:നിയമവിദ്യാർഥികൾക്കും നിയമത്തിൽ താത്പര്യമുള്ളവർക്കും ഇന്ത്യയിലെ നീതിന്യായസംവിധാനത്തിന്റെ ചരിത്രമറിയാൻ ഡൽഹിയിലേക്കുവരാം. രാജ്യത്തെ പരമോന്നത കോടതിയായ സുപ്രീംകോടതിയിലെ മ്യൂസിയത്തിലെത്തിലാണ് ഇതിനുള്ള അവസരമുള്ളത്. വിവിധ കേസുകളിലെ വിധികൾ, കോടതിയിൽ ഉപയോഗിക്കുന്ന വസ്തുക്കൾ, പഴയകാല കോടതികളുടെ ചിത്രങ്ങൾ തുടങ്ങി കൗതുകമുണർത്തുന്ന ഒട്ടേറെ കാഴ്ചകളാണ് ഇവിടെയുള്ളത്.
സുപ്രീംകോടതി വളപ്പിനുള്ളിൽ ഒരു ഭൂഗർഭനിലയുൾപ്പെടെ രണ്ടു നിലകളിലായാണ് മ്യൂസിയം ഉള്ളത്. സുരക്ഷാഉദ്യോഗസ്ഥരുടെ കർശനപരിശോധന കഴിഞ്ഞാൽ മ്യൂസിയത്തിലേക്ക് പ്രവേശിക്കാം. ബാഗുകൾ അകത്തേക്ക് കൊണ്ടുപോവാൻ അനുവാദമില്ല. അതിനാൽ, സന്ദർശകരുടെ വസ്തുക്കൾ പൂട്ടിവെക്കാൻ പ്രവേശനകവാടത്തിന് പുറത്ത് ലോക്കറുകൾ ഒരുക്കിയിട്ടുണ്ട്. ഭരണഘടനാശില്പിയായ ഡോ. ബി.ആർ. അംബ്ദേകറുടെ കൂറ്റൻ ഛായാചിത്രമാണ് മ്യൂസിയത്തിനകത്തേക്ക് പ്രവേശിക്കുമ്പോൾ സ്വാഗതം ചെയ്യുക. വൃത്താകൃതിയിലാണ് മ്യൂസിയത്തിന്റെ നിർമിതി.
പത്തൊൻപതാം നൂറ്റാണ്ടിലെ കൈപ്പടയിലെഴുതിയ പുരാതന വിധികൾ, ബോംബെ, അലഹാബാദ്, കൊൽക്കത്ത, മദ്രാസ് എന്നീ ഹൈക്കോടതികളിലെ നിയമ റിപ്പോർട്ടുകൾ, വിധികൾ തുടങ്ങിയവ ഇവിടെ കാണാം. അന്തരിച്ച മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കേസ്, കർണാടകയിൽ രാഷ്ട്രപതിഭരണം ഏർപ്പെടുത്തിയത് തുടങ്ങിയവയിലെ വിധികൾ ഇക്കൂട്ടത്തിലുണ്ട്.
സുപ്രീംകോടതി നിലവിൽ വരുന്നതിനുമുമ്പ് 1937 മുതൽ 1950 വരെ പ്രവർത്തിച്ചിരുന്ന ഫെഡറൽ കോടതിയെക്കുറിച്ചും മ്യൂസിയത്തിൽ പ്രതിപാദിക്കുന്നു. ഫെഡറൽ കോടതിയിൽ ഉപയോഗിച്ചിരുന്ന സ്മിത്ത്-കൊറോണ ടൈപ്പ് റൈറ്റർ ആരിലും കൗതുകമുണർത്തും. സുപ്രീംകോടതിയിൽ 20-ാം നൂറ്റാണ്ടിൽ ഉപയോഗിച്ചിരുന്ന മരത്തിൽ നിർമിച്ച ക്ലോക്ക്, കർണാടക, ആന്ധ്രാപ്രദേശ്, ബോംബെ എന്നീ ഹൈക്കോടതികളിലെ അധികാരദണ്ഡുകൾ, ഫെഡറൽ കോടതിയിൽ നടപടിക്രമങ്ങൾ രേഖപ്പെടുത്തിയിരുന്ന കൂറ്റൻ റെക്കോഡ് പുസ്തകം, സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് വൈ.കെ. സബർവാളിന് ഏഷ്യ-പസഫിക് ജൂറിസ്റ്റിക് അസോസിയേഷൻ സമ്മാനിച്ച വെള്ളി നിറത്തിലുള്ള ഗാവൽ (കോടതിയിൽ ജഡ്ജി ഉപയോഗിക്കുന്ന ലഘുദണ്ഡ്) എന്നിവയും ഇവിടെയുണ്ട്.
ആദ്യനിലയിലെ കാഴ്ചകൾ കണ്ടുകഴിഞ്ഞാൽ ഭൂഗർഭനിലയിലേക്ക് കടക്കാം. സുപ്രീംകോടതി, ഫെഡറൽ കോടതി എന്നിവിടങ്ങളിലെ ജഡ്ജിമാരുടെ ഔദ്യോഗിക കസേരകളാണ് ഇവിടെ സന്ദർശകരെ സ്വാഗതം ചെയ്യുക. ഔദ്യോഗികമുദ്രകൾ പതിപ്പിച്ച കസേരകൾ ആരിലും ബഹുമാനമുണർത്തും. ജഡ്ജിമാർ ധരിക്കുന്ന ഗൗണിന്റെ പ്രത്യേകതകളെക്കുറിച്ചും ഇവിടെ ചിത്രസഹിതം വ്യക്തമാക്കിയിട്ടുണ്ട്. വിവിധ ഹൈക്കോടതികളുടെയും ജഡ്ജിമാരുടെയും പഴയകാല ചിത്രങ്ങൾ, മദ്രാസ് പ്രസിഡൻസിയിലെ ജില്ലാ കോടതികളിൽ ഉപയോഗിച്ചിരുന്ന മരത്തിലും റബ്ബറിലും നിർമിച്ച ഔദ്യോഗിക മുദ്രകൾ, ജയ്‌പുർ, അൽവാർ, ഭരത്പുർ, കോട്ട, ടോങ്ക് തുടങ്ങിയവ നാട്ടുരാജ്യങ്ങളായിരുന്ന വേളയിൽ ഉപയോഗിച്ചിരുന്ന ഔദ്യോഗിക ചിഹ്നങ്ങൾ എന്നിവ ഇവിടെ കാണാം. പൂർണ വലിപ്പത്തിലുള്ള ഇന്ത്യൻ ഭരണഘടനാ പുസ്തകം, സുപ്രീംകോടതിയുടെ മാതൃക, മധ്യപ്രദേശ് ഹൈക്കോടതിയിലെ പണ്ടത്തെ പ്രിവി കൗൺസിലറുടെ ഔദ്യോഗിക തൊപ്പി, സുപ്രീംകോടതി ജഡ്ജിയുടെ ഗൗൺ തുടങ്ങിയവയാണ് മറ്റു കാഴ്ചകൾ.
പുരാതന ഇന്ത്യയിലെ മൗര്യസാമ്രാജ്യ ചക്രവർത്തിയായിരുന്ന ചന്ദ്രഗുപ്തമൗര്യന്റെ പ്രധാനമന്ത്രിയായിരുന്ന കൗടില്യന്റെ (ചാണക്യൻ) പ്രശസ്ത കൃതിയായ അർഥശാസ്ത്രവും മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. മൗര്യസാമ്രാജ്യത്തിലെ പ്രസിദ്ധ ഭരണാധികാരിയായ അശോക ചക്രവർത്തിയുടെ സ്തൂപവും ഇവിടെ കാണാം. വൃത്താകൃതിയിലുള്ള സ്വർണനിറമുള്ള സ്റ്റാൻഡിൽ ഉറപ്പിച്ച ചെറിയ തൂണും അതിനുമുകളിൽ സിംഹപ്രതിമയും അടങ്ങുന്നതാണ് അശോക സ്തൂപം. നിലവിലുള്ള ഏക അശോക സ്തൂപവും ഇതാണെന്നാണ് കരുതപ്പെടുന്നത്. 
എ.ഡി. ഒമ്പതാം നൂറ്റാണ്ടിൽ ബംഗാളിലെ രാജാവായിരുന്ന ദേവാപലദേവയുടെ സംസ്കൃതത്തിലുള്ള പ്രമാണപത്രം, ഹാരപ്പ സംസ്കാരകാലഘട്ടത്തിൽ നിയമങ്ങളെ സൂചിപ്പിക്കാൻ ഉപയോഗിച്ചിരുന്ന മുദ്രകൾ എന്നിവയും വേറിട്ട കാഴ്ചകളാണ്. സുപ്രീംകോടതിയെക്കുറിച്ചും മ്യൂസിയത്തെക്കുറിച്ചുമുള്ള സമ്പൂർണവിവരങ്ങൾ അടങ്ങിയ ടച്ച് സ്‌ക്രീൻ ഡിസ്‌പ്ലേകളും സന്ദർശകർക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്. കൂടാതെ സന്ദർശകർക്കായി സുപ്രീംകോടതിയെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ ഓഡിറ്റോറിയവും പ്രവർത്തിക്കുന്നു. തിങ്കളാഴ്ചയൊഴികെ മറ്റെല്ലാ ദിവസങ്ങളിലും രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ മ്യൂസിയം സന്ദർശിക്കാം. പ്രവേശനം സൗജന്യമാണ്.