• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • NRI
More
Hero Hero
  • America
  • Europe
  • Oceania
  • Delhi
  • Mumbai
  • Chennai
  • Bangalore
  • Blog
  • Features

കുളിർകാ​റ്റേകി കമല മാർക്കറ്റ്

May 20, 2017, 12:51 AM IST
A A A
image 3
X

കമലാ മാർക്കറ്റിലെ ആയിരക്കണക്കിന്‌ തൊഴിലാളികൾ ചൂട്‌ വകവെക്കാതെ ജോലിചെയ്യുകയാണ്‌. ഇവർ കൊള്ളുന്ന വെയിൽ മറ്റുപലർക്കും തണുപ്പേകാനുള്ളതാണ്‌. കൂളർ നിർമാണത്തിലൂടെ പ്രശസ്തമായ ഡൽഹിയിലെ കമലാ മാർക്കറ്റിനെക്കുറിച്ച്‌ അധികമാരുമറിയില്ല. ജവാഹർലാൽ നെഹ്‌റുവിന്റെ പത്നി കമലയുടെ പേരിൽ അറിയപ്പെടുന്ന ഈ മാർക്കറ്റിലൂടെ ഒന്നു നടക്കാം

 ശ്രീലക്ഷ്മി കുന്നമ്പത്ത്
ബസാറുകളുടെ കൂടി നഗരമാണ് ഡൽഹി. പുരാതനമായ എത്രയെത്ര വ്യാപാരകേന്ദ്രങ്ങളാണ് ഡൽഹിയുടെ പല ഭാഗങ്ങളിലായി കൊടി നാട്ടിയിട്ടുള്ളത്. എന്നാൽ, മറ്റുബസാറുകളിൽനിന്ന് കമല മാർക്കറ്റിനെ വ്യത്യസ്തമാക്കുന്ന ഒന്നുണ്ട്. ഏഷ്യയിലെതന്നെ ഏറ്റവുംവലിയ കൂളർ വിൽപ്പനകേന്ദ്രമാണ് കമല മാർക്കറ്റ് എന്ന് അധികമാർക്കും അറിയാനിടയില്ല. ന്യൂഡൽഹി റെയിൽവേ സ്റ്റേഷന്‌ സമീപത്തുള്ള കമല മാർക്കറ്റ് വഴി ഒന്നുനടന്നാൽ  കൂളർ നിർമാണം കൺമുന്നിൽ കാണാം. സമയം നിലച്ച ക്ലോക്ക് ടവറും കടന്ന് കമലയിലേക്ക് നടക്കുമ്പോൾ കൂളറുകൾ കയറ്റിയ സൈക്കിൾറിക്ഷകൾ എതിരേ വന്നുകൊണ്ടേയിരിക്കും. ആ മൺവഴികൾ നിറയെ കണ്ണെത്താദൂരത്തോളം കൂളറുകളുടെ നീണ്ടനിര കാണാം. ചരിത്രം കുറച്ചുണ്ട് കമലയ്ക്കുപറയാൻ. 
ജവാഹർലാൽ നെഹ്രുവിന്റെ പ്രിയ പത്നി കമല നെഹ്രുവിന്റെ ഓർമയിലാണ് ഈ പേര്. 1951-ൽ ആദ്യ രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദാണ് കമല മാർക്കറ്റ് ഉദ്ഘാടനംചെയ്തത്. ഇന്ത്യ-പാക്  വിഭജനത്തെത്തുടർന്ന് അഭയാർഥികളായവരെ പാർപ്പിച്ചിരുന്ന ഇവിടം പതിയെ ഡൽഹിയിലെ പ്രധാന കൂളർബസാറായി മാറുകയായിരുന്നു. നഗരത്തിലെ ചരക്കുകടത്തുകാരും ഇവിടെ തമ്പടിച്ചു. എഴുപതുകൾവരെ വളരെ സജീവമായി കൂളർനിർമാണവും വിപണനവും ഇവിടെ നടന്നിരുന്നു. കാലാന്തരം കമലയും ചെറുതായൊന്ന് ശോഷിച്ചിരിക്കുന്നു.     അസ്സലായി ഇംഗ്ലീഷ് സംസാരിക്കുന്ന കമലയിലെ തൊഴിലാളി സൂരജ് യാദവ് ജോലിക്കിടയിൽനിന്ന് എഴുന്നേറ്റുവന്ന് കമലയുടെ പ്രതാപകാലം വിവരിച്ചു.
നിർമാണവും വിൽപ്പനയും ഒരുമിച്ചുനടന്നിരുന്ന ചെറിയ വ്യവസായശാലകളായിരുന്നു പണ്ട് ഓരോ കടയും. പക്ഷേ, വായുമലിനീകരണത്തോത്  വർധിച്ചപ്പോൾ തൊണ്ണൂറുകളിൽ നിർമാണം ഇവിടെനിന്ന് മാറ്റി. ഇന്ദർലോകിലേക്കും ബുറാഡിയിലേക്കും തൊഴിലാളികൾ ചേക്കേറുകയും ചെയ്തു. കൂളറിന്റെ ഭാഗങ്ങൾ ചേർത്തുവെയ്ക്കൽ മാത്രമാണ് ഇന്നിവിടെ നടക്കുന്നത്. ഫാനുകളും പൈപ്പുകളും സ്റ്റീൽ കാബിനറ്റുകളും പലഭാഗങ്ങളിൽനിന്ന് ഇവിടെയെത്തിച്ച് ഘടിപ്പിക്കുകയാണ് തൊഴിലാളികളുടെ പ്രധാന ജോലി. കൂളറിന്റെ പുറംപാളിക്കുവേണ്ടിയുള്ള തകിട് മുറിക്കലും തകൃതിയായി നടക്കുന്നു. 
എൻജിനീയറിങ്  പഠിച്ചിട്ടില്ലെങ്കിലും ഒന്നാന്തരം സാങ്കേതികവിദഗ്‌ധരാണ് കമലയിലെ തൊഴിലാളികൾ. ബിഹാറിൽനിന്നും  ഉത്തർപ്രദേശിൽനിന്നും ഉള്ളവരാണ് കൂടുതൽ പേരും. യന്ത്രങ്ങളെ തോൽപ്പിക്കുന്ന വേഗതയാണ് അവരുടെ കൈകൾക്ക്. ആയിരക്കണക്കിന് തൊഴിലാളികളാണ് നമുക്ക് തണുപ്പേകാനായി ചൂടിനെ വകവെയ്ക്കാതെ പണിയെടുക്കുന്നത്. രാത്രി കടയുടെ മൂലയ്ക്ക് തലചായ്ക്കും. പാചകവും ഇതിനുള്ളിൽതന്നെ. 
നാൽപ്പതുവർഷം മുമ്പ് യു.പി.യിൽനിന്ന് ജോലിതേടി ഇവിടെയെത്തിയതാണ് രാമു മിസ്ത്രി. നാടും വീടും ഉപേക്ഷിച്ച് ഡൽഹിയിൽ തീവണ്ടിയിറങ്ങിയ രാമു നേരേ കണ്ട കമല മാർക്കറ്റിലേക്ക് കയറിച്ചെല്ലുകയായിരുന്നു. പിന്നെ ഇവിടംവിട്ട് പോയിട്ടുമില്ല. വിലക്കുറവുള്ള ചൈനീസ് ഉപകരണങ്ങൾ രംഗം കൈയടക്കിയതോടെ വിൽപ്പനയിൽ ഇടിവുവന്നെന്ന് അദ്ദേഹം പറഞ്ഞു. ‘‘ആദ്യകാലത്ത് 30 വർഷം വരെ ഈടുനിൽക്കുന്ന കൂളറുകൾ വരെ ഞങ്ങൾ നിർമിക്കാറുണ്ട്. പക്ഷേ,  ആളുകൾക്ക് വിലകുറഞ്ഞത് മതി. ഗുണം വേണമെന്നില്ല. നല്ല കൂളറുകൾക്ക് സ്വാഭാവികമായും വിലയും കൂടും’’. പ്ലാസ്റ്റിക് കൂളറുകൾക്ക് 1000 മുതൽ 4000 വരെയും മെറ്റൽ കൂളറുകൾക്ക് 2000 മുതൽ 15000 വരെയുമാണ് ഇവിടെ വില. 
നടന്നാലും നടന്നാലും തീരാത്തത്രയുണ്ട് കമലയുടെ വ്യാപ്തി. കൂളറുകളുടെ ലോകത്തേക്ക് ഒാരോ വഴികളും ഒന്നിലധികമായി പിരിഞ്ഞുപോകുന്നു. അറുപതാണ്ടുകളുടെ ചരിത്രവഴികളിലൂടെ ഇനി തിരിച്ചുനടത്തം. 
***********************************

ആകാശവാണി, വാർത്തകൾ വായിക്കുന്നത് സത്യേന്ദ്രൻ
ടി. ഹരിദാസ്‌
റേഡിയോ ഇന്ന് നമ്മുടെയൊക്കെ ജീവിതത്തിൽ വളരെ അപ്രസക്തമായ ഒരു മാധ്യമമായി മാറിയിരിക്കുന്നു. എന്നാൽ,  എൺപതുകൾ വരെയെങ്കിലും റേഡിയോ നമ്മുടെ സമൂഹത്തിൽ ഏറ്റവും പ്രാധാന്യമുള്ളതും ആധുനികവുമായ ഒന്നായിരുന്നു. ഉൾനാടൻ ഗ്രാമങ്ങളിൽപ്പോലും  വായനശാലകളെപ്പോലുള്ള പൊതു ഇടങ്ങളിൽ റേഡിയോ സ്ഥാപിച്ചിരുന്നു. അവിടെയൊക്കെ ആകാശവാണി പ്രക്ഷേപണം ചെയ്യുന്ന വാർത്തകൾ കേൾക്കാൻ ആളുകൾ അവയ്ക്കുചുറ്റും കൂടിയിരുന്ന ഒരു കാലമുണ്ടായിരുന്നു എന്നുപറഞ്ഞാൽ വിശ്വസിക്കാൻ ഫെയ്‌സ് ബുക്കിലും വാട്‌സാപ്പിലും ഒക്കെ അഭിരമിക്കുന്ന ഇന്നത്തെ തലമുറയ്ക്ക് പ്രയാസം കാണും. ടെലിവിഷന്റെ വരവോടെയാണ് റേഡിയോ അപ്രസക്തമാകാനും നമ്മുടെയൊക്കെ വീടുകളിൽനിന്ന് അപ്രത്യക്ഷമാകാനും തുടങ്ങിയത്. അക്കാലങ്ങളിൽ ആകാശവാണി വാർത്തകൾ ശ്രദ്ധിച്ചിരുന്നവർക്ക് ഏറെ സുപരിചിതമായ ഒരു പേരായിരിക്കും സത്യേന്ദ്രന്റേത്.
1964 മുതൽ 2005 വരെ സത്യേന്ദ്രൻ വാർത്തകൾ വായിച്ചുകൊണ്ടിരുന്നു. 1990-ൽ ആകാശവാണിയിൽനിന്ന് ഔദ്യോഗികമായി വിരമിച്ചെങ്കിലും 2005 വരെ വാർത്തവായന തുടർന്നു. ആകാശവാണിയിലെ ജോലിയോടൊപ്പം ഡൽഹിയിലെ കലാ-സാംസ്കാരിക പ്രവർത്തനങ്ങളിൽ, പ്രത്യേകിച്ചും നാടകരംഗത്ത് സജീവമായിരുന്നു സത്യേന്ദ്രൻ. അദ്ദേഹത്തിന്റെ സഹധർമിണി രാധാദേവിയും നാടക രംഗത്ത് സജീവമായിരുന്നു. നാട്ടിലെ അധ്യാപകജോലി ഉപേക്ഷിച്ചാണ് സത്യേന്ദ്രൻ ഡൽഹിയിലെത്തുന്നത്. നാട്ടിലുള്ളപ്പോൾത്തന്നെ അദ്ദേഹം നാടകരംഗത്ത് സജീവമായിരുന്നു. നാഗവള്ളി ആർ.എസ്. കുറുപ്പ്, രാമകൃഷ്ണപിള്ള തുടങ്ങിയവരോടൊപ്പം അക്കാലത്ത് തിരുവനന്തപുരത്ത് നടത്തിയ നാടകപ്രവർത്തനങ്ങൾ സത്യേന്ദ്രൻ ഗൃഹാതുരതയോടെ ഓർക്കുന്നുണ്ട്. വി.ജെ.ടി. ഹാളിൽ അവതരിപ്പിച്ച ‘വേലുതമ്പി ദളവ’, ‘രാജ കേശവദാസൻ’, ‘ഭഗ്നഭവനം’, ‘നമ്മളൊന്ന് തുടങ്ങിയ നാടകങ്ങളെക്കുറിച്ചും ഇന്നുമദ്ദേഹം ഓർക്കുന്നു.
ഡൽഹിയിൽ വന്നതിനുശേഷവും സത്യേന്ദ്രൻ തന്റെ നാടകപ്രവർത്തനങ്ങൾ തുടർന്നുകൊണ്ടിരുന്നു. നിരവധി നാടകങ്ങൾ അദ്ദേഹം സംവിധാനം ചെയ്തവതരിപ്പിച്ചു. ചിലതെല്ലാം സ്വയം എഴുതി. ചിലതിലെല്ലാം അഭിനയിച്ചു. മറ്റുഭാഷകളിൽനിന്ന് നാടകം മലയാളത്തിലേക്ക് വിവർത്തനം ചെയ്തവതരിപ്പിച്ചു. സെമിത്തേരി, തമസോമാ, കാൽവരി, താണ്ഡവം, എൻ.എൻ. പിള്ളയുടെ ‘മെഹർബാനി’, ‘ശൂന്യം, ശൂന്യം’, ‘മൃഗയ’ തുടങ്ങിയ നാടകങ്ങൾ അദ്ദേഹം സംവിധാനംചെയ്തു.
ഇവയ്ക്കുപുറമേ ‘ഒരു നിമിഷം ഒന്നോർക്കൂ’ എന്ന കുട്ടികൾക്കായുള്ള നാടകത്തിന്റെ രചനയും സംവിധാനവും അദ്ദേഹം നിർവഹിച്ചു. ബംഗാളിയിലെ എക്കാലത്തെയും പ്രശസ്ത നാടകക്കാരനായ ബാദൽസർക്കാറിന്റെ ‘ബാക്കി ഇതിഹാസ്’ എന്ന നാടകം ‘അജ്ഞാതകാണ്ഡം’ എന്ന പേരിൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്തവതരിപ്പിച്ചു. അതിന്റെ സംവിധാനവും അദ്ദേഹംതന്നെ നിർവഹിച്ചു.
കണിയാപുരം രാമചന്ദ്രന്റെ പ്രശസ്തമായ ‘ഭഗവാൻ കാലുമാറുന്നു’ എന്ന നാടകം ജനസംസ്കൃതിക്കുവേണ്ടി അദ്ദേഹം സംവിധാനംചെയ്ത്‌ അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ ഭാര്യ രാധാദേവിയും മകൻ ബിമലും ഈ നാടകത്തിൽ അഭിനേതാക്കളായിരുന്നു. അതുപോലെ തിരനോട്ടത്തിനുവേണ്ടി അവതരിപ്പിക്കപ്പെട്ട ‘മുടിയനായ പുത്ര’നിലും സത്യേന്ദ്രനും രാധാദേവിയും അഭിനേതാക്കളായിരുന്നു.
ആകാശവാണിയിലെ സഹപ്രവർത്തകരായിരുന്ന ഗോപൻ, മാവേലിക്കര രാമചന്ദ്രൻ, ഡൽഹിയിലെ അക്കാലത്ത്‌ നാടകരംഗത്ത് നിറഞ്ഞുനിന്നിരുന്ന ടി.കെ. സോമൻ, നരേന്ദ്രൻ, മദനൻ തുടങ്ങിയവരോടൊത്തെല്ലാം നാടകരംഗത്ത് പ്രവർത്തിക്കാനുള്ള അവസരം സത്യേന്ദ്രന് ലഭിക്കുകയുണ്ടായി. 2016-ൽ ജനസംസ്കൃതി നടത്തിയ സഫ്ദർ ഹശ്മി അനുസ്മരണ നാടകോത്സവത്തിൽവെച്ച് ഡൽഹിയിലെ നാടകരംഗത്തിന്‌ നൽകിയ സംഭാവനകളെ മുൻനിർത്തി അദ്ദേഹത്തെയും രാധാദേവിയെയും ജനസംസ്കൃതി ആദരിക്കുകയുണ്ടായി.
എട്ടോളം പുസ്തകങ്ങൾ സത്യേന്ദ്രൻ വിവിധ ഭാഷകളിൽനിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. പ്രശസ്ത ഹിന്ദി സാഹിത്യകാരൻ അമൃത് ലാൽനഗറിന്റെ ‘ബൂന്ദ് ഔർ സമുദ്ര് (തുള്ളിയും സമുദ്രവും) ബംഗാളി സാഹിത്യ/നാടകകാരൻ ബാദൽ സർക്കാരിന്റെ ‘പഗല ഘോട’ (അനാഘ്രാതം), അസമീസ് എഴുത്തുകാരൻ ഗംഗാ ചിലോനയുടെ പൻഖ്‌ (ചിറകുകൾ) എന്നിവ അവയിൽ ചിലതാണ്.
ഡൽഹിയിലെ മലയാള നാടകവേദിക്കും മലയാളവേദിക്കും തന്റേതായ രീതിയിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ സത്യേന്ദ്രൻ 87 വയസ്സ് പിന്നിട്ടിരിക്കുന്നു. രാധാദേവി 82-ഉം. ഒരുകാലത്ത് ഡൽഹിയിലെ കലാ-സാംസ്കാരിക-നാടക രംഗത്ത് നിറസാന്നിധ്യമായിരുന്ന ഈ ദമ്പതിമാർ അധികമാരാലും ശ്രദ്ധിക്കപ്പെടാതെ ദ്വാരകയിലെ കാൽകാ അപ്പാർട്ട്‌മെന്റിൽ പരാതികൾ ഒന്നുമില്ലാതെ ജീവിക്കുന്നു. ബിന്ദു, ബിപിൻ, ബിന്ദിയ, ബിമൽ എന്നിവർ മക്കളാണ്.
**************************************
ഉടനെത്തും 
സ്വയം ഓടുന്ന  ആപ്പിൾ കാർ​

ടെക്നോളജി രംഗത്തെ ആഗോള ഭീമൻമാരായ ആപ്പിൾ ഓട്ടോണമസ് കാർ ടെക്നോളജി യാഥാർഥ്യമാക്കാൻ വർഷം കുറച്ചായി മിനക്കെടുന്നു. ഈ സ്വപ്നപദ്ധതി കഴിഞ്ഞവർഷം കമ്പനി ഉപേക്ഷിച്ചെന്ന അഭ്യൂഹങ്ങളും നിലനിൽക്കെയാണ് സ്വയം നിയന്ത്രിത കാർ ടെക്നോളജിയുടെ അവസാന ഘട്ടത്തിലേക്ക് ആപ്പിൾ കടക്കുന്നത്. വർഷങ്ങളോളം ഇതിനുപിന്നിൽ നടത്തിയ ഗവേഷണം ചെറിയ പിഴവിനുള്ള സാധ്യത പോലും ഇല്ലാതാക്കാൻ ആപ്പിളിന് തുണയാകും. നിലവിൽ  കാലിഫോർണിയൻ നിരത്തിൽ ഓട്ടോണമസ് കാറുകളുടെ പരീക്ഷണ ഓട്ടത്തിനുള്ള അനുമതി ആപ്പിളിന് ലഭിച്ചുകഴിഞ്ഞു. 
ഫോക്സ്‌വാഗൺ, മെഴ്സിഡസ് ബെൻസ്, ഫോർഡ്, ടെസ്ല, ഗൂഗിൾ തുടങ്ങി മുപ്പതോളം കമ്പനികൾക്ക് ഓട്ടോണമസ് കാറുകളുടെ പരീക്ഷണത്തിനുള്ള അനുമതി കാലിഫോർണിയ മോട്ടോർ വാഹന വകുപ്പ് നേരത്തെ നൽകിയിരുന്നു. പരീക്ഷണ ഓട്ടം ഇതിനോടകം ആപ്പിൾ നടത്തിയതായി കാലിഫോർണിയൻ മാധ്യങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡ്രൈവറില്ലാ കാറിനുള്ള സോഫ്‌റ്റ്‌ വെയർ നിർമാണത്തിന്റെ പ്രാരംഭഘട്ട പ്രവർത്തനം മുതൽ കാര്യങ്ങളെല്ലാം വളരെ രഹസ്യമാക്കിയാണ് ആപ്പിൾ നീങ്ങിയിരുന്നത്. അതിനാൽത്തന്നെ വാഹനത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
സാങ്കേതികത്തികവിലും ഉത്പന്നങ്ങളുടെ ഡിസൈനിലും പേരുകേട്ട ആപ്പിളിന്റെ കാറും ഈ ഗുണഗണങ്ങളെല്ലാം ഉൾക്കൊണ്ട് പുറത്തിറങ്ങാനാണ് സാധ്യത. പ്രോജക്ട് ടൈറ്റൻ എന്ന കോഡ് നെയിമിലാണ് ആപ്പിൾ ഈ പദ്ധതി ആരംഭിച്ചത്. ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഡ്രൈവർലെസ് കാറായിരിക്കും ആദ്യഘട്ടത്തിൽ പുറത്തിറങ്ങുക. ഓട്ടോണമസ് സോഫ്റ്റ്‌വെയർ സ്വതന്ത്രമായി നിർമിച്ചതിന് പുറമേ ഏതെങ്കിലും വാഹന നിർമാണ കമ്പനിയെ ആപ്പിൾ ഏറ്റെടുക്കാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്.
പദ്ധതിയുടെ പ്രാരംഭഘട്ടത്തിൽ ഇലക്ട്രിക് കാർ നിർമാണ രംഗത്തെ മുൻനിരക്കാരായ ടെസ്ലയിൽ നിന്ന് ഒട്ടേറെ ഉദ്യോഗസ്ഥരെ ആപ്പിൾ സ്വന്തമാക്കിയിരുന്നു. അതിനാൽത്തന്നെ ടെസ്ലയോട് പോലും നേർക്കുനേർ മത്സരത്തിന് ഉതകുന്ന ഓട്ടോണമസ് സോഫ്റ്റ്‌വെയർ ആകും ആപ്പിൾ അവതരിപ്പിക്കുക, നിലവിൽ ഇലക്ട്രിക് വാഹന നിർമാണത്തിൽ ഒന്നാം സ്ഥാനത്താണ് ടെസ്ല. ആദ്യഘട്ടം വിജയകരമായാൽ അധികം വൈകാതെ ആദ്യ പ്രൊഡക്‌ഷൻ മോഡൽ ആപ്പിൾ ഔദ്യോഗികമായി അവതരിപ്പിക്കും.
  കാലിഫോർണിയ മോട്ടോർ വാഹന വകുപ്പിൽ നിന്ന് ലഭ്യമായ വിവരങ്ങൾ പ്രകാരം ആപ്പിൾ മൂന്ന് സ്വയം നിയന്ത്രിത കാറുകളുടെ പരീക്ഷണത്തിനുള്ള അനുമതിയാണ് തേടിയത്. ഇവ മൂന്നും ടൊയോട്ടയുടെ ആഡംബര ബ്രാൻഡായ ലക്സസ് ആർഎക്സ് ക്രോസ്ഓവർ മോഡലുകളാണ്. 2015-ൽ പുറത്തിറങ്ങിയ ആർഎക്സ് മോഡലുകളാണ് ഇവയെല്ലാം. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ടൊയോട്ടയുടെ ലക്സസ് ആർഎക്സ് 450 അടുത്തിടെയാണ് ഇന്ത്യൻ നിരത്തിൽ അരങ്ങേറ്റം കുറിച്ചത്. പരീക്ഷണഘട്ടത്തിൽ ആറ്്‌ ഡ്രൈവർമാരാണ് ഈ ഓട്ടോണമസ് വാഹനങ്ങൾ നിയന്ത്രിക്കുക. പരീക്ഷണ ഘട്ടമായതിനാൽ അപകടങ്ങൾ തടയാനും കൂടുതൽ ഗവേഷണത്തിനുമാണ് ഡ്രൈവർമാരെ ഉൾപ്പെടുത്തുന്നത്. ഏകദേശം 2020-നുള്ളിൽ അത്യാധുനിക സംവിധാനങ്ങളോടെ പൂർണസജ്ജമായ സ്വയം നിയന്ത്രിത കാർ ആപ്പിൾ പുറത്തിറക്കാനാണ് സാധ്യത. പരീക്ഷണ ഓട്ടം പൂർണതോതിൽ വിജയകരമായാൽ ഓട്ടോണമസ് സോഫ്റ്റ്‌ വെയറിന്റെ കൂടുതൽ വിവരങ്ങൾ ആപ്പിൾ പുറത്തുവിട്ടേക്കും.

 

PRINT
EMAIL
COMMENT
Next Story

സിസോദിയയുടെ പരാതി: മനോജ് തിവാരിക്കെതിരായ നടപടിക്ക് സ്റ്റേ

ന്യൂഡൽഹി : ബി.ജെ.പി. നേതാവ് മനോജ് തിവാരി എം.പി.ക്കെതിരേ ആം ആദ്മി പാർട്ടി നേതാവും .. 

Read More
 

Related Articles

എൻജിനീയറിങ് ജോലി ഉപേക്ഷിച്ച് സൈക്കിളിൽ ഭാരതപര്യടനം
NRI |
NRI |
നടനം ഒരു പരീക്ഷണശാല
NRI |
മുംബൈ ചിത്രകലാ വിപണനോത്സവവും മലയാളി സാന്നിദ്ധ്യവും
NRI |
പെയ്‌തൊഴിഞ്ഞു കാഴ്ച വസന്തം
 
More from this section
കുടുംബസമക്ഷം ജസ്റ്റിസ് പാഷ
ആഗ്രഹങ്ങളുടെ വാങ്ക്
ഡോക്ടേഴ്‌സ് ഫ്രം ഇംഗ്ലണ്ട്
shelter home
തണുപ്പിനെ ചെറുക്കാൻ അഭയകേന്ദ്രങ്ങൾ
1
ആദി മഹോത്സവം
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Audio Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.