ് ഖാലേഖാൻ ഐ.എസ്.ബി.ടി.ക്ക് സമീപം സ്ഥിതിചെയ്യുന്ന ഈ പാർക്കിലെത്തിയാൽ ഏഴു ലോകാദ്‌ഭുതങ്ങളും ഒരു കുടക്കീഴിൽ കാണാം.
ന്യൂയോർക്കിലെ സ്റ്റാച്യു ഓഫ് ലിബർട്ടി, ഗിസയിലെ പിരമിഡ്, പാരീസിലെ ഈഫൽ ടവർ, പിസയിലെ ചരിഞ്ഞ ഗോപുരം, റിയോ ഡി ജനീറോയിലെ ക്രൈസ്റ്റ് ദ റെഡീമർ, റോമിലെ കൊളോസിയം, നമ്മുടെ താജ്മഹൽ എന്നിവയുടെ മാതൃകകളാണ് പാർക്കിൽ ഒരുക്കിയിരിക്കുന്നത്. അതിമനോഹരമായ ഇവയെല്ലാം നിർമിച്ചത് പാഴ്വസ്തുക്കൾകൊണ്ടാണെന്നതാണ് ശ്രദ്ധേയം. വാഹനങ്ങളുടെ ഭാഗങ്ങൾ ഉൾപ്പെടെയുള്ള വ്യവസായകേന്ദ്രങ്ങളിൽനിന്ന് ഉപേക്ഷിക്കപ്പെട്ട സാധനങ്ങൾ കൊണ്ടാണ് ഇവയുടെ നിർമിതി. ഇതിനായി നൂറ്റമ്പതോളം ടൺ മാലിന്യവസ്തുക്കളാണ് ഉപയോഗിച്ചത്. മികച്ച പരിസ്ഥിതിസൗഹാർദ മാതൃക കൂടിയാണ് പാർക്ക്.
ഒട്ടേറെ മരങ്ങളും ചെടികളും പുൽത്തകിടികളും നിറഞ്ഞ അഞ്ചേക്കറിലുള്ള പാർക്കിന്റെ വിവിധയിടങ്ങളിലാണ് ഓരോ ലോകാദ്‌ഭുതവും ഒരുക്കിയിരിക്കുന്നത്. പ്രവേശനകവാടത്തിന് പുറത്തുള്ള ടിക്കറ്റ് കൗണ്ടറിൽനിന്ന് ടിക്കറ്റെടുത്തശേഷം പാർക്കിനകത്തേക്ക് പ്രവേശിക്കാം. ടെലിവിഷനിലും ചിത്രങ്ങളിലും മാത്രം കണ്ടുപരിചയിച്ചിട്ടുള്ള ലോകാദ്‌ഭുതങ്ങൾ കൈയെത്തും ദൂരത്ത് കാണാൻ സാധിക്കുന്നത് ആരിലും ആശ്ചര്യമുളവാക്കും. സ്വാതന്ത്ര്യത്തിന്റെ ആഗോള പ്രതീകമായ സ്റ്റാച്യു ഓഫ് ലിബർട്ടി, റോമാ സാമ്രാജ്യത്തിലെ ഗ്ലാഡിയേറ്റർമാരുടെ പോരാട്ടവേദിയായിരുന്ന കൊളോസിയം, സ്നേഹത്തിന്റെ പ്രതീകമായ താജ്മഹൽ തുടങ്ങിയവ തൊട്ടടുത്തുനിന്ന് കാണാനും ഒപ്പംനിന്ന് ചിത്രമെടുക്കാനും നിരവധി സന്ദർശകരുണ്ട്. രാത്രിയാവുന്നതോടെ എല്ലാ ലോകാദ്‌ഭുത മാതൃകകളിലും വർണങ്ങളിലുള്ള ലൈറ്റുകൾ തെളിയും. ഇതോടെ പാർക്കിന്റെ മനോഹാരിത ഏറെമടങ്ങ് വർധിക്കും. അതിനാൽ, സന്ധ്യയ്ക്ക് ശേഷമാണ് സന്ദർശകരുടെ ഒഴുക്ക് കൂടുതൽ.
ചൊവ്വ മുതൽ ഞായർ വരെ രാവിലെ 11 മുതൽ രാത്രി 11 വരെ പാർക്ക് സന്ദർശിക്കാം. പ്രവേശനത്തിന് വ്യത്യസ്ത നിരക്കുകളാണ്. പന്ത്രണ്ട് മുതൽ 65 വയസ്സ് വരെയുള്ളവർക്ക് 50 രൂപയാണ്. മൂന്നിനും 12 വയസ്സിനും ഇടയിലുള്ള കുട്ടികൾക്ക് 25 രൂപ നൽകണം. ഞായറാഴ്ച എല്ലാവർക്കും ഇരട്ടിനിരക്കാണ് ഈടാക്കുക. മൂന്നു വയസ്സിന് താഴെയുള്ള കുട്ടികൾക്കും 65 വയസ്സിന് മുകളിലുള്ളവർക്കും മുനിസിപ്പൽ സ്കൂൾ വിദ്യാർഥികൾക്കും പ്രവേശനം പൂർണമായും സൗജന്യമാണ്. തിങ്കളാഴ്ച പാർക്കിന് അവധിയാണ്.
തെക്കൻ ഡൽഹി മുനിസിപ്പൽ കോർപ്പറേഷന്റെ നേതൃത്വത്തിലാണ് പാർക്ക് നിർമിച്ചത്. പ്രതിദിനം ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ഒട്ടേറെ പേർ പാർക്ക് സന്ദർശിക്കാനെത്തുന്നുണ്ട്. ഡൽഹിയിൽ തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലങ്ങളിലൊന്നാണ് ഈ ലോകാദ്‌ഭുത പാർക്ക്.